തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണിവ. ഇംഗ്ലീഷിൽ ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നറിയപ്പെടുന്നു. ഇവയിൽ പലതും മാരക രോഗങ്ങളാണ്. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ തെറ്റായ ജീവിത ശൈലി നശിപ്പിക്കുന്നു.[1] ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്. ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് കാൻസർ, പ്രമേഹം, ഹൃദ്രോഗം, അമിത കൊളസ്ട്രോൾ, രക്താതിമർദ്ദം, അമിതവണ്ണം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവ. കൂടാതെ വന്ധ്യത, ഉദ്ധാരണശേഷിക്കുറവ്, യോനീ വരൾച്ച, ലൈംഗികതാല്പര്യക്കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം തുടങ്ങിയ അനാരോഗ്യകരമായ ജീവിത ശൈലി മൂലം ഉണ്ടാകാറുണ്ട്. [2]

ആഹാരരീതിയിലെ മാറ്റം

തിരുത്തുക
  1. പച്ചക്കറികളുടേയും പഴവർഗ്ഗങ്ങളുടേയും ഇലക്കറികളുടെയും പരിപ്പുവർഗങ്ങളുടെയും ഉപയോഗക്കുറവ്.
  2. കടൽ മത്സ്യങ്ങളുടെ ഉപയോഗക്കുറവ്. പ്രോടീൻ, ഒമേഗാ 3 ഫാറ്റി ആസിഡ് എന്നിവയുടെ നല്ല ശ്രോതസാണ് മത്‍സ്യങ്ങൾ.
  3. ചോറ്, ചപ്പാത്തി, ബിരിയാണി മുതലായ അമിത അളവിൽ അനേഗം, കാലറി അടങ്ങിയ ഭക്ഷണരീതി
  4. എണ്ണയിൽ വറുത്തതും പൊരിച്ചതും അമിതമായി മൊരിഞ്ഞതുമായ ഭക്ഷണ വസ്തുക്കളുടെ അമിതോപയോഗം.
  5. കൊഴുപ്പടങ്ങിയ അഥവാ ചുവന്ന മാംസാഹാരത്തോടുള്ള അഭിനിവേശം.
  6. പഞ്ചസാര, ഉപ്പ്‌, എണ്ണ, നെയ്യ്, കൊഴുപ്പ് എന്നിവയുടെ അമിതമായ അളവ്.
  7. ജോലിത്തിരക്കിനിടയിൽ ഭക്ഷണം ഒഴിവാക്കൽ
  8. ഒരിക്കൽ ചൂടാക്കിയ എണ്ണയിൽ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അപകടകരമാണ്.
  9. ബേക്കറി പലഹാരങ്ങളുടെ അമിതോപയോഗം.
  10. പുകവലി, മദ്യപാനം, ഡ്രഗ്സ്സ്, മയക്കുമരുന്ന് അമിത ഉപയോഗം കാരണം.തലക്കും ഹൃദയത്തിനും കരളിനും വേഗത്തിൽ രോഗം വരുന്നു.
  11. അമിതാഹാരം- ഇത് പൊണ്ണത്തടിയുണ്ടാക്കുന്നു. ഇവ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു.
  12. കുട്ടികൾ ഈ കാലഘട്ടത്തിൽ ഏതുനേരവും മൊബൈൽ ഉപയോഗിക്കുന്നത് രക്താർബുദത്തിന് കാരണമാകും.

വ്യായാമമില്ലായ്മ

തിരുത്തുക

സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ ആയാസമുള്ള പ്രവർത്തനങ്ങൾ നാം യന്ത്രങ്ങൾക്ക് നൽകിത്തുടങ്ങി. പ്രായപൂർത്തിയായ വ്യക്തി ദിവസേന ചുരുങ്ങിയത് 30 മിനിറ്റ് എങ്കിലും നന്നായി വ്യായാമം ചെയ്തിരിക്കണം എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. അതിന്റെ അഭാവത്തിൽ ദുർമേദസ്സിനും രോഗങ്ങൾക്കും കാരണമാകുന്നു.

മാനസിക സമ്മർദ്ദങ്ങൾ

തിരുത്തുക

ജോലി സ്ഥലത്തുനിന്നും കുടുംബത്തിൽ നിന്നുമുള്ള ടെൻഷനും മാനസിക സമ്മർദങ്ങളും പലർക്കും താരതമ്യേന കൂടുതലാണ്. മതിയായ ഉല്ലാസവും വിനോദവും കുറയുന്നതും സാമ്പത്തിക പ്രശ്നങ്ങളും തൊഴിൽ ഇല്ലായ്മയും പങ്കാളിയുമായുള്ള പ്രശ്നങ്ങളും ബന്ധങ്ങൾ വഷളാകുന്നതും അമിത മാനസിക സമ്മർദത്തിലേക്ക് നയിക്കുന്നു. ഇത് മാനസികവും ശാരീരികവുമായ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ചിലപ്പോൾ അമിത മദ്യാസക്തി, പുകവലി തുടങ്ങിയ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നു. കൂടാതെ ഉറക്കക്കുറവ്, ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത അവസ്ഥ, ലൈംഗിക അസംതൃപ്തി എന്നിവയും പ്രശ്നങ്ങൾ വഷളാക്കാം. നിത്യേന 6 മുതൽ 8 മണിക്കൂർ എങ്കിലും ശരിയായ ഉറക്കവും വിശ്രമവും വിനോദങ്ങളും മനുഷ്യർക്ക് അനിവാര്യമാണ്.

പരിഹാരമാർഗങ്ങൾ

തിരുത്തുക
  1. രോഗങ്ങൾ ഉണ്ടായാൽ ശാസ്ത്രീയവും കൃത്യവുമായ ചികിത്സ സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
  2. കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്തുക. അതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുക.
  3. പോഷകാഹാരം കഴിക്കുക. പഴങ്ങളും പച്ചക്കറികളും പരിപ്പുവർഗങ്ങളും ശരിയായ അളവിൽ ഉപയോഗിക്കുക. നിത്യേന 5 കപ്പ് (ഏതാണ്ട് 450 ഗ്രാം) പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ലഭ്യമാക്കാൻ സഹായിക്കും. അതുവഴി രോഗ സാധ്യത കുറയുന്നു.
  4. ബേക്കറി പലഹാരങ്ങൾക്ക് പകരം ഇടയ്ക്ക് പഴങ്ങളും നട്സും കഴിക്കുക.
  5. മാതൃകാ പ്ലേറ്റ് - പ്ളേറ്റിന്റെ പകുതി ഭാഗം പച്ചക്കറികളും പഴങ്ങളും, കാൽ ഭാഗം പ്രോടീൻ (മത്സ്യം, മുട്ട, ഇറച്ചി, പയർ, കടല തുടങ്ങിയവ), മിച്ചമുള്ള കാൽ ഭാഗം മാത്രം അന്നജം അടങ്ങിയ ഭക്ഷണം (ചോറ്, ഗോതമ്പ് തുടങ്ങിയവ) എന്ന ആരോഗ്യകരമായ ഭക്ഷണ രീതി സ്വീകരിക്കാം.
  6. കടൽ മത്സ്യങ്ങൾ കറിയാക്കി ഉപയോഗിക്കുക. ഇത് പ്രോടീൻ, ഒമെഗാ 3 ഫാറ്റി ആസിഡ് എന്നിവയുടെ മികച്ച സ്രോതസാണ്.
  7. നിത്യേന ഒരു മുട്ട പുഴുങ്ങി ഉപയോഗിക്കാം.
  8. എണ്ണയിൽ വറുത്തതും പൊരിച്ചതും ഒഴിവാക്കുക. കഴിവതും ആവിയിൽ പുഴുങ്ങിയ ഭക്ഷണം കഴിക്കുക.
  9. അമിത കൊഴുപ്പടങ്ങിയ ചുവന്ന മാംസാഹാരം മിതമാക്കുക. മാംസാഹാര പ്രിയർക്ക് പക്ഷിമാംസം അഥവാ കൊഴുപ്പ് നീക്കിയ വെളുത്ത മാംസം കറിയാക്കി ഉപയോഗിക്കാം.
  10. പഞ്ചസാര, ഉപ്പ്, എണ്ണ, കൊഴുപ്പ്, അന്നജം എന്നിവയുടെ ഉപയോഗം പരിമിതമാക്കുക.
  11. ചോറ്, ചപ്പാത്തി, ബിരിയാണി മുതലായ അമിത അളവിൽ അന്നജം, ഊർജം അടങ്ങിയ ഭക്ഷണരീതി പരിമിതപ്പെടുത്തുക.
  12. ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  13. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക. രാത്രി വൈകിയുള്ള ഭക്ഷണം പരിമിതപ്പെടുത്തുക.
  14. നിത്യേന 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. കളികൾ, നടത്തം, സൈക്ലിങ്, നൃത്തം, അയോധന കലകൾ തുടങ്ങിയവ ഉദാഹരണം.
  15. വിദഗ്ദ ഉപദേശപ്രകാരം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നത് രോഗങ്ങളെ നിയന്ത്രിക്കാൻ മാത്രമല്ല ശരീര സൗന്ദര്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
  16. അമിതഭാരം നിയന്ത്രിക്കുക.
  17. അമിത മദ്യപാനം, പുകവലി തുടങ്ങിയ ലഹരികൾ പൂർണമായി ഒഴിവാക്കുക.
  18. ശരീരത്തിനും മനസ്സിനും ഉൻമേഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുക.
  19. സംഗീതം, നൃത്തം, സിനിമ, യാത്രകൾ, വായന, യോഗ, നീന്തൽ, അയോധന കലകൾ തുടങ്ങിയവ സ്‌ട്രെസ്‌ കുറയാൻ സഹായിക്കും.
  20. നിത്യേന 7 മുതൽ 8 മണിക്കൂർ ഉറങ്ങാനും വിശ്രമത്തിനും സമയം കണ്ടെത്തുക.
  21. ബന്ധങ്ങൾ ഊഷ്മളമാക്കുക. ആവശ്യമെങ്കിൽ വിദഗ്ദരെ കണ്ടു കൗൺസിലിംഗ് എടുക്കാം.
  22. മുപ്പത് വയസ് മുതൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒരു പരിധിവരെ ആരോഗ്യകരമായ ജീവിതം നയിക്കാനും ജീവിതശൈലി രോഗങ്ങളും സാമ്പത്തിക നഷ്ടവും ഒഴിവാക്കുവാനും ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുവാനും സഹായിക്കും.
  23. സുരക്ഷിതവും സന്തോഷകരവുമായ ലൈംഗിക ജീവിതം നയിക്കുക. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും.
  1. ജീവിതശൈലീരോഗങ്ങൾ, ഡോ: വേണുഗോപാൽ. എ. കെ, അസി. പ്രൊഫസർ, പരിയാരം മെഡിക്കൽ കോളേജ്, പ്രാണൻ ആരോഗ്യമുദ്ര ത്രൈമാസിക, ലക്കം 5, പുസ്തകം 2, 25 ജനുവരി 2016.
  2. ജീവിതശൈലീരോഗങ്ങൾ, ഡോ. കെ ഹരി, ദേശാഭിമാനി, 7 ആഗസ്ത് 2014
"https://ml.wikipedia.org/w/index.php?title=ജീവിതശൈലീരോഗങ്ങൾ&oldid=4122636" എന്ന താളിൽനിന്ന് ശേഖരിച്ചത്