കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഇടുക്കി ജില്ലയിലെ ഏക ശിവാലയം കൂടിയാണിത്.[1] വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിന്റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി ആറിന്റെ കിഴക്കേക്കരയിൽ നിലകൊള്ളുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. [2]

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
പടിഞ്ഞാറേ ക്ഷേത്ര ഗോപുരം
പടിഞ്ഞാറേ ക്ഷേത്ര ഗോപുരം
കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം is located in Kerala
കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°53′12″N 76°43′12″E / 9.88667°N 76.72000°E / 9.88667; 76.72000
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ഇടുക്കി
പ്രദേശം:തൊടുപുഴ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ശിവരാത്രി

ഐതിഹ്യം

തിരുത്തുക

അധികം ചരിത്രത്താളുകളിൽ ഒന്നും ഇടം നേടാൻ തൊടുപുഴ കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനായിട്ടില്ല. എന്നിരുന്നാലും 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുണ്ടാവും ഈ മലയോര ശിവക്ഷേത്രത്തിന്. നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായതിനാൽ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിയ്ക്കുന്നു[3]

ചരിത്രം

തിരുത്തുക

ഇവിടെ ക്ഷേത്രം പണിതത് വടക്കുംകൂർ രാജാവിന്റെ കാലത്താണ് എന്നാണ് വിശ്വാസം. [4] മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.

ക്ഷേത്ര നിർമ്മിതി

തിരുത്തുക
 
കിഴക്കേ അമ്പലവട്ടവും, ബലിക്കല്പുരയും

തൊടുപുഴയാരിന്റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. [5] വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്.

ശ്രീകോവിൽ

തിരുത്തുക
 
കാഞ്ഞിരമറ്റം - ശ്രീകോവിൽ

ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു. ഒരു സാധാരണ ശ്രീകോവിലിന്റെ നിർമ്മിതിയാണ്; കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്. ശ്രീകോവിൽ വാതിൽമാടവും, സോപാനവും പിച്ചള പൊതിഞ്ഞ് കമനീയമാക്കിയിട്ടുണ്ട്. അതുപോലെതന്നെ കല്ലിൽ തീർത്ത നാലരയടിയിലേറെ പൊക്കമുള്ള ഈ ദ്വാരപാലക വിഗ്രഹങ്ങളും പിച്ചള പൊതിഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ഇവിടുത്തെ ശ്രീകോവിൽ ചെമ്പ് പൊതിഞ്ഞിട്ടുണ്ട്. അടുത്തക്കാലത്താണ് അതു നടന്നതെന്നു തോന്നത്തക്കവണ്ണം പുതുമയുള്ളതാണിവിടുത്തെ ശ്രീകോവിൽ മേൽക്കൂരയും താഴികകുടവും.

നാലമ്പലം, ബലിക്കൽപ്പുര

തിരുത്തുക
 
തൊടുപുഴ കാഞ്ഞിരമറ്റം ക്ഷേത്രം

കല്ലിൽ കെട്ടി ഉയർത്തിയ ഇവിടുത്തെ നാലമ്പലത്തിന് ഇടത്തരം വലിപ്പമേറിയതാണ്. നാലമ്പല ചുമരുകൾ സിമന്റ് തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. തടിയിൽ തീർത്ത വിളക്കുമാടം നാലമ്പലഭിത്തിയോട് ചേർത്തു ഭംഗിയാക്കി പിടിപ്പിച്ചിരിക്കുന്നു. വിശേഷദിവസങ്ങളിൽ വിളക്കുമാടം തെളിയിക്കാറുപതിവുണ്ട്. നാലമ്പലത്തിന്റെ പടിഞ്ഞാറു വശത്ത് ചതുരാകൃതിയിൽ പണിതീർത്ത നമസ്കാരമണ്ഡപവും വടക്കു കിഴക്കേ നാലമ്പലത്തിൽ തിടപ്പള്ളിയും നിർമ്മിച്ചിരിക്കുന്നു. നാലമ്പലത്തിനോട് ചേർന്നുതന്നെ പടിഞ്ഞാറു വശത്ത് ബലിക്കൽപ്പുരയും നിർമ്മിച്ചിട്ടുണ്ടിവിടെ. വലിയ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത് ഇതിലാണ്. തടികൊണ്ടുള്ള അഴികളാൽ തീർത്ത ചാരുപടികളോടുകൂടിയ ബലിക്കൽപ്പുര തനതു കേരളാ ശൈലിക്കു ഉദാഹരണമാണ്. നാലമ്പലത്തിനു പുറത്തായി പ്രദക്ഷിണ വഴിയും മനോഹരമായി തന്നെ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.

നമസ്കാര മണ്ഡപം

തിരുത്തുക
 
ആനക്കൊട്ടിൽനിന്നും ഉള്ള ദൃശ്യം

മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ സോപാനത്തിനോട് ചേർന്ന് പടിഞ്ഞാറു വശത്ത് ചതുരാകൃതിയിൽ നമസ്കാര മണ്ഡപം പണിതീർത്തിരിക്കുന്നു. കരിങ്കൽതൂണുകളാൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ചെമ്പ് മേഞ്ഞതാണ്. നമസ്കാരമണ്ഡപത്തിൽ സോപാനത്തോട് ചേർന്നുതന്നെ നന്ദികേശ്വര പ്രതിഷ്ഠയുണ്ട്. ഈ നന്തികേശ്വര പ്രതിഷ്ഠയ്ക്കും ഭഗവാനും ഇടയിലൂടെ ആരും മറികടക്കാറില്ല. അതിനോട് ചേർന്നുതന്നെ ആൽവിളക്കും സ്ഥാപിച്ചിരിക്കുന്നു.

ആനക്കൊട്ടിലും ഗോപുരവും

തിരുത്തുക
 
കിഴക്കേനടയിലെ ധ്വജസ്തംഭം

പടിഞ്ഞാറേ നടയിൽ കോൺക്രീറ്റിൽ പടുത്തുയർത്തിയ ആനക്കൊട്ടിൽ ഇടത്തരം വലിപ്പമുള്ളതു മാത്രം. അതിനോടുചേർന്നുതന്നെ കൊടിമരവും സ്ഥിതിചെയ്യുന്നു. പടിഞ്ഞാറേനടയിൽ അതിമനോഹരമായി കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന അലങ്കാര ഗോപുരം ദ്രാവിഡ ശൈലിയിൽ നിർമ്മിച്ചിരിക്കുന്നതാണ്. മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക. ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.

പ്രതിഷ്ഠാമൂർത്തികൾ

തിരുത്തുക

കാഞ്ഞിരമറ്റം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സദാശിവസങ്കല്പത്തിലുള്ള ശിവലിംഗപ്രതിഷ്ഠ. പടിഞ്ഞാറുവശത്തേയ്ക്ക് ദർശനമുള്ളതിനാൽ അത്ര ശാന്തഭാവമല്ല ഭഗവാന് പറയപ്പെടുന്നത്. സദാശിവമൂർത്തിയുടെ രൗദ്രഭാവം വീണ്ടും കുറയ്ക്കാനെന്നോണം തൊടുപുഴയാർ മുൻപിലൂടെ ഒഴുകുന്നു. പാർവ്വതീസാന്നിദ്ധ്യവും ശ്രീലകത്തുണ്ട്.

ഉപദേവപ്രതിഷ്ഠകൾ

തിരുത്തുക
 
ശാസ്താക്ഷേത്രം

പൂജാദി-വിശേഷങ്ങൾ

തിരുത്തുക

നിത്യപൂജകൾ

തിരുത്തുക

ത്രികാലപൂജാവിധികളാണ് ഇവിടെ പടിത്തരമായി നിശ്ചയിച്ചിരിക്കുന്നത്.

  • ഉഷഃപൂജ
  • ഉച്ചപൂജ
  • അത്താഴപൂജ

വിശേഷങ്ങളും ആഘോഷങ്ങളും

തിരുത്തുക

ശിവരാത്രി

തിരുത്തുക
 
ശിവരാത്രിനാളിലെ കാവടിയാട്ടം

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും കാവടി ഘോഷയാത്രയും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതു കണ്ടുതൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.

തിരുവാതിര

തിരുത്തുക

ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.

വിനായക ചതുർത്ഥി

തിരുത്തുക

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥിനാളിലാണ് വിനായക ചതുർത്ഥി' ആഘോഷിക്കുന്നത്. അന്നേദിവസം രാവിലെ വിശേഷാൽ ഗണപതിഹോമം നടത്തുന്നു. പ്രത്യേക പൂജകൾ ഗണപതിനടയിലും ശിവക്ഷേത്രത്തിലും ഉണ്ടാവും. വൈകുന്നേരം ദീപാരാധനക്കു വിളക്കുമാടം ദീപപ്രഭയാൽ തെളിയിക്കുന്നു.

  • തിരുവുത്സവം

ക്ഷേത്രത്തിലെത്തിചേരാൻ

തിരുത്തുക

തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  2. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ: കുഞ്ഞികുട്ടൻ ഇളയത്
  3. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്
  4. ഇൻഡ്യാ9
  5. "കേരളാ ചരിത്രം". Archived from the original on 2008-01-10. Retrieved 2011-05-29.