ടറാവ
പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപരാഷ്ട്രമായ കിരിബാത്തിയുടെ തലസ്ഥാനമാണ് ടറാവ. കിരിബാത്തി കീരബാസ് എന്ന പേരിലും അറിയപ്പെടുന്നു. ഗിൽബർട്ട് ദ്വീപസമൂഹത്തിൽപ്പെടുന്ന പവിഴപ്പുറ്റുകളാൽ ആവൃതമായ ഒരു പ്രദേശമാണിത് [(അറ്റോൾ) (atoil)]. ഭൂമധ്യരേഖയ്ക്ക് തൊട്ടുവടക്കായി സ്ഥിതി ചെയ്യുന്നു. ടറാവ അറ്റോളിൽ ചെറുതും വലുതുമായ ധാരാളം പവിഴദ്വീപുകൾ ഉണ്ട്.
മുഖ്യദ്വീപുകൾ
തിരുത്തുക- ബയ്റികി (Bairiki)
- ബെഷിയോ (Betio)
- ബോൺറികി (Bonriki)
- ബികെനിബു (Bikenibeu') എന്നിവയാണ് മുഖ്യദ്വീപുകൾ.
- അറ്റോളിന്റെ വീസ്തീർണം സുമാർ 23 ചതുരശ്ര കിലോമീറ്റർ
- ജനസംഖ്യ: 24,598(85).
വാണിജ്യകേന്ദ്രം
തിരുത്തുകവാണിജ്യകേന്ദ്രമായ ടറാവയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളവും വിപുലമായ തുറമുഖ സൗകര്യങ്ങളുമുണ്ട്. ടറാവയുടെ പട്ടണപ്രദേശത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം:
- വ്യാപാര-വാണിജ്യസൗകര്യങ്ങളും തുറമുഖവും ഉൾക്കൊള്ളുന്ന ബെഷിയോ
- ഭരണാസ്ഥാനവും പ്രധാന നഗരവുമായ ബയ്റികി
- വിദ്യാഭ്യാസ ആരോഗ്യ, കാർഷികവകുപ്പുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ബികെനിബു.
ബികെനിബുവും ബയ്റികിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാതയുണ്ട് (causeway). ടറാവയുടെ തെക്കു ഭാഗത്തായുള്ള ബെഷിയോ, കിരിബാത്തിയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നാണ്. ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവും ബെഷിയോ ആണ്. രാജ്യത്തെ പ്രധാന തുറമുഖം കൂടിയായ ബെഷിയോവിൽ ടറാവ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നു. ടറാവയിൽ നിന്നുള്ള വിമാന സർവീസുകൾ കിരിബാത്തിയെ മറ്റു പതിനഞ്ചോളം ഗിൽബർട്ട് ദ്വീപുകളുമായി ബന്ധിപ്പിക്കുന്നു. ടറാവയുടെ തെക്കു കിഴക്കു ഭാഗത്തായുള്ള ബോൺറികിയിൽ കാണുന്ന അന്താരാഷ്ട്ര വിമാനത്താവളം വിദേശസഞ്ചാരികൾക്ക് യാത്രാസൗകര്യം നൽകുന്നു.
ചരിത്രം
തിരുത്തുകബ്രിട്ടിഷ് പര്യവേക്ഷകനായിരുന്ന ക്യാപ്റ്റൻ തോമസ് ഗിൽബർട്ട് ആണ് ടറാവ കണ്ടെത്തിയത് (1788). 1892-ൽ ബ്രിട്ടീഷുകാർ ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1915-ൽ ടറാവ ഗിൽബർട്ട് ആൻഡ് എലിസ് ഐലൻഡ് കോളനിയുടെ ഭാഗമായി. ഈ അറ്റോൾ രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്റെ അധീനതയിലായി (1941). 1943-ലെ ഒരു യുദ്ധത്തിലൂടെ അമേരിക്കൻ സേന ജാപ്പനീസ് ആധിപത്യത്തിൽ നിന്നും ടറാവ പിടിച്ചെടുത്ത് ബ്രിട്ടിഷുകാർക്ക് മടക്കിക്കൊടുത്തു. തുടർന്ന് ബ്രിട്ടിഷ് ഡിപ്പെൻഡൻസി ഒഫ് ദ് ഗിൽബർട്ട് ആൻഡ് എലീസ് ദ്വീപുകളുടെ തലസ്ഥാനമായി ടറാവ മാറി. 1979-ൽ ടറാവ കിരിബാത്തിയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.tarawaontheweb.org/ Archived 2012-04-11 at the Wayback Machine.
- http://www.eyewitnesstohistory.com/tarawa.htm
- http://tarawatheaftermath.com/
- http://www.janeresture.com/tarawa/index.htm Archived 2012-06-18 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടറാവ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |