കൽപ്പാത്തി വിശ്വനാഥസ്വാമിക്ഷേത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ കൽപ്പാത്തി ഗ്രാമത്തിൽ, ഭാരതപ്പുഴയുടെ പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കൽപ്പാത്തി വിശ്വനാഥസ്വാമിക്ഷേത്രം. ഉത്തർ‌പ്രദേശിലെ വാരാണസിയിൽ സ്ഥിതിചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിലെ അതേ സങ്കല്പത്തിൽ ശിവഭഗവാനും പാർവ്വതീദേവിയും കുടികൊള്ളുന്ന ഈ ക്ഷേത്രം 1425 എ.ഡി.യിൽ‍ നിർമ്മിച്ചു എന്നാണ് വിശ്വസിച്ചുവരുന്നത്. ഭൂനിരപ്പിൽ നിന്നുതാഴെ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാൽ ഇതിന് കുണ്ടുകോവിൽ എന്നും പേരുണ്ട്. ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, വള്ളി-ദേവസേന സമേതനായ സുബ്രമണ്യൻ, ഗണപതി, സൂര്യൻ, ചണ്ഡികേശ്വരൻ, നാഗദൈവങ്ങൾ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിലുണ്ട്. തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കൽ‌പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ പ്രദേശങ്ങളിൽ ഒന്നാണ്. ശിവക്ഷേത്രനിർമ്മാണത്തോടനുബന്ധിച്ചാണ് ഇവർ ഇവിടേക്ക് കുടിയേറിയത്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുമായി സാമ്യമുള്ള പൂജാരീതി പിന്തുടരുന്ന ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. [1] തുലാമാസത്തിലെ 27, 28, 29 ദിവസങ്ങളിലാണ് ഈ ചടങ്ങ് നടന്നുവരുന്നത്. പാലക്കാട്ടെ ഏറ്റവും വലിയ ക്ഷേത്രോത്സവങ്ങളിലൊന്നായ ഇതിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. ഇതുകൂടാതെ ശിവരാത്രിയും വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിനുകീഴിലാണ് ഈ ക്ഷേത്രത്തിന്റെ ഭരണം നടന്നുപോരുന്നത്.

കൽപാത്തി രഥോത്സവം

ഐതിഹ്യംതിരുത്തുക

ഇന്നത്തെ തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന മായാവാരം (മയിലാടുതുറൈ) എന്ന സ്ഥലത്ത് താമസിച്ചിരുന്ന ലക്ഷ്മിയമ്മാൾ എന്ന ഒരു തമിഴ് ബ്രാഹ്മണസ്ത്രീയ്ക്ക് കാശീദർശനത്തിനിടയിൽ ഗംഗാനദിയിൽ നിന്ന് ഒരു ശിവലിംഗം ലഭിയ്ക്കുകയുണ്ടായി. മടക്കയാത്രയിൽ പല ക്ഷേത്രങ്ങളിലും ദർശനം കഴിഞ്ഞ അവർ ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തെത്തിയപ്പോൾ പ്രസ്തുത ശിവലിംഗം ഇറക്കിവച്ച് വിശ്രമിയ്ക്കാനിരുന്നു. അല്പസമയം കഴിഞ്ഞ് ശിവലിംഗം എടുക്കാൻ ശ്രമിച്ച ലക്ഷ്മിയമ്മാൾക്ക്, പക്ഷേ അത് എടുക്കാൻ സാധിച്ചില്ല. ആ സമയത്ത് ഞാൻ ഇവിടെയിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു എന്ന അശരീരി അവിടെ മുഴങ്ങി. ഭഗവാന്റെ അരുളപ്പാടാണ് ഇതെന്ന് വിശ്വസിച്ച ലക്ഷ്മിയമ്മാൾ, അവിടെ ക്ഷേത്രം പണിയാൻ തീരുമാനിയ്ക്കുകയായിരുന്നു. അതിന് അനുവാദം ചോദിച്ച അവർ, അന്നത്തെ പാലക്കാട്ട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചനെ സമീപിയ്ക്കുകയും അദ്ദേഹത്തിൽ നിന്ന് ക്ഷേത്രം പണിയാനുള്ള അനുവാദം വാങ്ങിച്ചെടുക്കുകയും ചെയ്തു. എന്നാൽ, തന്റെ നാട്ടിലെ പൂജാരീതികളാകണം ക്ഷേത്രത്തിൽ നടത്തേണ്ടത് എന്നൊരു നിർബന്ധവും ലക്ഷ്മിയമ്മാൾ രാജാവിനുമുന്നിൽ വച്ചു. അതനുസരിച്ചാണ് തമിഴ്നാട്ടിലെ പലയിടങ്ങളിൽ നിന്നും തമിഴ് ബ്രാഹ്മണർ പാലക്കാട്ടേയ്ക്ക് കുടിയേറുന്നത്. അങ്ങനെ കുടിയേറിയവരിൽ ഒരുകൂട്ടർ കൽപ്പാത്തിപ്പുഴയുടെ കരയിൽ താമസമുറപ്പിച്ചു. അവരാണ് പിൽക്കാലത്ത് ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ ഏറ്റെടുത്തത്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതത്. കാശിയിലെ അതേ സങ്കല്പത്തിൽ തന്നെ ഇവിടെ ശിവപാർവ്വതിമാരെ കുടിയിരുത്തുകയും ഉപദേവതകൾക്ക് സ്ഥാനമൊരുക്കുകയും ചെയ്തു. അങ്ങനെയാണ് കൽപ്പാത്തിയിലെ മഹാക്ഷേത്രം നിലവിൽ വന്നത്.

ക്ഷേത്രനിർമ്മിതിതിരുത്തുക

ക്ഷേത്രപരിസരവും മതിലകവുംതിരുത്തുക

കൽപ്പാത്തി ദേശത്തിന്റെ ഹൃദയഭാഗത്ത്, കൽപ്പാത്തിപ്പുഴയുടെ തെക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ഭൂനിരപ്പിൽ നിന്നുതാഴെ കിടക്കുന്ന ക്ഷേത്രത്തിലേയ്ക്ക് ചെല്ലാൻ കിഴക്കുഭാഗത്ത് പതിനെട്ടുപടികളുണ്ട്. ശബരിമലയിൽ പടികയറിയാണ് പോകുന്നതെങ്കിൽ ഇവിടെ ഇറങ്ങിയാണെന്നത് ശ്രദ്ധേയമാണ്. ക്ഷേത്രത്തിന്റെ മൂന്നുഭാഗത്തും അഗ്രഹാരങ്ങളും ചെറുകടകളും കാണാം. ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിന് മുകളിലായി ശിവകുടുംബത്തിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുൻഭാഗം പുതിയ കല്പാത്തി എന്നും പിൻഭാഗം പഴയ കല്പാത്തി എന്നും അറിയപ്പെടുന്നു.

അവലംബംതിരുത്തുക

  1. "കൽപാത്തി അഗ്രഹാരത്തെരുവുകളിൽ ദേവരഥങ്ങളുടെ പ്രയാണം; ദേവരഥ സംഗമം വെള്ളിയാഴ്ച". Malayala Manorama. 14 November 2018. ശേഖരിച്ചത് 15 November 2018.