ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആണ് കതിരൂർ മനോജ്‌ വധം. 2014 സപ്തംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. 40 വയസ്സായിരുന്നു മനോജിന്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനോജിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു പ്രതികൾ ചെയ്തത്. ഈ സംഭവത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ കേസിൽ 25-ആം പ്രതിയാക്കി ചേർത്തു. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.[1]

കൊല ചെയ്യപ്പെട്ട കതിരൂർ മനോജ്

സെപ്റ്റംബർ 2-ന് അന്വേഷണം എഡിജിപി പി.എ. അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചു. പ്രതികളായ കതിരൂർ സ്വദേശിയായ വിക്രമൻ, വിഡിയോ ഗ്രാഫറായ എ. ജിതിൻ എന്നിവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു.[2] സെപ്റ്റംബർ 11-ന് കേസിലെ ഒന്നാം പ്രതിയായ വിക്രമൻ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. കുറ്റകൃത്യത്തിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.) ചുമത്തി.[3] ഒന്നാം പ്രതി വിക്രമനെ രക്ഷപെടാൻ സഹായിച്ചു എന്ന കുറ്റത്തിനു കതിരൂർ സ്വദേശിയും സി.പി.എം. പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ സെക്രട്ടറിയുമായ സി. പ്രകാശനെ സെപ്റ്റംബർ 15-ന് അറസ്റ്റ് ചെയ്തു.

നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൊണ്ടിരുന്ന കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാനസർക്കാർ പുറത്തിറക്കിയതിനെത്തുടർന്ന് കേസ് സി.ബി.ഐ. ഏറ്റെടുത്തു. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.[3] 2014 സെപ്റ്റംബർ 28-നാണ് കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തെ സി.ബി.ഐ അറിയിച്ചത്.[2] തുടർന്ന് ഒക്ടോബർ 28-നാണ് കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തുകൊണ്ടുള്ള അറിയിപ്പു വന്നത്. മുൻ തീരുമാനപ്രകാരം തന്നെ യുഎപിഎ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ചിൽ നിന്നും ഫയൽ ഏറ്റുവാങ്ങിയതായി അറിയിച്ചുകൊണ്ട് 2014 നവംബർ 7-ന് സിബിഐ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് ചെയ്തു.[2] 2014 ഡിസംബർ 18-ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് ഫയലുകൾ തലശ്ശേരി സെഷൻസ് കോടതിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.

2015 ജനുവരി ഏഴിനു സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം കിഴക്കേ കതിരൂർ പി.പി. രാമചന്ദ്രനെ അറസ്റ്റ് ചെയ്യുകയും മറ്റൊരു പ്രതിയായ ദേശാഭിമാനി ജീവനക്കാരൻ ബക്കളം കൃഷ്ണനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.[2] തുടർന്ന് മാർച്ച് 12-നാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. പി. ജയരാജനെ 15 വർഷം മുൻപ് കൊലപ്പെടുത്താൻ ശ്രമിച്ചതിനു പ്രതികാരമായാണ് മനോജിനെ വധിച്ചതെന്ന് കുറ്റപത്രത്തിൽ ആരോപണം ഉന്നയിച്ചു. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം സിബിഐ ഓഫീസിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടുകൊണ്ട് ജയരാജന് മേയ് 27-ന് സിബിഐ നോട്ടീസ് നൽകി. പിന്നീട് ജൂൺ 2-ന് ജയരാജനെ 5 മണിക്കൂർ സമയത്തോളം ചോദ്യം ചെയ്തു.[2]

ജൂൺ 18-ആം തിയതി മൂന്നാം പ്രതി സി. പ്രകാശൻ, പതിനൊന്നാം പ്രതി ചപ്പാരപ്പടവ് സ്വദേശി കൃഷ്ണൻ, പന്ത്രണ്ടാം പ്രതി എ. രാമചന്ദ്രൻ എന്നിവർക്ക് ഹൈക്കോടതി ജാമ്യം നൽകി. കേസ് എറണാകുളം സിബിഐ കോടതിയിൽ നിന്നും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ 2015 ജൂലൈ 9-ന് സിബിഐ സുപ്രീം കോടതിയിൽ ഹർജി നൽകി. ജൂല പത്താം തിയതി പി. ജയരാജൻ ആദ്യമായി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻ‌കൂർ ജാമ്യത്തിനായുള്ള ഹർജി ഫയൽ ചെയ്തു. എന്നാൽ ജൂലൈ 24-ന് ഈ ഹർജി തലശേരി കോടതി തള്ളി. 28-ആം തിയതി മറ്റൊരു പ്രതിയായ സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനൻ കോടതിയിൽ നേരിട്ട് കീഴടങ്ങി[2]

ജൂലൈ 13-ആം തിയതി ചികിത്സാവശ്യത്തിനായി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്ത ജയരാജൻ അതേ മാസം 29-ആം തിയതി തിരികെ പ്രവേശിച്ചു. 2016 ജനുവരി 10-ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ വീണ്ടും ജയരാജനു നോട്ടീസ് നൽകി. എന്നാൽ പിറ്റേ ദിവസം തന്നെ ജയരാജൻ മുൻകൂർ ജാമ്യത്തിനായി ഹർജി ഫയൽ ചെയ്തു. എന്നാൽ, ജനുവരി 19-ന് ഹർജി സ്വീകരിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ജി. അനിൽകുമാർ അപേക്ഷ തള്ളിയതിനെത്തുടർന്ന് ജയരാജനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജ് വധക്കേസിലെ പ്രധാന സൂത്രധാരൻ ജയരാജനാണെന്ന് വ്യക്തമാക്കിയും 25-ആം പ്രതിയാക്കിയും ജനുവരി 21-ന് സിബിഐ തലശേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഈ ഹർജിയും കോടതി ജനുവരി 30-ന് കോടതി തള്ളി.

2016 ഫെബ്രുവരി 10-ന് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. വീണ്ടും ഫെബ്രുവരി ഒന്നിനു ജയരാജൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. ഈ ഹർജി അതേ മാസം 10-ആം തിയതി ഹൈക്കോടതി തള്ളി.[4] അതേ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയരാജൻ പിറ്റേ ദിവസം തലശേരി സെഷൻ കോടതിയിൽ കീഴടങ്ങി. തുടർന്ന് ഇദ്ദേഹത്തെ മാർച്ച് 11 വരെ റിമാൻഡ് ചെയ്തു[5] എന്നാൽ കണ്ണൂർ സെൻട്രൽ ജയിൽ എത്തിച്ച ജയരാജനെ ആരോഗ്യനില മോശമായി എന്ന കാരണത്താൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചിരുന്നെങ്കിലും അവസാനം നിമിഷം ആഭ്യന്തരവകുപ്പ് ഇടപെട്ട് ഈ നീക്കം മരവിപ്പിച്ചു.[6] എന്നാൽ, പരിയാരം മെഡിക്കൽ കോളജിനു സർക്കാർ നൽകാനുള്ള പണം നൽകാതിരുന്നതിനാലാണ് ജയരാജനെ ഡിസ്ചാർജ് ചെയ്യാത്തതെന്നും തുക അടച്ചാൽ മാത്രമെ ഡിസ്ചാർജ് നൽകൂ എന്നും ആശുപത്രി അധികൃതർ നിർബന്ധം പിടിച്ചു. തുടർന്ന് ഫെബ്രുവരി 15-ന് കുടിശ്ശികത്തു അടച്ച് ഡിസ്ചാർജ് വാങ്ങി ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.[7]

വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണെന്നും കേസിൽ അദ്ദേഹത്തിനു നേരിട്ട് പങ്കുണ്ടെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ മറ്റു നിരവധി കൊലപാതകങ്ങളിലും ജയരാജന് പങ്കുണ്ടെന്ന പരാമർശവും ഈ റിപ്പോർട്ടിലുണ്ട്. സിബിഐ അറസ്റ്റ് ഉണ്ടാകുന്നതിന് മുമ്പാണ് ജയരാജൻ കോടതിയിൽ കീഴടങ്ങിയത്.[8] കേസിൽ 25-ആം പ്രതിയാണ് ജയരാജൻ. വധക്കേസിൽ ഗൂഢാലോചന നടത്തിയതിൽ ജയരാജനെതിരെ സിബിഐയ്ക്ക് തെളിവ് ലഭിച്ചതിനാലാണ് അദ്ദേഹത്തെ പ്രതി ചേർത്തത്.[9] ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി 2 പ്രാവശ്യം കോടതി തളളിയിരുന്നു.[8] തീവ്രവാദ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ.) പ്രകാരം ഗൂഢാലോചനയ്ക്കാണ് ജയരാജനെ പ്രതിയാക്കിയിരിക്കുന്നത്.

എന്നാൽ കോടതിയിൽ ഹാജരായ ദിവസം തന്നെ ജയരാജനെ പരിശോധിച്ച ജയിലിലെ ഡോക്ടർമാർ അദ്ദേഹത്തിനു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഉടൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.[10]

ജയരാജനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനായി വൈദ്യപരിശോധനാ റിപ്പോർട്ട് തിരുത്തിയെന്നുള്ള രേഖ ഫെബ്രുവരി 16-ന് പുറത്തായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് നൽകിയ മെഡിക്കൽ റിപ്പോർട്ടിലാണ് ഈ തിരുത്തലുള്ളത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്ന് ഇത് സി.ബി.ഐ. കസ്റ്റഡിയിലെടുത്തു. വിദഗ്ദ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റണം എന്നായിരുന്നു റിപ്പോർട്ടിൽ ആദ്യം എഴുതിയിരുന്നത്. എന്നാൽ ഈ ഭാഗം വെട്ടിത്തിരുത്തി ഹൈയർ കാർഡിയാക് സെന്ററിലേക്ക് മാറ്റണമെന്ന് എഴുതിച്ചേർത്തതായി രേഖയിൽ നിന്നും സിബിഐ മനസ്സിലാക്കി. ഇത് ജയരാജനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാനായി നടത്തിയ ആസൂത്രിതമായ നീക്കമാണെന്നാണ് സി.ബി.ഐ. വിലയിരുത്തുന്നത്.[11]

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയരാജനെ മെച്ചപ്പെട്ട ചികിത്സ ആവശ്യമുണ്ടെന്ന് കണ്ടെത്തിയതിനാൽ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റിയിരുന്നു. പിന്നീട് മാർച്ച് 2-ന് ഇദ്ദേഹത്തെ തിരികെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.[12] തുടർന്ന് മാർച്ച് 8-ന് ജയരാജനെ കണ്ണൂർ സെൻട്രൽ ജയിലിലും പ്രവേശിപ്പിച്ചു. കോടതിയുടെ അനുമതി പ്രകാരം മാർച്ച് 9,10,11 തീയതികളിലായി മൂന്നു ദിവസം ജയരാജനെ ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തു. ഇതിൽ നിന്നും വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ജയരാജനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും ജയരാജൻ അതിനു തയ്യാറായില്ല.[13]

പ്രതികൾ

തിരുത്തുക
  • വിക്രമൻ - 1-ആം പ്രതി, കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സെപ്റ്റംബർ 11-ന് കീഴടങ്ങി
  • ദേശാഭിമാനി കണ്ണൂർ ഓഫീസിലെ സർക്കുലേഷൻ ജീവനക്കാരൻ കടമ്പേരിയിലെ പൊക്കന്റെ മകൻ അറപ്പയിൽ കൃഷ്ണൻ (42) - 11-ആം പ്രതി[14]
  • മുൻ കതിരൂർ പഞ്ചായത്ത് അംഗവും കിഴക്കെ കതിരൂരിലെ മുച്ചിറി രാമച്ചൻ എന്ന രാമചന്ദ്രൻ (52) - 12-ആം പ്രതി[14]
  • കിഴക്കെ കതിരൂർ ബ്രഹ്മാവ്മുക്കിലെ രാഘവന്റെ മകൻ കണ്ണോത്ത് മനോജ് എന്ന നായ്ക്കുട്ടി മനു (40) - 15-ആം പ്രതി[14]
  • കിഴക്കെ കതിരൂർ ബ്രഹ്മമാവ് മുക്കിലെ ഗോവിന്ദന്റെ മകൻ മീത്തലെ വാണിയോത്ത് ഷാബിത്ത് (30) - 16-ആം പ്രതി[14]
  • പി. ജയരാജൻ - 25-ആം പ്രതി
  • ജിതേഷ് - തലശ്ശേരി കോടതിയിൽ 2014 ഒക്ടോബർ 13-ന് കീഴടങ്ങി
  • സജിത്ത് - തലശ്ശേരി കോടതിയിൽ 2014 ഒക്ടോബർ 13-ന് കീഴടങ്ങി
  • റിജു
  • ബിജു
  • സിനിൽ
  • നമ്പിടി ജിതിൻ
  • അച്ചാർ സുജിത്ത്
  • വിജേഷ്

വിവാദങ്ങൾ

തിരുത്തുക

കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം ''കാത്തിരുന്ന വാർത്ത'' യെന്ന് ജയരാജന്റെ മകൻ ജെയിൻ രാജ് അന്ന് ഫേസ്ബുക്കിൽ കുറിച്ചത് ഏറെ വിവാദമായിരുന്നു.[8]

  1. "കതിരൂർ മനോജ് വധം: രണ്ടു പ്രതികൾ കൂടി കീഴടങ്ങി". ഡൂൾ ന്യൂസ്. Archived from the original on 2016-02-16. Retrieved 17 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 2.3 2.4 2.5 "മനോജ് വധം :ഏറ്റവും ഒടുവിൽ പ്രതി ചേർക്കപ്പെട്ടത് ജയരാജൻ, കേസിന്റെ നാൾ വഴി, മനോരമ ദിനപത്രം, 2016 ഫെബ്രുവരി 13, കൊച്ചി എഡിഷൻ, പേജ്25". മനോരമ ദിനപത്രം. Archived from the original on 2016-02-13. Retrieved 13 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 "കതിരൂർ മനോജ് വധം: സർക്കാർ വിജ്ഞാപനമിറക്കി". ദീപിക. Archived from the original on 2016-02-12. Retrieved 12 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "പി. ജയരാജന് മുൻകൂർ ജാമ്യമില്ല; യു.എ.പി.എ നിലനിൽക്കും". മാധ്യമം. Archived from the original on 2016-02-11. Retrieved 12 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "ജയരാജൻ ആംബുലൻസിൽ കോടതിയിലെത്തി കീഴടങ്ങി, മാർച്ച് 11വരെ റിമാൻഡ് ചെയ്തു". കേരളകൗമുദി. Archived from the original on 2016-02-12. Retrieved 12 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "ജയരാജൻ പരിയാരത്തു തന്നെ തുടരും; മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള നീക്കം ഒഴിവാക്കി". മനോരമ ഓൺലൈൻ. Archived from the original on 2016-02-14. Retrieved 14 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "തടവുകാരുടെ കുടിശ്ശിക 97,000 രൂപ സർക്കാർ അടച്ചു, ജയരാജനെ ഡിസ്ചാർജ് ചെയ്തു". മനോരമ ഓൺലൈൻ. Archived from the original on 2016-02-15. Retrieved 15 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  8. 8.0 8.1 8.2 "പി ജയരാജൻ കീഴടങ്ങാൻ കോടതിയിലെത്തി". ദി റിപ്പോർട്ടർ. Archived from the original on 2016-02-12. Retrieved 12 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  9. "കതിരൂർ മനോജ് വധം : പി ജയരാജൻ പ്രതി". ജനം ടി.വി. Archived from the original on 2016-02-12. Retrieved 12 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  10. "പി ജയരാജനു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്നു ജില്ലാ ആശുപത്രിയുടെ റിപ്പോർട്ട്; കോടതിയിൽ കീഴടങ്ങിയ നേതാവിനെ പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റും; യുഎപിഎ ഉള്ളതിനാൽ റിമാൻഡ് ചെയ്തത് ഒരു മാസത്തേക്ക്". മറുനാടൻ മലയാളി. Archived from the original on 2016-02-12. Retrieved 12 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  11. "ജയരാജന് വേണ്ടി തിരുത്തിയ വൈദ്യപരിശോധനാ റിപ്പോർട്ട് പുറത്ത്". മാതൃഭൂമി. Archived from the original on 2016-02-16. Retrieved 17 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  12. "പി ജയരാജൻ ശ്രീചിത്ര ആസ്പത്രി വിട്ടു; കോഴിക്കോട്ട് മെഡിക്കൽ കോളജിലേക്ക്". ചന്ദ്രിക. Archived from the original on 2016-03-04. Retrieved 13 മാർച്ച് 2016.
  13. "നുണപരിശോധനവേണമെന്ന് സിബിഐ; തയ്യാറല്ലെന്ന് പി ജയരാജൻ". വൺ ഇന്ത്യ. Archived from the original on 2016-03-13. Retrieved 13 മാർച്ച് 2016.
  14. 14.0 14.1 14.2 14.3 "കതിരൂർ മനോജ് വധം: രണ്ട് പ്രതികളെ കൂടി സി. ബി. ഐ സംഘം അറസ്റ്റ് ചെയ്തു". സുപ്രഭാതം. Archived from the original on 2016-02-16. Retrieved 17 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കതിരൂർ_മനോജ്‌_വധം&oldid=3774519" എന്ന താളിൽനിന്ന് ശേഖരിച്ചത്