ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചെറുകുന്ന് എന്ന സ്ഥലത്താണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. [1]ഇവിടത്തെ പ്രധാനപ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും പ്രാധാന്യം സമൃദ്ധിയുടെയും പോഷണത്തിന്റെയും ഈശ്വരിയും ശ്രീ പാർവതിയുടെ ഭാവഭേദവുമായ അന്നപൂർണേശ്വരി എന്ന ഭഗവതിയ്ക്കാണ്.

അന്നപൂർണേശ്വരി

തിരുത്തുക

ശ്രീ പാർവതിയുടെ ഒരു മൂർത്തിഭേദം. സർവ സമൃദ്ധിയുടെയും ഭഗവതി. ആദിപരാശക്തിയുടെ ആഹാരം നൽകുന്ന മാതൃഭാവം. ഒരു കൈയിൽ അന്നപാത്രവും മറു കൈയിൽ കരണ്ടിയും വഹിച്ചിരിക്കുന്ന രൂപമാണ് ഭഗവതിയുടേത്. ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് നാലു കൈകളോടുകൂടിയ ഒരു സങ്കല്പവും ചില രൂപശില്പങ്ങളിൽ കാണുന്നുണ്ട്. സർവ്വർക്കും ആഹാരം നൽകുന്ന പ്രകൃതിയാണ് അന്നപൂർണയെന്ന് പുരാണങ്ങൾ പറയുന്നു. മഹാലക്ഷ്മിയെപ്പോലെ തന്നെയാണ് ഈ ഭഗവതി. ശാകംഭരിയാണ് സമാനമായ മറ്റൊരു ശക്തിരൂപം. കാശിയിലുള്ള (വാരണാസി) അന്നപൂര്ണാക്ഷേത്രം പ്രസിദ്ധമാണ്.

ഐതിഹ്യം

തിരുത്തുക

സ്ഥലത്തെ ഐതിഹ്യങ്ങൾ അനുസരിച്ച് പരശുരാമനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.[2] കാശിയിലെ അന്നപൂർണ്ണേശ്വരി മൂന്നു തോഴിമാരും ഒരുപാട് ഭക്തരുമായി ഒരു കപ്പലിൽ ഇങ്ങോട്ടു വന്നുവെന്നും പിന്നീട് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തേക്ക് ഭഗവതി വന്നുവെന്നുമാണ് വിശ്വാസം. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും പരമശിവൻ തന്റെ ഭാര്യയായ അന്നപൂർണ്ണേശ്വരിയെ സന്ദർശിക്കാൻ ദിവസവും അത്താഴപൂജക്കു ശേഷം ചെറുകുന്നിലെത്തുമെന്നാണ് സങ്കല്പം. ഇവിടെ ര‍ണ്ട് നേരം പ്രസാദ ഊട്ട് ഉണ്ട്. ഇവിടത്തെ പ്രധാന വഴിപാട് അന്നദാനം ആണ്.

പരാശക്തിയുടെ അന്നപൂർണാഭാവത്തിന്റെ പിന്നിലുള്ള കഥ ഇപ്രകാരമാണ്. തന്റെ ഭിക്ഷാടന യോഗത്തെക്കുറിച്ചു ചിന്താമഗ്നനായിരുന്ന മഹാദേവൻ ഒരിക്കൽ ഭക്ഷണത്തിന് പ്രാധാന്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. ഭക്ഷണമില്ലാതെയും ജീവിക്കാനാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഭക്ഷണത്തിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ തന്നെ പാർവതി തീരുമാനിച്ചു. ഇതിനായി ശക്തി സ്വരൂപിണിയായ ഭഗവതി സ്വയം അപ്രത്യക്ഷമായി. അതോടെ ഭൂമിയിലുള്ള സകല ഭക്ഷണത്തിന്റെ സ്‌ത്രോതസുകളും അപ്രത്യക്ഷമായി. അധികം വൈകാതെ തന്നെ ശിവന് ഭക്ഷണത്തിന്റെ പ്രാധാന്യം എന്താണെന്ന് ബോധിച്ചു. ഭിക്ഷാടനത്തിന് പോയിട്ടും മഹാദേവന് ഭിക്ഷയായി ഒന്നും ലഭിച്ചില്ല. ആളുകൾ ദാരിദ്ര്യരായി മാറി. വിശന്നു വലഞ്ഞ മഹാദേവൻ ദേവി ഐശ്വര്യദായിനിയായി കാശിയിൽ പ്രത്യക്ഷപെട്ടു എല്ലാവർക്കും ഭക്ഷണം വിളമ്പുന്നതായി അറിഞ്ഞു. പാർവതിക്കു മുന്നിൽ ഭക്ഷണം ലഭിക്കാൻ പാത്രവുമായി യാചിച്ചു നിൽക്കേണ്ടിയും വന്നു. ഭക്ഷണത്തിന്റെ ദേവിയായി പാർവതി മാറിയത് ഇങ്ങനെയാണ്. അന്നപൂർണേശ്വരിയായും ശരീരത്തിന് പോഷണം നൽകുന്നവളായും അറിയപ്പെടുന്നു. അത്യന്തം സന്തുഷ്ടനായ ഭഗവാൻ ഉടനെ ഭഗവതിയെ പ്രേമാധിക്യത്തോടു കൂടി കെട്ടിപ്പുണർന്നു. അപ്പോൾ അവരുടെ ശരീരങ്ങൾ പരസ്പരം യോജിച്ച് ഐക്യം പ്രാപിച്ചു. ശിവൻ അങ്ങനെയാണത്രേ അർധനാരീശ്വരനായത് (നോ: അർധനാരീശ്വരൻ). ലോകർക്ക് അന്നം ഊട്ടുന്ന ശ്രീ പാർവതിയെ ആണ് അന്നപൂർണേശ്വരി ആയി സങ്കല്പിച്ചിട്ടുള്ളത്.

ധ്യാനശ്ളോകം

തിരുത്തുക

ഒരു ധ്യാനശ്ളോകം താഴെകൊടുക്കുന്നു:

രക്താം വിചിത്രനയനാം നവചന്ദ്രചൂഡാ-

മന്നപ്രദാനനിരതാം സ്തനഭാരനമ്രാം

നൃത്യന്തമിന്ദുസകലാഭരണം വിലോക്യ

ഹൃഷ്ടാം ഭജേ ഭഗവതീം ഭവദുഃഖഹന്ത്രീം.

ഭക്തൻമാർക്ക് അഭീഷ്ടവരങ്ങൾ നല്കുന്നതിൽ സദാസന്നദ്ധയും ദയാപൂർണയും ആയ അന്നപൂർണേശ്വരിയെക്കുറിച്ച് അനേകം സ്തോത്രങ്ങളുണ്ടെങ്കിലും ആദിശങ്കരാചാര്യർ എഴുതിയിട്ടുള്ളതാണ് ദേവ്യുപാസകർക്കിടയിൽ ഏറ്റവും പ്രസിദ്ധം.

നിത്യാനന്ദകരീ, വരാഭയകരീ, സൌന്ദര്യരത്നാകരീ

നിർധൂതാഖിലഘോരപാവനകരീ, പ്രത്യക്ഷമാഹേശ്വരീ

പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ, മാതാന്നപൂർണേശ്വരീ.

എന്നിങ്ങനെ അത് ആരംഭിക്കുകയും,

അന്നപൂർണേ സദാപൂർണേ

ശങ്കരപ്രാണവല്ലഭേ

ജ്ഞാനവൈരാഗ്യസിധ്യർഥം

ഭിക്ഷാം ദേഹി നമോസ്തുതേ.

എന്നിങ്ങനെ അവസാനിക്കുകയും ചെയ്യുന്നു.

അന്നപൂർണാഷ്ടകമെന്നാണ് ഈ സ്തോത്രരത്നത്തിന്റെ പേര്. ഈ സ്തോത്രം വേദവ്യാസരചിതമാണെന്നും ഒരുപക്ഷമുണ്ട് (ശബ്ദകല്പദ്രുമം). കാശിയിലും കേരളത്തിലെ ചില ക്ഷേത്രങ്ങളിലും അന്നപൂർണേശ്വരീ പ്രതിഷ്ഠകളുണ്ട്. പരശുരാമൻ കാശിയിൽ ചെന്ന് അന്നപൂർണാദേവിയെ പൂജിച്ചു പ്രത്യക്ഷപ്പെടുത്തിയതായി ചില ഐതിഹ്യങ്ങളിൽ കാണുന്നു. ചൈത്രമാസം (മീനം) വെളുത്ത നവമിദിവസം അന്നപൂർണാദേവിയുടെ പൂജ സവിശേഷമായി ചിലയിടങ്ങളിൽ (ഉദാ. ബംഗാൾ) കൊണ്ടാടി വരുന്നുണ്ട്.

ക്ഷേത്ര നിർമ്മാണം

തിരുത്തുക

വല്ലഭൻ രണ്ടാമനാണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്. കാലപ്പഴക്കത്താൽ ക്ഷേത്രം നശിക്കാറായപ്പോൾ 1866ൽ അവിട്ടം തിരുനാൾ രാജാവ് ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം കേരളവർമ്മ രാജാവ് പണിപൂർത്തിയാക്കി.

ഉത്സവങ്ങൾ

തിരുത്തുക

ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ്. ഉത്സവത്തിന് ക്ഷേത്രവളപ്പിൽ ഭജന, കഥാപ്രസംഗം, ഓട്ടൻ‌തുള്ളൽ തുടങ്ങിയ കലാപരിപാടികൾ നടക്കുന്നു.[3]

വിഷുവിളക്ക്

തിരുത്തുക

വിഷു വിളക്കു ഉൽസവമാണ് ഇവിടെ പ്രധാനം. എഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. മേട സംക്രമം മുതൽ മേടം ഏഴാം തീയതി വരെയാണ് ഉത്സവം. മേടം രണ്ടാം തീയതി ചെറുകുന്ന്, മൂന്നാം തീയതി കണ്ണപുരം, നാലാം തീയതി ഇരിണാവ്, ആറാം തീയതി പറശ്ശിനി എന്നീ ദേശവാസികളുടെ വക കാഴ്ച വരവും വെടിമരുന്നു പ്രയോഗവും ഉണ്ടാകാറുണ്ട്. ഈ ഉൽസവത്തിലെ പ്രധാന ആകർഷണം, ക്ഷേത്രതിനു മുന്നിലും ചുറ്റിലുമായി നിർമ്മികുന്ന വട്ടപന്തലാണ്. വട്ടപ്പന്തലിന് തുടക്കം കുറിക്കുന്നത് എല്ലാ വർഷവും മലയാളമാസം ധനു രണ്ടാം തീയതിയാണ്. പന്തലിനാവശ്യമായ 111 തേക്കിൻ തൂണുകൾ നാട്ടുകാരുടെ ശ്രമദാനമായി ഉയർത്തുകയും ചെയ്യും. തുടർന്ന് 7500 മടൽ മെടഞ്ഞ ഓല, 2000ത്തോളം മുള എന്നിവ ഉപയോഗിച്ച് ഏകദേശം 100ൽപ്പരം മനുഷ്യാധ്വാനം പന്തലിന്റെ പൂർത്തീകരണത്തിന് ആവശ്യമാണ്. ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് വട്ടപ്പന്തൽ നിർമ്മിക്കുന്നത്. [4]

പ്രധാന ദിവസങ്ങൾ

തിരുത്തുക

വെള്ളിയാഴ്ച, പൗർണമി, നവരാത്രി, തൃക്കാർത്തിക, ദീപാവലി. ശിവ പ്രധാനമായ ഞായർ, തിങ്കൾ ദിവസങ്ങളും വിശേഷം.

ചിത്രശാല

തിരുത്തുക
  1. *കണ്ണൂർ എൻ.ഐ.സി. വെബ് വിലാസം Archived 2007-02-26 at the Wayback Machine.
  2. http://www.india9.com/i9show/Cherukunnu-Annapoorneshwari-Temple-20975.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-13. Retrieved 2006-12-05.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-02. Retrieved 2013-03-05.

മറ്റു ലിങ്കുകൾ

തിരുത്തുക