കോശങ്ങളുടെ സവിശേഷതയെപ്പറ്റി വിവരിക്കുന്ന, ജീവശാസ്ത്രത്തിലെ ഒരു ശാസ്ത്രീയസിദ്ധാന്തമാണ് കോശസിദ്ധാന്തം . അത് എല്ലാ ജീവികളുടെയും അവയുടെ പ്രത്യുല്പാദനത്തിന്റെയും അടിസ്ഥാന ഘടകമായ. കോശത്തിന്റെ സ്വഭാവം വിശദീകരിക്കുന്നു. 1839-ൽ മാത്യാസ് ജേക്കബ് ഷ്ലീഡനും തിയൊഡോർ ഷ്വാനും ചേർന്നാണ് ഇത് അവതരിപ്പിച്ചത്. ജീവശാസ്ത്രത്തിന്റെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഇന്നും ഈ സിദ്ധാന്തം നിലനിൽക്കുന്നു. മൂന്നു അടിസ്ഥാന തത്ത്വങ്ങളാണു കോശസിദ്ധാന്തത്തിനുള്ളത്. അവ താഴെക്കൊടുക്കുന്നു:

  1. എല്ലാ ജീവശരീരവും കോശനിർമ്മിതമാണ്.
  2. ജീവന്റെ ഏറ്റവും അടിസ്ഥാന ഘടകം കോശമാണ്.
  3. എല്ലാ കോശങ്ങളും മുമ്പുണ്ടായിരുന്ന ജീവനുള്ള കോശങ്ങളിൽ നിന്നുമുണ്ടാകുന്നു.
നിറം കൊടുത്ത കോശങ്ങൾ

സൂക്ഷ്മദർശിനികൾ

തിരുത്തുക
 
അന്റൺ വാൻ ല്യൂവെൻ ഹോക്കിന്റെ 17മ് നൂറ്റാണ്ടിലെ സൂക്ഷ്മദർശിനി 270 ഇരട്ടി വലിപ്പത്തിൽ കാണിക്കാൻ പ്രാപ്തമായത്

സൂക്ഷ്മദർശിനികളുടെ കണ്ടുപിടിത്തത്തിനു ശേഷമാണു കോശങ്ങളെ കണ്ടെത്താൻ കഴിഞ്ഞത്. റോമക്കാർക്കു ഭൂതക്കണ്ണാടി നിർമ്മിക്കാൻ അറിയാമായിരുന്നു. ഭൂതക്കണ്ണാടിയ്ക്കടിയിൽ വച്ച വസ്തുക്കൾ വലുതായിക്കാണപ്പെടുന്നതായി അവർ കണ്ടെത്തി. ഇറ്റലിയിൽ 12ആം നൂറ്റാണ്ടിൽ സാല്വീനോ ഡി അർമാതെ ഒരു കണ്ണിൽ വച്ച് ഉപയോഗിക്കാവുന്ന കണ്ണട നിർമ്മിച്ചു. ഒരു കണ്ണുവച്ച് വസ്തുക്കളെ വലുതാക്കി കാണാൻ ഇങ്ങനെ കഴിഞ്ഞു. 1590ൽ ഡച്ച് കണ്ണട നിർമ്മാതാവായ സക്കറിയാസ് ജാൻസെൻ ലെൻസുകൾ വച്ചു പരീക്ഷണം ചെയ്തിരുന്നു. ഇതു സൂക്ഷ്മദർശിനികളുടെ നിർമ്മാണത്തിനു വഴിവച്ചു. ജാൻസെൻ തന്റെ പരീക്ഷണങ്ങളിലൂടെ 9x വരെ വലിപ്പത്തിൽ കാണാനുള്ള സംവിധാനമുണ്ടാക്കിയിരുന്നു. പക്ഷെ വസ്തു വ്യക്തതയില്ലതെയാണു കാണപ്പെട്ടത്. 1595ൽ ജൻസെനും അദ്ദേഹത്തിന്റെ പിതാവും കൂടി ആദ്യ സംയുക്ത സൂക്ഷ്മദർശിനി (compound microscope) നിർമ്മിച്ചു. ഭൂതക്കണ്ണാടികൾക്കു വസ്തുക്കളെ വലുതാക്കിക്കാണിക്കാൻ കഴിവുണ്ടെങ്കിലും അവയെ സൂക്ഷ്മദർശിനികൾ ആയി കരുതിയിരുന്നില്ല. ഒരു സംയുക്ത സൂക്ഷ്മദർശിനിക്ക് ഒരു കുഴലിനു രണ്ടറ്റത്തും ഓരോ ലെൻസു വീതമുണ്ട്. [1]

എന്നിരുന്നാലും,യഥാർത്ഥത്തിൽ ആദ്യമായി ഒരു സൂക്ഷ്മദർശിനി കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും ചെയ്തത് അന്റൺ വാൻ ല്യൂവെൻ ഹോക്ക് തന്നെയാണ്.

 
റോബർട്ട് ഹൂക്കിന്റെ സൂക്ഷ്മദർശിനി

1648ൽ തുണിക്കച്ചവടക്കാരനായിരുന്ന അദ്ദേഹത്തിനു ആംസ്റ്റെർഡാമിൽ വച്ച്, ഒരു തൊഴില്പരിശീലനപരിപാടിയിൽ പങ്കെടുത്തപ്പോൾ അവിടെ വച്ച് കണ്ട ഒരു സൂക്ഷ്മദർശിനിയിൽ താല്പര്യം തോന്നി. 1668 നു മുൻപ് ഏതോ ഒരു നാളിൽ അദ്ദേഹം ലെൻസുകൾ ഉരച്ചുണ്ടാക്കാൻ പഠിച്ചു. ഇതു അവസാനം സ്വന്തമായി ഒരു നല്ല സൂക്ഷ്മദർശിനി നിർമ്മിക്കുവാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. അദ്ദേഹത്തിന്റേത് ശക്തികൂടിയ ലളിതമായ ഒറ്റ ലെൻസ് ഭൂതക്കണ്ണാടിയായിരുന്നു. അതൊരു സംയുക്ത സൂക്ഷ്മദർശിനി ആയിരുന്നില്ല. പക്ഷെ ഇതിന് 270x ശക്തിയുണ്ടായിരുന്നു. ഇതു വലിയ ഒരു പുരോഗമനം തന്നെയായിരുന്നു. കാരണം, അദ്ദേഹത്തിനു മുൻപ് പരമാവധി 50x (50 ഇരട്ടി) ശക്തിയുള്ള സൂക്ഷ്മദർശിനി മാത്രമേ കണ്ടുപിടിച്ചിരുന്നുള്ളു. ല്യൂവെൻ ഹോക്കിന്റെ സൂക്ഷ്മദർശിനിയേക്കാൾ ശക്തിയുള്ള ഒരു സൂക്ഷ്മദർശിനി നിർമ്മിക്കുവാൻ200 വർഷങ്ങൾക്കു ശേഷം 1850കൾ വരെ ആർക്കും കഴിഞ്ഞില്ല. സൂക്ഷ്മദർശിനികൾ നിർമ്മിച്ചിരുന്ന കാൾ സീസ്സ് എന്ന ജർമൻ എഞ്ചിനീയർ ആണു അദ്ദേഹം ഉപയോഗിച്ചിരുന്ന ലെൻസുകൾക്കു മാറ്റം വരുത്താൻ പിന്നീട് ശ്രമിച്ചത്. പക്ഷെ ഇവയുടെ ദർശനനിലവാരം കൂട്ടൻ അദ്ദേഹത്തിനു സ്വയം കഴിഞ്ഞില്ല. അദ്ദേഹം ഓട്ടോ സ്കോട്ട് ഏണസ്റ്റ് അബ്ബി എന്നിവരുടെ സഹായത്താലാണു അദ്ദേഹം അതു സാധിച്ചത്. [2]

പിന്നീട് 1920കളിൽ ഇലക്ട്രോൺ സൂക്ഷ്മദർശിനി (electron microscope) വികസിപ്പിച്ചു. ഇതുപയോഗിച്ച് ഒരു തരംഗദൈർഘ്യത്തിനേക്കാൾ ചെറിയ വസ്തുക്കളെ വരെ കാണാൻ നമുക്കു കഴിവുണ്ടാക്കി.. ശാസ്ത്രത്തിന്റെ സാധ്യതകൾ മാറ്റിമറിക്കാൻ ഈ കണ്ടുപിടിത്തത്തിനായി.

ചരിത്ര പശ്ചാത്തലം

തിരുത്തുക

1665ൽ റോബർട്ട് ഹൂക്ക് ആണ് ആദ്യമായി കോശത്തെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പുസ്തകമായ മൈക്രോഗ്രാഫിയ എന്ന പുസ്തകത്തിൽ തന്റെ കണ്ടുപിടിത്തത്തെപ്പറ്റി വിവരിക്കുന്നുണ്ട്. തന്റെ പ്രാകൃതമായ സംയുക്ത സൂക്ഷ്മദർശിനിയിലൂടെ അദ്ദേഹം നിരീക്ഷിച്ച 60 വ്യത്യസ്ത വസ്തുക്കളുടെ വിശദാംശങ്ങൾ ഈ പുസ്തകത്തിൽ വിവരിക്കുന്നു. [3] ഒരു നിരീക്ഷണം കോർക്കിന്റെ വളരെ നേർത്ത ഛേദം ഉപയോഗിച്ചായിരുന്നു. ഹൂക്ക് അനേക എണ്ണം ചെറുസുഷിരങ്ങൾ ഈ കോർക്കിന്റെ ഛേദത്തിൽ കണ്ടു. അദ്ദേഹം അവയ്ക്ക് അറകൾ എന്ന അർഥമുള്ള സെൽ (cell - കോശങ്ങൾ) എന്ന പേരു നൽകി. ഈ വാക്ക് ലാറ്റിൻ വാക്കായ 'സെല്ല' (cella) യിൽ നിന്നാണുണ്ടായത്. സന്യാസിമാർ താമസിക്കുന്നതു പോലുള്ള ചെറിയ മുറിയെന്നാണ് ഇതിനർത്ഥം. സെല്ലുലേ (cellulae)എന്നും ഈ സുഷിരങ്ങൾ അറിയപ്പെട്ടു. ആറു വശങ്ങളുള്ള സുഷിരങ്ങളായ തേനീച്ചയുടെ അറകളെയും ഇങ്ങനെ വിളിക്കുന്നുണ്ട്. എന്നിരുന്നാലും, റോബർട്ട് ഹൂക്കിനു ഇവയുടെ യഥാർഥ ഘടനയോ ധർമ്മമോ അറിയില്ലായിരുന്നു.[4] സസ്യകലകളിലെ പൊള്ളയായ കോശഭിത്തികളാണ് ഹൂക്ക്, സെൽ (അറകൾ) എന്നു കരുതിയത്. അദ്ദേഹത്തിന്റെ കാലത്തുള്ള ശക്തികുറഞ്ഞ സൂക്ഷ്മദർശിനിയിലൂടെ ഹൂക്കിനു താൻ നിരീക്ഷിച്ച കോശങ്ങളിലെ മറ്റു കോശഭാഗങ്ങൾ കണ്ടെത്താൻ കഴിയുമായിരുന്നില്ല. അതിനാൽ, അദ്ദേഹം ഈ സെല്ലുലേ (അറകൾ) ജീവനുള്ളവയാണെന്നു ചിന്തിച്ചില്ല. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ മിക്ക ജീവകോശത്തിലും കാണപ്പെടുന്ന മർമ്മമോ മറ്റെന്തെങ്കിലും അവയവങ്ങളോ കാണാനായില്ല.

കോശസിദ്ധാന്തത്തിന്റെ ആധുനിക വ്യാഖ്യാനം

തിരുത്തുക

ആധുനിക കോശസിദ്ധാന്തത്തിന്റെ പൊതുവായി അംഗീകരിച്ച ഭാഗങ്ങൾ:

  1. എല്ലാ അറിയപ്പെടുന്ന ജീവവസ്തുക്കളും ഒന്നോ അതിലധികമോ കോശങ്ങളാൽ നിർമ്മിതമാണ്.
  2. എല്ലാ ജീവകോശങ്ങളും മുൻപുണ്ടായിരുന്ന കോശങ്ങളിൽ നിന്നും അവയുടെ വിഭജനം വഴി ഉണ്ടായവയാണ്.
  3. കോശമാണ് എല്ലാ ജീവികളുടെയും ഘടനാപരവും പ്രവർത്തനപരവുമായ അടിസ്ഥാന ഘടകം.
  4. ഒരു ജീവിയുടെ പ്രവർത്തനം സതന്ത്രകോശങ്ങളുടെ കൂട്ടായ പ്രവർത്തനഫലമാണ്.
  5. കോശങ്ങളിൽ ഊർജ്ജപ്രവാഹം(ഉപാപചയപ്രവർത്തനങ്ങൾ) നടക്കുന്നു.
  6. കോശങ്ങളിലുള്ള ക്രോമസോമുകളിൽ ഡി. എൻ. എ അടങ്ങിയിരിക്കുന്നു. കോശമർമ്മത്തിലും ( ന്യൂക്ലിയസ്സിലും) കോശദ്രവത്തിലും ആർ. എൻ. എ കാണപ്പെടുന്നു.
  7. ഒരേ സ്പീഷീസിലുള്ള ജീവികളുടെയെല്ലാം കോശങ്ങളുടെ രാസഘടന അടിസ്ഥാനപരമായി ഒരുപോലെയായിരിക്കും.

വിവിധ തരം കോശങ്ങൾ

തിരുത്തുക
 
പ്രോക്കാരിയോട്ടിക് കോശം

കോശങ്ങളെ താഴെപ്പറയുന്ന ഉപവിഭാഗങ്ങളിൽപ്പെടുത്താം:

  1. പ്രോകാര്യോട്ടുകൾ:
  2. യൂകാര്യോട്ടുകൾ

ഇതും കാണൂ

തിരുത്തുക
  • കോശങ്ങളുടെ പരസ്പര കൂടിച്ചേരൽ
  • കോശജീവശാസ്ത്രം
  • രോഗങ്ങളുടെ രോഗാണുസിദ്ധാന്തം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-22. Retrieved 2014-03-29.
  2. Mazzarello, P. (1999). "A unifying concept: the history of cell theory". Nature Cell Biology 1 (1): E13–5. doi:10.1038/8964. PMID 10559875. edit
  3. Gest, H (2004). "The discovery of microorganisms by Robert Hooke and Antoni Van Leeuwenhoek, fellows of the Royal Society". Notes and records of the Royal Society of London
  4. http://www.poemhunter.com/robert-hooke/biography/
"https://ml.wikipedia.org/w/index.php?title=കോശസിദ്ധാന്തം&oldid=3938986" എന്ന താളിൽനിന്ന് ശേഖരിച്ചത്