കേരളത്തിലെ പ്രസിദ്ധനായ ഒരു പത്രലേഖകനായിരുന്നു ഗോപാലമേനോൻ എന്ന ജി. എം. നെന്മേനി(മരണം: 1993). "നെന്മേനിയുടെ കമ്പി" എന്ന ബൈലൈനിലാണ് അക്കാലത്ത് അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്.[1]

ജി. എം. നെന്മേനി
ജനനം
മരണം1993
തൊഴിൽമാധ്യമ പ്രവർത്തകൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)കെ. ലീലാമ്മ.
കുട്ടികൾകെ. കെ. മോഹനൻ, കെ. കെ. സരള, കെ. കെ. ലതിക, കെ. കെ. ജയൻ
മാതാപിതാക്ക(ൾ)രാമൻ മേനോൻ, മീനാക്ഷിയമ്മ

ജീവിതരേഖ തിരുത്തുക

കൊച്ചി കോവിലകം കച്ചേരി ഗുമസ്തനായിരുന്ന തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര വടക്കെക്കൊളത്തൂർ രാമൻ മേനോന്റെയും പൂണിത്തുറയിലെ നെന്മേലി വീട്ടിൽ മീനാക്ഷിയമ്മയുടെയും മകനായി 1916ൽ ജനിച്ചു. ഏ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യഗ്രഹ വാഹനപ്രചാരണ ജാഥയാണ് അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തകനാക്കിയത്. സ്കൂൾ ഫൈനൽ പാസായശേഷം "മാതൃഭൂമി"യുടെ പ്രാദേശിക ലേഖകനായി. ആദ്യത്തെ പ്രധാന വാർത്ത "ഗാന്ധിജിയുടെ വൈക്കം സന്ദർശനം" എന്ന തലക്കെട്ടിലുള്ളതായിരുന്നു. അടുത്ത കൊല്ലം നെന്മേലി എറണാകുളം ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും അവിടത്തെ "മാതൃഭൂമി" ലേഖകനുമായി. ചൊവ്വര പരമേശ്വരനാണ് ബ്യൂറോ ചീഫ്.

ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് ചൊവ്വരയെ അറസ്റ്റ് ചെയ്തു. പിറകെ നെന്മേലിയേയും പിടികൂടി വിയ്യൂർ ജയിലിലടച്ചു. ഒരു കൊല്ലം നീണ്ടു തടവ്. സി അച്യുതമേനോന്റെ കൂടെയാണ് പാർപ്പിച്ചത്. ജയിൽ വിടുമ്പോഴേയ്ക്കും നെന്മേലി കമ്യൂണിസ്റ്റ് ആശയക്കാരനായി മാറിയിരുന്നു. പിന്നെ "മാതൃഭൂമി"യിലേക്കു പോയില്ല; കമ്യൂണിസ്റ്റ് പാർടിയുടെ മുഴുവൻ സമയ പ്രവർത്തകനായി. ആഴ്ചപ്പത്രമായി തുടങ്ങിയ "ദേശാഭിമാനി"യുമായും നെന്മേനി സഹകരിച്ചു.

ഓങ്ങല്ലൂരിൽ നടന്ന നമ്പൂതിരി യോഗക്ഷേമസഭാ വാർഷികത്തിൽ ഇ എം എസ് ചെയ്ത പ്രസംഗം ("നമ്പൂതിരിയെ മനുഷ്യനാക്കാൻ") റിപ്പോർട്ട് ചെയ്തത് നെന്മേനിയാണ്. 1946ൽ ദേശാഭിമാനി ദിനപത്രമായതു തൊട്ടേ സഞ്ചാരലേഖകനായി നെന്മേനി പ്രവർത്തിച്ചു.

ഭാര്യ: കെ. ലീലാമ്മ. മക്കൾ: കെ. കെ. മോഹനൻ, കെ. കെ. സരള, കെ. കെ. ലതിക, കെ. കെ. ജയൻ.[1]

മറ്റു സംഭാവനകൾ തിരുത്തുക

അയിത്ത നീതിക്കെതിരെ കൊച്ചി രാജ്യത്തെ ചേന്ദമംഗലം പാലിയത്തു നടന്ന ജനമുന്നേറ്റവും അധികാരികളുടെ മർദനവും ലോകത്തെ അറിയിച്ചവരിൽ പ്രമുഖനാണ് നെന്മേനി. കൽക്കട്ട തീസിസ് കാലത്ത് ദേശാഭിമാനി നിരോധിക്കപ്പെട്ടപ്പോൾ തൃശൂരിൽ ആരംഭിച്ച "റിപ്പബ്ലിക്" പത്രത്തിൽ ചേർന്നു. അദ്ദേഹത്തിന്റെ വീട്ടിലെ ഉരൽപ്പുര അക്കാലത്ത് പാർട്ടി നേതാക്കളുടെ ഒളിത്താവളമായിരുന്നു. ഇ എം എസ്, എ കെ ജി, സി. അച്യുതമേനോൻ, കെ സി ജോർജ്, എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, ടി.കെ. രാമകൃഷ്ണൻ തുടങ്ങിയവർ അവിടെയെത്തിയിട്ടുണ്ട്. 1950 ജനുവരി 22ന് ഉരൽപ്പുര റെയ്ഡ് ചെയ്ത് പൊലീസ് നെന്മേനിയെ അറസ്റ്റ് ചെയ്തു.

കൊല്ലത്തു തുടങ്ങിയ "ജനയുഗ"ത്തിന്റെയും "നവജീവ"ന്റെയും ലേഖകനായും നെന്മേനി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ജനയുഗത്തിന്റെ സിറ്റി എഡിറ്റർ എന്ന നിലയിലും പ്രവർത്തിച്ചു. മദ്രാസിലെ സോവിയറ്റ് പ്രതിനിധി കാര്യാലയത്തിൽ മലയാളം വിഭാഗം,കൊടുങ്ങല്ലൂർ വിദ്വത്പീഠം, ഇസ്കസ്, സ്വാതന്ത്ര്യസമര സേനാനികളുടെ സംഘടന, കൊടുങ്ങല്ലൂർ പുരാവസ്തു ചരിത്രഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിൽ സജീവമായിരുന്നു. കരൾരോഗംമൂലം 1993-ൽ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 78 വയസ്സായിരുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 "NENMENI G M". keralamediaacadem. Archived from the original on 2022-01-22. Retrieved 2022-01-22.{{cite web}}: CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ തിരുത്തുക

നെന്മേലിയുടെ കമ്പി [1][പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=ജി._എം._നെന്മേനി&oldid=3775947" എന്ന താളിൽനിന്ന് ശേഖരിച്ചത്