ടാക്സിഡെർമി
ജന്തുക്കളുടെ ജീവൽ-സദൃശ ആവിഷ്കരണം നടത്തുന്ന കലയെ ടാക്സിഡെർമി എന്നു പറയുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന മാതൃകാരൂപങ്ങളിൽ സംസ്ക്കരിച്ചെടുത്ത ജന്തുചർമം പൊതിഞ്ഞാണ് ഇത് സാധ്യമാക്കുന്നത്. പക്ഷികൾ, സസ്തനികൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ എന്നിവയുടെ ഇത്തരം കൃത്രിമ മാതൃകകൾ ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്. ഇവ പഠനാവശ്യങ്ങൾക്കും മ്യൂസിയങ്ങളിൽ പ്രദർശനത്തിനും പ്രയോജനപ്പെടുത്തിവരുന്നു.
ചരിത്രം
തിരുത്തുകമുൻകാലങ്ങളിൽ പഞ്ഞിയോ, പഴന്തുണിയോ വൈക്കോലോ കൊണ്ട് നിശ്ചിത ആകൃതിയിലുള്ള ജീവിമാതൃകകൾ ഉണ്ടാക്കിയശേഷം തോൽ പൊതിഞ്ഞ് ഉൾനിറച്ച ജീവി (stuffed) യെപ്പോലെയാക്കിത്തീർക്കുകയായിരുന്നു പതിവ്. ഇപ്പോൾ ഈ രീതിക്കു മാറ്റമുണ്ടായിട്ടുണ്ട്. ജീവികളുടെ തോൽ പൊളിച്ചെടുക്കുന്നതിനുമുമ്പുതന്നെ അവയുടെ ഫോട്ടോയോ രേഖാചിത്രങ്ങളോ എടുത്തുവയ്ക്കുന്നു. ജീവിയുടെ കണ്ണ്, ത്വക്ക്, മാംസളഭാഗങ്ങൾ എന്നിവയുടെ നിറവും, പക്ഷികളുടേത് ആണെങ്കിൽ ചുണ്ടിന്റേയും കാലിന്റേയും നിറവും, അളവുകളും തിട്ടപ്പെടുത്തി കുറിച്ചു സൂക്ഷിക്കുന്നു. ഓരോ അവയവത്തിന്റേയും വലിപ്പം അളന്ന് നിശ്ചിത രൂപത്തിൽ വരച്ചുവയ്ക്കുന്നു. കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങൾ പ്ളാസ്റ്റർ ഒഫ് പാരിസിൽ' ഉണ്ടാക്കിയെടുക്കാറുമുണ്ട്.
പക്ഷികളെ ഉൾനിറച്ച് സൂക്ഷിക്കുന്നതിനുള്ള ശ്രമം 17-ം നൂറ്റാണ്ടിൽ നെതർലൻഡിലാണ് ആരംഭിച്ചത്. ബ്രിട്ടിഷ് മ്യൂസിയശേഖരങ്ങളിൽ ചിലത് 1753-നു മുമ്പുതന്നെ ഉണ്ടായിരുന്നവയാണ്. ഇംഗ്ലണ്ടിൽ ടാക്സിഡെർമി പോലുള്ള ഒരു രീതി 1753-നു മുമ്പുതന്നെ നിലവിലുണ്ടായിരുന്നു എന്ന് ഇതു തെളിയിക്കുന്നു. അറിയപ്പെടുന്നവയിൽ വച്ച് ഏറ്റവും പഴക്കം ചെന്ന മാതൃക ഇറ്റലിയിലെ ഫ്ളോറൻസിലുള്ള സുവോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന കാണ്ടാമൃഗത്തിന്റേതാണ്. 19-ം ശതകത്തിന്റെ മധ്യത്തിലാണ് ഇംഗ്ളണ്ടിൽ ടാക്സിഡെർമിയുടെ കൂടുതൽ മാതൃകകൾ പ്രദർശിപ്പിക്കപ്പെട്ടത്.
ടാക്സിഡെർമി പ്രവിധിപ്രകാരം ജീവികളുടെ തനതു മാതൃകകൾ വിവിധ രീതികളിലാണ് ഉണ്ടാക്കിയെടുക്കുന്നത്. പക്ഷികൾ, സസ്തനികൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ എന്നിവയ്ക്ക് വ്യത്യസ്ത മാർഗങ്ങൾ അവലംബിക്കുകയാണ് പതിവ്.
പക്ഷികൾ
തിരുത്തുകആദ്യമായി പക്ഷികളുടെ അതേ വലിപ്പത്തിലുള്ള മാതൃകകൾ ബാൾസാ തടി കൊണ്ട് ഉണ്ടാക്കിയെടുക്കുന്നു. അതിനുശേഷം കഴുത്ത് ചണനാരുകൊണ്ട് ഉണ്ടാക്കി അതിൽ കനം കുറഞ്ഞ കമ്പി ചുറ്റി നിശ്ചിത ആകൃതിയിലാക്കുന്നു. തുടർന്ന് കൺകുഴികളിൽ പഞ്ഞിതിരുകി നിറയ്ക്കുന്നു. ചിറകും കാലുകളും വാലും ചെറുകമ്പികളും ചണവും കൊണ്ടു തന്നെയാണ് ഉണ്ടാക്കുന്നത്. ചിറകുകളുടേയും കാലുകളുടേയും മാംസളഭാഗങ്ങൾ മാറ്റിയശേഷം അസ്ഥിഭാഗങ്ങളെ പഞ്ഞികൊണ്ടു പൊതിഞ്ഞ് അതേ ആകൃതിയിലാക്കിയെടുക്കുന്നു. ഇത്തരത്തിൽ കൃത്രിമമായുണ്ടാക്കിയ മാതൃകയ്ക്ക് ചുറ്റുമാണ് സംസ്കരിച്ചെടുത്ത തോൽ പിടിപ്പിക്കുന്നത്. ഇതിനുശേഷം ചിറകും, കാലുകളും, വാലും അവയുടെ യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു. ഗ്ലാസ് കൊണ്ടുണ്ടാക്കിയ കണ്ണ് കൺകുഴികളിൽ വച്ചിട്ടുള്ള പഞ്ഞിയിൽ പശയുപയോഗിച്ച് ഒട്ടിച്ചുവയ്ക്കുന്നു. തുടർന്ന് തൂവലുകൾ അതിന്റേതായ ക്രമീകരണത്തിൽ വിന്യസിക്കുന്നു. ഇത്തരത്തിലുണ്ടാക്കിയ പക്ഷി മാതൃക ശരിയായി ഉണങ്ങിയശേഷം തുന്നിയ നൂലും കമ്പിയും മാറ്റി നിറം കുറഞ്ഞ ഭാഗങ്ങളിൽ നിറം കൊടുത്തു ഭംഗിയാക്കുന്നു. ഇവയെ കൃത്രിമ വൃക്ഷങ്ങളിലോ പീഠങ്ങളിലോ ഉറപ്പിച്ചാണ് പ്രദർശിപ്പിക്കാറുള്ളത്.
സസ്തനികൾ
തിരുത്തുകസസ്തനികളെപ്പോലെ വലിപ്പമേറിയ ജീവികളുടെ മാതൃകകളെ ടാക്സിഡെർമി പ്രവിധിയിലൂടെ സൃഷ്ടിച്ചെടുക്കാനായി വർഷങ്ങൾ നീളുന്ന പഠനങ്ങളും അധ്വാനവും ആവശ്യമാണ്. സസ്തനികളുടെ അസ്ഥികൂടം തന്നെ അടിസ്ഥാനമാക്കി ഒരു ചട്ടക്കൂടുണ്ടാക്കി അതിൽ മോഡലിംഗ് ക്ളേയും അതിനുപുറമേ പ്ലാസ്റ്റർ ഒഫ് പാരിസും തേച്ച് ഉണക്കുന്നു. നന്നായി ഉണങ്ങി ഉറച്ചശേഷം പല പാളി കാൻവാസോ പരുക്കൻ തുണിയോ പശ വച്ച് ഒട്ടിച്ച് മാതൃകാരൂപം (manikin) ഉണ്ടാക്കിയെടുക്കുന്നു. ദിവസങ്ങൾക്കുശേഷം ഈ മാതൃകയെ വെള്ളത്തിൽ മുക്കിവച്ച് പ്ലാസ്റ്റർ ഒഫ് പാരിസ് വെള്ളത്തിലലിയിച്ചുകളയുന്നു. ഇതോടുക്കൂടി ജീവിയുടെ കനം കുറഞ്ഞതും ദൃഢമായതുമായ ഒരു ക്ലേ മാതൃക അവശേഷിക്കുന്നു. ഇതിന്റെ അകവശം പൊള്ളയായിരിക്കും. ഈ ക്ലേ മാതൃകയിൽ സംസ്കരിച്ചെടുത്ത തോൽ ചുളിവു വരാതെ ഭംഗിയായി പശ ഉപയോഗിച്ച് ഒട്ടിക്കുന്നു. ഇത് നന്നായി ഉണക്കിയശേഷം നിറവ്യത്യാസം വന്ന ഭാഗങ്ങളിൽ യഥാർഥ നിറം കൊടുത്ത് ഭംഗി വരുത്തുകയും ചെയ്യുന്നു.
മത്സ്യങ്ങൾ
തിരുത്തുകമത്സ്യങ്ങളുടെ ടാക്സിഡെർമി വിവിധ രീതികളിൽ നടത്താറുണ്ട്. മത്സ്യങ്ങളുടെ ജീവനുള്ള അവസ്ഥയിലുണ്ടായിരുന്ന അതേനിറം നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം. മത്സ്യങ്ങളുടെ രൂപമാതൃകകളുണ്ടാക്കി പരിരക്ഷിക്കുന്നതിന് പ്രധാനമായും രണ്ടു രീതിയിലുള്ള ടാക്സിഡെർമി പ്രവിധികളാണ് നിലവിലുള്ളത്. ആദ്യത്തെ രീതിയിൽ, മത്സ്യത്തിന്റെ ഒരു മാതൃക ഉണ്ടാക്കിയെടുത്ത് അതിനുമുകളിൽ സംസ്ക്കരിച്ചെടുത്ത മത്സ്യചർമം പൊതിയുന്നു. പ്ലാസ്റ്റിക് കൊണ്ട് മത്സ്യമാതൃകകൾ ഉണ്ടാക്കി അതിൽ യഥാർഥ നിറം കൊടുത്തു ഭംഗിയാക്കുന്നതാണ് രണ്ടാമത്തെ രീതി.
ഉരഗങ്ങൾ
തിരുത്തുകഉരഗങ്ങളുടെ ടാക്സിഡെർമിയാണ് ഏറ്റവുമധികം വികാസം പ്രാപിച്ചിട്ടുള്ളത്. ഉരഗങ്ങളുടെ രൂപമാതൃക പരിരക്ഷി ക്കുന്നതിന്റെ ആദ്യപടിയായി നേരിയ ഒരു പാളി പ്ലാസ്റ്റർ ഒഫ് പാരിസ് മൃതപ്പെട്ട ജീവിയുടെ ശരീരത്തു തേച്ച് ഉണങ്ങാൻ അനുവദിക്കുന്നു. ഇതിനുപുറമേ അല്പം കൂടി കട്ടിയായ ഒരു പാളി തേച്ച് ഉണക്കി കട്ടിയായശേഷം ഉരഗത്തിനെ വലിച്ചുമാറ്റുന്നു. ഉരഗത്തിന്റെ അതേ പ്രതീതിയിലുള്ള മാതൃകയായിരിക്കും ഇതിലൂടെ ലഭ്യമാവുന്നത്. ഈ പ്ലാസ്റ്റർ മാതൃകയ്ക്കുള്ളിലായാണ് യഥാർഥ രൂപമാതൃക ഉണ്ടാക്കിയെടുക്കുന്നത്. ഇതിനുള്ളിൽ പ്ലാസ്റ്റിക്കോ സെല്ലു ലോയിഡോ നിറച്ചശേഷം എണ്ണച്ചായങ്ങളുപയോഗിച്ച് ഉരഗത്തിന്റെ അതേ നിറങ്ങൾ ഈ മോൾഡിന് (കരുവിന്) കൊടുക്കുന്നു. മോൾഡിന്റെ ദൃഢത വർധിപ്പിക്കാനായി മെഴുക്, തുണി, ചെറുകമ്പികൾ തുടങ്ങിയവ ആവശ്യാനുസരണം ഒട്ടിച്ചു ചേർക്കുകയും വേണം. നന്നായി ഉണങ്ങിയശേഷം വെള്ളത്തിലിട്ട് പ്ലാസ്റ്റർ ലയിപ്പിച്ചു കളയുന്നു. കണ്ണുകൾ കൃത്രിമമായുണ്ടാക്കി വച്ചുപിടിപ്പിക്കുന്നു. തുടർന്ന് ശരീരം എണ്ണമയം പുരട്ടി തിളക്കമുള്ള താക്കുകയും ചെയ്യുന്നു. ഇതിനുശേഷം ഉരഗങ്ങളെ പ്രകൃതിയിൽ കാണുന്നതുപോലെ കല്ലുകൾക്കും സസ്യങ്ങൾക്കും മറ്റും ഇടയിൽ വച്ച് മോടിയാക്കിയാണ് പ്രദർശനത്തിനു വയ്ക്കുന്നത്.
പുറംകണ്ണികൾ
തിരുത്തുക- http://art-taxidermy.ru/ Archived 2011-04-29 at the Wayback Machine.
- Feathers Taxidermy
- American Wildlife Taxidermy Archived 2010-01-17 at the Wayback Machine.
- CRAPPY TAXIDERMY
- Taxidermy - Wildlife Artistry Taxidermy
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാക്സിഡെർമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |