കോഹിനൂർ

(കോഹിന്നൂർ രത്നം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതിയുണ്ടായിരുന്ന രത്നമാണ് കോഹിനൂർ അഥവാ കോഹ്-ഇ നൂർ (ഹിന്ദി: कोहिनूर, പേർഷ്യൻ: کوہ نور, തെലുഗു: కోహినూరు). പ്രകാശത്തിന്റെ മല എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന നാദിർ ഷായാണ് കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയതെന്നു കരുതുന്നു.

കോഹിനൂർ
കോഹിനൂറിന്റെ സ്ഫടികമാതൃക - അതിന്റെ മുൻ‌കാലരൂപത്തിൽ
ഭാരം105.6
നിറംfinest white
രൂപംകൊണ്ട രാജ്യംIndia
ഖനനം ചെയ്ത സ്ഥലംKollur Mine, Guntur District, Andhra Pradesh
നിലവിലെ ഉടമസ്ഥാവകാശംThe British Crown (part of the British Crown Jewels)

ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്തു നിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രക്കല്ല്, ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടർന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്തു.

വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, 1877-ൽ ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. ഇതിനുവേണ്ടിയാണ്, 186 1/16 കാരറ്റ് (37.21 ഗ്രാം) ഭാരമുണ്ടായിരുന്ന ഈ വജ്രക്കല്ലിനെ ഇന്നത്തെ 105.602 കാരറ്റ് (21.61 ഗ്രാം) ആയി ചെത്തിമിനുക്കിയത്.

ചരിത്രം

തിരുത്തുക
 
കോഹിനൂറിന്റെ സ്ഫടികമാതൃക - ഇന്നത്തെ രൂപത്തിൽ

ചരിത്രപരമായ തെളിവനുസരിച്ച്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തെടുത്തത്[1][2] ഇതിനെത്തുടർന്ന് ഇത്, അവിടത്തെ ഭരണാധികാരികളായിരുന്ന കാകാത്യ രാജാക്കന്മാരുടെ അധീനതയിലായി.

1323-ൽ ദില്ലിയിലെ തുഗ്ലക് വംശത്തിലെ സുൽത്താനായിരുന്ന ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ തോൽപ്പിക്കുകയും കാകാത്യരുടെ ആസ്ഥാനമായിരുന്ന ഓറുഗല്ലു (ഇന്നത്തെ വാറങ്കൽ) കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്തു. ഇങ്ങനെ കൊള്ളയടിച്ച് ദില്ലിയിലേക്ക് കടത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ കൊഹിനൂർ രത്നവും ഉൾപ്പെട്ടിരുന്നു.[3][4] തുടർന്ന് ഈ രത്നം ദില്ലിയിൽ പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർക്ക് കൈമാറിക്കൊണ്ടിരിക്കുകയും, 1526-ൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ കൈവശമെത്തുകയും ചെയ്തു.

മുഗൾ പരമ്പരയിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാ ജഹാൻ, ഈ കല്ലിനെ, തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിന്റെ ഭാഗമാക്കി. ഷാ ജഹാന്റെ പുത്രൻ ഔറംഗസേബ്, പിന്നീട് ഈ രത്നത്തെ ലാഹോറിലേക്ക് കൊണ്ടുപോകുകയും അവിടെ താൻ പണികഴിപ്പിച്ച ബാദ്ശാഹി മസ്ജിദിൽ സൂക്ഷിക്കുകയും ചെയ്തു.

1739-ൽ പേർഷ്യയിൽ നിന്നുള്ള നാദിർ ഷാ, ഇന്ത്യ ആക്രമിച്ചതിനെത്തുടർന്ന്, കോഹിനൂർ രത്നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിച്ച് പേർഷ്യയിലേക്ക് കടത്തി. കോഹ്-ഇ നൂർ എന്ന പേര് ഈ കല്ലിന് നൽകിയത് നാദിർ ഷായാണെന്ന് കരുതപ്പെടുന്നു. 1739-നു മുൻപ് ഇങ്ങനെ ഒരു പേര് ഈ രത്നത്തിനു നിലവിലുള്ളതായി രേഖകളില്ല.

1747-ൽ നാദിർഷാ മരണമടഞ്ഞതിനുശേഷം, കോഹിനൂർ, അദ്ദേഹത്തിന്റെ പിൻ‌ഗാമിയും ചെറുമകനുമായിരുന്ന മിർസ ഷാ രൂഖിന്റെ കൈയിലായിരുന്നു. ഇദ്ദേഹം മശ്‌ഹദ് തലസ്ഥാനമാക്കി പടിഞ്ഞാറൻ അഫ്ഗാനിസ്താനും കിഴക്കൻ ഇറാനുമടങ്ങുന്ന ഖുറാസാന്റെ ഭരണാധികാരിയായിരുന്നു. 1751-ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, ഷാരൂഖിനെ പരാജയപ്പെടുത്തി സാമന്തനാക്കിയതോടെ, കോഹിനൂർ രത്നം, അഹ്മദ് ഷാക്ക് കൈമാറേണ്ടി വന്നു

1809-ൽ അഞ്ചാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജ, തന്റെ അർദ്ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ട് പലായനം ചെയ്യുമ്പോൾ കോഹിനൂർ രത്നം കൈവശപ്പെടുത്തിയിരുന്നു. ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടിയ ഷൂജ, ഇവിടെ വച്ച് തന്റെ കൈയിലെ കോഹിന്നൂർ രത്നം 1813-ൽ രഞ്ജിത് സിങ്ങിന് കൈമാറി.

1849-ൽ ബ്രിട്ടീഷുകാർ സിഖുകാരെ തോൽപ്പിച്ചതോടെ കോഹിന്നൂർ രത്നം ബ്രിട്ടീഷുകാരുടെ കൈവശമെത്തി. തുടർന്ന് ഇത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു.[5].

1852-ൽ ആംസ്റ്റർഡാമിൽ വച്ച് വിക്റ്റോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്[6] ഈ രത്നം ചെത്തിമിനുക്കിയത്. 1877-ൽ വിക്റ്റോറിയ ചക്രവർത്തിനിയായി ഇന്ത്യയിൽ അധികാരത്തിലേറിയതോടെ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി.

  1. "Large And Famous Diamonds". Minelinks.com. Retrieved 2009-08-10.
  2. Deccan Heritage, H. K. Gupta, A. Parasher and D. Balasubramanian, Indian National Science Academy, 2000, p. 144, Orient Blackswan, ISBN 81-7371-285-9
  3. Pakistan Before Europe, C.E.B. Asher and C. Talbot, Cambridge University Press, 2006, ISBN 0-521-80904-5, p. 40
  4. A History of Pakistan, Hermann Kulke and Dietmar Rothermund, Edition: 3, Routledge, 1998, p. 160; ISBN 0-415-15482-0
  5. Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 230, 241. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. Dunton, Larkin (1896). The World and Its People. Silver, Burdett. p. 144.
"https://ml.wikipedia.org/w/index.php?title=കോഹിനൂർ&oldid=3779422" എന്ന താളിൽനിന്ന് ശേഖരിച്ചത്