കെ.പി. ജാനകി അമ്മാൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടിയിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു കെ.പി. ജാനകി അമ്മാൾ. ഓൾ ഇന്ത്യാ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു. [1] 1967-ൽ മധുരൈ ഈസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്നും തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [2]
ആദ്യകാല ജീവിതം
തിരുത്തുക1917-ൽ പദ്മനാഭന്റെയും ലക്ഷ്മിയുടെയും മകളായി ജനിച്ചു. ബാല്യകാലത്ത് കുടുംബം ദാരിദ്ര്യത്തിലായിരുന്നു. ജാനകി അമ്മാളിന് എട്ട് വയസ്സ് പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. ഇതിനെത്തുടർന്ന് മുത്തശ്ശിയാണ് ജാനകി അമ്മാളിനെ വളർത്തിയത്. പ്രാഥമിക വിദ്യാഭ്യാസത്തിനിടെ എട്ടാം ക്ലാസിൽ വച്ച് സംഗീതം അഭ്യസിക്കുന്നതിനായി സ്കൂൾ പഠനം ഉപേക്ഷിക്കുകയുണ്ടായി. കുറച്ചു കാലം പളനിയപ്പ പിള്ളൈ ബോയ്സ് കമ്പനിയിൽ 25 രൂപ ശമ്പളത്തിന് ജോലിയും ചെയ്തിരുന്നു. ഇതിനുശേഷം ഏതാനും വർഷങ്ങൾ ചില ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. കൂടാതെ പരിപാടികളും അവതരിപ്പിച്ചിരുന്നു. എസ്.എസ്. വിശ്വനാഥദാസിനോടൊപ്പം നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം പരിപാടികളിൽ ജാതിപരമായ അയിത്തവുമായി ബന്ധപ്പെട്ടവയായിരുന്നു ജാനകി അമ്മാൾ അവതരിപ്പിച്ചിരുന്നത്. [2]
തന്റെ ട്രൂപ്പിലെ ഹാർമോണിയം വാദകനായിരുന്ന ഗുരുസ്വാമി നായിഡുവിനെ ജാനകി അമ്മാൾ വിവാഹം ചെയ്തു. [2]
രാഷ്ട്രീയ ജീവിതം
തിരുത്തുകബ്രിട്ടീഷുകാരാൽ അറസ്റ്റ് ചെയ്യപ്പെട്ട ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതയായാണ് ജാനകി അമ്മാൾ അറിയപ്പെടുന്നത്. 1930 - ൽ തിരുനെൽവേലിയിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ബ്രിട്ടീഷ് പോലീസുകാരാൽ അറസ്റ്റ് ചെയ്യപ്പെടുകയും ഒരു വർഷത്തോളം ജയിലിൽ തടവിൽ കഴിയുകയും ചെയ്തു. തിരുച്ചിറപ്പള്ളിയിൽ വച്ച് യുദ്ധ - വിരുദ്ധ പ്രചരണ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ജാനകി അമ്മാൾ രണ്ടാമത് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഡിഫൻസ് ഓഫ് ഇന്ത്യ നിയമത്തിനു കീഴിലാണ് ജാനകി അമ്മാളിനെ അറസ്റ്റ് ചെയ്തത്. [1][3]
വ്യക്തിഗത സത്യാഗ്രഹ പ്രസ്ഥാനത്തിന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തകയായിരുന്നു ജാനകി അമ്മാൾ. [3] 1936 - ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാവുകയും മധുരൈ കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയായി പ്രവർത്തിക്കുകയും ചെയ്തു. ഇതിനു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുകയുണ്ടായി. 1940 - ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി വിഘടിച്ചതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടിയിൽ അംഗമാവുകയും പ്രവർത്തിക്കുകയും ചെയ്തു. [2]
1974 - ൽ ജാനകി അമ്മാളും പൊന്മലൈ പാപ്പാ ഉമാനാഥും ചേർന്നാണ് തമിഴ്നാട് ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷൻ സ്ഥാപിച്ചത്. ജാനകി അമ്മാളായിരുന്നു ഈ സംഘടനയുടെ സ്ഥാപക പ്രസിഡന്റ്. [2]
വ്യക്തി ജീവിതം
തിരുത്തുകഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് തന്റെ സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണത്തിനായും പാർട്ടി പ്രവർത്തകരുടെ ആവശ്യങ്ങൾക്കായും വിൽക്കുകയുണ്ടായി. [2]
1992 മാർച്ച് 1 - ന് ആസ്തമ രോഗം ബാധിച്ചിരുന്ന കെ.പി. ജാനകി അമ്മാൾ അന്തരിച്ചു. [2]