ചാൾസ് വിൽകിൻസ്
ഭാരതത്തിൽ വന്നു സംസ്കൃതം പഠിച്ച പൗരസ്ത്യഭാഷാപ്രണയികളിൽ അദ്വിതീയനാണ് ചാൾസ് വിൽകിൻസ്. (ജനന വർഷം: 1749 –മേയ് 13, 1836: ഫ്രോം -സോമർസെറ്റ്) [1][2]
ആദ്യകാലം
തിരുത്തുകപരിമിതമായ വിദ്യാഭ്യാസം മാത്രം ലഭിച്ച വിൽക്കിൻസ് ഒരു തൊഴിൽ തേടിയാണ് 1770 ഭാരതത്തിൽ എത്തിയത്. ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഒരു കണക്കെഴുത്തുകാരനായി ബംഗാളിൽ അദ്ദേഹം ജോലിയിൽ പ്രവേശിക്കുകയും 1782 ൽ പ്രിന്ററായി സ്ഥാനക്കയറ്റം ലഭിയ്ക്കുകയും ചെയ്തു.[3] ജോലിസമയം കഴിഞ്ഞുള്ള ഒഴിവു വേളകളിൽ അദ്ദേഹം ഭാഷാപഠനത്തിനായി സമയം കണ്ടെത്തി. ബംഗാളി, പേർഷ്യൻ എന്നീ ഭാഷകൾ പഠിയ്ക്കാനാണ് വിൽക്കിൻസ് ആദ്യം ശ്രമിച്ചത്. അക്കാലത്ത് ഈ ഭാഷകൾ വിദേശികൾക്ക് അനിവാര്യമായിരുന്നു താനും. ഇതിനു ശേഷമാണ് അദ്ദേഹം സംസ്കൃതപഠനത്തിലേയ്ക്കു തിരിഞ്ഞത്. സാവധാനമെങ്കിലും നിരന്തര അനുശീലനത്തിലൂടെ സംസ്കൃതഭാഷ അദ്ദേഹം സ്വായത്തമാക്കി. തുടർന്നു 1784 ൽ ഭഗവദ്ഗീത അദ്ദേഹം ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തി.[4] ഇതേത്തുടർന്നു ഗീത യൂറോപ്പിലെമ്പാടും അച്ചടിച്ചു പ്രസിദ്ധം ചെയ്യപ്പെട്ടു. ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ ഗീതയുടെ പരിഭാഷ ലഭ്യമായി.
പ്രധാന പരിഭാഷകൾ
തിരുത്തുകഭഗവദ്ഗീതയുടെ പരിഭാഷയെത്തുടർന്നു മനുസ്മൃതിയുടെ നാലു വാല്യങ്ങൾ വിൽക്കിൻസ് ഇംഗ്ലീഷിലേയ്ക്കു തർജ്ജിമ ചെയ്തു.1787 ൽ വിഷ്ണുശർമ്മയുടെ ഹിതോപദേശവും 1794 ൽ മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനവും പരിഭാഷപ്പെടുത്തുകയുണ്ടായി.
ബംഗാളിലെ പാലരാജവംശത്തിലെ അഞ്ചാമത്തെ രാജാവായിരുന്ന വിഗ്രഹപാലനെ സംബന്ധിച്ച താമ്രശാസനവും , ബരാബർ കുന്നുകളിൽ നിന്നുള്ള ആനന്ദവർമ്മന്റെ ശാസനങ്ങളും അദ്ദേഹം കണ്ടെടുത്തു വ്യാഖ്യാനിയ്ക്കുകയുണ്ടായി. ഭാരത ചരിത്രത്തിന്റെ ഉള്ളറകളിലേയ്ക്കു വെളിച്ചം വീശുന്നതിനു ഇവ സഹായകമായിട്ടുണ്ട്. ശ്രീധാതുമജ്ഞരി എന്ന കൃതിയും അദ്ദേഹം പ്രകാശപ്പെടുത്തുകയുണ്ടായി.കാശിനാഥന്റെ ധാതുമജ്ഞരിയെ ആശ്രയിച്ചാണ് ഈ കൃതി രചിച്ചത്.
മുദ്രണകലയിലെ സംഭാവനകൾ
തിരുത്തുകഅച്ചടിരംഗത്തും വിൽകിൻസ് ഗണ്യമായ സംഭാവനകൾ നൽകുകയുണ്ടായി. ബംഗാളിൽ ഒരു മുദ്രണാലയം സ്ഥാപിയ്ക്കുന്നതിനും ,ടൈപ്പുകൾ വാർക്കുവാനും അതിൽ മറ്റുള്ളവർക്കു പരിശീലനം നൽകുന്നതിനും വിൽകിൻസ് മുൻകൈ എടുത്തു. പഞ്ചാനൻ കർമകാർ എന്ന നാടൻ വിദഗ്ദ്ധന്റെ സഹായവും വിൽകിൻസിനു ലഭിയ്ക്കുകയുണ്ടായി. വില്യം ജോൺസുമായി സഹകരിച്ച് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിയ്ക്കുന്നതിൽ വിൽകിൻസിന്റെ പങ്ക് നിസ്തുലമാണ് .
പ്രധാന ബഹുമതികൾ
തിരുത്തുക- റോയൽ സൊസൈറ്റി അംഗത്വം.
- എൽ.എൽ.ഡി ബിരുദം. ഓക്സ്ഫഡ്
- നൈറ്റ് പദവി[5]
അവലംബം
തിരുത്തുക- ↑ ഭാരത വിജ്ഞാന പഠനങ്ങൾ -കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.1998.ഡോ. കെ. എ.വാസുക്കുട്ടൻ. പേജ് 52.
- ↑ Royal Society: Library and Archive catalog, Wilkins
- ↑ ഭാരത വിജ്ഞാന പഠനങ്ങൾ -കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.1998.ഡോ. കെ. എ.വാസുക്കുട്ടൻ. പേജ് 52.
- ↑ http://books.google.co.uk/books?id=SdUFVbSLBJgC&pg=PA50&lpg=PA50&dq=panchanan+karmakar&source=bl&ots=DqDK8KLuC4&sig=nooqcMYPrWvgXOoT7zv36KzJ-wU&hl=en&sa=X&ei=oee7UM_cHeTK0QX6xYGoCw&ved=0CG4Q6AEwDA#v=onepage&q=panchanan%20karmakar&f=false
- ↑ ഭാരത വിജ്ഞാന പഠനങ്ങൾ -കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.1998.ഡോ. കെ. എ.വാസുക്കുട്ടൻ. പേജ് 60.