അശോകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അശോകൻ (വിവക്ഷകൾ) എന്ന താൾ കാണുക. അശോകൻ (വിവക്ഷകൾ)

ഒരു മലയാള സാഹിത്യകാരനാണ് കെ. അശോകൻ.

ജീവിതരേഖതിരുത്തുക

1933 ഏപ്രിൽ 17-ന് മയ്യനാട്ടു ജനിച്ചു. മലയാളം എം.എ. ബിരുദം നേടിയശേഷം കുറച്ചുകാലം പത്രപ്രവർത്തകനായിരുന്നു. 1957 മുതൽ മൂന്നു വർഷം മലയാളം ലക്സിക്കൺ നിർമ്മാണസമിതിയിൽ പ്രവർത്തിച്ചു. 1960-ൽ സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി നിയമിതനായി. തുടർന്ന് ഇതേ വകുപ്പിൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഔദ്യോഗിക ഭാഷാ കമ്മിഷൻ ചെയർമാനായും കുറേക്കാലം ജോലി നോക്കിയിരുന്നു. പിന്നീട് കേരളാ ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറായി. 1988-ൽ സർവീസിൽ നിന്നു വിരമിച്ചു.

സാഹിത്യംതിരുത്തുക

നിരൂപണം, ഉപന്യാസം, ബാലസാഹിത്യം, കവിത എന്നീ വിഭാഗങ്ങളിലായി അര ഡസനിലേറെ കൃതികൾ അശോകൻ രചിച്ചിട്ടുണ്ട്. നാടകാസ്വാദനം എന്ന കൃതിയിൽ അനുകരണങ്ങളും അസലുകളുമായ ഏതാനും നാടകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഉൾ​പ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ പ്രശസ്തനാടകകൃത്തായ യൂജീൻ ഒനീലിന്റെ മുഖ്യ നാടകങ്ങളുടെ വിശകലനാത്മക പഠനങ്ങളാണ് ഒനീൽ അനുഭവം എന്ന ഗ്രന്ഥത്തിലുള്ളത്. ഒനീലിന്റെ ലോകത്തേക്കും അമേരിക്കൻ നാടകവേദിയിലേക്കുമുള്ള ഒരു മാനസിക യാത്രയാണ് ഈ ഗ്രന്ഥം. ഭാവദീപ്തി എന്ന കൃതി ഏതാനും ഉപന്യാസങ്ങളുടെ സമാഹാരമാണ്. മലയാളസാഹിത്യത്തിലെ ശ്രദ്ധേയരായ ഏതാനും നോവൽ രചയിതാക്കളെക്കുറിച്ച് അവരുടെ മുഖ്യകൃതികൾ അവലംബമാക്കി നടത്തിയ പഠനമാണ് നോവൽ മലയാളത്തിൽ എന്ന കൃതി. തകഴി മുതൽ മുകുന്ദൻ വരെ, രാപ്പാടികൾ, കുമാരനാശാൻ എന്നിവയാണ് ഇതര കൃതികൾ.

അവലംബംതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കെ. അശോകൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കെ._അശോകൻ&oldid=2281838" എന്ന താളിൽനിന്ന് ശേഖരിച്ചത്