കേരളത്തിലെ പ്രശസ്ത കഥകളി നടനായിരുന്നു കീഴ്പ്പടം കുമാരൻ നായർ (ജനനം: 1915, മരണം: 2007 ജൂലൈ 26).

കീഴ്പ്പടം കുമാരൻ നായർ

ജീവിതരേഖ

തിരുത്തുക

പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമത്തിൽ കീഴ്പ്പടത്തിൽ ലക്ഷ്മിയമ്മയുടെയും പുത്തൻ മഠത്തിൽ രാവുണ്ണിനായരുടെയും മകനായി 1915-ൽ ജനിച്ചു. പ്രശസ്ത കഥകളി ആചാര്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ശിക്ഷണത്തിൽ 5-ആം വയസ്സിൽ കുമാരൻ നായർ കഥകളി പഠിച്ചു തുടങ്ങി. 14 വർഷം രാവുണ്ണിമേനോന്റെ കീഴിൽ കഥകളി അഭ്യസിച്ചതിനു ശേഷം കോട്ടയ്ക്കൽ കഥകളി സംഘത്തിൽ അദ്ധ്യാപകനായി. കാന്തള്ളൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ സുഭദ്രാഹരണം അവതരിപ്പിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. കോട്ടയ്ക്കൽ കഥകളി സംഘത്തിലെ അദ്ധ്യാപനത്തിനുശേഷം തമിഴ്നാട്ടിലെ മദ്രാസിൽ ആദ്യകാല തമിഴ് നടൻ രഞ്ജനെ കഥകളി പഠിപ്പിച്ചു. മഹാകവി വള്ളത്തോൾ കലാമണ്ഡലം ആരംഭിച്ചപ്പോൾ കുമാരൻ നായർ അവിടെ അദ്ധ്യാപകനായി. അഭിപ്രായവ്യത്യാസങ്ങൾ കാരണം കലാമണ്ഡലത്തിൽ നിന്നും കുമാരൻ നായർ രാജിവെച്ചു. പി.എസ്.സി നാട്യസംഘത്തിലും ചുനങ്ങാട് കലാസദനത്തിലും, വാരണക്കോട്ട് കളിയോഗത്തിലും, പേരൂർ ഗാന്ധി സദനത്തിലും പിന്നീട് കഥകളി ആശാനായി. ന്യൂദൽഹിയിലെ അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ അദ്ധ്യാപകനായി പ്രവർത്തിച്ചത് അദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തനാക്കി. കഥകളി മുദ്രയിൽ കീഴ്പ്പടം ശൈലി തന്നെ രൂപപ്പെട്ടു. പരന്നവായനയും മനനവും കീഴ്പ്പടത്തെ അരങ്ങിലും പുറത്തും പ്രഗൽഭനാക്കി.

കത്തി, പച്ച, മിനുക്ക് വേഷങ്ങളിൽ അദ്ദേഹം 60 വർഷങ്ങളോളം അദ്ദേഹം കഥകളിയാടി. കീഴ്പ്പടത്തിന്റെ ഏറ്റവും പ്രശസ്ത കഥാപാത്രം ഹനുമാൻ വേഷമാണ്.

പുരസ്കാരങ്ങൾ

തിരുത്തുക

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സംസ്ഥാന അക്കാദമികളുടെ റിസർച്ച് ഫെലോഷിപ്പ്, ദേവീപ്രസാദം ട്രസ്റ്റ് പുരസ്കാരം, വള്ളത്തോൾ സുവർണ്ണമുദ്ര തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ കുമാരന് നാ‍യരെ തേടിയെത്തി. 2004-ൽ ഇന്ത്യാ സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ഷാജി എൻ.കരുണിന്റെ രാജ്യാന്തര ശ്രദ്ധ നേടിയ വാനപ്രസ്ഥം എന്ന സിനിമയിൽ മോഹൻലാലിന്റെ ഗുരുവായി അഭിനയിച്ചിട്ടുണ്ട്. 1954-ൽ എം.ജി.ആർ. സിനിമയായ ഭസ്മാസുര മോഹിനിയുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചതും കീഴ്പ്പടമാണ്. കളിവിളക്ക് എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.

കണ്ണൂർ മാവിലായി കടയിപ്പുറത്ത് ഗൌരിക്കുട്ടിയമ്മയാണ് ഭാര്യ. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ 2007 ജൂലൈ 26-നു ആയിരുന്നു മരണം. സംസ്കാരം പാമ്പാടി ഐവർ മഠത്തിൽ സംസ്ഥാന ബഹുമതികളോടെ നടന്നു.

"https://ml.wikipedia.org/w/index.php?title=കീഴ്പ്പടം_കുമാരൻ_നായർ&oldid=3628476" എന്ന താളിൽനിന്ന് ശേഖരിച്ചത്