പോ നദിയുടെ ഒരു പോഷകനദി ആണ് ടിച്ചീനോ. സ്വിറ്റ്സർലൻഡിലൂടെയും, ഉത്തര ഇറ്റലിയിലൂടെയും ഒഴുകുന്ന ടിച്ചീനോ നദി ആൽപ്സിലെ സെന്റ് ഗോഥാർഡ് നിരകളിൽ (Saint Gothard) നിന്നുമുത്ഭവിക്കുന്നു. 248 കി. മീ. നീളമുള്ള ടിച്ചീനോ സ്വിറ്റ്സർലൻഡിൽ വൈദ്യുതോർജ ഉത്പാദനത്തിന്റെയും ഇറ്റലിയിൽ ജലസേചനത്തിന്റെയും മുഖ്യസ്രോതസ്സാണ്. പൊതുവേ തെക്കൻദിശയിലേക്ക് ഒഴുകുന്ന ഈ നദി സ്വിറ്റ്സർലൻഡിലെ ടിച്ചീനോ പ്രവിശ്യ മുറിച്ചുകടന്ന് ഇറ്റലിയിലെ മാഗിയോറി, തടാകത്തിലെത്തിച്ചേരുന്നു. വീണ്ടും തടാകത്തിന്റെ തെക്കേയറ്റത്തു കൂടെ പ്രവാഹം ആരംഭിക്കുന്ന നദി പിന്നീട് തെക്കും, കിഴക്കും ദിശകളിലേക്ക് മാറി ഒഴുകുന്നു. പാവിയയ്ക്ക് (Pavia) 6 കി. മീ. തെക്കുകിഴക്കുവച്ചാണ് ടിച്ചീനോ പോ നദിയിൽ ചേരുന്നത്. മാഗിയോറി തടാകത്തിനു തെക്കുള്ള നദീഭാഗം ഗതാഗത യോഗ്യമാണ്.