ടനെയ്‌ഡേസിയേ

(ടനെയ്ഡേസിയേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെർക്കാരിഡ ജന്തു അതിഗോത്രത്തിൽപ്പെടുന്ന യുമലാക്കോസ്ട്രാക്കകളുടെ ഒരു ഗോത്രമാണ് ടനെയ്‌ഡേസിയേ. ഇതിൽ രണ്ട് ഉപഗോത്രങ്ങളും അഞ്ചു കുടുംബങ്ങളും അടങ്ങിയിരിക്കുന്നു. ഈ ഗോത്രത്തിൽ 44 ജീനസ്സുകളിലായി 350 സ്പീഷീസും ഉണ്ട്. അപ്സ്യൂഡെസ്, സ്ഫൈറാപ്പസ്, ടനെയ്സ് എന്നിവയാണ് പ്രധാന ജീനസ്സുകൾ. ആഗോളവ്യാപകത്വമുള്ള ഈ ഗോത്രത്തിലെ ജീവികളെല്ലാം പ്രധാനമായും സമുദ്രജലവാസികളാണ്. സമുദ്രതീരത്തിനടുത്തു മുതൽ സമുദ്രത്തിന്റെ അത്യഗാധങ്ങളിൽ വരെ ഇവയെ കാണാനാകും. സ്വതന്ത്രജീവിതം നയിക്കുന്ന ഇവയെല്ലാം നിതലസ്ഥജീവികളുമാണ്. അർജന്റീനയിൽ ചില ശുദ്ധജലഇനങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.

ടനെയ്‌ഡേസിയേ
ടനെയ്‌ഡേസിയേ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Superorder:
Order:
Tanaidacea

Dana, 1849
Families

 Family Anthracocarididae

 Superfamily Apseudoidea
  Family Apseudellidae
  Family Apseudidae
  Family Gigantapseudidae
  Family Kalliapseudidae
  Family Metapseudidae
  Family Numbakullidae
  Family Pagurapseudidae
  Family Parapseudidae
  Family Sphyrapidae
  Family Tanzanapseudidae
  Family Whiteleggiidae
 Superfamily Jurapseudoidea
  Family Jurapseudidae

  Family Neotanaidae

 Superfamily Cretitanaoidea
  Family Cretitanaidae
 Superfamily Tanaoidea
  Family Tanaidae
 Superfamily Paratanaoidea
  Family Agathotanaidae
  Family Anarthruridae
  Family Colletteidae
  Family Leptocheliidae
  Family Leptognathiidae
  Family Nototanaidae
  Family Paratanaidae
  Family Pseudotanaidae
  Family Pseudozeuxidae
  Family Tanaellidae

ശരീരഘടന

തിരുത്തുക

ജീവികൾക്ക് മൂന്നു മില്ലിമീറ്റർ വരെ നീളമേയുള്ളു. ആൺജീവികൾ പെൺജീവികളേക്കാൾ ചെറുതാണ്. നീണ്ടു മെലിഞ്ഞ ശരീരം ഉരുണ്ടതോ പാർശ്വസമ്മർദിതമോ ആയിരിക്കും. വക്ഷസ്സിന്റെ ഒന്നും രണ്ടും ഖണ്ഡങ്ങൾ തലയുമായി സംയോജിച്ച് ശ്വസനഅറയെ പൊതിയുന്ന കാരപേസ് ആയി രൂപപ്പെട്ടിരിക്കുന്നു. അവസാനത്തെ ഉദരഖണ്ഡം പുച്ഛഖണ്ഡവുമായി സംയോജിച്ചിരിക്കും. ഇടതു ചിബുകാസ്ഥിക്ക് ലാസിനിയ മൊബിലിസ് എന്നൊരു പ്രത്യേകഭാഗം ഉണ്ടെങ്കിലും വലതു മാൻഡിബിളിൽ പലപ്പോഴും ഇതു കാണാറില്ല. എട്ടുജോടി വക്ഷീയപാദങ്ങളുണ്ട്. ആദ്യത്തെ ജോടി ജംഭികങ്ങളും രണ്ടാമത്തെ ജോടി കെലിപെഡുകളും ബാക്കി ആറെണ്ണം പെരിയോപോഡുകളും ആയിരിക്കും. പ്ലവപാദങ്ങൾ ചില ഇനങ്ങളിൽ മാത്രമേ കാണപ്പെടാറുള്ളു. പശ്ചാന്തപാദം തന്തുരൂപമായിരിക്കും. കരണ്ടിയുടെ ആകൃതിയിലുള്ള മൂന്നാമത്തെ ജോടി കാലുകൾകൊണ്ടാണ് തുരങ്കങ്ങളുണ്ടാക്കുന്നത്.

തലച്ചോറ്, ഉപഗ്രസികാപുഞ്ജം, അധരശൃംഖല എന്നിവ അടങ്ങിയ നാഡീവ്യവസ്ഥയാണിതിനുള്ളത്. നേത്രപാളി സ്ഥാനബദ്ധം ആണ്. ആൺജീവികളിൽ വികാസം പ്രാപിച്ച നേത്രങ്ങളാണുള്ളതെങ്കിലും പെൺജീവികളുടെ നേത്രങ്ങൾ അല്പവികസിതങ്ങളാണ്. കാലുകളിലും ഖണ്ഡങ്ങളിലും സംവേദക രോമങ്ങളും സംവേദകമുള്ളുകളും കാണുന്നു.

ടെനെയ്ഡേസിയേ ഗോത്രത്തിലെ ജീവികളിൽ ലിംഗദ്വിരൂപത കാണപ്പെടുന്നു. ആൺ - പെൺജീവികളിൽ ലഘുശൃംഗികകൾ വ്യത്യസ്തമായിരിക്കും. ആൺജീവികളുടെ ലഘുശൃംഗികകൾ കാണാൻ കൗതുകമുള്ളവയാണ്. പലപ്പോഴും തല, വദനഭാഗങ്ങൾ, കെലിപെഡുകൾ, രണ്ടാമത്തെ ജോടി പെരിയോപോഡുകൾ, പ്ലിയോപോഡുകൾ എന്നിവയുടെ ആകൃതി വിവിധയിനങ്ങളിൽ വ്യത്യസ്തമായി കാണപ്പെടുന്നു. ദഹനേന്ദ്രീയ വ്യൂഹത്തിൽ അധരവദനം, ഉദരം, ബഹുകേന്ദ്രകയുതമധ്യനാളി, ഗുദം എന്നിവയുണ്ടായിരിക്കും. രണ്ടു ജോടി ഹെപ്പാറ്റോപാൻക്രിയാസും കാണാറുണ്ട്. ഒരു ജോടി മാക്സിലറി ഗ്രന്ഥികളാണ് [വിസർജനാവയവം|വിസർജനാവയവങ്ങളായി]] വർത്തിക്കുന്നത്.

പ്രജനനം

തിരുത്തുക

വക്ഷീയപാദങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന അണ്ഡസഞ്ചിയിലേക്ക് പെൺജീവികൾ ഒരു പ്രജനനഘട്ടത്തിൽ 10 - 20 മുട്ടകളിടും. 14-19 ദിവസത്തിനകം മുട്ട വിരിഞ്ഞ് ലാർവ പുറത്തുവരുന്നു. ലാർവയ്ക്ക് അവസാന ജോടി പെരിയോപോഡുകളും പ്ലിയോപോഡുകളും ഉണ്ടാകാറില്ല. നാലു ലാർവൽ ഘട്ടങ്ങളിലൂടെ കടന്നാണ് ലാർവ പൂർണവളർച്ചയെത്തുക. പ്രായപൂർത്തിയെത്തുന്നതിനുമുമ്പ് ലാർവ പല പ്രാവശ്യം പടംപൊഴിക്കലും നടത്തുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടനെയ്‌ഡേസിയേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടനെയ്‌ഡേസിയേ&oldid=3088663" എന്ന താളിൽനിന്ന് ശേഖരിച്ചത്