കേരളത്തിലെ പ്രശസ്തനായ ഒരു പഞ്ചവാദ്യ വിദ്വാനായിരുന്നു കഴൂർ നാരായണ മാരാർ(25 മേയ് 1925 - 11 ഓഗസ്റ്റ് 2011).തൃശ്ശൂർ ജില്ലയിലെ മാള കുഴൂർ സ്വദേശിയായിരുന്നു. പഞ്ചവാദ്യത്തിലെ നാരായണ മാരാരുടെ സമഗ്ര സംഭാവന പരിഗണിച്ച് ഭാരതസർക്കാർ 2010-ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു[1]. പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ചതും ഇദ്ദേഹത്തിനാണ്. ഏഴ്‌ പതിറ്റാണ്ടോളം പൂരപറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു മാരാർ.

കുഴൂർ നാരായണ മാരാർ
ജനനംമേയ് 25, 1925
മരണംഓഗസ്റ്റ് 11, 2011 (വയസ്സ് 86)
പുരസ്കാരങ്ങൾപത്മഭൂഷൺ -2010

ജീവിതരേഖ തിരുത്തുക

1925 മേയ് 25-ന് (കൊല്ലവർഷം 1100 ഇടവം 12, മകയിരം നക്ഷത്രം) മാണിക്യമംഗലം വടക്കിനി മാരാത്ത്‌ കൊച്ചുപിള്ള കുറുപ്പിന്റെയും കുഴൂർ നെടുപറമ്പത്ത്‌ കുഞ്ഞിപ്പിള്ള അമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച നാരായണ മാരാർ, അഞ്ചാമത്തെ വയസ്സിൽ അച്ഛൻ മാണിക്കമംഗലം കൊച്ചുപിള്ള കുറുപ്പിന് കീഴിൽ പരിശീലനം ആരംഭിച്ചു.[2] കൊഴക്കരപ്പിള്ളി രാമമാരാർ കേളിയും എരവിപുരത്ത്‌ അപ്പുമാരാരും പെരുമ്പിള്ളി കേശവമാരാരും തിമിലയും അഭ്യസിപ്പിച്ചു. തായമ്പകയിലെ ഗുരു മാണിക്യമംഗലം നാരായണമാരാരാണ്‌.

കുഴൂർത്രയം തിരുത്തുക

ജ്യേഷ്ഠനായ കുട്ടപ്പമാരാർ, അനുജനായ ചന്ദ്രൻ മാരാർ എന്നിവർക്കൊപ്പം നാരായണമാരാരും ചേർന്ന് പഞ്ചവാദ്യത്തിന്‌ പുതിയ ശൈലി നൽകി. കുഴൂർ ത്രയം എന്നറിയപ്പെട്ട ഇവർ പൂരങ്ങളിൽ അവിഭാജ്യഘടകമായി. പഞ്ചവാദ്യത്തിലെ പ്രസിദ്ധമായ മൂന്ന് ത്രയങ്ങളിലൊന്നായിരുന്നു കുഴൂർ ത്രയം. അന്നമനട, പല്ലാവൂർ എന്നീ ത്രയങ്ങളായിരുന്നു മറ്റുള്ളവ. ഇവർ ഒമ്പതുപേരും ഇന്ന് ജീവിച്ചിരിപ്പില്ല.

തൃശൂർ പൂരത്തിൽ തിരുത്തുക

തൃശ്ശൂർ പൂരത്തിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്കുവേണ്ടി ഇദ്ദേഹം വാദ്യമേളത്തിൽ പങ്കെടുത്തിട്ടുണ്ട്. 19 വയസു മുതൽ തൃശൂർപൂരത്തിൽ കൊട്ടിത്തുടങ്ങി. 41 വർഷക്കാലം പാറമേക്കാവ്‌ വിഭാഗത്തിൽ പങ്കെടുത്തു. ഇതിൽ 20 വർഷം പ്രമാണ്യവുമായിരുന്നു. 60-ാമത്തെ വയസിലാണ്‌ തൃശൂർ പൂരത്തിൽ നിന്നും പിന്മാറിയത്‌.[3]

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മഭൂഷൺ - 2010 (പഞ്ചവാദ്യം)
  • പല്ലാവൂർ പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി അവാർഡ്
  • പഞ്ചവാദ്യകുലപതി സ്ഥാനം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-18. Retrieved 2011-08-11.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-12. Retrieved 2011-08-11.
  3. "വാദ്യകുലപതി കുഴൂർ നാരായണമാരാർ അരങ്ങൊഴിഞ്ഞു". ജനയുഗം. Retrieved 2013 ഓഗസ്റ്റ് 17. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കുഴൂർ_നാരായണ_മാരാർ&oldid=4005431" എന്ന താളിൽനിന്ന് ശേഖരിച്ചത്