കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി

സംഘടന
(കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചലച്ചിത്രത്തിനുവേണ്ടിയുള്ള കേരളത്തിലെ കേരള സർക്കാറിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി.[2] 1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്. സാംസ്കാരികാ‍വിഷ്കാരമെന്ന നിലയിൽ ചലച്ചിത്രത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു അക്കാദമിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്. ചലച്ചിത്രം വ്യക്തിയെന്ന നിലയിലും സമൂഹജീവി എന്ന നിലയിലും ഉള്ള മനുഷ്യന്റെ സമഗ്രപുരോഗതിക്ക് ഉതകുന്നതായിരിക്കണമെന്നതാണ് അക്കാദമിയുടെ ആദർശം. ഫിലിം സൊസൈറ്റികളെയും പുസ്തകങ്ങളെയും ആനുകാലികങ്ങളെയും പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്കും ചലച്ചിത്രപ്രവർത്തകർക്കും വേണ്ടി ചലച്ചിത്രാസ്വാദനകോഴ്സുകൾ, സെമിനാറുകൾ, ശില്പശാലകൾ മുതലായവ സംഘടിപ്പിക്കുക തുടങ്ങിയവയിലൂടെ ജനങ്ങളിൽ ചലച്ചിത്രസാക്ഷരത വളർത്താൻ അക്കാദമി പരിശ്രമിക്കുന്നു.

Kerala State Chalachitra Academy
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
തരംസർക്കാർ സഹായമുള്ളത്
സ്ഥാപിക്കപ്പെട്ടത്ആഗസ്റ്റ് 1998
ആസ്ഥാനംതിരുവനന്തപുരം
പ്രധാന ആളുകൾചെയർമാൻ: രഞ്ജിത്ത്
വൈസ് ചെയർപേഴ്‌സൺ: പ്രേം കുമാർ
സെക്രട്ടറി: അജോയ് സി
-m മേയ് 2020 പ്രകാരം[1]
പ്രവർത്തന മേഖലകേരള സംസ്ഥാനം, ഇന്ത്യ
പ്രധാന ശ്രദ്ധചലച്ചിത്രപ്രോത്സാഹനം / വികസനം
മുദ്രാവാക്യംCinema should contribute to the total development of man, both as an individual and as a social being.
വെബ്‌സൈറ്റ്www.keralafilm.com

ലക്ഷ്യങ്ങൾ

തിരുത്തുക
  1. ചലച്ചിത്ര-ടെലിവിഷൻ മാദ്ധ്യമസംബന്ധിയായ നയരൂപവത്കരണത്തിന് സംസ്ഥാന സർക്കാറിനെ സഹായിക്കുകയും കാലാകാലങ്ങളിൽ സർക്കാറിന്റെ സിനിമാസംബന്ധിയായ നയങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കുകയും ചെയ്യുക.
  2. ചലച്ചിത്രവീഡിയോ ആർക്കൈവ്സ് രൂപവത്കരിക്കുകയും ദൃശ്യ-ശ്രാവ്യ ഗ്രന്ഥാലയം സ്ഥാപിക്കുകയും ചെയ്യുക.
  3. ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് രൂപവത്കരിക്കുക. അന്തർദ്ദേശീയ-ദേശീയ ചലച്ചിത്രമേളകൾ സംഘടിപ്പിക്കുക.
  4. സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുകളുടെ നിർണ്ണയം,വിതരണം എന്നിവ ഉറപ്പാക്കുക.
  5. പൊതുജനങ്ങളുടെ ആവശ്യത്തിനായി സഞ്ചരിക്കുന്ന സിനിമാശാലകളുടെ പ്രവർത്തനം.
  6. ചലച്ചിത്രവ്യവസായത്തിനും സർക്കാറിനുമിടയിൽ മദ്ധ്യവർത്തിയായി പ്രവർത്തിക്കുക.
  7. നല്ല കലാമൂല്യമുള്ള സിനിമകളെ അന്തർദ്ദേശീയതലത്തിൽ പ്രമോട്ട് ചെയ്യുക.
  8. കുട്ടികളുടെ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്കൂളുകളിൽ ഫിലിംക്ലബ്ബുകൾ രൂപവത്കരിക്കുകയും ചെയ്യുക.
  9. മലയാളസിനിമാചരിത്രസംബന്ധികളായ വിവരങ്ങൾ സംയോജിപ്പിക്കുകയും സിനിമാസംബന്ധിയായ ഗവേഷണങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക.
  10. ചലച്ചിത്രാസ്വാദനകോഴ്സുകൾ സംഘടിപ്പിക്കുക.
  11. സിനിമ, ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങളും ജേണലുകളും പ്രസിദ്ധീകരിക്കുക.
  12. ധനസഹായം ഉൾപ്പെടെ നൽകി ഫിലിം സൊസൈറ്റി പ്രസ്ഥാ‍നത്തെ ഉജ്ജീവിപ്പിക്കുക.
  13. സിനിമ, ടെലിവിഷൻ, മറ്റു കലകൾ - സംബന്ധമായ സെമിനാറുകളും മീറ്റിങ്ങുകളും പ്രഭാഷണങ്ങളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുക.
  14. സംസ്ഥാനത്തും രാജ്യത്തുമുള്ള പ്രമുഖ ചലച്ചിത്രപ്രതിഭകളെ ആദരിക്കുക.
  15. മലയാളചലച്ചിത്രങ്ങൾക്കുള്ള ധനസഹായപദ്ധതി നടപ്പാക്കുക.
  16. തിയറ്ററിൽനിന്ന് ശേഖരിക്കുന്ന സർവ്വീസ് ചാർജ്ജുകളിൽനിന്നും സിനിമാകലാകാരന്മാർക്ക് പെൻഷനും ചികിത്സാസഹായവും നൽകുക.

ഭരണനിർവ്വഹണം

തിരുത്തുക

തിരുവനന്തപുരത്ത് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ രാജ്യാന്തര ചലച്ചിത്ര ഗവേഷണ കേന്ദ്രത്തിലാണ് ചലച്ചിത്ര അക്കാദമിയുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. ചെയർമാൻ അദ്ധ്യക്ഷനായുള്ള ജനറൽ കൗൺസിൽ ഭരണം നിർവ്വഹിക്കുന്നു. ദൈനംദിനകാര്യങ്ങളുടെ ചുമതല സെക്രട്ടറിക്കാണ്. ജനറൽ കൗൺസിലിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് സർക്കാറാണ്. ഭരണകാര്യങ്ങളിൽ കൗൺസിലിനെ സഹായിക്കാൻ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയുണ്ട്. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി സി. അജോയിയും ആണ്.

പ്രവർത്തനങ്ങൾ

തിരുത്തുക

ചലച്ചിത്രമേളകൾ

തിരുത്തുക

രാജ്യാന്തര ചലച്ചിത്രമേള

തിരുത്തുക

ലോകചലച്ചിത്രമേളകളിൽ ശ്രദ്ധേയസ്ഥാനം ചലച്ചിത്ര അക്കാദമി നടത്തുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള - ഐ.എഫ്.എഫ്.കെ.) ഉണ്ട്. എല്ലാ വർഷവും ഡിസംബർ രണ്ടാംവെള്ളിയാഴ്ച്ച മുതൽ എഴു ദിവസമാണ് മേള നടത്തുന്നത്. മൂന്നാം‌ലോകചിത്രങ്ങൾക്കാണ് മേള പ്രാമുഖ്യം നൽകുന്നത്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള കഥാചിത്രങ്ങളുടെ മത്സരവിഭാഗമാണ് മേളയുടെ ആകർഷണങ്ങളിലൊന്ന്. മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം,മികച്ച രണ്ടാം ചിത്രത്തിനും മികച്ച നവാഗതസംവിധായകനും പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിനും ഉള്ള രജതചകോരങ്ങൾ, ആഗോളസിനിമാനിരൂപകസംഘടനയായ ഫിപ്രസിയുടെ അവാർഡ്, നെറ്റ്പാക്ക് അവാർഡ് എന്നിവയ്ക്ക് അർഹമായ ചിത്രങ്ങളെയും വ്യക്തികളെയും മത്സരചിത്രങ്ങളിൽനിന്ന് തിരഞ്ഞെടുക്കുന്നു.

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള

തിരുത്തുക

ഐ.ഡി.എസ്.എഫ്.എഫ്.കെ. എന്നറിയപ്പെടുന്ന ഈ മേളയിൽ ഡിജിറ്റൽ വീഡിയോ ഫോർമാറ്റിൽ നിർമ്മിക്കപ്പെട്ട, ഗൗരവവിഷയങ്ങൾ കൈകാ‍ര്യംചെയ്യുന്ന ദേശീയ-അന്തർദ്ദേശീയ ഡോക്യുമെന്ററികളും ലഘുചിത്രങ്ങളും ഉൾപ്പെടുന്നു. ദേശീയതലത്തിൽ നിർമ്മിക്കപ്പെട്ട ഡോക്യുമെന്ററികൾ, ലഘുഡോക്യുമെന്ററികൾ, ലഘുകഥാചിത്രങ്ങൾ, അനിമേഷനുകൾ എന്നിവയെ പ്രത്യേകം മത്സരവിഭാഗങ്ങളിൽ ഉൾക്കൊള്ളിക്കുന്നു. ലോകസംഭവങ്ങളും കലാസാംസ്കാരികരംഗങ്ങളും അനുദിനം മാറുന്ന സാങ്കേതികത്വവും പ്രേക്ഷകരിലെത്തിക്കുകയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ.യുടെ ഉദ്ദേശ്യം.

ദേശീയചലച്ചിത്രമേള

തിരുത്തുക

2003 മുതലാണ് ദേശീയചലച്ചിത്രമേള നടത്തുന്നത്. ഓരോ വർഷവും ഓരോ ജില്ലയിലായാണ് മേള. റിലീസ് ചെയ്യാഞ്ഞതിനാൽ കാണാൻ‌കഴിയാതെപോയ വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചിത്രങ്ങളെ പ്രദർശിപ്പിക്കുകയാണ് ഈ മേളയുടെ ലക്ഷ്യം.

യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ

തിരുത്തുക

യൂറോപ്യൻ യൂണിയന്റെയും സാംസ്കാരികവകുപ്പിന്റെയും സംയുക്തപരിപാടിയായാണ് യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ നടത്തിവരുന്നത്. യൂറോപ്യൻ സിനിമകളുടെ നാലു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനമാണിത്. കോഴിക്കോടാണ് മേളയുടെ സ്ഥിരംവേദി.

പുരസ്കാരങ്ങൾ

തിരുത്തുക

ജെ.സി. ഡാനിയേൽ അവാർഡ്

തിരുത്തുക

മലയാളചലച്ചിത്രമേഖലയ്ക്കു നൽകിയിട്ടുള്ള സമഗ്രസംഭാവനയ്ക്ക് കേരളസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് ജെ.സി. ഡാനിയേൽ അവാർഡ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 1998 മുതൽ അവാർഡ് ചുമതല ചലച്ചിത്ര അക്കാദമിക്കാണ്.

കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം

തിരുത്തുക

1963-ൽ ആരംഭിച്ച കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിന്റെ നിർണ്ണയവും വിതരണവും അക്കാദമിയാണ് ഏറ്റെടുത്തുനടത്തുന്നത്. സംസ്ഥാന ടെലിവിഷൻ അവാർഡിന്റെയും ചുമതല ആരംഭം മുതൽ ചലച്ചിത്ര അക്കാദമിക്കാണ്.

കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം

തിരുത്തുക

കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കും സെൻസർ ചെയ്യുന്ന ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും , ടെലിവിഷൻ പരിപാടികളെ സംബന്ധിക്കുന്ന പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവയ്ക്കും 1998 മുതൽ നൽകിവരുന്ന പുരസ്കാരമാണിത്.

മറ്റു പ്രവർത്തനങ്ങൾ

തിരുത്തുക

ചലച്ചിത്ര ഗവേഷണം പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒരു ഫെലോഷിപ്പ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. വർഷം തോറും ആണ് ഈ ഫെലോഷിപ്പ് നൽകുന്നത്.50,000 രൂപയാണ് ഫെലോഷിപ്പ് തുക. പ്രബന്ധസംഗ്രഹത്തിന്റെ മൂല്യനിർണ്ണയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പടുന്നവർക്കാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. 2020-ൽ 26 പേർ ഈ ഫെലോഷിപ്പിന് അർഹരായി.

ചലച്ചിത്രാസ്വാദന കോഴ്സുകൾ, സെമിനാറുകൾ, ശില്പശാലകൾ

തിരുത്തുക
 

‘ഫസ്റ്റ് കട്ട്’ ചലച്ചിത്ര നിർമ്മാണ ശിൽപ്പശാല

തിരുത്തുക

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പിൻെറ ഹയർ സെക്കൻഡറി വിഭാഗത്തിനു കീഴിലുള്ള കരിയർ ഗൈഡൻസ് ആൻറ് അഡോളസെൻറ് കൗൺസലിംഗ് സെല്ലും പ്ളസ് വൺ വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ചലച്ചിത്ര നിർമ്മാണ ശിൽപ്പശാലയാണിത്. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്കിലെ ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രമായ സെൻറർ ഫോർ ഇൻറർനാഷണൽ ഫിലിം റിസേർച്ച് ആന്റ് ആർക്കൈവ്സിലാണിതു (സിഫ്ര) നടന്നത്.[3]

ആർക്കൈവ്സും ഫിലിം ലൈബ്രറിയും

തിരുത്തുക

ടൂറിങ് ടാക്കീസ്

തിരുത്തുക

പെൻഷൻ, ചികിത്സാസഹായം

തിരുത്തുക

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  1. അക്കാദമിയുടെ സൈറ്റിൽ നിന്നും[പ്രവർത്തിക്കാത്ത കണ്ണി] 07 മെയ് 2020-ൽ ശേഖരിച്ചത്.
  2. "ചലച്ചിത്ര അക്കാദമി വെബ്സൈറ്റ്" (in ഇംഗ്ലീഷ്). Archived from the original on 2007-12-19. Retrieved 12 ഡിസംബർ 2009. To satisfy their quest for the best and the latest in the medium and to counter the effects of crass commercialisation, the Department of Cultural Affairs of the Government of Kerala, (incidentally the first state in India to take this initiative) created in August 1998, an autonomous institution called the Kerala State Chalachitra Academy.
  3. "കൗമാരക്കാർക്ക് സിനിമ പഠിക്കാൻ 'ഫസ്റ്റ് കട്ട്'". keralakaumudi. September 19, 2020. Retrieved August 22, 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക