ഗസ്നവി സാമ്രാജ്യത്തിലെ ഏറ്റവും പേരുകേട്ട സുൽത്താനാണ് ഗസ്നിയിലെ മഹ്മൂദ് (പഷ്തു: محمود غزنوي - മഹ്മൂദ് ഗസ്നവി), ( പേർഷ്യൻ: محمود غزنوی - മഹ്മൂദ്-ഇ ഗസ്നവി) എന്നറിയപ്പെടുന്ന യാമിൻ അൽ-ദൗല അബ്ദ് അൽ-കാസിം മഹ്മൂദ് ഇബ്നു സെബൂക്തിജിൻ (ജീവിതകാലം 971 നവംബർ 2 - 1030 ഏപ്രിൽ 30). അധികാരമേറ്റെടുത്ത 997-ആമാണ്ടു മുതൽ 1030-ൽ തന്റെ മരണം വരെ അദ്ദേഹം ഗസ്നവി സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. ഗസ്നി എന്ന ചെറിയ പട്ടണത്തെ സമ്പന്നമായ ഒരു തലസ്ഥാനനഗരമാക്കി മഹ്മൂദ് മാറ്റി. മഹ്മൂദിന്റെ കാലത്ത് ഗസ്നവി സാമ്രാജ്യം, അഫ്ഗാനിസ്താനിൽ നിന്നും ഇറാനിലേക്കും പാകിസ്താനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും വ്യാപിച്ചു. സമാനി സാമ്രാജ്യത്തിന്റെ സാമന്തരായിരുന്ന ഗസ്നവികൾ ഒരു സ്വതന്ത്രസാമ്രാജ്യമായത് മഹ്മൂദിന്റെ ഭരണകാലത്താണ്.

യാമിൻ അൽ-ദൗല അബ്ദ് അൽ-കാസിം മഹ്മൂദ് ഇബ്നു സെബൂക്തിജിൻ
ഗസ്നവി സാമ്രാജ്യത്തിന്റെ സുൽത്താൻ
ഗസ്നിയിലെ മഹ്മൂദ് - "ഗസ്നവി അഫ്ഗാൻ ചക്രവർത്തി, സുൽത്താൻ മഹ്മൂദ്" എന്ന് പുരാതനഫ്രഞ്ചിൽ എഴുതിയിരിക്കുന്നു.
ഭരണകാലം997-1030
അടക്കം ചെയ്തത്ഗസ്നി, അഫ്ഗാനിസ്താൻ
മുൻ‌ഗാമിIsmail of Ghazni
രാജകൊട്ടാരംഗസ്നവി
പിതാവ്സെബൂക്തിജിൻ
മതവിശ്വാസംസുന്നി ഇസ്ലാം

ബാഗ്ദാദിലെ ഖലീഫയുടെ മേൽകോയ്മ അംഗീകരിച്ചിരുന്നെങ്കിലും സാമന്തരാജാക്കന്മാർ ഉപയോഗിച്ചിരുന്ന അമീർ എന്നതിൽ നിന്നും വ്യത്യസ്തമായി സുൽത്താൻ എന്ന പദവിയായിരുന്നു മഹ്മൂദ് സ്വീകരിച്ചത് എന്നത്, ഇസ്ലാമികലോകത്ത് മഹ്മൂദിന്റെ ഔന്നത്യം വെളിവാക്കുന്നു.

ജീവചരിത്രം

തിരുത്തുക

എ.ഡി 971 നവംബർ 2-നാണ്‌ മഹ്മൂദ് ജനിച്ചത്. പിതാവ് സെബുക്തിജിനിൽ നിന്നും ബാല്യത്തിൽ തന്നെ യുദ്ധതന്ത്രം, ഭരണം എന്നിവയെ സംബന്ധിച്ച പരിശീലനങ്ങൾ മഹ്മൂദ്ന് ലഭിച്ചിരുന്നു. 997-ൽ സെബുക്ത്ജിൻ മരണമടഞ്ഞതിനു ശേഷം, മഹ്മൂദിന്റെ ഇളയസഹോദരനായ ഇസ്മയിലിനെയാണ് ചക്രവർത്തിയാക്കിയത്. പിതാവിന്റെ മരണസമയത്ത് നിഷാപൂരിലായിരുന്ന (മശ്‌ഹദിനടുത്ത്) മഹ്മൂദ് ഗസ്നിയിലേക്ക് തിരിച്ചെത്തുകയും സഹോദരനെ അധികാരഭ്രഷ്ടനാക്കി, 998-ൽ സാമ്രാജ്യത്തിന്റെ ചക്രവർത്തിയാകുകയും ചെയ്തു.

 
ഗസ്നവി സാമ്രാജ്യം, ക്രി.വ. 1025 AD

മഹ്മൂദിന്റെ കാലത്ത്, ഗസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, സമാനികളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ ഖ്വാറക്കനിഡുകൾ അഥവാ ഐലക് ഖാൻ‌മാർ, സമാനിദകളെ തോൽപ്പിച്ചതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിച്ചു.[1] സമാനികളെ തോൽപ്പിച്ച തുർക്കിക് വിഭാഗക്കാർ അമു ദര്യ കടന്ന് തെക്കോട്ടെത്തിയെങ്കിലും മഹ്മൂദിന് ഇവരെ പരാജയപ്പെടുത്താനായി.[2]

യുദ്ധങ്ങൾ‌

തിരുത്തുക

നിരവധി യുദ്ധങ്ങളിലൂടെ മഹ്മൂദ്, കാബൂൾ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ഹിന്ദു ശാഹി രാജാവായ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ൽ മഹ്മൂദിനോട് പരാജയപ്പെട്ടു.[1].

ഇന്ത്യയിലേക്കുള്ള ആക്രമണങ്ങൾ

തിരുത്തുക

അതിർത്തിപ്രദേശങ്ങൾ നിയന്ത്രണത്തിലായതിനുശേഷം നിരവധി ആക്രമണങ്ങൾ മഹ്മൂദ് ഇന്ത്യക്കകത്തേക്ക് നടത്തി. ഏതാണ്ട് ഓരോ മഞ്ഞുകാലത്തും ഇത്തരം ആക്രമണങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്ന മഹ്മൂദ്, ഇന്ത്യയിൽ നിന്നും വിലപിടിച്ച വസ്തുവകകൾ അപഹരിക്കുകയും ചെയ്തു. 1001-നും 1026-നും ഇടയിൽ ഇത്തരത്തിൽ 17 ആക്രമണങ്ങൾ മഹ്മൂദ് നടത്തി. മഹ്മൂദ് കൊള്ളയടിച്ച ബ്രഹ്മാവിന്റെ ഒരു പ്രതിമ ഗസ്നിയിൽ നിന്നും പിൽക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. 1015/16-ആമാണ്ടുകളിൽ ഇന്നത്തെ ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിൽ നടത്തിയ ആക്രമണവും കവർച്ചയുമാണ് ഇതിൽ ഏറ്റവും പ്രസിദ്ധമായത്. മനോഹരവും സമ്പൽ‌സമൃദ്ധവുമായിരുന്ന ഈ ക്ഷേത്രം മഹ്മൂദ് കൊള്ളയടിച്ചു. ഇവിടത്തെ പ്രധാനവിഗ്രഹത്തിന്റെ കഷണങ്ങൾ മുസ്ലീങ്ങൾക്ക് ഇതിനുമുകളിൽ ചവിട്ടിനടക്കാനായി മക്കയിലേക്കും മദീനയിലേക്കും അയച്ചു. ക്ഷേത്രത്തിന്റെ വാതിലുകളും ഗസ്നിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ, അഫ്ഗാനിസ്താൻ ആക്രമിച്ചപ്പോൾ ഈ വാതിലുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരുന്നു.[1][2]

1014-ൽ മുൾത്താൻ, താനേശ്വർ എന്നിവിടങ്ങളും ഗസ്നി ആക്രമിച്ചു. 1018-ൽ കനൗജ് ആക്രമിച്ച് മധുരയിലെ പ്രസിദ്ധമായ ക്ഷേത്രം കവർച്ച ചെയ്‌തു. 1020-ൽ വീണ്ടും പഞ്ചാബ് ആക്രമിച്ച് അധീനതയിലാക്കി.

കൊള്ളയടി ആയിരുന്നു മഹ്മൂദിന്റെ പ്രധാനലക്ഷ്യമെങ്കിലും ബാഗ്ദാദിലെ ഖലീഫയെ അംഗീകരിക്കാത്ത എല്ലാ അവിശ്വാസികൾക്കെതിരെയും പോരാടുക എന്ന വിശുദ്ധലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് മഹ്മൂദ് ഉൽഘോഷിച്ചിരുന്നു. ഇതിനു പകരമെന്നോണം ഖലീഫ, മഹ്മൂദിന് പല ബഹുമതികളും നൽകിപ്പോന്നു. തന്റെ സാമ്രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ പാവഭരണാധികാരികളെ നിയമിക്കുക എന്നതും മഹ്മൂദിന്റെ നടപടികളിലൊന്നായിരുനു. പുറത്തുനിന്നുള്ള ആക്രമണങ്ങളെ തടയുക എന്നതായിരുന്നു ഇത്തരം ഭരണാധികാരികളുടെ ചുമതല[1]. ഇന്ത്യയിലെ സമ്പന്നമായ നഗരങ്ങളിൽ നിന്നും കൊള്ളയടിച്ച സമ്പത്തുപയോഗിച്ച്, മഹ്മൂദ് തന്റെ തലസ്ഥാനമായ ഗസ്നി വികസിപ്പിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തും. ഇവിടെ സർവകലാശാലകളും വിജ്ഞാനകേന്ദ്രങ്ങളും മഹ്മൂദിന്റെ സാമ്പത്തികസഹായത്താൽ വളർന്നുവന്നു.[2]

വടക്കും പടിഞ്ഞാറുമുള്ള സൈനികനീക്കങ്ങൾ

തിരുത്തുക

1006-ൽ സമർഖണ്ഡിലും ബുഖാറയിലുമായി കേന്ദ്രീകരിച്ചിരുന്ന ക്വാറക്കനിഡ് വംശജർ, വടക്കുനിന്നും മഹ്മൂദിന്റെ പ്രതിരോധം ഭേദിച്ച്, അമു ദര്യയുടെ തെക്കുഭാഗത്തേക്ക് കടന്നു. ഈ സമയത്ത് ഇന്ത്യയിലായിരുന്ന മഹ്മൂദ്, ഉടൻ തന്നെ വടക്കൻ അഫ്ഗാനിസ്താനിലെത്തുകയും ബൽഖിൽ വച്ച് ക്വാറക്കനിഡൂകളെ പരാജയപ്പെടുത്തി അമു ദര്യക്ക് വടക്കോട്ട് പായിച്ചു. 1017-ൽ മഹ്മൂദ്, ആറൽ കടലിന് തെക്കുള്ള ഖ്വാറസം തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു.

വടക്കൻ ഇറാനിലെ ഷിയാക്കളുടെ ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള നടപടികളിൽ, സുന്നികളായ ഖലീഫമാരെ മഹ്മൂദ് സഹായിക്കുകയും ചെയ്തു. 1029-ൽ തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ ഹമദാനും റായ്യും ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുന്നതിനും മഹ്മൂദിന് സാധിച്ചു.

 
ഗസ്നിയിലെ മഹ്മൂദിന്റെ ശവകുടീരം - ലെഫ്റ്റനന്റ് ജെയിംസ് റാട്രേ 1839-40 കാലത്ത് ചിത്രീകരിച്ചത്

തന്റെ ജീവിത കാലത്ത് പേർഷ്യയുടെ ഭൂരിഭാഗവും ഇന്ത്യയുടെ പശ്ചിമ ഭാഗവും മഹ്മൂദ് അധീനതയിലാക്കി. മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തെ വടക്ക് ഓക്സസ് നദി മുതൽ തെക്ക് ഇന്ത്യൻ മഹാസമുദ്രം വരെയും; കിഴക്ക് സിന്ധൂ നദീതടം മുതൽ പടിഞ്ഞാറ് റേയ്യ്, ഹമദാൻ എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു ഒരു തുർക്കി-പേർഷ്യൻ സാമ്രാജ്യത്തിന്‌ അടിത്തറ പാകിയ മഹ്മൂദ് നീതിമാനായ ഭരണാധികാരിയും ഉദാരമനസ്കനുമായിരുന്നു. ഫിർദൗസി, അൽ ബിറൂനി തുടങ്ങിയ സാഹിത്യകാരന്മാരെ ഇദ്ദേഹം പരിപോഷിപ്പിച്ചിരുന്നു. ഫിർദോസിയുടെ പ്രശസ്തഗ്രന്ഥമായ ഷാ നാമെ, സുൽത്താൻ മഹ്മൂദിനാണ് സമർപ്പിച്ചിരിക്കുന്നത്.

1030 ഏപ്രിൽ 30 ന്‌ മരണമടഞ്ഞ മഹ്മൂദിന്റെ ശരീരം ഗസ്നിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഗസ്നിക്കടുത്തുള്ള റാവ്സയി സുൽത്താൻ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്[1].

  1. 1.0 1.1 1.2 1.3 1.4 Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 193–199. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 3 - THe rise of Islam in Centreal Asia". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 26. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഗസ്നിയിലെ_മഹ്‌മൂദ്&oldid=4105025" എന്ന താളിൽനിന്ന് ശേഖരിച്ചത്