ക്ലിഫ് ഹൗസ്
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്[1] കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ നന്ദൻകോട് എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. ക്ലിഫ് ഹൗസ് വളപ്പിന്റെ ഭാഗമാണ് ക്ലിഫ് ഹൗസ് എന്ന ഭവനം. ഈ വളപ്പിൽ മറ്റ് നാല് മന്ത്രിമാരുടെ ഔദ്യോഗികവസതികളുമുണ്ട്. ഈ സ്ഥലം മന്ത്രിമാരുടെ വാസമേഖലയിലാണ്.
ക്ലിഫ് ഹൗസ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | പരമ്പരാഗത കേരളീയ വാസ്തുശൈലി |
സ്ഥാനം | തിരുവനന്തപുരം, ഇൻഡ്യ |
നിർമ്മാണം ആരംഭിച്ച ദിവസം | 1939 |
പദ്ധതി അവസാനിച്ച ദിവസം | 1942 |
ഇടപാടുകാരൻ | കേരള മുഖ്യമന്ത്രി |
സാങ്കേതിക വിവരങ്ങൾ | |
തറ വിസ്തീർണ്ണം | 15,000 sq ft ([convert: unknown unit]) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | തിരുവിതാംകൂർ രാജകീയ മരാമത്ത് |
ഇത് നിയമപരമായ ഔദ്യോഗികവസതിയല്ല. ഇന്ത്യൻ നിയമത്തിലോ പ്രോട്ടോക്കോളിലോ മന്ത്രിമാർ ഏതെങ്കിലും നിശ്ചിത ഭവനത്തിൽ താമസിക്കണമെന്ന വ്യവസ്ഥയില്ല. മന്ത്രി താമസിക്കുന്ന സ്ഥലം സ്വകാര്യ സ്വത്താണെങ്കിലും പൊതു സ്വത്താണെങ്കിലും അതാണ് ഔദ്യോഗികവസതിയായി നിയമം കണക്കാക്കുന്നത്. കേരളത്തിലെ മിക്ക മുഖ്യമന്ത്രിമാരും ക്ലിഫ് ഹൗസ് തങ്ങളുടെ ഔദ്യോഗികവസതിയായി തിരഞ്ഞെടുത്തിട്ടുണ്ട്. .
ചരിത്രം
തിരുത്തുകതിരുവിതാംകൂറിന്റെ രാജഭരണകാലത്ത് ദേവസ്വത്തിന്റെ ചുമതലയുള്ള ദിവാൻ പേഷ്കാരുടെ (സംസ്ഥാനസെക്രട്ടറി) ഔദ്യോഗികവസതിയായാന് ക്ലിഫ് ഹൗസ് പണിയിക്കപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ഓഫീസ് നന്ദൻകോട് സ്ഥാപിക്കാൻ തീരുമാനമെടുത്തതിനാൽ പേഷ്കാരുടെ ഔദ്യോഗിക വസതി അതിനടുത്താകണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തുവകുപ്പ് ഈ കെട്ടിടവും വളപ്പും ഏറ്റെടുക്കുകയും ഇത് ഒരു സംസ്ഥാന അതിഥിമന്തിരമായി മാറ്റിയെടുക്കുകയും ചെയ്തു. 1956-ൽ ഇത് മന്ത്രിമന്ദിരമായി പുനർ വർഗ്ഗീകരിക്കപ്പെട്ടു.
1957-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ, ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ വീടിന്റെ സ്ഥാനത്തിനുള്ള മെച്ചം ചൂണ്ടിക്കാട്ടി തിരു-കൊച്ചി മുഖ്യമന്ത്രിമാർ ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന റോസ് ഹൗസിനുപകരം തന്റെ ഔദ്യോഗികവസതിയായി തിരഞ്ഞെടുക്കുകയായിരുന്നു.
മിക്ക മുഖ്യമന്ത്രിമാരും ക്ലിഫ് ഹൗസാണ് തങ്ങളുടെ ഔദ്യോഗികവസതിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ സ്ഥാനമാണ് പ്രാധമികമായി ഈ ഭവനത്തിനുള്ള മെച്ചം. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ശക്തികേന്ദ്രം എന്ന നിലയിൽ ഈ ഭവനത്തിന്റെ പ്രാധാന്യം ഉന്നതിയിലെത്തുകയുണ്ടായി. 1979-നുശേഷം തുടർച്ചയായി കേരളമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്.
ക്ലിഫ് ഹൗസ് വളപ്പ്
തിരുത്തുകക്ലിഫ് ഹൗസ് വളപ്പിന് 4.2 ഏക്കറാണ് വലിപ്പം. പ്രധാന ഭവനമായ ക്ലിഫ് ഹൗസിനു പുറമേ മറ്റ് 4 മന്ത്രിമന്ദിരങ്ങളും ഈ വളപ്പിലുണ്ട്. ഉഷസ്, അശോക, നെസ്റ്റ്, പൗർണ്ണമി എന്നീ മന്ത്രിമന്ദിരങ്ങളും ക്ലിഫ് ഹൗസും വളപ്പിലെ പൊതു സൗകര്യങ്ങൾ പങ്കുവയ്ക്കുന്നു.
ഭവനം
തിരുത്തുകരണ്ടു നിലകളുള്ള ക്ലിഫ് ഹൗസ് പരമ്പരാഗത കേരള വാസ്തുശൈലിയിലാണ് നിർമിച്ചിരിക്കുന്നത്.[2] ഇംഗ്ലീഷ് വാസ്തുശില്പരീതിയുടെ ചെറിയ സ്വാധീനവും ഈ കെട്ടിടത്തിൽ കാണാം. 15,000 ചതുരശ്രഅടിയാണ് വീടിന്റെ വിസ്തീർണ്ണം. 7 ബെഡ് റൂമുകളും മന്ത്രിയുടെ ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങളും ഇവിടെയുണ്ട്. മറ്റേത് ഔദ്യോഗിക വസതിയെയും പോലെ വീട്ടിനുള്ളിൽ ഒരു ഓഫീസ് സൗകര്യങ്ങളുമില്ല. വീട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വകാര്യ ഉപയോഗത്തിനു മാത്രമുള്ളതാണ്. എങ്കിലും ക്ലിഫ് ഹൗസിനുള്ളിൽ ഒരു കോൺഫറൻസ് മുറി സജ്ജമാക്കിയിട്ടുണ്ട്. ഇത് അനൗദ്യോഗിക യോഗങ്ങൾക്കുവേണ്ടിയുള്ളതാണ്. ഇതുവരെ ഒരു കാബിനറ്റ് യോഗവും ഇവിടെവച്ച് നടന്നിട്ടില്ല.
വീടിന് വലിയ നാലു വരാന്തകളുണ്ട്. ഇതിൽ കിഴക്കേ വരാന്തയ്ക്കാണ് ഏറ്റവും വലിപ്പമുള്ളത്. കിഴക്കേ മുറിയാണ് പ്രധാനമായും ഔപചാരിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുറി. ഇവിടെയാണ് അതിഥികളെ സാധാരണഗതിയിൽ സ്വീകരിക്കുന്നത്. ഔപചാരികാവശ്യങ്ങൾക്കായി 2 സ്വകാര്യ മുറികൾ കൂടി ഇവിടെയുണ്ട്. ഒരു സ്വകാര്യ ഓഫീസ്, ലൈബ്രറി, കോൺഫറൻസ് മുറി, പ്രൈവറ്റ് സ്റ്റാഫിന്റെ ഓഫീസുകൾ എന്നിവ കിഴക്കേ വശത്താണുള്ളത്. ഒരു സ്വകാര്യ ലിവിംഗ് റൂമും ഭക്ഷണമുറിയും പടിഞ്ഞറുവശത്ത് മറ്റു മുറികളോടൊപ്പമുണ്ട്. മിക്ക കിടപ്പു മുറികളും രണ്ടാം നിലയിലാണ്.
പ്രൈവറ്റ് സെക്രട്ടറിമാർ, അസിസ്റ്റന്റുമാർ, സെക്യൂരിറ്റി സ്റ്റാഫ് മുതലായവരുടെ താമസസൗകര്യം പ്രധാന ഭവനത്തിനു വെളിയിലാണ്.
ബാഹ്യഭാഗം
തിരുത്തുകക്ലിഫ് ഹൗസിൽ ഔപചാരികമായി പരിപാലിക്കുന്ന പൂന്തോട്ടമൊന്നുമില്ല. കിഴക്കുവശത്ത് നന്നായി പരിപാലിക്കുന്ന ചെറിയൊരു പുൽത്തകിടിയുണ്ട്. ഇവിടെ സ്വകാര്യ ചായസൽക്കാരങ്ങൾ നടത്താറുണ്ട്. ഭൂമിയുടെ വലിയൊരു ഭാഗം കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. ഇത് തുടങ്ങിയത് ഇ.കെ. നായനാരുടെ രണ്ടാം മന്ത്രിസഭയുടെ കാലത്താണ്. കെ. കരുണാകരന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ഭാര്യ കല്യാണി തങ്ങളുടെ സ്വകാര്യ ആവശ്യത്തിനായി ഒരു വലിയ പച്ചക്കറിത്തോട്ടം പരിപാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നകാലത്ത് അദ്ദേഹത്തിന്റെ താല്പര്യത്തിൽ ഇവിടെ ഒരു വാഴത്തോട്ടം ഉണ്ടായിരുന്നു. 1990-കളുടെ തുടക്കത്തിൽ കെ. കരുണാകരന് അപകടം പറ്റിയശേഷം ഡോക്ടർമാരുടെ ഉപദേശമനുസരിച്ച് ഇവിടെ ഒരു നീന്തൽക്കുളം സ്ഥാപിക്കപ്പെടുകയുണ്ടായി. വളപ്പിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥന്മാർക്കായി ഒരു സെക്യൂരിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ കേരള സർക്കാർ
- ↑ "ദി ഹിന്ദു". Archived from the original on 2003-07-02. Retrieved 2013-05-27.