ഘണ്ടാകർണ്ണൻ
ഹൈന്ദവ - ജൈന മതവിഭാഗങ്ങളിലെ ചില വിശ്വാസങ്ങൾക്കനുസരിച്ച് ഭാരതത്തിൽ പലയിടങ്ങളിലും ആരാധിക്കപ്പെടുന്ന മൂർത്തിയാണ് ഘണ്ടാകർണ്ണൻ. കേരളത്തിൽ ഈഴവ സമുദായത്തിലെ ചില കുടുംബങ്ങൾ പാരമ്പര്യമായി ഘണ്ടാകർണ്ണനെ ആരാധിക്കുന്നു.
ഐതിഹ്യം
തിരുത്തുകജൈനമതസ്ഥർ ദുഷ്ടശക്തികളിൽ നിന്ന് രക്ഷ നേടുന്നതിന് ഘണ്ടാകർണ്ണനെ ആരാധിക്കുന്നു [1]. അവരുടെ വിശ്വാസമനുസരിച്ച് ഘണ്ടാകർണ്ണൻ ശ്രീനഗറിലെ രാജാവായിരുന്നു. ഹിമാലയത്തിലേയ്ക്ക് വരുന്ന തീർത്ഥാടകരെ കൊള്ളക്കാരിൽ നിന്ന് രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ടുവെന്നും അങ്ങനെ ആരാധനാമൂർത്തി ആയിത്തീർന്നുവെന്നും പറയപ്പെടുന്നു. വില്ലുകുലച്ച് നിൽക്കുന്ന രൂപത്തിലുള്ള ഘണ്ടാകർണ്ണവിഗ്രഹമുള്ള ക്ഷേത്രങ്ങൾ ഉത്തരേന്ത്യയിലുണ്ട്.
ഭദ്രകാളിയുടെ വസൂരിരോഗം ശമിപ്പിക്കുന്നതിന് ശിവൻ സൃഷ്ടിച്ച ഒരു രാക്ഷസനാണ് ഘണ്ടാകർണ്ണൻ എന്നും വിശ്വാസമുണ്ട് [2].
മഹാഭാരതമനുസരിച്ച് സുബ്രഹ്മണ്യന് ബ്രഹ്മാവ് നൽകിയ നാല് സേവകരിൽ ഒരാളാണ് ഘണ്ടാകർണ്ണൻ [3].
ഭാഗവതപ്രകാരം ഘണ്ടൻ കർണ്ണൻ എന്നിവർ രണ്ട് പിശാചുക്കളാണ്. ശിവനിൽ നിന്ന് കൃഷ്ണനെക്കുറിച്ച് അറിഞ്ഞ് ഇവരും കൂടെയുള്ള മറ്റ് പിശാചുക്കളും കൃഷ്ണനെ അന്വേഷിച്ച് പുറപ്പെടുന്നു. അവർ എത്തിച്ചേർന്ന ബദര്യാശ്രമത്തിൽ അതേ സമയം ശിവനെ കാണുവാൻ കൈലാസത്തിലേയ്ക്ക് പുറപ്പെടുന്ന കൃഷ്ണനും എത്തുന്നു. നായ്ക്കളേയും കൂട്ടി വേട്ടയാടുകയും പച്ചമാംസവും ചോരയും കഴിക്കുകയും ചെയ്യുന്ന പിശാചുക്കളെക്കൊണ്ട് തങ്ങൾക്കുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ഋഷിമാർ കൃഷ്ണനോട് പരാതി പറയുന്നു. എന്നാൽ പിശാചുക്കൾ കൃഷ്ണനെ ആരാധിക്കുകയും വൈഷ്ണവരൂപം പ്രാപിച്ച് വൈകുണ്ഠത്തിൽ നിന്ന് വന്ന വിമാനത്തിൽ കയറിപ്പോവുകയും ചെയ്യുന്നു. ഹരിവംശത്തിലും ഇതേ കഥയുണ്ട്. [4].
നേപ്പാളിലെ വിശ്വാസമനുസരിച്ച് ഘണ്ടാകർണ്ണൻ ഒരു രാക്ഷസനോ കൊള്ളക്കാരനോ ആയിരുന്നു. ചതുപ്പുനിലത്ത് താഴ്ന്നുപോയി ഘണ്ടാകർണ്ണൻ മരിച്ചത് അവർ ശ്രാവണമാസത്തിൽ ഉത്സവമായി ആഘോഷിക്കുന്നു. ഘണ്ടാകർണ്ണന്റെ രൂപം ഉണ്ടാക്കി അത് പുഴയിൽ തള്ളിയോ കത്തിച്ചോ ആണ് ആഘോഷം.[5] [6]
References
തിരുത്തുക- ↑ Faith & Philosophy of Jainism - Arun Kumar Jain - Google Books.
- ↑ Handbook of Hindu Mythology - George M Williams, Jr - Google Books.
- ↑ Mahabharata Book 9: Salya Parva: Section 45.
- ↑ ഹരിവംശം - ഘണ്ടാകർണ്ണസ്യ മുക്തി. Archived from the original on 2015-04-25. Retrieved 2013-03-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-12. Retrieved 2013-03-06.
- ↑ http://www.chinadaily.com.cn/life/2012-07/18/content_15597142_4.htm