കുനിശ്ശേരി കുമ്മാട്ടി
പാലക്കാട് ജില്ലയുടെ തെക്കുവശത്തുള്ള ഒരു ഗ്രാമമായ കുനിശ്ശേരിയിലെ പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും നടത്തീ വരാറുള്ള കുമ്മാട്ടി മഹോത്സവം ആണ് കുനിശ്ശേരി കുമ്മാട്ടി. കുനിശ്ശേരിയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണിത്. എല്ലാ വർഷവും മീനമാസത്തിലെ പുണർതം നാളിൽ പൂക്കുളത്തിയുടെ പിറന്നാൾ കൊണ്ടാടുന്നതാണ് ഈ ഉൽസവത്തിലെ ഐതിഹ്യം.
കുനിശ്ശേരി
തിരുത്തുകപാലക്കാട് പട്ടണത്തിൽ നിന്നും കൊടുവായൂർ വഴി വടക്കഞ്ചേരി തൃശൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയിൽ 22 കിലോമീറ്റർ മാറി ആലത്തൂരിനടുത്താണ് കുനിശ്ശേരി
ഐതിഹ്യം
തിരുത്തുകപണ്ട്, കോഴിക്കോട് സാമൂതിരി പല പ്രദേശങ്ങളും യുദ്ധം ചെയ്ത് വെട്ടിപ്പിടിച്ച് അവസാനം കുനിശ്ശേരിയിലും വന്നു. മൂന്നു ദിവസം യുദ്ധം ചെയ്തിട്ടും സാമൂതിരിയുടെ ഇത്രയും വലിയ പടയ്ക്ക് ഇന്നാട്ടുകാരെ തോൽപ്പിക്കാനായില്ല. സാമൂതിരി കൊട്ടാരം ജ്യോത്സ്യരെ വിളിച്ച് പ്രശ്നം വച്ചു നോക്കി. അപ്പോഴാണ് അറിയുന്നത്, ഇവിടുത്തെ ദേവിയായ പൂക്കുളത്തിയുടെ അനുഗ്രഹമുള്ളതു കൊണ്ടാണ് ഇവിടുത്തെ നായന്മാരെയും അവരുടെ അനുയായികളെയും തോൽപ്പിക്കാൻ കഴിയാത്തതെന്ന്. അവസാനം സാമൂതിരി രാജാവ് പൂക്കുളത്തിയുടെ മുന്നിൽ വന്ന് വ്യസനമറിയിച്ചു: “ദേവി, ഒരു രാജാവായ ഞാൻ, ഈ ചെറു ഗ്രാമത്തെ ജയിക്കാനായില്ലെങ്കിൽ അതെനിക്ക് നാണക്കേടാണ്, അതുകൊണ്ട് എന്നെ രക്ഷിക്കണം. ഞാൻ എന്തു വേണമെങ്കിലും ചെയ്തുതരാം, എന്റെ പടയ്ക്ക് ഈ യുദ്ധം ജയിക്കണം.” ദേവി അങ്ങനെ സ്വന്തം ഭക്തരെ സാമൂതിരിക്ക് വേണ്ടി കുരുതി കൊടുത്തു. ഇതിന്റെ നന്ദിപുരസ്സരമായി സാമൂതിരി ദേവിയുടെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ വർഷവും എത്താറുണ്ടായിരുന്നു.
ഒരുതവണ അദ്ദേഹത്തിന് സമയത്ത് എത്താൻ കഴിയാതെ പോയി. അപ്പോൾ രാജാവിന്റെ ആവശ്യപ്രകാരം ഒടിവേല ചെയ്യുന്ന ഒരാൾ ഒടിയനായി സാമൂതിരിയുടെ വേഷത്തിൽ കോഴിക്കോട്ടു നിന്ന് കുനിശ്ശെരിയിൽ എത്തി കുമ്മാട്ടി മാമാങ്കം നടത്തി. ഇത് ഐതിഹ്യം. ഇപ്പോഴും രാജാവായി ഒരാൾ വരും, നാട്ടുകാരിലൊരാൾ ആ വേഷം കെട്ടുമെന്ന് മാത്രം!!
കുമ്മാട്ടി ഉത്സവം
തിരുത്തുകപൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് കുമ്മാട്ടി ഉത്സവം നടക്കുക.
പാലക്കാടൻ നായന്മാരുടെ ഒരു നാടൻ കലയായ കണ്യാർകളി ഈ ഉത്സവത്തോട് അനുബന്ധിച്ചു നടക്കുന്നു. ഇത് ഉത്സവത്തിന്റെ ഒരു പ്രധാന ആകർഷണമാണ്.
കുമ്മാട്ടി ഉത്സവ ദിവസം നെറ്റിപ്പട്ടം കെട്ടിയ 10 ആനകൾ ഘോഷയാത്രയിൽ പങ്കെടുക്കുന്നു. ഉത്സവത്തിന്റെ തലേദിവസമാണ് തനതുകലയായ കന്യാര്കളി നടക്കുക. ഈ പ്രദേശം പണ്ടുകാലത്ത് കൊങ്ങനാടിന്റെ നിരന്തരമായ ആക്രമണ ഭീഷണിയിലായിരുന്നു. കന്യാർകളിയുടെ ഉൽഭവം ഈ പ്രദേശത്ത് അന്ന് പരിശീലിച്ചിരുന്ന ആയോധന കലകളില് നിന്നാണ്. ആയോധന കലകളുടെ പരിശീലനത്തിന് വീര്യം കൂട്ടുവാനും നിറം പകരുവാനും നൃത്തവും ഹാസ്യവും പരിശീലനത്തിൽ ഇടകലർത്തിയിരുന്നു. കളരിപ്പയറ്റിന്റെ ചടുല നീക്കങ്ങളും നാടോടി നൃത്തങ്ങളുടെ താളാത്മകതയും ഈ കലാരൂപത്തിൽ ഒത്തുചേരുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ക്ഷേത്രങ്ങളിലും തറകളിലും കന്യാർകളി നടത്തുന്നത്. നൃത്തത്തിന് അകമ്പടിയായി നാടോടിപ്പാട്ടുകളും വാദ്യോപകരണങ്ങളും ഉണ്ടാവും.