കോപ്റ്റിക് കത്തോലിക്കാ സഭ
കത്തോലിക്കാ സഭയിലെ 24 സ്വയംഭരണാധികാരസഭകളിൽ[3] ഉൾപ്പെടുന്ന ഒരു പാത്രിയാർക്കൽ സഭയാണ് ഈജിപ്ത് ആസ്ഥാനമായിട്ടുള്ള കോപ്റ്റിക് കത്തോലിക്ക സഭ (കോപ്റ്റിക് : Ϯⲉⲕⲕⲗⲏⲥⲓⲁ ⲛ̀ ⲕⲁⲑⲟⲗⲓⲕⲟⲥ ⲛ̀ ⲣⲉⲙⲛ̀ⲭⲏⲙⲓ, തി എക്ക്‌ലീസിയ എൻ കാത്തോലിക്കോസ് എൻ റെമെൻകീമി) അഥവാ ഈഗുപ്തായ കത്തോലിക്കാ സഭ. പൗരസ്ത്യ കത്തോലിക്കാ സഭകളിൽ അലെക്സാന്ദ്രിയൻ ആരാധനാക്രമം ഉപയോഗിക്കുന്ന മൂന്ന് വ്യക്തിസഭകളിൽ ഒന്നാണിത്.
കോപ്റ്റിക് കത്തോലിക്കാ സഭ | |
---|---|
വീക്ഷണം | അലക്സാണ്ട്രിയൻ സഭാപാരമ്പര്യം |
ദൈവശാസ്ത്രം | ദ്വിസ്വഭാവവിശ്വാസം |
സഭാ സംവിധാനം | പാത്രിയാർക്കൽ |
പാത്രിയർക്കീസ് | ഇബ്രാഹിം ഇസഹാഖ് സിദ്രാക് |
സംഘടനകൾ | പൗരസ്ത്യ കത്തോലിക്കാ സഭകൾക്കുള്ള തിരുസംഘം |
പ്രദേശം | ഈജിപ്ത്. ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൺ, അമേരിക്ക എന്നിവിടങ്ങളിൽ പ്രവാസി സമൂഹങ്ങൾ |
ഭാഷ | കോപ്റ്റിക്, അറബി |
മുഖ്യകാര്യാലയം | ഈജിപ്തിന്റെ നാഥയായ പരിശുദ്ധ മറിയത്തിന്റെ കത്തീഡ്രൽ,കയ്‌റോ, ഈജിപ്ത് |
സ്ഥാപകൻ | സുവിശേഷകനായ മർക്കോസ്, ക്രി.വ 42-ൽ |
Congregations | 166 (2016) |
അംഗങ്ങൾ | 187,320[1] |
പ്രവർത്തകൾ | 243 [2] |
വെബ്സൈറ്റ് | coptcatholic.net |
ചരിത്രം
തിരുത്തുകലോകത്തിലെ ഏറ്റവും പ്രാചീനമായ ക്രിസ്തീയ സമൂഹങ്ങളിൽ ഒന്നാണ് ഈജിപ്തിലേത്. ക്രിസ്ത്വാബ്ദം ആദ്യ ശതകത്തിൽ, സുവിശേഷകനായ വിശുദ്ധ മർക്കോസാണ് ഈജിപ്തിൽ ക്രൈസ്തവ വിശ്വാസം കൊണ്ട് വന്നതെന്ന് കരുതപ്പെടുന്നു.
ക്രിസ്ത്വാബ്ദം 1ആം നൂറ്റാണ്ടിൽ ആരംഭിച്ച ക്രൈസ്തവ വിശ്വാസം ആദ്യ നൂറ്റാണ്ടുകളിൽ വളരെയധികം ക്ലേശങ്ങൾ അനുഭവിക്കേണ്ടതായി വന്നു. പ്രത്യേകിച്ച് ഡയോക്‌ലീഷ്യൻ റോമാ ചക്രവർത്തി ആയ ശേഷം ഈജിപ്തിലെ അനേകം ക്രൈസ്തവർ രക്തസാക്ഷികളായി. ഇതിനെ അനുസ്മരിച്ച് കൊണ്ട് ഡയോക്‌ലീഷിയൻ അധികാരം ഏറ്റിടുത്ത വർഷം ആന്നോ മാർട്ടിറിയം (രക്തസാക്ഷികളുടെ വർഷം, A.M) എന്ന പേരിൽ കോപ്റ്റിക് സഭയുടെ വർഷാരംഭമായി കണക്കാക്കി പോരുന്നു
ഈജിപ്തിലെ ആദിമ ക്രൈസ്തവ സമൂഹങ്ങൾ
തിരുത്തുകഈജിപ്തിലെ ആദിമ ക്രൈസ്തവ സമൂഹങ്ങൾ പ്രധാനമായും തുറമുഖ നഗരമായ അലെക്സാന്ദ്രിയയിലും പ്രാന്തപ്രദേശങ്ങളിലും ആയിരുന്നു. ഗ്രീക്ക് വംശജർക്ക് ഭൂരിപക്ഷമുള്ള അലെക്സാന്ദ്രിയ, അങ്ങനെ ഈജിപ്തിലെ ക്രിസ്ത്യാനികളുടെ ആസ്ഥാനമായി. അലെക്സാന്ദ്രിയയിൽ വച്ചാണ് കോപ്റ്റിക് സഭയുടെ ആരാധനക്രമം രൂപം കൊണ്ടത്.
റോമാ സാമ്രാജ്യത്തിലെ മെത്രാന്മാരിൽ റോമായും കോൺസ്റ്റന്റിനോപൊലിസും കഴിഞ്ഞാൽ അടുത്ത സ്ഥാനം അലെക്സാന്ദ്രിയയിലെ മെത്രാനായ പാത്രിയർക്കീസിനായിരുന്നു. ക്രൈസ്തവ സഭകളിൽ ആദ്യമായി പാപ്പ എന്ന സജ്‌ഞ ഉപയോഗിച്ചിരുന്നത് അലെക്സാന്ദ്രിയയിലെ പാത്രിയർക്കീസായിരുന്നു.
ആദിമ സഭയിലെ പാഷണ്ടതകളെ ചെറുക്കുന്നതിൽ അലെക്സാന്ദ്രിയയിലെ ദൈവശാസ്ത്ര വിജ്ഞാനപീഠം പ്രധാന പങ്ക് വഹിച്ചിരുന്നു. ആര്യൻ പാഷണ്ടതയെ നേരിടുന്നതിൽ അലെക്സാന്ദ്രിയൻ പാത്രിയർക്കീസായിരുന്ന വിശുദ്ധ അത്തനാസിയോസിന്റെ പങ്ക് ശ്രദ്ധേയമാണ്.
ഖൽക്കെദോൻ ശീശ്മ
തിരുത്തുകക്രിസ്ത്വാബ്ദം 451 ഒക്ടോബർ എട്ടിന്, പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ മാർക്കിയൻ, അനാത്തോലിയയിലെ ഖൽക്കെദോൻ പട്ടണത്തിൽ സാർവത്രിക സഭയുടെ ഒരു സൂനഹദോസ് വിളിച്ചുചേർത്തു. ഈശോ മിശിഹായുടെ ദൈവ-മനുഷ്യ സ്വഭാവങ്ങൾ തമ്മിലുള്ള ബന്ധം ആയിരുന്നു സൂനഹദോസിന്റെ മുഖ്യ ചർച്ചാവിഷയം.
ഈ സൂനഹദോസ് ക്രമേണ ഈജിപ്തിലെ സഭയിൽ ഒരു പിളർപ്പിന് (ശീശ്മക്ക്) കാരണമായി തീർന്നു. ഈജിപ്തിലെ ഗ്രീക്ക് വംശജർ സൂനഹദോസിന്റെ കാനോനകൾ സ്വീകരിച്ചെങ്കിലും ഈജിപ്ഷ്യൻ വംശജർ അവ തിരസ്കരിച്ചു. ഇങ്ങനെ സൂനഹദോസ് കാനോനകൾ തിരസ്കരിച്ചവർ പിന്നീട് കോപ്റ്റിക് ഓർത്തഡോക്സ് സഭയായി തീർന്നു.
പുനരൈക്യം
തിരുത്തുകപതിനേഴാം നൂറ്റാണ്ടിൽ ഈജിപ്തിൽ വന്ന കത്തോലിക്കാ പ്രേഷിതർ കത്തോലിക്കാ സഭയുമായിയുള്ള പുനരൈക്യത്തിന് തുടക്കം കുറിച്ചു. 1630ൽ കപ്പൂച്ചിൻ സന്യാസ സമൂഹം കയ്‌റോയിൽ ഒരു മിഷൻ കേന്ദ്രം സ്ഥാപിച്ചു. 1675ൽ ഈശോ സഭക്കാർ ഈജിപ്തിൽ പ്രവർത്തനമാരംഭിച്ചു[4]. 1713ൽ അലെക്സാന്ദ്രിയ റോമായ്ക്ക് വിധേയപെട്ടെങ്കിലും, 1442ലെ പോലെ, ആ ഐക്യം അധികം വൈകാതെ അവസാനിച്ചു.
1741ൽ ജറുസലേമിലെ ഓർത്തഡോക്സ് മെത്രാനായ അൻബാ അത്തനാസിയോസ് കത്തോലിക്കാ സഭയിൽ ചേർന്നു. 1781ൽ ബെനെദിക്തോസ് പതിനാലാമൻ മാർപാപ്പ അദ്ദേഹത്തെ 2000ത്തോളം [4] വരുന്ന കോപ്റ്റിക് കത്തോലിക്കരുടെ ആത്മീയ പിതാവായി (വികാരി അപ്പസ്തോലിക്കാ) നിയമിച്ചു. പക്ഷെ, അദ്ദേഹം പിന്നീട് ഓർത്തഡോക്സ് സഭയിലേക്ക് തിരിച്ച് പോയി. പകരം മറ്റൊരാൾ വികാരി അപ്പസ്തോലിക്കാ സ്ഥാനത്തേക്ക് നിയമിക്കപെട്ടു.
പാത്രിയാർക്കൽ പദവിയിലേക്ക്
തിരുത്തുകഈജിപ്തിലെ ഒട്ടോമൻ വൈസ്റോയ് കോപ്റ്റിക് കത്തോലിക്കർക്കായി ഒരു പാത്രിയാർക്കാ താൽപര്യപ്പെടുന്നു എന്ന ഊഹത്തിൽ, 1824ൽ, അന്നത്തെ മാർപാപ്പ സിറിയ, ഈജിപ്ത്, അറേബ്യ, സൈപ്രസ് എന്നിവയുടെ അപ്പസ്തോലിക വികാരിയത്തിൽ[5] നിന്ന് കോപ്റ്റിക് കത്തോലിക്കാ പാത്രിയാർക്കാ[4] സ്ഥാപിച്ചു. പക്ഷെ, ഇത് വളരെ കാലത്തേക്ക് നാമമാത്രമായി[4] നിലകൊണ്ടു. 1829ൽ, ഒട്ടോമൻ ഭരണാധികാരികൾ, കോപ്റ്റിക് കത്തോലിക്കർക്ക് സ്വന്തമായി പള്ളികൾ നിർമ്മിക്കാൻ അനുവാദം നൽകി.
നാളുകൾ കഴിയുംതോറും കോപ്റ്റിക് കത്തോലിക്കരുടെ എണ്ണം വർദ്ധിച്ചു വന്നു. അക്കാരണത്താൽ, 1895ൽ ലെയോ പതിമൂന്നാമൻ പാപ്പ, പാത്രിയാർക്കൽ ഭരണം പുനഃസ്ഥാപിച്ചു. അൻബാ കിറില്ലോസ് മക്കാരിയോസിനെ അദ്ദേഹം പാത്രിയർക്കൽ വികാരിയായി നിയമിച്ചു. മക്കരിയോസിന്റെ ഭരണകാലത്ത് കോപ്റ്റിക് കാത്തോലിക്കാ സഭയിൽ പല ലത്തീൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പാക്കി. 1899ൽ പരിശുദ്ധ പിതാവ്, അദ്ദേഹത്തെ കിറില്ലോസ് രണ്ടാമൻ എന്ന പേരിൽ പാത്രിയാർക്കീസായി വാഴിച്ചു.
1908ൽ ഒരു വിവാദത്തെ തുടർന്ന് മക്കാരിയോസ് രാജിവച്ചു. 1947 വരെ പാത്രിയാർക്കൽ സിംഹാസനം ഒഴിഞ്ഞ് കിടന്നു. പകരം ഒരപ്പസ്തോലിക ഭരണാധികാരിയെ[5] മാർപാപ്പ ചുമതലപെടുത്തി. 1947ൽ[4] പാത്രിയാർക്കൽ ഭരണം പുനഃസ്ഥാപിക്കപെട്ടു.
നിലവിൽ, മിൻയയിലെ മെത്രാനായിരുന്ന അൻബാ ഇബ്രാഹിം ഇസാക്ക് സെദ്രാക്കാണ് പാത്രിയാർക്കീസ്.
ഹയരാർക്കി
തിരുത്തുകഈജിപ്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന, ഒരേയൊരു പ്രവിശ്യ മാത്രമേയുള്ളു ഈ സഭയ്ക്ക്. കോപ്റ്റിക് കത്തോലിക്കാ സഭയിലെ ഒരേയൊരു മെത്രാപ്പോലീത്ത (Metropolitan Archbishop) അതിന്റെ പാത്രിയാർക്കീസാണ്. പരമ്പരാഗതമായി, അലെക്സാന്ദ്രിയയിലെ മെത്രാപ്പോലീത്ത ആയി അറിയപ്പെടുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആസ്ഥാനം യഥാർത്ഥത്തിൽ രാജ്യതലസ്ഥാനമായ കയ്‌റോയിൽ ആണ്.
കയ്റോ അതിരൂപതയ്ക്ക് ഏഴ് സാമന്ത രൂപതകളാണുള്ളത്ത്;
- അലെക്സാന്ദ്രിയ രൂപത (കോപ്റ്റിക് : Ϯⲉⲡⲁⲣⲭⲓⲁ ⲛ̀ⲧⲉ Ⲁⲗⲉⲝⲁⲛⲇⲣⲓⲁ, തി എപ്പാർഹിയ എന്തെ അലെക്സാന്ദ്രിയ)
- അസ്യുത്ത് രൂപത (കോപ്റ്റിക് : Ϯⲉⲡⲁⲣⲭⲓⲁ ⲛ̀ⲧⲉ Ⲥⲓⲟⲟⲩⲧ, തി എപ്പാർഹിയ എന്തെ സ്യൗത്ത്)
- ഗിസാ രൂപത (കോപ്റ്റിക് : Ϯⲉⲡⲁⲣⲭⲓⲁ ⲛ̀ⲧⲉ Ⲅⲓⲍⲁ, തി എപ്പാർഹിയ എന്തെ ഗിസ)
- സൊഹാഗ് രൂപത (കോപ്റ്റിക് : Ϯⲉⲡⲁⲣⲭⲓⲁ ⲛ̀ⲧⲉ Ⲥⲟϩⲁⲅ, തി എപ്പാർഹിയ എന്തെ സൊഹാഗ്)
- മിൻയാ രൂപത (കോപ്റ്റിക് : Ϯⲉⲡⲁⲣⲭⲓⲁ ⲛ̀ⲧⲉ Ⲧⲙⲟⲟⲛⲉ, തി എപ്പാർഹിയ എന്തെ ത്മോനെ)
- ലക്സോർ രൂപത (കോപ്റ്റിക് : Ϯⲉⲡⲁⲣⲭⲓⲁ ⲛ̀ⲧⲉ ⲛⲏ, തി എപ്പാർഹിയ എന്തെ നീ)
- ഇസ്മായീലിയ രൂപത (കോപ്റ്റിക് : Ϯⲉⲡⲁⲣⲭⲓⲁ ⲛ̀ⲧⲉ Ⲓⲥⲙⲁⲏⲗⲓⲁ, തി എപ്പാർഹിയ എന്തെ ഇസ്മായീലിയ)
ആരാധനാ ക്രമവത്സരം
തിരുത്തുകപ്രാചീന ഈജിപ്തിലെ പരമ്പരാഗത പഞ്ചാംഗം ആണ് കോപ്റ്റിക് പഞ്ചാംഗത്തിന്റെ ഉത്ഭവസ്രോതസ്. ഈജിപ്ഷ്യൻ കലണ്ടറനുസരിച്ച്, ഒരു വർഷത്തിലെ 365 ദിവസങ്ങളെ 30 ദിവസങ്ങളടങ്ങുന്ന 12 മാസങ്ങളായി വിഭചിച്ചിരുന്നു. ബാക്കി വരുന്ന 5 ദിവസങ്ങളിൽ വിവിധ ഉത്സവങ്ങൾ ആഘോഷിച്ചിരുന്നു.
പ്രാചീന ഈജിപ്തുകാർ അധിവർഷം കണക്കാക്കിയിരുന്നില്ല. പക്ഷെ, അവസാനത്തെ രാജവംശമായ പ്‌തോളമേയ രാജവംശം, ഈജിപ്ഷ്യൻ കലണ്ടറിൽ അധിവർഷം കണക്കാക്കുന്ന സമ്പ്രദായം കൊണ്ട് വന്നു.
ഈജിപ്തിന്റെ ക്രൈസ്തവവത്കരണത്തിന് ശേഷം, ഈജിപ്ഷ്യൻ കലണ്ടർ, ക്രൈസ്തവരുടെ ആരാധനാക്രമത്തിലെ തിരുനാളുകൾ ആഘോഷിക്കുന്നതിന് വേണ്ടി ഉപയോഗിച്ച് തുടങ്ങി.
ഗ്രിഗോറിയൻ കലണ്ടറിലെ പോലെ പക്ഷെ നൂറാം വർഷം അധിവർഷമായി കൂട്ടാത്ത സമ്പ്രദായം കോപ്റ്റിക് കലണ്ടറിൽ ഇല്ല. അത് കൊണ്ട് ഓരോ നൂറ് വർഷവും ഗ്രിഗോറിയൻ കലണ്ടറിനെ അപേക്ഷിച്ച് ഒരു ദിവസം ഒരു ദിവസം മുന്നോട്ട് പോകും.
കോപ്റ്റിക് പഞ്ചാംഗത്തിലെ മാസങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
style="text-align: center; width: 200px; height: 200px;"ക്രമസംഖ്യ | മാസം | ഗ്രിഗോറിയൻ കലണ്ടറിൽ | കോപ്റ്റിക് | അറബി | |
---|---|---|---|---|---|
1 | ഥൗത്ത് | സെപ്റ്റംബർ 11 - ഒക്ടോബർ 10 | Ⲑⲱⲟⲩⲧ | توت (തൂത്ത്) | |
2 | പാഓപ്പി | ഒക്ടോബർ 11 - നവംബർ 9 | Ⲡⲁⲟⲡⲓ | بابه (ബാബാ) | |
3 | ആത്തൗർ | നവംബർ 10 - ഡിസംബർ 9 | Ⲁⲑⲱⲣ | هاتور (ഹാതുർ) | |
4 | കൊയാക്ക് | ഡിസംബർ 10 - ജനുവരി 8 | Ⲭⲟⲓⲁⲕ | كياك (കിയാക്ക്) | |
5 | തൗവി | ജനുവരി 9 - ഫെബ്രുവരി 7 | Ⲧⲱⲃⲓ | طوبه (തൂബ) | |
6 | മേശിർ | ഫെബ്രുവരി 8 - മാർച്ച് 9 | Ⲙⲉϣⲓⲣ | أمشير (അംഷീർ) | |
7 | പരെംഹാത് | മാർച്ച് 10 - ഏപ്രിൽ 8 | Ⲡⲁⲣⲉⲙϩⲁⲧ | برمهات (ബരംഹാത്ത്) | |
8 | ഫർമൂഥി | ഏപ്രിൽ 9 - മെയ് 8 | Ⲫⲁⲣⲙⲟⲩⲑⲓ | برموده (ബരമൂദ) | |
9 | പശോൻസ് | മെയ് 9 - ജൂൺ 7 | Ⲡⲁϣⲟⲛⲥ | بشنس (ബഷൻസ്) | |
10 | പാഓനി | ജൂൺ 8 - ജൂലൈ 7 | Ⲡⲁⲱⲛⲓ | بؤنة (ബൂന) | |
11 | എപ്പിപ്പ് | ജൂലൈ 8 - ഓഗസ്റ്റ് 6 | Ⲉⲡⲓⲡ | أبيب (അബീബ്) | |
12 | മെസൗറി | ഓഗസ്റ്റ് 7 - സെപ്റ്റംബർ 5 | Ⲙⲉⲥⲱⲣⲓ | مسرى (മസ്രി) | |
13 | പി കൂജി എൻ ആവോത്ത് | സെപ്റ്റംബർ 6-10 | Ⲡⲓⲕⲟⲩϫⲓ ⲛ̀ⲁ̀ⲃⲟⲧ | نسيئ (നസീ) |
സന്യാസ സമൂഹങ്ങൾ
തിരുത്തുകഓർത്തഡോക്സ് സഭയിൽ നിന്ന് വ്യത്യസ്തമായും ലത്തീൻ സഭയിൽ എന്നത് പോലെ, കോപ്റ്റിക് കത്തോലിക്കാ സഭയിലെ സന്യാസികൾ വിവിധ സന്യാസ സഭകളിലായി നിലകൊള്ളുന്നു. ഈജിപ്തിൽ നാല് പ്രധാന സന്യാസസഭകളാണുള്ളത്.
- സ്ത്രീകൾക്ക്
- തിരുഹൃദയ സന്യാസ സമൂഹം
- ഈശോയുടെയും മറിയത്തിന്റെയും കോപ്റ്റിക് സഹോദരികളുടെ സന്യാസസമൂഹം
- ഈശോയുടെ കൊച്ചു സഹോദരികളുടെ സന്യാസസമൂഹം (ഈജിപ്ത് പ്രവിശ്യ)
- പുരുഷന്മാർക്ക്
അവലംബം
തിരുത്തുക- ↑ "പൗരസ്ത്യ കത്തോലിക്കാ സഭകൾ 2017
- ↑ റോബർസൺ, റൊണാൾഡ് ജി.പൗരസ്ത്യ കത്തോലിക്കാ സഭകൾ 2010
- ↑ CCEO canon 27
- ↑ 4.0 4.1 4.2 4.3 4.4 4.5 റോബർസൺ, റൊണാൾഡ് ജി."കോപ്റ്റിക് കത്തോലിക്കാ സഭ"
മദ്ധ്യപൂർവദേശ കത്തോലിക്കാ ക്ഷേമ സമിതി. - ↑ 5.0 5.1 "അലെക്സാന്ദ്രിയയിലെ ശ്ലൈഹിക സിംഹാസനം"[പ്രവർത്തിക്കാത്ത കണ്ണി]
ലോകത്തിലെ കത്തോലിക്ക രൂപതകൾ