ചീനവല
കരയിൽ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് നാട്ടുന്ന അസാധാരണമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ചീനവല.[1] വലിയ മുള കൊണ്ടുള്ള ചട്ടത്തിൽ ഘടിപ്പിച്ചിട്ടുള്ള തൂങ്ങിക്കിടക്കുന്ന വലയാണിത് ഒരു കുമ്പിളിന്റെ ആകൃതിയിൽ വല ചട്ടത്തിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കും. ചട്ടമടക്കം താഴേക്കും മുകളിലേക്കും ചലിപ്പിക്കാവുന്ന രീതിയിലായിരിക്കും ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.[2] കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ കായലിലും അടുത്തുള്ള പുഴകളിലും ചീനവലകൾ കാണപ്പെടുന്നു, എങ്കിലും കൊച്ചിക്കായലിലാണിതിന്റെ സാന്ദ്രത കൂടുതൽ. കൊല്ലം ജില്ലയിലെ പരവൂർക്കായലിലും അഷ്ടമുടിക്കായലിലും ചീനവലകൾ അപൂർവമായി കാണാറുണ്ട്. സാധാരണഗതിയിൽ കരയിലാണ് ചീനവലകൾ ഉറപ്പിക്കാറുള്ളതെങ്കിലും ചിലയിടങ്ങളിൽ ജലാശയങ്ങളിൽത്തന്നെയും ചീനവല നാട്ടാറുണ്ട്. വെള്ളത്തിനടിയിൽ കുഴിച്ചിട്ട തൂണുകളിൻമേലാണ് ചീനവലയും അതുപ്രവർത്തിപ്പിക്കാൻ ആവശ്യമായ കപ്പിയും മറ്റും ഘടിപ്പിക്കുന്നത്. ചെറായി കടൽത്തീരത്തിനടുത്തുള്ള ചിറയിലും മറ്റും ഇപ്രകാരം നാട്ടിയിരിക്കുന്ന ചീനവലകൾ കാണാം.
വല പ്രവർത്തിപ്പിക്കുന്ന വിധം
തിരുത്തുകവലിയ കമ്പുകളിൽ നാട്ടിയ ഓരോ വലയ്ക്കും 20 മീറ്ററോളം വീതി കാണും. ഓരോ വലയ്ക്കും 10 മീറ്ററോളം ഉയരവും ഉണ്ട്. ഒരു കപ്പിയും വലിച്ചുകെട്ടിയ ഒരു വലയുമാണ് പ്രധാന ഘടകങ്ങൾ. എതിർഭാഗത്ത് വലിയ കല്ലുകൾ കയറിൽ കെട്ടി പ്രതിബലങ്ങളായി ഉപയോഗിക്കുന്നു. ഓരോ വലയും പ്രവർത്തിപ്പിക്കാൻ ചിലപ്പോൾ ആറ് മത്സ്യത്തൊഴിലാളികളെ വരെ വേണ്ടിവരും.
ഒരാൾ നടുക്കുള്ള പ്രധാന കമ്പിൽ കൂടി നടന്നാൽ പോലും വെള്ളത്തിലോട്ട് വല താഴ്ന്നുപോകുന്ന വിധത്തിൽ സന്തുലനാവസ്ഥയിലാണ് ചീനവലകൾ. വല ഉയർത്തുന്നതിനു മുൻപ് കുറച്ചു നേരത്തേക്കുമാത്രമേ (ചിലപ്പോൾ മിനിറ്റുകൾ മാത്രം) വല വെള്ളത്തിൽ താഴ്ത്തുന്നുള്ളൂ. കുറച്ചു മത്സ്യങ്ങളും ഞണ്ട്, കൊഞ്ച് തുടങ്ങിയവയും മാത്രമേ ഓരോ കൊയ്ത്തിലും ലഭിക്കുന്നുള്ളൂ. ഇവ വഴിപോക്കർക്ക് മിനിട്ടുകൾക്കുള്ളിൽ വിറ്റു പോവുന്നു.
ചീനവലയിലെ പ്രതിബലങ്ങളുടെ സംവിധാനം സവിശേഷമാണ്. 30 സെന്റീമീറ്ററോളം വ്യാസമുള്ള പാറകൾ കയറിൽ നിന്ന് പല ഉയരങ്ങളിലായി തൂക്കിയിട്ടിരിക്കുന്നു. വല ഉയർത്തുമ്പോൾ കല്ലുകൾ ഒന്നൊന്നായി കരയിലെ പ്രതലത്തിൽ വന്നു നിൽക്കുന്നു. അങ്ങനെ പാറകളും വലയും തമ്മിൽ സമതുലനത്തിൽ നിൽക്കുന്നു.
ഓരോ ചീനവലയെയും അല്പം ആഴത്തിൽ മാത്രമേ താഴ്ത്താൻ കഴിയൂ. അതുകൊണ്ടു തന്നെ വേലിയേറ്റ സമയത്ത് എല്ലാ വലകളും കായലിൽ താഴ്ത്താൻ കഴിയുകയില്ല. പല വലകളും വേലിയേറ്റസമയത്ത് കായലിലെ ജലനിരപ്പ് അനുസരിച്ച് പല സമയത്താണ് പ്രവർത്തിപ്പിക്കുക.
മീനുകളെ ആകർഷിക്കുന്നതിന് വലയിൽ ഭക്ഷണസാധനങ്ങൾ വിതറുകയും രാത്രികാലങ്ങളിൽ വലയുടെ മദ്ധ്യഭാഗത്തെ ദണ്ഡിൽ വിളക്കും വയ്കാറുണ്ട്[2].
ചരിത്രം, പ്രാധാന്യം
തിരുത്തുകഈ വലകൾ ചൈനയിൽ നിന്നാണ് വന്നതെന്നാണ് വിശ്വാസം. ചൈനയുമായി കൊച്ചിക്ക് 5,000 കിലോമീറ്റർ ദൂരമുണ്ടെങ്കിലും പണ്ടുകാലത്ത് കൊച്ചി സുഗന്ധ ദ്രവ്യങ്ങളുടെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നും ചൈനയിലേയ്ക്കും ചൈനയിൽ നിന്നിവിടേയ്ക്കും വ്യാപാരം നടന്നിരുന്നു. കൊടുങ്ങല്ലൂർ കായലിൽ ഇന്നും ചീന വലകൾ കാണാം ചൈനയിൽ നിന്നും വന്ന പര്യവേക്ഷകനായ ഷെങ്ങ് ഹെ ആണ് ചീനവലകൾ കൊച്ചിയിൽ കൊണ്ടുവന്നത് എന്ന് ചിലർ വിശ്വസിക്കുന്നു. പുതിയ ചില പഠനങ്ങൾ പറയുന്നത് മക്കാവു-ൽ നിന്നും പറങ്കികളാണു ചീനവലകൾ കൊച്ചിയിലേക്കു കൊണ്ടു വന്നത്.[3] ഇതു വളരെ വിശ്വസനീയമായ വാദമാണെന്നു ചരിത്രകാരന്മാർ പറയുന്ന കാരണം ചീനവലയുടെ ഭാഗങ്ങൾക്കു പോർച്ചുഗീസ് നാമങ്ങളാണെന്നുള്ളതുമാണ്.
ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് ഈ വലകൾ. ഇവയുടെ വലിപ്പവും സുന്ദരമായ നിർമ്മിതിയും ഛായാഗ്രാഹകർക്ക് ഇവയെ പ്രിയങ്കരമാക്കുന്നു. മെല്ലെ ഈ വലകളെ ഉയർത്തുന്നതും താഴ്ത്തുന്നതും മാസ്മരികമായ ഒരു കാഴ്ചയാണ്. ചീനവലയിൽ നിന്നും പിടിക്കുന്ന മത്സ്യങ്ങൾ വലയുടെ അടുത്തു തന്നെവെച്ച് വഴിയരികിലെ തട്ടുകട / ഹോട്ടലുകാർ പാകം ചെയ്ത് കൊടുക്കുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Shore operated stationary lift nets Archived 2006-06-13 at the Wayback Machine..
- ↑ 2.0 2.1 HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 41–42.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ http://www.thehindu.com/news/cities/Kochi/article493361.ece
ചിത്രശാല
തിരുത്തുക-
ഫോർട്ട് കൊച്ചിയിലെ ചീനവലകൾ
-
ചീനവല - ഉയർത്തിവച്ചിരിക്കുന്നു
-
ചെറായി തീരത്തുള്ള ചീനവല
-
വേമ്പനാട് കായലിന്റെ തീരത്തുള്ള ഒരു ചീനവല
-
ചീനവല - ചെറായി
-
കൊച്ചിയിൽ കടലും കായലും സംഗമിക്കുന്ന സ്ഥലത്തുള്ള ചീനവലകൾ. വൈപ്പിൻ ഫോർട്ട് കൊച്ചി ഫെറിയിൽ നിന്നുള്ള കാഴ്ച്ച.
-
ഫോർട്ട് കൊച്ചിയിൽ കായലും കടലും ചേരുന്നയിടത്തെ ചീനവലകൾ