കലാമണ്ഡലം സുഗന്ധി
കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ടം നർത്തകിയാണ് കലാമണ്ഡലം സുഗന്ധി. കേരള സംഗീത നാടകഅക്കാദമിയുടെ 2012 ലെ കലാരത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകവളരെ ചെറുപ്പത്തിൽ തന്നെ നൃത്തത്തിൽ നല്ല താൽപര്യമുണ്ടായിരുന്ന സുഗന്ധിക്ക് കാവാലം നാരായണപ്പണിക്കർ ആണ് കലാമണ്ഡലത്തിൽ ചേരാൻ പ്രോത്സാഹനമേകിയത്. [1]കലാമണ്ഡലത്തിൽ ചന്ദ്രികയും സത്യഭാമയും ഗുരുക്കന്മാരായിരുന്നു, ഒപ്പം, ചെയർമാനായിരുന്ന എം.കെ.കെ നായരുടെ പ്രോത്സാഹനവും ലഭിച്ചു. കലാമണ്ഡലത്തിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ സുഗന്ധിക്ക് ഫാക്ട് സ്കൂളിൽ നൃത്താധ്യാപികയായി നിയമനവും കിട്ടി. ഫാക്ടിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായിരുന്ന എം.കെ.കെ. നായർ സുഗന്ധിക്ക് ആന്ധ്രയിൽ വേദാന്തം പ്രഹ്ലാദശർമ്മയുടെ അടുത്ത് കുച്ചുപ്പുഡി പഠിക്കാനും അവസരമൊരുക്കി. കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് രൂപവും ഭാവവും നൽകി കച്ചേരി സമ്പ്രദായത്തിൽ ചിട്ടപ്പെടുത്തിയ ആചാര്യ കല്യാണിക്കുട്ടിയമ്മയുടെ കീഴിൽ മോഹിനിയാട്ടം അഭ്യസിക്കാനിടയായതും സുഗന്ധിക്ക് പിന്നീട് ഏറെ സഹായകമായി. പത്മ സുബ്രഹ്മണ്യത്തിന്റെ സെമിനാറുകളിലും ഡെമോൺസ്ട്രേഷനുകളിലും പങ്കെടുക്കുകയും ശിഷ്യയാകാൻ കഴിഞ്ഞതും ജീവിതത്തിലെ ഭാഗ്യമായി സുഗന്ധി കരുതുന്നു. കൊറിയോഗ്രഫിയിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ കലാകാരിയാണ് സുഗന്ധി.
ക്ഷേത്രദർശനം നടത്തുന്ന ഭക്തന്റെ അനുഭവത്തിലൂടെ മോഹിനിയാട്ട കച്ചേരി എന്ന "സേവ" ചിട്ടപ്പെടുത്തി പുതിയൊരു സമ്പ്രദായത്തിന് രൂപം നൽകിയിട്ടുണ്ട്. കർണാടകസംഗീത ശൈലിയിൽ പാട്ടുകൾക്കനുസരിച്ച് മോഹിനിയാട്ടം അവതരിപ്പിക്കുന്നതാണ് നിലവിലുള്ള രീതി. എന്നാൽ സോപാനസംഗീതത്തിന്റെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് മോഹിനിയാട്ടകച്ചേരി അവതരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്.
കൃതികൾ
തിരുത്തുക- ഹസ്തരത്‌നാകരം. ( മോഹിനിയാട്ടത്തിലെ ഹസ്തമുദ്രകളെ ആസ്പദമാക്കി രചിച്ചത്)
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീത നാടകഅക്കാദമിയുടെ കലാരത്ന പുരസ്കാരം(2012)
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- കലാമണ്ഡലം സുഗന്ധി [1][പ്രവർത്തിക്കാത്ത കണ്ണി]