കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള
കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള (ജീവിതകാലം : 1929 – 1995) നായർ സർവ്വീസ് സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. എൻ.എസ്.എസിൻറെ യശസ്സ് വാനോളമുയർത്തിയ ഒരു മഹദ് വ്യക്തിയായി അദ്ദേഹം അറിയപ്പെടുന്നു. 1972 ൽ തുടങ്ങി ഏറെക്കാലം നായർ സർവ്വീസ് സൊസൈറ്റിയുടെ മുഖപത്രവും പിന്നീട് വാരികയുമായ സർവ്വീസിൻറെ പത്രാധിപരായി അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. കേരള സർവ്വകലാശാലയുടെ സെനറ്റ് അംഗം, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഓൾ കേരള പ്രൈവറ്റ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റായും ഗുരുവായൂർ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974 ൽ കെ.പി. രാമചന്ദ്രൻ നായർ, കളത്തിൽ വേലായുധൻ നായർ, ആറന്മുള കേശവൻ നായർ എന്നിവരോടൊപ്പം ചേർന്ന് അദ്ദേഹം നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി.) സ്ഥാപിച്ചു. 1983 ൽ അദ്ദേഹത്തിന്റെ കഴിവുകൾക്കുള്ള അംഗീകാരമായി സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ടതോടെ അദ്ദേഹം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാകുകയും പിൻഗാമിയായി പി.കെ. നാരായണപ്പണിക്കർ എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. 1995-ൽ അദ്ദേഹം അന്തരിച്ചു.
കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള | |
---|---|
എൻ.എസ്.എസിന്റെ 8-മത്തെ ജനറൽ സെക്രട്ടറി | |
ഓഫീസിൽ 1967 - 1983 | |
പിൻഗാമി | പി.കെ. നാരായണപ്പണിക്കർ |
ഓഫീസിൽ . | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗോപാലകൃഷ്ണപിള്ള 1929 കിടങ്ങൂർ, കോട്ടയം കേരളം |
മരണം | 1995 കിടങ്ങൂർ, കോട്ടയം |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | എൻ.ഡി.പി. |
മാതാപിതാക്കൾs | നാരായണ കൈമൾ, ഗൌരിക്കുട്ടിയമ്മ |
വസതിs | കിടങ്ങൂർ, കോട്ടയം, കേരളം |
ജോലി | അഭിഭാഷകൻ, സാമുദായിക നേതാവ് |
ജീവിതരേഖ
തിരുത്തുക1929 ൽ നാരായണ കൈമളുടേയും ഗൌരിക്കുട്ടിയമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് ഗോപാലകൃഷ്ണപിള്ള ജനിച്ചത്. ഒരു പ്രമുഖ അഭിഭാഷകനായി അറിയപ്പെട്ടിരുന്ന അദ്ദേഹം 1954 മുതൽ പ്രാക്ടീസ് ആരംഭിച്ചു. വിദഗ്ദ്ധനായ ഭരണാധികാരിയും പരിചയസമ്പന്നനും പ്രഗത്ഭനുമായ സംഘാടകനും മികച്ച വാഗ്മിയും അസമാന്യമായ വാക്ചാതുര്യവുമുള്ള ഒരു സമുദായ നേതാവുമായിരുന്ന അദ്ദേഹം. 1967-ൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർച്ചയായി നാല് തവണയായി ആ സ്ഥാനത്ത് തുടർന്നു. അദ്ദേഹത്തിൻറെ ഭരണ കാലഘട്ടം എൻ.എസ്.സിന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.