കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ദലിത് പണ്ഡിതന്മാരിലൊരാളായിരുന്നു കവിയൂർ മുരളി. കേരള നവോത്ഥാനത്തെ സംബന്ധിച്ച് അക്കാദമിക്ക് സമൂഹവും പൊതുസമൂഹവും പുലർത്തിപ്പോന്നിരുന്ന പല ധാരണകളേയും ദലിത് പക്ഷ വായനയുടെ രീതിശാസ്ത്രമുപയോഗിച്ച് ചോദ്യം ചെയ്ത ചിന്തകനായിരുന്നു കവിയൂർ മുരളി. പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് സാഹിത്യത്തിലും ജീവിതത്തിലും ഔദ്യോഗികരംഗത്തും മുരളി നടത്തിയ ഇടപെടലുകൾ മരണാനന്തരമാണെങ്കിലും മുഖ്യധാരാസമൂഹം അംഗീകരിച്ചിട്ടുണ്ട്.

കവിയൂർ മുരളി
Kavyoor Murali.jpg
ജനനം
ദേശീയത ഇന്ത്യ
തൊഴിൽകവി, സാഹിത്യചരിത്രകാരൻ‌
രചനാകാലം1951-2001
സാഹിത്യപ്രസ്ഥാനംദലിത് പഠനം
പ്രധാന കൃതികൾ'ദലിതർക്കെഴുതിയ സുവിശേഷം', 'പുറനാനൂറ്- ഒരു പഠനം', 'ദലിത് ഭാഷ', 'അയ്യങ്കാളിപ്പട', 'ദലിത് സാഹിത്യം', 'മ്യൂണിസംക', 'ദലിത് ഭാഷാനിഘണ്ടു'

ജീവിതരേഖതിരുത്തുക

1931 മാർച്ച് 20-ന് (1106 മീനം 6) ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ ജനിച്ചു. തിരുവനന്തപുരം ഇന്റെർമീഡിയറ്റ് കോളേജ് , തിരുവല്ല മാർത്തോമാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നിർവഹിച്ചു. 1953 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൂർണ്ണസമയ അംഗമായി പ്രവർത്തിച്ചു. പിന്നീട് അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായി മാറി. സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിച്ചു. 2001 ഒക്ടോബർ 20-ന് 70-ആം വയസ്സിൽ അന്തരിച്ചു. ഡൽഹിയിലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ് ലഭിച്ചു.
മലയാള സാഹിത്യ പഠനമേഖലയിലെ മികച്ച സംഭാവനകളുടെ ആദരസൂചകമായി കേരള സാഹിത്യ അക്കാദമിയിലെ ഛായാചിത്രവിഭാഗത്തിൽ‌ 2003 മുതൽ‌ ഛായാചിത്രം പ്രദർ‌ശിപ്പിച്ചിട്ടുണ്ട്.[1]
ഭാര്യ: തങ്കമ്മ, മക്കൾ: ഡാന്റെ, ഡെയ്സ്ൻ, ആശ, ബീസി.[2].

കൃതികൾതിരുത്തുക

1. വയൽ‌ച്ചുള്ളികൾ‌ (കവിത)
2. ദർ‌ശനം (കവിത)
3. ദലിതർക്കെഴുതിയ സുവിശേഷം
4. പുറനാനൂറ്- ഒരു പഠനം
5. ദലിത് ഭാഷ (പഠനം)
6. അയ്യങ്കാളിപ്പട (നോവൽ‌ )
7. ദലിത് സാഹിത്യം
8. ദലിത് ഭാഷാനിഘണ്ടു
9. സുഗന്ധി (നോവൽ‌ )
10. മ്യൂണിസംക (ആത്മകഥ )
11. വെളുത്ത (കവിത)
12. ഞെക്കുവിളക്ക് (ഉപന്യാസസമാഹാരം)

വിദ്യാഭ്യാസവും ജീവിതവുംതിരുത്തുക

വേലത്താൻ ഉതുംകുഴി ചീരന്റെയും വളോത്തി പൈങ്കിയുടെയും എട്ടു മക്കളിൽ ആറാമത്തെ ആളായി ജനിച്ചു. കവിയൂർ എൻ. എസ്. എസ്. ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നു മലയാളം ഐച്ഛികവിഷയമായി 1949ൽ ഇ.എസ്.എൽ.സി. പാസ്സായി. (വിദ്വാനേക്കാൾ നിലവാരമുള്ളതായിരുന്നു അന്നത്തെ മലയാളം ഐച്ഛികം പാഠ്യപദ്ധതി). പിന്നീട് തിരുവനന്തപുരം ഇന്റർമീഡിയറ്റ് കോളജിൽ ചേർന്നു പഠിച്ചെങ്കിലും പരീക്ഷ പാസ്സായില്ല. കോളജിലെ മലയാളം അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു. (നോവലിസ്റ്റ് പി. അയ്യനേത്ത്, വ്യാകരണ പണ്ഡിതൻ പന്മന രാമചന്ദ്രൻ നായർ തുടങ്ങിയവർ സഹപാഠികളായിരുന്നു.) തുടർന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി. ആ കാലത്ത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് സമരത്തിൽ പങ്കെടുത്ത് ക്രൂരമായ പൊലീസ് മർദ്ദനത്തിനും തടവിനും വിധേയനായി.

സമർത്ഥനായ അദ്ധ്യാപക വിദ്യാർത്ഥിയായി റ്റി.റ്റി.സി. കോഴ്സ് പൂർത്തിയാക്കിയെങ്കിലും അമ്മയുടെ രോഗാവസ്ഥയും പാർട്ടി പ്രവർത്തനവും കാരണം പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. ഇക്കാലത്ത് പാർട്ടി പ്രവർത്തനത്തിൽ നിന്നുള്ള അനു വിദ്യാഭ്യാസമുള്ളവനായി ഉയരാൻ മുരളിയ്ക്ക് പ്രേരണയായി. കഠിനാധ്വാനവും പഠനവും തുടർന്നു. സ്വന്തമായി പാഠപുസ്തകങ്ങൾ പോലുമില്ലാതെ, പലരുടെയും നോട്ടുപുസ്തകങ്ങൾ പകർത്തിയെടുത്ത്, രാത്രികാലത്ത് പലർക്കും റ്റ്യൂഷനെടുത്ത് ജീവിക്കാനുള്ള വകുപ്പും പഠിക്കാനുള്ള ഒരുക്കവും നടത്തി, മുമ്പ് തോറ്റ ഇന്റെർമീഡിയറ്റ് പരീക്ഷ പ്രൈവറ്റായി എഴുതി പാസ്സായി.

1955-ൽ തിരുവനന്തപുരം ആയുർവേദ കോളജിൽ ചേർന്നു. ഇക്കാലത്ത് സിറ്റിയിലെ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അലോപ്പതി വിദ്യാർത്ഥികളുടെയും ആയുർവേദ വിദ്യാർത്ഥികളുടെയും ക്ലിനിക്കൽ പ്രാക്റ്റീസിന്റെ കാര്യത്തിൽ വിവേചനം ഏർപ്പെടുത്തിയ ഭരണപരിഷ്കാരത്തിനെതിരെ നടത്തിയ വിദ്യാർത്ഥിസമരത്തിനു നേതൃത്വം നൽകിയ ആറു പേരിൽ ഒരാളായിരുന്നു. വിദ്യാർത്ഥിസമരം മൂലം കോളജ് വളരെക്കാലം അടച്ചിട്ടതിനാൽ ആയുർവേദപഠനം പൂർത്തിയാക്കാനായില്ല.

സർക്കാർ ജോലി കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്ന അക്കാലത്ത്, മുരളിക്ക് അദ്ധ്യാപകനായി ഈ സമയത്ത് ആദ്യജോലി ലഭിച്ചു. ക്ലാർക്കിന്റെ ശമ്പളം അദ്ധ്യാപകന്റേതിനേക്കാൾ കൂടുതലായതിനാൽ ഒരു മാസത്തിനകം ഈ ജോലി ഉപേക്ഷിച്ച് പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്കായി. കൈക്കൂലിക്കെതിരായ നിലപാടുകൾ സ്വീകരിച്ചതിനാൽ ശിക്ഷണ നടപടികളും തുരുതുരെ സ്ഥലം മാറ്റങ്ങളും ലഭിച്ചു. ആലപ്പുഴ മുതൽ തെന്മല വരെയും തിരുവനന്തപുരം മുതൽ കാസറഗോഡു വരെയും ജോലി ചെയ്തിട്ടുണ്ട്. 1985ൽ സർവീസിൽനിന്ന് വിരമിച്ചു.

1964-ലെ ഒരു സസ്പെൻഷൻ കാലത്താണ് തിരുവല്ല മാർത്തോമ്മാ കോളജിൽ ഡിഗ്രിക്കു ചേർന്നത്. തൃശ്ശൂരിൽ ജോലിയിലിരിക്കെയാണ് വിദ്വാൻ പ്രിലിമിനറി പരീക്ഷ പാസ്സായത്.[3].

മറ്റു പ്രവർത്തനങ്ങൾതിരുത്തുക

സർക്കാർ സർവീസിൽ നിന്നു വിരമിച്ച ശേഷം ദലിത് സേവാ സമിതിയുടെ മദ്ധ്യതിരുവിതാംകൂറിലെ അഡ്വൈസർ ആയി പ്രവർത്തിച്ചു. തിരുവല്ല അക്ഷരശ്ലോക അക്കാദമിയുടെ പ്രസിഡന്റ് ആയിരുന്നു. കൗണോത്തര, മേദിനീവെണ്ണിലാവ്, ശ്രീകൃഷ്ണകർണ്ണാമൃതം എന്നിവയുൾപ്പെടെയുള്ള ശ്ലോകങ്ങളും മണിപ്രവാള സാഹിത്യത്തിലെ മിക്ക ശ്ലോകങ്ങളും ഹൃദിസ്ഥമായിരുന്നു. അംബേദ്കർ സാഹിത്യത്തിൽ താല്പര്യം ജനിച്ച് ദലിത് പ്രവർത്തനങ്ങൾക്ക് ഇറങ്ങിത്തിരിച്ചു. ദലിത് പ്രവർത്തനത്തിന്റെ ഭാഗമായും അല്ലാതെയും ഡൽഹി, ഹൈദരാബാദ്, ബോംബൈ, മദ്രാസ്, ബംഗ്ലൂർ, ഭോപ്പാൽ, തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ചു. മൂന്നു ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു.

കവിയൂർ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കി 'ഒഴുക്കിനെതിരെ' എന്ന പേരിൽ ഒരു ഡോക്യുമെന്ററി സിനിമ, കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്തിട്ടുണ്ട്.[4]

അവലംബംതിരുത്തുക

  1. ജീവചരിത്രക്കുറിപ്പ്, മ്യൂണിസംക(2010), കവിയൂർ മുരളി. റെയിൻബോ ബുക്സ് ചെങ്ങന്നൂർ‌
  2. ജീവചരിത്രക്കുറിപ്പ്, ദലിത് സാഹിത്യം(2001), കവിയൂർ മുരളി. കറന്റ് ബുക്സ് കോട്ടയം.
  3. ആമുഖം, ദലിത് ഭാഷാനിഘണ്ടു (2010), കവിയൂർ മുരളി. ഡി.സി.ബുക്സ് കോട്ടയം.
  4. 'ഒഴുക്കിനെതിരെ', ഡോക്യുമെന്ററി സിനിമ, (2000), സംവിധാനം: കവിയൂർ ശിവപ്രസാദ്.
"https://ml.wikipedia.org/w/index.php?title=കവിയൂർ_മുരളി&oldid=3334039" എന്ന താളിൽനിന്ന് ശേഖരിച്ചത്