തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ കൂവഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കൂത്താണ്ടവർ കോവിൽ. ഇന്ത്യയിലെ ഹിജഡകളുടെ വാർഷിക സംഗമ കേന്ദ്രമാണ് ഈ ക്ഷേത്രം. ഹിജഡകളുടെ ആരാധന മൂർത്തിയായ അറവാൻ (ഇരാവാൻ) ഇവിടെ കുടി കൊള്ളുന്നുവെന്ന് വിശ്വസിക്കുന്നു.[1][2]

കൂത്താണ്ടവർ പ്രതിഷ്ഠയുമായി ഗ്രാമം ചുറ്റുന്നു
കൂത്താണ്ടവർ കോവിലിൽ നിന്നും;

അറവാന്റെ പത്നിയാകാൻ മോഹിച്ചാണ് പെണ്മനസുമായി ഹിജഡകൾ എത്തുന്നത്. ചിത്രാ മാസത്തിലാണ് ഇവിടെ ഉത്സവം ആരംഭിക്കുന്നത്. ചിത്രാ പൗർണമിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങുകൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും നിരവധി ഹിജഡകൾ എത്തിച്ചേരുന്നു. ക്ഷേത്രാധിഷ്ഠയായ അറവാനിൽ നിന്ന് മഞ്ഞളിൽ മുക്കിയ താലിച്ചരട് സ്വീകരിക്കുന്നതോടെ ഉത്സവം ആരംഭിക്കുന്നു. കുളിച്ച് ശരീര ശുദ്ധിയാക്കി ഒപ്പം ആടയാഭരണങ്ങളും അണിഞ്ഞ് ഹിജഡകൾ ക്ഷേത്രത്തിൽ പ്രവേശിക്കും. തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും ധരിച്ചാണ് ഇവർ എത്തുക. ഇങ്ങനെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഇവർക്ക് പൂജാരി മഞ്ഞൾ താലിച്ചരട് ചാർത്തി നൽകുന്നതോടെ ഇവർ അറവാന്റെ വധുക്കളാകുന്നു. രാത്രി മുഴുവൻ ആട്ടവും പാട്ടുമായി ക്ഷേത്രമുറ്റത്ത് ചിലവഴിക്കുന്നു. നേരം വെളുക്കുന്നതോടെ ഈ സന്തോഷം കെട്ടടങ്ങുകയും യുദ്ധത്തിൽ മരണം വരിച്ച അറവാന്റെ ഓർമ്മയിൽ ഇവർ സങ്കടപ്പെടുകയും ചെയ്യുന്നു. അറവാൻ മരണപ്പെട്ടതിനാൽ വിധവകളായി മാറിയ ഹിജഡകൾ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തെത്തി താലിച്ചരട് മുറിച്ചു മാറ്റുകയും കുപ്പിവള ഉടയ്ക്കുകയും ചെയ്യുന്നു. വൈധവ്യപ്രതീകമായി നെറ്റിയിലെ കുങ്കുമം മായ്ക്കും. പിന്നീട് കൂട്ടത്തോടെ പൊട്ടിക്കരഞ്ഞ് കടവിലെത്തിക്കുളിച്ച് ദേഹശുദ്ധി വരുത്തുന്നു.[1][2]

ഐതിഹ്യം തിരുത്തുക

ഈ ക്ഷേത്രത്തിലെ ആചാരാങ്ങളും അഷ്ഠാനങ്ങളും മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. അർജുനന്റെ നാലു മക്കളിൽ ഒരുവനാണ് അറവാൻ എന്ന കൂത്താണ്ടവർ. എന്നാൽ മഹാഭാരതകഥയിൽ അറവാന് അധികം പ്രാധാന്യമില്ല. അറവാൻ തനിക്ക് കുരുക്ഷേത്രത്തിൽ പോകും മുൻപ് വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ യുദ്ധത്തിൽ പെട്ട് മരണം വരിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ആരും വിവാഹത്തിനു തയ്യാറായില്ല. മോഹിനിയുടെ രൂപത്തിലെത്തിയ മഹാവിഷ്ണു അറവാനെ വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് യുദ്ധത്തിനു പുറപ്പെട്ട അറവാൻ യുദ്ധം ആരംഭിച്ച് എട്ടാം ദിവസം സൂര്യോദ്യത്തിനു മുൻപായി മരിച്ചുവീണു. ആരും വിവാഹം കഴിക്കാൻ ഒരുക്കമല്ലാതിരുന്ന അറവാനെ വിവാഹം ചെയ്യാൻ തങ്ങൾ തയ്യാറാണെന്നാണ് ക്ഷേത്രത്തിലെത്തി മംഗല്യസൂത്രമണിയുന്നതിലൂടെ ഹിജഡകൾ വ്യക്തമാക്കുന്നത്.[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "കൂവഗത്തെ അറവാൻറെ വധു, നാട്ടിൽ അനഭിമിതർ, ഹിജഡകൾ". ഇന്ത്യാവിഷൻ. Archived from the original on 2015-03-10. Retrieved 11 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 "തുളുമ്പി വരാത്ത കരച്ചിൽ, ഒരു മലയാളി ഹിജഡയുടെ കഥയും മറ്റ് ആത്മകഥകളും". മാതൃഭൂമി. Archived from the original on 2015-03-11. Retrieved 11 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൂത്താണ്ടവർ_കോവിൽ&oldid=3971305" എന്ന താളിൽനിന്ന് ശേഖരിച്ചത്