ഗോവിന്ദ് നിഹലാനി
ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും, ഛായാഗ്രാഹകനുമാണ് ഗോവിന്ദ് നിഹലാനി. കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായ ഇദ്ദേഹം, ഇന്ത്യയിൽ സമാന്തര ചലച്ചിത്രപ്രസ്ഥാനത്തെ സജീവമാക്കിയ ആദ്യകാല സിനിമാപ്രവർത്തകരിലൊരാളാണ്. ഹിന്ദി ചലച്ചിത്രങ്ങൾക്ക് പുറമേ, മറാഠി, ബംഗാളി ഭാഷകളിലും സിനിമാ സംവിധാനം നിർവഹിച്ചിട്ടുണ്ട്.
ഗോവിന്ദ് നിഹലാനി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ |
സജീവ കാലം | 1962 – ഇന്നുവരെ |
പുരസ്കാരങ്ങൾ | 2002 പത്മശ്രീ |
ജീവിതരേഖ
തിരുത്തുക1940 ഓഗസ്റ്റ് 19-ന് കറാച്ചിയിൽ ജനിച്ചു.[1] ഇന്ത്യാവിഭജനാനന്തരം മുംബൈയിലേക്ക് കുടിയേറുകയായിരുന്നു. 1962-ൽ സിനിമാട്ടോഗ്രാഫിയിൽ ബിരുദം കരസ്ഥമാക്കിയ നിഹലാനി വിഖ്യാത ചലച്ചിത്രഛായാഗ്രാഹകനായ വി.കെ. മൂർത്തിയുടെ അസിസ്റ്റന്റായിട്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. അക്കാലത്ത്, ശ്യാം ബെനഗലിന്റെ പല ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിരുന്നത് മൂർത്തിയായിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള പ്രവർത്തനം നിഹലാനിക്ക് ശ്യാം ബെനഗലുമായുള്ള സൗഹൃദത്തിന് വഴിയൊരുക്കി. ഛായാഗ്രഹണരംഗത്ത് സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതിൽ മൂർത്തിയുടെയും ശ്യാം ബെനഗലിന്റെയും ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. 1970-ൽ പുറത്തിറങ്ങിയ ശാന്തത ആണ് ഇദ്ദേഹം സ്വന്തമായി ഛായാഗ്രഹണം നിർവഹിച്ച ആദ്യ ചലച്ചിത്രം. അങ്കുർ (1974), നിശാന്ത് (1975), ഭൂമിക (1977), ജുനൂൻ (1978), അറ്റൻബറോയുടെ ഗാന്ധി (1981) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ഛായാഗ്രഹണ ജീവിതത്തിലെ ആദ്യകാല ചിത്രങ്ങൾ.
1980-കളോടെ നിഹലാനി സംവിധാനരംഗത്തേക്കും കടന്നു.[2] ഛായാഗ്രഹണത്തിലെന്നപോലെതന്നെ സംവിധാന നിർവഹണത്തിലും ഇദ്ദേഹം തന്റേതായ ഒരു ശൈലി രൂപപ്പെടുത്തുകയും നിരവധി പരീക്ഷണങ്ങൾക്ക് മുതിരുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കന്നി ചിത്രമായ ആക്രോശ് (1980) തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ഫിലിംഫെയർ പുരസ്കാരമുൾപ്പടെ നിരവധി അംഗീകാരങ്ങൾക്കർഹമായിട്ടുള്ള ഈ ചിത്രത്തിൽ ഓം പുരി, നസ്റുദ്ദീൻ ഷാ, സ്മിതാപാട്ടീൽ, അമ്രീഷ് പുരി തുടങ്ങി ഒരു വലിയ താരനിരതന്നെയുണ്ട്. 1981-ലെ, ന്യൂഡൽഹി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണ മയൂരം പട്ടം കരസ്ഥമാക്കിയതും ഈ ചിത്രമായിരുന്നു. വിഖ്യാത മറാഠി സാഹിത്യകാരൻ വിജയ് ടെണ്ടുൽക്കർ ആണ് ഇതിന്റെ രചന നിർവഹിച്ചത്. നിഹലാനി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിട്ടുള്ളത്. വിജോതാ (1982), അർധ് സത്യ (1982), തമസ് (1986), പാർട്ടി (1984), ദൃഷ്ടി (1990), പിതാ (1991), കർമയോദ്ധാ (1992), ഹസാർ ചൗരാസി മാ (1997), തക്ഷക് (2000), ദേഹ് (2001), ദേവ് (2004) തുടങ്ങിയവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചലച്ചിത്രങ്ങൾ. ഹസാർ ചൗരാസി മാ ബംഗാളി സാഹിത്യകാരി മഹാശ്വേതാ ദേവിയുടെ ഒരു കഥയെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. ഇതിന്റെ തിരക്കഥ ഇദ്ദേഹമാണ് രചിച്ചത്. കമൽഹാസൻ നായകനായി അഭിനയിച്ച കുരുതിപ്പുനൽ (1996) എന്ന ചലച്ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിർവഹിച്ചത്. ഇതിൽ മിക്കവാറും എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണവും ഇദ്ദേഹം തന്നെ നിർവഹിച്ചു. തക്ഷക്, ദേവ്, ദേഹ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും ഇദ്ദേഹത്തിന്റേതുതന്നെയാണ്. ദേഹ് എന്ന ചിത്രം അതിൽ ആവിഷ്കരിച്ചിട്ടുള്ള സ്പെഷ്യൽ ഇഫക്റ്റുകൊണ്ടുകൂടി ശ്രദ്ധേയമാണ്.
ചലച്ചിത്രത്തോടൊപ്പംതന്നെ പരസ്യചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. സത്യജിത് റായ് (1982) എന്ന ജീവചരിത്ര ഡോക്യുമെന്ററി ഇതിൽ പ്രത്യേക പരാമർശമർഹിക്കുന്നു. സിബെൽ ചാറ്റർജിയോടൊന്നിച്ച്, എൻസൈക്ളോപീഡിയ ഒഫ് ഹിന്ദി സിനിമ എന്ന ബൃഹത്തായ ഒരു റഫറൻസ് ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രത്യേക ക്ഷണിതാവായും വിധി കർത്താവായും പങ്കെടുത്തിട്ടുണ്ട്.
1981, 84 വർഷങ്ങളിൽ മികച്ച സംവിധായകനും 1979, 80, 84 വർഷങ്ങളിൽ മികച്ച സിനിമാറ്റോഗ്രാഫർക്കുമുള്ള നാഷണൽ ഫിലിംഫെയർ പുരസ്കാരം ഇദ്ദേഹത്തിനാണ് ലഭിച്ചത്. 2002-ൽ രാഷ്ട്രം ഇദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.
ചലച്ചിത്രത്തിന്റെ നാനാമേഖലകളിൽ നിർണായകസംഭാവന ചെയ്ത് വ്യക്തിയെന്ന നിലയിൽ ഇന്ത്യൻ ചലച്ചിത്രരംഗത്തെ വേറിട്ട ഒരു വ്യക്തിത്വത്തിനുടമയാണ് നിഹലാനി.
ചലച്ചിത്രങ്ങൾ
തിരുത്തുക- ആക്രോശ് (1980)
- വിജേധാ (1982)
- അർദ്ധ് സത്യ (1983)
- പാർട്ടി Party (1984)
- ആഗത് (1985)
- ദൂഷ്ടി (1990)
- പിതാ (1991)
- രുക്മാവതി കി ഹവേലി (1991)
- കരം യോദ്ധാ (1992)
- ദ്രൂഹ്കൽ (1994)
- സൻശോധൻ (1996)
- കുരുതിപുനൽ (തമിഴ്) (1996) (കഥ)
- ഹസാർ ചൗരസി കി മാ (1997)
- തക്ഷക്ക് (2000)
- ദേഹം (2001)
- ദേവ് (2004)
ടെലിവിഷൻ പരമ്പരകൾ
തിരുത്തുക- തമസ് (1987)
- ജസീരേ (1991)
- Little Eyolf (തിരക്കഥ)
പുസ്തകങ്ങൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- 1979 - മികച്ച ഛായാഗ്രാഹകനുള്ള രചത കമലം - ജുനൂൺ [3]
- 1990 മികച്ച ഹിന്ദി ചലച്ചിത്രം - ദൂഷ്ടി
- 1997 മികച്ച ഹിന്ദി ചലച്ചിത്രം - ഹസാർ ചൗരസി കി മാ
- 1981 ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റീവൽ ഓഫ് ഇന്ത്യ
- സുവർണ്ണ മയൂരം - ആക്രോശ്
- ഫിലിംഫെയർ അവാർഡ് [4]
- 1980 മികച്ച ഛായാഗ്രാഹകൻ - ജുനൂൺ
- 1981 മികച്ച സംവിധായകൻ - ആക്രോശ്
- 1984 മികച്ച ഛായാഗ്രാഹകൻ - വിജേധാ
- 1984 മികച്ച സംവിധായകൻ - അർദ്ധ് സത്യ
- 1986 മികച്ച ചിത്രം - ആഗത്
- 1995 Damascus Film Festival
- മികച്ച സംവിധായകൻ - ദ്രൂഹ്കൽ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-04. Retrieved 2011-09-02.
- ↑ http://www.hindustantimes.com/Govind-Nihalani-turns-71/Article1-734988.aspx[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://dff.nic.in/NFA_archive.asp
- ↑ http://www.imdb.com/name/nm0631539/awards
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ -_) നിഹലാനി,_ഗോവിന്ദ്_(1940 -_) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗോവിന്ദ് നിഹലാനിയുടെ ഔദ്യോഗിക വെബ് വിലാസം Archived 2008-05-09 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഗോവിന്ദ് നിഹലാനി
- Govind Nihalani - chaosmag Archived 2011-10-15 at the Wayback Machine.
- A discussion between Nihalani and Rakesh Sharma (September 2005) Archived 2007-03-11 at the Wayback Machine.
- Nihalani speaks on Dev. Interview by Taran Adarsh in indiafm.com (9 June 2004)
- Nihalani interviewed by Saibal Chatterjee in The Hindustan Times
- Zafar Anjum interviews Nihalani at Chowk.com (16 February 2003) Archived 2007-06-07 at the Wayback Machine.
- Piroj Wadia interviews Nihalani for Screen (3 May 2002)
- Manjulaa Negi profiles Nihalani in The Hindustan Times
- Dhira Singh poses 10 questions to Nihalani in Outlook (12 March 2001)
- Sharmila Taliculam interviews Nihalani for rediff.com (1 December 1999)