പുരി ജഗന്നാഥക്ഷേത്രം

(ജഗന്നാഥ ക്ഷേത്രം,പുരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജഗന്നാഥക്ഷേത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജഗന്നാഥക്ഷേത്രം (വിവക്ഷകൾ) എന്ന താൾ കാണുക. ജഗന്നാഥക്ഷേത്രം (വിവക്ഷകൾ)

ഒറീസയിലെഒരു തീരദേശനഗരമായ പുരിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പുരി ജഗന്നാഥക്ഷേത്രം. ഇവിടെ നടത്തെപ്പെടുന്ന രഥയാത്ര പ്രശസ്തമാണ്‌. പുരി നഗരം തന്നെ അതിന്റെ നിലനില്പ്പിന്‌ ഈ ക്ഷേത്രത്തെ ആശ്രയിക്കുന്നു. ജഗന്നാഥനായ‌ മഹാവിഷ്ണു അഥവാ ആദിനാരായണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഇവിടത്തെ തീർത്ഥയാത്രയാണ്‌ നഗരത്തിൽ നല്ല ശതമാനം ആളുകളുടെ ജീവിതമാർഗം. ഡൽഹി സുൽത്താൻ ഗിയാസുധീൻ തുക്ളക്ക് ഈക്ഷേത്രം ആക്രമിച്ചിരുന്നു.[1]‌.

പുരി ജഗന്നാഥക്ഷേത്രം

ചരിത്രം

തിരുത്തുക

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവർമനാണ്‌ പുരിയിൽ പുരുഷോത്തമ ജഗന്നാഥന്റെ പേരിൽ ഒരു ക്ഷേത്രം പണിയാൻ തീരുമാനിച്ചത്[2]. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഈ ക്ഷേത്രം പണിതീർന്നു[1]. 1230-ൽ രാജാവായിരുന്ന അനംഗഭീമൻ മൂന്നാമൻ സാമ്രാജ്യം ദേവന്റെ പേരിൽ സമർപ്പിക്കുകയും താൻ ദേവന്റെ ദാസനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു[2].

ഒരു തീർത്ഥാടനകേന്ദ്രം എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ക്ഷേത്രത്തിന്റെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങളിലുള്ള പ്രസക്തിയും കാലക്രമേണ വർദ്ധിച്ചു. മുഗളർ, മറാഠകൾ, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നിങ്ങനെ ഒറീസ പിന്നീട് പിടിച്ചടക്കിയ എല്ലാവരും ക്ഷേത്രത്തിനു മേലുള്ള നിയന്ത്രണവും ആർജ്ജിക്കാൻ പ്രരിശ്രമിച്ചിരുന്നു. തങ്ങളുടെ ഭരണം തദ്ദേശീയർ അംഗീകരിക്കുന്നതിന്‌ ഇതൊരു ആവശ്യമാണെന്ന് അവർ കരുതി[2].

നിർമ്മിതി

തിരുത്തുക
 
ക്ഷേത്രഗോപുരത്തിനു മുകളിലെ ചക്രവും കൊടിയും

മദ്ധ്യഭാഗത്ത് വലിയ ഒരു ഗോപുരത്തോടു കൂടിയാണ്‌ ഈ ക്ഷേത്രം പണിതിരിക്കുന്നത്. ഈ ഗോപുരത്തിനു മുകളിലായി ഒരു ചക്രവും സ്ഥാപിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ സുദർശനചക്രമായാണ്‌ വിശ്വാസികൾ ഈ ചക്രത്തെ കണക്കാക്കുന്നത്. വെള്ള പൂശിയിരിക്കുന്നതിനാൽ ഇതിനെ വെളുത്ത ഗോപുരം എന്നും പുരി നിവാസികൾ വിളിക്കുന്നു. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ കാണപ്പെടാറുള്ളതു പോലെ നാല്‌ മണ്ഡപങ്ങളാണ്‌ ഈ ക്ഷേത്രത്തിനുമുള്ളത്. വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ള ഗർഭഗൃഹം, ഭക്തർക്ക് പ്രാര്ത്ഥിക്കുന്നതിനും മറ്റു ചടങ്ങുകൾക്കുമായുള്ള മണ്ഡപം, നൃത്തങ്ങൾക്കായുള്ള തൂണുകൾ ഉള്ള നൃത്തമണ്ഡപം, കാഴ്കക്കാർക്കുള്ള മണ്ഡപം എന്നിവയാണവ. ക്ഷേത്രത്തിലെ പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്[1].

വിഗ്രഹങ്ങൾ

തിരുത്തുക
 
വിഗ്രഹമാതൃക - ഇടത്തു നിന്നും വലത്തോട്ട് ബലഭദ്രൻ, സുഭദ്ര, ജഗന്നാഥൻ എന്നിവരുടെ വിഗ്രഹങ്ങൾ പത്മവേഷത്തിൽ

മൂന്നു വിഗ്രഹങ്ങളാണ്‌ ഈ ക്ഷേത്രത്തിലുള്ളത്. ജഗന്നാഥൻ അഥവാ കൃഷ്ണൻ, സഹോദരനായ ബലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങളാണിവ. ബലഭദ്രന്റെ വിഗ്രഹം ആറടി ഉയരമുള്ളതും വെളുത്ത ചായം പൂശിയതുമാണ്‌. സുഭദ്രയുടേത് നാലടി ഉയരവും മഞ്ഞ നിറത്തിലുള്ളതുമാണ്‌. ജഗന്നാഥന്റെ വിഗ്രഹം അഞ്ചടി ഉയരവും കറുത്ത നിറത്തിലുള്ളതുമാണ്‌. എല്ലാ വിഗ്രഹങ്ങളും മരത്തിൽ തീർത്തതും നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചവയുമാണ്‌. പുരുഷവിഗ്രഹങ്ങൾക്ക് ചെവിഭാഗത്തുനിന്ന് കൈകളുണ്ട്. എന്നാൽ സുഭദ്രയുടെ വിഗ്രഹത്തിന്‌ കൈയോ കാലോ ഇല്ല[1][3].

മരത്തിൽ തീർത്തതിനാൽ ഈ വിഗ്രഹങ്ങൾ ഇടക്കിടെ പുനർ നിർമ്മിക്കേണ്ടതുണ്ട്. ദൈവികവെളിപാട് കിട്ടുമ്പോഴാണ്‌ ഇവ പുനർനിർമ്മിക്കുന്നത് എന്ന് പറയപ്പെടുന്നു. അങ്ങനെ പന്ത്രണ്ടോ ഇരുപത്തിനാലോ വർഷം കൂടുമ്പോഴാണ്‌ ഇവ പുനർനിർമ്മിക്കുന്നത്. പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്:-

  • വിഗ്രഹങ്ങൾ ആര്യവേപ്പിന്റെ തടിയിലാണ്‌ തീർക്കേണ്ടത്
  • ഇതിനായി തെരഞ്ഞെടുക്കുന്ന മരത്തിൽ പക്ഷികളുടേയോ മറ്റോ കൂടുകൾ ഉണ്ടായിരിക്കരുത്
  • മറ്റൊരു വൃക്ഷത്തിന്റെ നിഴൽ വീഴുന്ന വൃക്ഷമായിരിക്കരുത്
  • താഴെ പാമ്പുകൾ അധിവസിക്കുന്ന വൃക്ഷമായിരിക്കണം.
  • ഇതിനു പുറമേ മരത്തിന്റെ തൊലിക്കടിയിൽ വിഷ്ണുവിന്റെ കൈയിലുള്ള ശംഖിന്റേയും ചക്രത്തിന്റേയും അടയാളവും ഉണ്ടായിരിക്കണം[1]

രഥോൽസവം

തിരുത്തുക
 
രഥയാത്ര

രഥോൽസവം അഥവാ ജഗന്നാഥോൽസവം, ഇവിടത്തെ തദ്ദേശീയോൽസ്വമാണെങ്കിലും ഏറ്റാണ്ട് 8 ലക്ഷത്തോളം പേർ ആളുകൾ ഇവിടെയെത്തി ഈ ഉൽസവത്തിൽ പങ്കെടുക്കുന്നു[4].

ആഷാഢമാസത്തിലാണ്‌ (ജൂൺ ജൂലൈ മാസങ്ങളിൽ) രഥോൽസവം നടക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളൂം സന്യാസികളും ഈ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നു. ഈ ഉൽസവത്തിന്റെ പ്രധാന‍ ചടങ്ങാണ്‌‌ രഥയാത്ര. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ വലിയ രഥങ്ങളിലേറ്റി ക്ഷേത്രത്തിൽ നിന്ന് ഏതാണ്‌ രണ്ടൂ മൈൽ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ഒരാഴ്ച്ചക്ക് ശേഷം ഈ വിഗ്രഹങ്ങൾ തിരിച്ച് ക്ഷേത്രത്തിലേക്ക്ക് കൊണ്ടൂ വരുന്നു.

ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്ന ഒരു ചടങ്ങാണ്‌ ഈ രഥയാത്ര ആഘോഷം. ഏതാണ്ട് 50 അടീ ഉയരവും, 35 അടി വശവുമുള്ള ചതുരാകൃതിയിലുള്ള അടിത്തട്ടുമാണ്‌ കൃഷ്ണവിഗ്രഹം കൊണ്ടൂ പോകുന്ന രഥത്തിനുള്ളത്. 16 ചക്രങ്ങളുള്ള ഈ രഥത്തിന്റെ ഓരോ ചക്രത്തും 7 അടീ വ്യാസം കാണും.

ആയിരക്കണക്കിന്‌ പേർ ഈ വൻരഥങ്ങളെ തള്ളുകയും ഇതിനു നുമ്പിൽ ബന്ധിച്ചിർക്കുന്ന കയറുകൾ വലിക്കുന്നതിനായി മൽസരിക്കുകയും ചെയ്യുന്നു. ഈ രണ്ടു മൈൽ ദൂരം യാത്രക്ക് രണ്ടു ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. മഴയുള്ള സമയത്ത് രഥചക്രം മണലിൽ താഴ്ന്നു പോകുന്നതിനാൽ യാത്ര കൂടുതൽ ദുഷ്കരമാകുന്നു.

ഭക്തിയുടെ പേരിൽ ആത്മഹത്യകളും സ്വശരീരപീഠങ്ങളും ഈ യാത്രാവേളകളിൽ അരങ്ങേറാറുണ്ട്. രഥചക്രത്തിനടീയിൽ പ്പെട്ട് മരിക്കുന്നതും മറ്റും പുണ്യമായി വിശ്വാസികൾ കരുതുന്നു. ഇതിനു വേണ്ടി ആത്മഹത്യ ചെയ്യുന്നവർക്കു പുറമേ തിരിക്കില്പ്പെട്ട് പലരും അബദ്ധത്തിലും ഈ ചക്രത്തിനടീയില്പ്പെടാറുണ്ട്[1].

ഐതിഹ്യം

തിരുത്തുക

പുരിയിലെ ക്ഷേത്രത്തെക്കുറീച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്:- ഇന്ദ്രദ്യു‌മ്നരാജാവ് വിഷ്ണുവിനെത്തേടി ബ്രാഹ്മണരെ പലദിക്കുകളിലേക്കയച്ചു. ഒരു ബ്രാഹ്മണനു മുൻപിൽ ജഗന്നാഥൻ അഥവാ വിഷ്ണു ഒരു നീലരത്നത്തിന്റെ രൂപത്തിൽ പ്രത്യക്ഷമായി.സന്തോഷവാനായ ബ്രാഹ്മണൻ ഈ വിവരം രാജാവിനെയറിയിക്കുകയും ചെയ്തു. എന്നാൽ രാജാവ് ഈ സ്ഥലത്തെത്തിയപ്പോഴേക്കും ദൈവത്തെ കാണാനുണ്ടായിരുന്നില്ല. ഇതിൽ അസന്തുഷ്ടനായ രാജാവ് പ്രാർത്ഥനാനിരതനാകുകയും അദ്ദേഹത്തിന് അശരീരി കേൾക്കുകയും ചെയ്തു. വിഷ്ണു അദ്ദേഹത്തിനു മുന്നിൽ നീലക്കല്ലിന്റെ രൂപത്തിലല്ല മറിച്ച് ചില അടയാളങ്ങളുള്ള ഒരു മരത്തടിയുടെ രൂപത്തിലാണ് പ്രത്യക്ഷമാകുക എന്നായിരുന്നു അത്. ഇങ്ങനെ വെള്ളപ്പൊക്കത്തിൽ അദ്ദേഹത്തിന് ഈവിധമുള്ള ഒരു മരത്തടി ലഭിക്കുകയും, ഇന്ന് ജഗന്നാഥക്ഷേത്രം നിലനിൽക്കുന്നയിടത്ത് ഈ തടി കൊണ്ടു വരുകയും ചെയ്തു.

ഈ തടിയിൽ ജഗന്നാഥന്റെ വിഗ്രഹം തീർക്കുന്നതിനായി ഇന്ദ്രദ്യുംനൻ തച്ചന്മാരെ വിളിച്ചുവരുത്തി. എന്നാൽ ഈ തച്ചന്മാരുടെ ഉളികൾക്ക് ഈ മരത്തടിയെ ഭേദിക്കാനായില്ല. തുടർന്ന് വിഷ്ണു തന്നെ ഒരു തച്ചന്റെ വേഷത്തിൽ വന്നു എന്നും ഈ മരത്തടിയുമായി ഒരു മുറിയിൽ കയറി. പതിനഞ്ചു ദിവസം കഴിഞ്ഞ് മുറി തുടന്നു നോക്കിയപ്പോൾ തച്ചൻ അപ്രത്യക്ഷനായിരിക്കുന്നു എന്നും മരത്തടിയുടെ സ്ഥാനത്ത് മൂന്നു വിഗ്രഹങ്ങളും (ജഗന്നാഥന്റേയും, ബലഭദ്രന്റേയും സുഭദ്രയുടേയും) കാണപ്പെട്ടു. അങ്ങനെ പുരിയിലെ വിഗ്രഹങ്ങൾ വിഷ്ണു തന്നെ നേരിട്ടു നിർമ്മിച്ചു എന്നു വിശ്വസിക്കുന്നു.

ഇക്കാരണങ്ങൾ കൊണ്ടു തന്നെ പുരിയിലെ ക്ഷേത്രം ഇന്ത്യയിലെത്തന്നെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു[1].

പുരി നഗരം

തിരുത്തുക

ഏതാണ്ട് ഒന്നരലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന ഒരു നഗരമാണ് പുരി[5]. പറയത്തക്ക വ്യവസായങ്ങളും മറ്റും ഈ നഗരത്തിലില്ല. ഈ ക്ഷേത്രത്തിലെ തീർത്ഥാടനത്തെ ആശ്രയിച്ചാണ് ജനങ്ങൾ ജീവിതവൃത്തി കഴിക്കുന്നത്. ക്ഷേത്രത്തോടനുബന്ധിച്ച കരകൌശലപ്പണികളും, സത്രങ്ങളും, ഭക്ഷണശാലകളും മറ്റുമാണ് ഇവിടത്തെ ജനങ്ങളുടെ ഒരു പ്രധാനപ്പെട്ട വരുമാനമാർഗം[1].

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 125–129. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 9, The making of regional cultures, Page 123-124, ISBN 817450724
  3. http://jagannath.nic.in/aboutdeities.asp
  4. Staff Reporter of The Hindu. "Puri car festival tomorrow" (in ഇംഗ്ലീഷ്). The Hindu (on net). Archived from the original on 2007-08-03. Retrieved 2009 ഏപ്രിൽ 1. Around eight lakh devotees are expected to throng Puri that day. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
"https://ml.wikipedia.org/w/index.php?title=പുരി_ജഗന്നാഥക്ഷേത്രം&oldid=4016910" എന്ന താളിൽനിന്ന് ശേഖരിച്ചത്