കുഞ്ചൈക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ
കുഞ്ചൈക്കുട്ടി പിള്ള പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്നത്തെ കേരളത്തിന്റെ ഭാഗമായ തിരുവിതാംകൂറിന്റെ സൈന്യത്തിലെ ഒരു യോദ്ധാവ് ആയിരുന്നു . (അദ്ദേഹം "കാളിക്കുട്ടി പിള്ള" എന്ന പേരിലും അറിയപ്പെട്ടിരുന്നു). തിരുവിതാംകൂർ രാജ്യത്തിലെ രാജാക്കന്മാരായ രാമവർമ്മ യുടെയും ബാലരാമ വർമ്മയുടെയും ഭരണകാലത്തു അദ്ദേഹം "സർവ്വാധികാര്യക്കാർ" ( സേനാധിപൻ ) ആയി അറിയപ്പെട്ടിരുന്നു. രാജാ കേശവദാസൻ ആയിരുന്നു അന്നത്തെ ദിവാൻ.
മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെതിരായ തിരുവിതാംകൂറിന്റെ യുദ്ധങ്ങളിൽ കുഞ്ചൈക്കുട്ടി പിള്ള നിർണായക പങ്ക് വഹിച്ചു. തിരുവിതാംകൂർ കീഴടക്കാനുള്ള ടിപ്പു സുൽത്താന്റെ ആദ്യത്തെ ശ്രമം ആയ 1789-ഡിസംബറിലെ നെടുംകോട്ട യുദ്ധത്തിൽ ടിപ്പു സുൽത്താന്റെ സൈന്യത്തിനെതിരെ വൈക്കം പദ്മനാഭ പിള്ളക്കൊപ്പം അദ്ദേഹം പോരാടി. പിന്നീട് നെടുംകോട്ട യുദ്ധത്തിൽ പരിക്കേറ്റു തിരിച്ചു പോയ ടിപ്പു 1790 -ൽ വീണ്ടും മഴക്കാലത്ത് തിരുവിതാംകൂറിനെ ആക്രമിക്കാൻ എത്തിയപ്പോൾ പെരിയാർ നദിയിലെ ഒരു അണക്കെട്ടു തുറന്നു വിട്ടു ടിപ്പുവിന് നാശനഷ്ടങ്ങൾ ഉണ്ടാക്കി പിന്തിരിപ്പിച്ചതിലും അദ്ദേഹം പങ്കു വഹിച്ചു[1]. കുഞ്ചൈക്കുട്ടിപ്പിള്ള കൊല്ലവർഷം 969 ഇൽ (A D 1794 ) മരിച്ചതായി പറയപ്പെടുന്നു [2]
കുഞ്ചൈക്കുട്ടിപ്പിള്ള ആലപ്പുഴ ജില്ലയിൽ പള്ളിപ്പാട്ടു നാടാലയ്ക്കൽ തറവാട്ടിൽ നിന്ന് വിവാഹം കഴിച്ചതായി പറയപ്പെടുന്നു. ആലപ്പുഴ ജില്ലയിൽ ഏവൂർ എന്ന സ്ഥലത്തു അദ്ദേഹത്തിന്റെ പിൻഗാമികൾ ആയ പൊൻവേലിൽ കുടുംബക്കാർ അദ്ദേഹത്തിന്റെ പ്രതിഷ്ഠ ഉള്ള ഒരു ക്ഷേത്രം ഉണ്ടാക്കിയിട്ടുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഉടവാൾ പ്രദർശിപ്പിച്ചിട്ടുണ്ട്.