ടി.എസ്. സൗന്ദ്രം

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഇന്ത്യൻ ഭിഷഗ്വരയും സാമൂഹിക പരിഷ്കർത്താവും പൊതു പ്രവർത്തകയുമായിരുന്നു ടി എസ് സൗന്ദരം രാമചന്ദ്രൻ (18 ഓഗസ്റ്റ് 1904   - ഒക്ടോബർ 21, 1984). ഇന്ത്യയിലെ വലിയ വ്യാവസായിക കമ്പനികളിലൊന്നായ ടിവി സുന്ദരം അയ്യങ്കാർ ആൻഡ് സൺസ് ലിമിറ്റഡ്, ടിവിഎസ് ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ, ടിവി സുന്ദരം അയ്യങ്കാറിന്റെ മകളായിരുന്നു. 1918 ൽ പതിനാലാമത്തെ വയസ്സിൽ അവർ വിവാഹിതയായി. ഭർത്താവ് ഡോ. സൗന്ദരരാജൻ അവളെ പഠിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ കൗമാരപ്രായത്തിലേ അദ്ദേഹം മരിച്ചതിനെത്തുടർന്ന് അവരുടെ മാതാപിതാക്കളാണ് പഠനം തുടരാൻ പ്രേരിപ്പിച്ചത്. ദില്ലിയിലെ ലേഡി ഹാർഡിംഗെ മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ ബിരുദം നേടി.

ടി.എസ്. സൗന്ദ്രം
ജനനം(1904-08-18)18 ഓഗസ്റ്റ് 1904
മരണം1984 ഒക്ടോബർ 21
തൊഴിൽഭിഷഗ്വര, രാഷ്ട്രീയ പ്രവർത്തക, സാമൂഹ്യ പ്രവർത്തക
ജീവിതപങ്കാളി(കൾ)ഡോ.ജി. രാമചന്ദ്രൻ (ഭർത്താവ്)
ബന്ധുക്കൾടി.വി. സുന്ദരം അയ്യങ്കാർ (അച്ഛൻ)

സ്വാതന്ത്ര്യസമരവും പുനർവിവാഹവും തിരുത്തുക

ദില്ലിയിലെ കോളേജ് പഠനകാലത്ത് സുശീല നയ്യാറുമായി ചങ്ങാത്തത്തിലായി. സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിക്കപ്പെട്ടെങ്കിലും പഠനം ഉപേക്ഷിച്ചില്ല. . 1936 ൽ, 32ാം വയസ്സിൽ ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു. ഗാന്ധിജിയെ കാണുന്നത് ഈ കാലഘട്ടത്തിലാണ്. സ്വാതന്ത്ര്യസമരത്തിലേക്ക് സ്വയം സമർപ്പിച്ചു. ഗാന്ധിജിയിലൂടെ ഹരീജൻ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ജി.രാമചന്ദ്രൻ എന്ന കേരളീയനെ കണ്ടുമുട്ടി. അവർ പ്രണയത്തിലായി, വിവാഹം കഴിക്കാൻ തീരുമാനിച്ചു, പക്ഷേ അവളുടെ മാതാപിതാക്കൾ ശക്തമായി എതിർത്തു. ഒരു വർഷത്തോളം പരസ്പരം സമ്പർക്കം പുലർത്തരുതെന്ന് ഗാന്ധി അവരെ ഉപദേശിച്ചു. ഗാന്ധിജിയുടെ അനുഗ്രഹത്തോടെ 1940 നവംബർ 7 ന് അവർ വിവാഹിതരായി. വധൂവരന്മാരെ അനുഗ്രഹിക്കാൻ ഗാന്ധിജി മധുരയിലെത്തി. ഗാന്ധിജി സ്വന്തം കൈകൊണ്ടു നെയ്ത കല്യാണപ്പുടവ സൗന്ദ്രത്തിനു സമ്മാനിച്ചു. ടി.എസ്. സൗന്ദ്രവും ഭർത്താവും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. ഗാന്ധിജിയുടെ നിർദേശാനുസരണം കസ്തൂർബ ഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റിന്റെ ദക്ഷിണേന്ത്യൻ പ്രതിനിധിയായി. ഗ്രാമീണരെ തൊഴിലുകൾ പഠിപ്പിക്കുകയും ഗ്രാമീണ വ്യവസായങ്ങളെയും ഗ്രാമീണ സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കുന്ന ഒരു സ്ഥാപനം ആരംഭിക്കാൻ ഗാന്ധി ചുമതലപ്പെടുത്തി. അങ്ങനെയാണ് ഗാന്ധിഗ്രാമിന്റെ ആശയം ജനിക്കുന്നത്. ചുറ്റുമുള്ള ഗ്രാമീണ സമൂഹങ്ങളിലെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമ്പത്തിക വികസനം, സാമൂഹ്യക്ഷേമം എന്നിവയിൽ ഊന്നൽ നൽകിയ ഈ പദ്ധതിയിൽ ഡോ. ടി. എസ്. സൗന്ദ്രം സ്വയം സമർപ്പിത ബുദ്ധിയോടെ പ്രവർത്തിച്ചു.

സാമൂഹിക പ്രവർത്തനം തിരുത്തുക

1947 ൽ മധുര ദിണ്ടിഗൽ ഹൈവേയിലെ ചിന്നലപട്ടി എന്ന ചെറുപട്ടണത്തിലെ ഒരു വീട്ടിൽ രണ്ട് കിടക്കകളുമായി സൗന്ദ്രം കസ്തൂർബ ആശുപത്രി ആരംഭിച്ചു. ഡോ. സൗന്ദ്രമിന്റെ നേതൃത്വത്തിൽ ആശുപത്രി, നിരവധി ഗ്രാമീണ ആരോഗ്യ, കുടുംബക്ഷേമ പ്രവർത്തനങ്ങൾ നടത്തി. 220 കിടക്കകളുള്ള ആശുപത്രിയാണ് അതിപ്പോൾ. ഭർത്താവ് ഡോ. ജി. രാമചന്ദ്രനോടൊപ്പം മഹാത്മാഗാന്ധിയുടെ ഭാര്യ കസ്തൂർബ ഗാന്ധിയുടെ സ്മാരകമായി 1947 ൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഒരു ഗ്രാമീണ സ്ഥാപനമായിട്ടാണ് ഇത് ആരംഭിച്ചത്, തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു വിദൂര സ്ഥലത്ത്. 1976 ൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഡീംഡ് സർവകലാശാലയായി. [1]

രാഷ്ട്രീയ ജീവിതം തിരുത്തുക

മദ്രാസ് സ്റ്റേറ്റിൽ നിന്ന് രണ്ടുതവണ ടി.എസ്. സൗന്ദ്രം നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സ്ഥാനാർത്ഥിയായി ആദ്യം 1952 മുതൽ ആത്തൂർ നിയമസഭാ മണ്ഡലത്തെയും 1957-ൽ നിന്ന് വേടസന്ദൂർ നിയമസഭാ മണ്ഡലത്തെയും പ്രതിനിധീകരിച്ചു. 1962-ൽ ദിണ്ഡിഗൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. വീണ്ടും ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. കേന്ദ്ര വിദ്യാഭ്യാസ ഉപമന്ത്രിയായി. ഉപമന്ത്രിയായിരിക്കെ ഇന്ത്യയിലുടനീളം നിർബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം എന്ന ആശയം അവതരിപ്പിച്ചു. നാഷണൽ സർവീസ് സ്കീം (എൻ‌എസ്‌എസ്) ആരംഭിക്കാനും ഗ്രാമീണ സേവന ഘടകങ്ങളുൾപ്പെടുത്താനും നേതൃത്ത്വം നൽകി. [1] സാമൂഹ്യപ്രവർത്തനത്തിന് നൽകിയ സംഭാവനകൾക്ക് 1962 ൽ അവർക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. 1967 ലെ പൊതുതെരഞ്ഞെടുപ്പിൽ ദിണ്ടുഗലിൽ നിന്ന് (ലോക്സഭാ നിയോജകമണ്ഡലം) ‍ഡി.എം.കെ സ്ഥാനാർത്ഥി വിദ്യാർത്ഥി നേതാവായിരുന്ന എൻ. അൻപുചെഴിയാനോട് പരാജയപ്പെട്ടു. അവർ വീണ്ടും സാമൂഹ്യപ്രവർത്തനത്തിലേക്ക് തിരിഞ്ഞു.

അനുസ്മരണം തിരുത്തുക

  • 2005 ഒക്ടോബർ 2 ന് തപാൽ വകുപ്പ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. [2]

അവലംബം തിരുത്തുക

  1. 1.0 1.1 Stamp Sathi Archived 2016-10-11 at the Wayback Machine.. Stampsathi.in. Retrieved on 14 November 2018.
  2. Stamp on Dr T.S. Soundram released. blonnet.com. 2 October 2005

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • വനിതാ പയനിയർ ഡോ. സുശീല നായർ   - ഇന്ത്യയുടെ നവോത്ഥാനത്തിൽ, നാഷണൽ ബുക്ക് ട്രസ്റ്റ്, 2002 ISBN 81-237-3766-1

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.എസ്._സൗന്ദ്രം&oldid=3810313" എന്ന താളിൽനിന്ന് ശേഖരിച്ചത്