കെ. കുഞ്ഞിക്കണ്ണൻ

പ്രാണിശാസ്ത്രത്തിലെ ആദ്യത്തെ ഭാരതീയൻ
കുഞ്ഞിക്കണ്ണൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ)

ഷട്‌പദവിജ്ഞാന (entomologist) മേഖലയിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ ഭാരതീയനായിരുന്നു ഡോ. കെ. കുഞ്ഞിക്കണ്ണൻ.[1] ഷട്‌പദവിജ്ഞാനീയവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഇവ കൂടൂതെ ദി വെസ്റ്റ് (1927), എ സിവിലൈസേഷൻ അറ്റ് ബേ (മരണാനന്തരം 1937 ഇൽ പ്രസിദ്ധീകരിച്ചത്) തുടങ്ങിയ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.[2] [3] ഗദ്യരീതിയിൽ ഷട്പദവിജ്ഞാനത്തിന്റെ സമഗ്രതയും സൗന്ദര്യവും ചേർന്നു നിൽക്കുന്ന ഈ രണ്ടു പുസ്തകങ്ങളും ഷട്‌പദവിജ്ഞാനവുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ടവയാണ്. ഒരു കാർഷിക എൻ‌ടോമോളജിസ്റ്റ് എന്ന നിലയിൽ, കീടങ്ങളെ പരിപാലിക്കുന്നതിനുള്ള കുറഞ്ഞ ചിലവിലുള്ള സാങ്കേതിക വിദ്യകൾ തിരിച്ചറിഞ്ഞ അദ്ദേഹം, ഇന്ത്യയിലെ ക്ലാസിക്കൽ ബയോളജിക്കൽ കൺട്രോൾ സമീപനങ്ങളുടെ തുടക്കക്കാരൻ കൂടിയായിരുന്നു.

ഡോ. കെ. കുഞ്ഞിക്കണ്ണൻ

1884 ഒക്ടോബർ 15-ൽ കണ്ണൂർ ജില്ലയിൽ, കുന്നത്തേടത്ത് കുടുംബത്തിലായിരുന്നു കുഞ്ഞിക്കണ്ണൻ ജനിച്ചത്. ഫ്രഞ്ചു കോളനിയായിരുന്ന മയ്യഴിയിൽ ആയിരുന്നു ജനനം. മലബാറിൽ പല സ്ഥലങ്ങളിലായി മജിസ്ട്രേറ്റായി ജോലി ചെയ്തു വന്നിരുന്ന കുഞ്ഞിമന്നന്റേയും, കോട്ടയം താലൂക്കിൽ കൂത്തുപറമ്പിലുള്ള വാച്ചാലി വീട്ടിൽ കല്യാണിയമ്മയുടേയും മക്കളിൽ മൂന്നാമനായിരുന്നു കുഞ്ഞിക്കണ്ണൻ. തലശ്ശേരി മിഷൻ ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷനും ബ്രണ്ണൻ കോളേജിൽ നിന്നും എഫ്. എ-യും പാസ്സായി. തുടർന്ന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. മൈസൂർ ഗവന്മെന്റിന്റെ കൃഷിവകുപ്പിൽ പ്രാണിശാസ്ത്രത്തിൽ ഒഴിവു വന്നപ്പോൾ അനിയോജ്യരായവരെ അന്വേഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുഞ്ഞിക്കണ്ണന്റെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ഹെൻഡർസൺ മൈസൂർ അധികൃതരോട് അഭ്യർത്ഥിച്ച്, ജന്തുശാസ്ത്രത്തിൽ മാസ്റ്റർ ഡിഗ്രിയുള്ള കുഞ്ഞിക്കണ്ണനെ നിർദ്ദേശിക്കുകയായിരുന്നു. അദ്ദേഹം, മൈസൂർ സ്റ്റേറ്റിലെ ആദ്യത്തെ സർക്കാർ ഷട്‌പദവിജ്ഞാനീയനായിരുന്ന (എൻ‌ടോമോളജിസ്റ്റ്) ലെസ്ലി സി. കോൾമാന്റെ (Leslie C. Coleman) സഹായിയായിട്ടായിരുന്നു ജോലിയിൽ കയറിയത്. ഇന്ത്യയിൽ നിയമിക്കപ്പെട്ട ആദ്യത്തെ എൻ‌ടോമോളജിസ്റ്റായിരുന്നു ലെസ്ലി സി. കോൾമാൻ. അതേപോലെ മൈസൂർ സ്റ്റേറ്റിൽ ആദ്യത്തെ ഇന്ത്യക്കാരനായ എൻ‌ടോമോളജിസ്റ്റായി കുഞ്ഞിക്കണ്ണനും മാറി. 1918-ൽ അവിടെ നിന്നും, ഗവേഷണ വിദ്യാർത്ഥിയായി കാലിഫോർണിയയിലുള്ള സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പ്രാണിശാസ്ത്രത്തിൽ ഉപരിപഠനം നടത്താനും, പിഎച്ച്ഡി എടുക്കാനുമായി ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു. 1923 ഇൽ മൈലാബ്രിഡ് (ബ്രൂച്ചിഡ്) ലാർവകളിലെ പ്രോട്ടോറാസിക് പ്ലേറ്റിന്റെ പ്രവർത്തനം വിശദീകരിക്കുന്ന പഠനം തയ്യാറാക്കാനായി അദ്ദേഹത്തെ സഹായിച്ചത് ആ ഉപരിപഠനമായിരുന്നു. നാല്പത്തിയേഴാമതു വയസ്സിൽ, 1931 ആഗസ്റ്റ് 4, ചൊവ്വാഴ്ച ബാംഗ്ലൂരിൽ വെച്ച് അന്തരിക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=കെ._കുഞ്ഞിക്കണ്ണൻ&oldid=3711815" എന്ന താളിൽനിന്ന് ശേഖരിച്ചത്