കായംകുളം കൊച്ചുണ്ണി

പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവ്

പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നു കായംകുളം കൊച്ചുണ്ണി. മോഷ്ടാവായിരുന്നെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്കർത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുക സാധാരണമാണ്‌. ധനവാന്മാരിൽ നിന്ന് വസ്തുവകകൾ അപഹരിച്ചെടുത്ത് പാവങ്ങൾക്ക് നൽകുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു.[1] കായംകുളത്ത് ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടർച്ച അവകാശപ്പെടുന്നു.[2] കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല പോലുള്ള രചനകളും തലമുറകളിലൂടെ വാമൊഴിയായി പകർത്തെത്തിയ കഥകളും, കേരളീയരുടെ ഓർമ്മയിൽ കൊച്ചുണ്ണി മായാതെ നിൽക്കാൻ കാരണമായി.

കായംകുളം കൊച്ചുണ്ണി
ജനനം
കൊച്ചുണ്ണി

(1818-08-01)ഓഗസ്റ്റ് 1, 1818
മരണംസെപ്റ്റംബർ 18, 1859(1859-09-18) (പ്രായം 41)
ദേശീയതIndian

സാമർത്ഥ്യം തിരുത്തുക

മോഷണത്തിൽ കൊച്ചുണ്ണിക്കുണ്ടായിരുന്ന സാമർത്ഥ്യത്തെക്കുറിച്ച് അനേകം കഥകൾ പ്രചാരത്തിലുണ്ട്. കായംകുളത്ത് പുതുപ്പള്ളി പഞ്ചായത്തിലെ വാരണപ്പള്ളി തറവാട്ടിൽ കൊച്ചുണ്ണി നടത്തിയതായി പറയപ്പെടുന്ന മോഷണത്തിന്റെ കഥ പ്രസിദ്ധമാണ്‌. കുടുംബസുഹൃത്തായിരുന്ന കൊച്ചുണ്ണിയെ, തന്റെ വീട്ടിൽ നിന്ന് മോഷണം നടത്താൻ തറവാട്ടു കാരണവർ വെല്ലുവിളിച്ചതാണ്‌ ഈ മോഷണത്തിന്‌ കാരണമായതായി പറയപ്പെടുന്നത്. തറവാട്ടു തിണ്ണയിൽ കാരണവരോടൊപ്പം മുറുക്കും സംഭാഷണവുമായി ഇരുന്ന കൊച്ചുണ്ണി, പൂമുഖവാതിലിനകത്തെ സാക്ഷയുടെ സ്ഥാനം മനസ്സിലാക്കി പുറത്ത് ചുണ്ണാമ്പു കൊണ്ട് അടയാളപ്പെടുത്തിയെന്നും അന്നു രാത്രി അവിടം തുരന്നു മോഷണം നടത്തിയശേഷം പിറ്റേന്ന് മുതൽ തിരികെ നൽകിയെന്നുമാണ്‌ കഥ. കൊച്ചുണ്ണിയുടെ കൗശലത്തിന്റെ സാക്ഷ്യമായി ആ വാതിൽ ഇപ്പോഴും തറവാട്ടിൽ സൂക്ഷിച്ചുപോരുന്നു.[2]

അറസ്റ്റ് തിരുത്തുക

കൊച്ചുണ്ണിയുടെ പ്രവർത്തനങ്ങൾ അതിരുവിട്ടപ്പോൾ ഏതുവിധത്തിലും അയാളെ പിടിക്കാൻ ദിവാൻ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാതിരുന്നാൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി ലഭിച്ച കാർത്തികപ്പള്ളി തഹസീൽദാർ, കൊച്ചുണ്ണിയുമായി ബന്ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ചതിയിൽ അറസ്റ്റു ചെയ്യിച്ചെങ്കിലും തടവുചാടിയ അയാൾ, അറസ്റ്റു ചെയ്ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു. കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട് കിട്ടിയത് മറ്റൊരു തഹസീൽദാരായ കുഞ്ഞുപ്പണിക്കർക്കാണ്‌. ഇക്കാര്യത്തിൽ തഹസീൽദാർ, കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന മമ്മത്, വാവ, വാവക്കുഞ്ഞ്, നൂറമ്മദ്, കുഞ്ഞുമരയ്ക്കാർ, കൊച്ചുകുഞ്ഞുപിള്ള, കൊച്ചുപിള്ള എന്നിവരുടെ സഹായം തേടി. കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, സൽക്കാരത്തിനിടെ മരുന്നു കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷമാണ്‌ ഇത്തവണ കൊച്ചുണ്ണിയെ അറസ്റ്റു ചെയ്തത്.

മരണം തിരുത്തുക

പിടിയിലായ കൊച്ചുണ്ണിയെ കനത്ത കാവലിൽ ജലമാർഗ്ഗം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. അവിടെ 91 ദിവസത്തെ ജയിൽ‌വാസത്തിനൊടുവിൽ ക്രി.വ. 1859-ലെ കന്നിമാസമായിരുന്നു(സെപ്തംബർ-ഒക്ടോബർ) മരണം. അപ്പോൾ കൊച്ചുണ്ണിയ്ക്ക് 41 വയസ്സായിരുന്നു. തിരുവനന്തപുറം പേട്ട ജുമാ മസ്‌ജിദിലാണ്‌ കൊച്ചുണ്ണിയെ കബറടക്കിയതെന്ന് പറയപ്പെടുന്നു.[2]

സിനിമയും മറ്റും തിരുത്തുക

റോബിൻ ഹുഡിന്റെ പരിവേഷമുള്ള കൊച്ചുണ്ണിയെ സംബന്ധിച്ച നിരവധി കഥകൾ കേരളീയരുടെ സ്മൃതിസഞ്ചയത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. മുത്തശ്ശിക്കഥകൾക്കെന്നപോലെ നാടകത്തിനും, സിനിമയ്ക്കും, ടെലിവിഷൻ സീരിയലുകൾക്കും ഒക്കെ കൊച്ചുണ്ണി വിഷയമായി. 1966-ൽ നിർമ്മിച്ച കായംകുളം കൊച്ചുണ്ണി എന്ന ചലചിത്രത്തിൽ നായകവേഷമിട്ടത് പ്രമുഖ നടൻ സത്യൻ ആയിരുന്നു. പ്രസിദ്ധ ഗായകൻ യേശുദാസ് ഇതിൽ കൊച്ചുണ്ണിയുടെ സഹോദരീഭർത്താവ് സുറുമവില്പനക്കാരനായി അഭിനയിച്ചു.[2]

2018ൽ നിവിൻ പോളി നായകനായി കായംകുളം കൊച്ചുണ്ണി എന്ന പേരിൽ വീണ്ടും സിനിമ പുറത്തിറങ്ങി.

കൊച്ചുണ്ണിപ്രതിഷ്ഠ തിരുത്തുക

പത്തനം തിട്ട ജില്ലയിൽ കോഴഞ്ചേരി അടുത്തുള്ള ഇടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് മുസ്ലിം മതവിശ്വാസിയായിരുന്ന കൊച്ചുണ്ണിയാണ്‌. മെഴുക്-ചന്ദനത്തിരികൾ, കഞ്ചാവ്, നാടൻ മദ്യം, വെറ്റില, അടയ്ക്ക, പുകയില തുടങ്ങിയവയൊക്കെയാണ്‌ ഇവിടെ കാണിയ്ക്ക. കൊച്ചുണ്ണിയുടെ അലഞ്ഞുതിരിഞ്ഞു നടന്ന ആത്മാവ്, കുറവ സമുദായത്തിൽ പെട്ട ഒരു ഊരാളഷിച്ചതിനെ തുടർന്നാണ്‌ ഈ പ്രതിഷ്ഠ സ്ഥാപിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. മേടമാസത്തിലാണ്‌ ഈ ക്ഷേത്രത്തിലെ ഉത്സവം.[1] [3]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 2007 ആഗസ്റ്റ് 30-ലെ ഹിന്ദു ദിനപത്രത്തിൽ രാധാകൃഷ്ണൻ കുട്ടൂരിന്റെ റിപ്പോർട്ട്, "Now, a shrine for Kayamkulam Kochunni" Archived 2008-03-10 at the Wayback Machine.
  2. 2.0 2.1 2.2 2.3 കായംകുളം കൊച്ചുണ്ണി, 2010 ഏപ്രിൽ 5-ലെ മലയാള മനോരമ ദിനപത്രത്തിൽ ആത്മജവർമ്മ തമ്പുരാൻ എഴുതിയ ലേഖനം Archived 2010-03-05 at the Wayback Machine.
  3. http://www.thehindu.com/news/national/kerala/legendary-thief-now-a-deity-at-kerala-temple/article8001757.ece
"https://ml.wikipedia.org/w/index.php?title=കായംകുളം_കൊച്ചുണ്ണി&oldid=4085823" എന്ന താളിൽനിന്ന് ശേഖരിച്ചത്