ഇളയിടത്ത് സ്വരൂപം
കേരളത്തിലെ ഒരു രാജവംശമായിരുന്നു ഇളയിടത്ത് സ്വരൂപം (ഇളയിടത്തുസ്വരൂപം, എളയിടത്തു സ്വരൂപം എന്നൊക്കെ എഴുതാറുണ്ട്).
ചരിത്രം
തിരുത്തുകവേണാട്ടു രാജവംശത്തിന്റെ ഒരു ശാഖയായിട്ടായിരുന്നു ഈ രാജവംശം ഉദ്ഭവിച്ചത്.
വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ താവഴിയിൽപെട്ടവർ കന്നേറ്റി മുതൽ തിരുവനന്തപുരം വരെയുള്ള കടൽത്തീരപ്രദേശങ്ങളും, തിരുവനന്തപുരത്തിനു വടക്കുള്ള ഭുപ്രദേശങ്ങളും കൂട്ടിച്ചേർത്ത് ഭരണം നടത്തിത്തുടങ്ങി. വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ താവഴിയായതിനാൽ ഇത് ഇളയിടത്ത് സ്വരൂപം എന്ന് അറിയപ്പെട്ട് തുടങ്ങി. നെടുമങ്ങാട്, കൊട്ടാരക്കര എന്നീ പ്രദേശങ്ങളും പത്തനാപുരത്തിന്റെ ചില ഭാഗങ്ങളും ഇപ്പോൾ തമിഴ് നാട്ടിൽ ഉൾപ്പെടുന്ന ചെങ്കോട്ടയുടെ ചില ഭാഗങ്ങളും ഈ വംശത്തിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടിരുന്നവയാണ്.
കിളിമാനൂരിനടുത്തുള്ള ‘കുന്നുമ്മേൽ’ ആയിരുന്നു ആദ്യം ഇവർ തലസ്ഥാനം സ്ഥാപിച്ചിരുന്നതെങ്കിലും പിന്നീട് അത് കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിച്ചു. അതിനാൽ കുന്നുമ്മേൽ സ്വരൂപം എന്നും അറിയപ്പെടുന്നു. ഡച്ചുകാർ കേരളത്തിൽ വരുന്ന കാലത്ത്, ഇവിടത്തെ രാഷ്ട്രീയകാര്യങ്ങളിൽ വളരെ ഗണ്യമായ പങ്കാണ് ഈ വംശം വഹിച്ചിരുന്നത്.
കഥകളിയുടെ പൂർവരൂപമായിരുന്ന രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രസിദ്ധനായ കൊട്ടാരക്കര തമ്പുരാൻ ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു.
തിരുവിതാംകൂറുമായുള്ള ലയനം
തിരുത്തുക1736 -ൽ കൊട്ടാരക്കര തമ്പുരാൻ നാടുനീങ്ങി. മാർത്താണ്ഡ വർമ്മ അനന്തരാവകാശിയെ സംബന്ധിച്ച് തന്റെ തർക്കങ്ങൾ അറിയിച്ചു. മർത്താണ്ഡ വർമ്മയെ ഭയന്ന റാണി തെക്കംകൂറിലേയ്ക്ക് പോവുകയും അവിടെ അഭയം തേടുകയും ചെയ്തു. ഡച്ചുകാർ മാർത്താണ്ഡ വർമ്മക്കെതിരായി പ്രവർത്തിക്കാനായി റാണിയുമായി സഖ്യത്തിലായി. ഡച്ചുകാരനായ വാൻ ഇംഹോഫ് റാണിക്കുവേണ്ടി മാർത്താണ്ഡ വർമ്മയുമായി കൂടിക്കാഴ്ച നടത്തി അയൽ രാജ്യങ്ങളുടേ അഭ്യന്തരകാര്യങ്ങളിൽ മാർത്താണ്ഡ വർമ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിർപ്പ് അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള ബന്ധം കൂടുതൽ വഷളായി. 1741 - ൽ വാൻ ഇംഹോഫ് റാണിയെ ഇളയടത്തു സ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത് മാർത്താണ്ഡവർമ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ഡച്ചുകാരുടേയും റാണിയുടേയും സയുക്ത സേനയെ ആക്രമിച്ചു. ആ യുദ്ധത്തിൽ ഡച്ചുകാർ പരാജയം സമ്മതിച്ചു. ഇളയിത്ത് സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നു. സഖ്യ കക്ഷികൾക്ക് വമ്പിച്ച നാശ നഷ്ടങ്ങൾ നേരിട്ടു. റാണി കൊച്ചിയിലേയ്ക്ക് പാലായനം ചെയ്ത് ഡച്ചുകാരുടെ സംരക്ഷണത്തിൻ കീഴിലായി. ഡച്ചുകാർക്ക് തിരുവിതാംകൂറിലെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. അവരുടെ വ്യാപാര ശൃംഖലയ്ക്ക് ഇത് ഒരു കനത്ത തിരിച്ചടിയായി. 1742-ൽ മാർത്താണ്ഡ വർമ്മ ഈ രാജ്യത്തെ തിരുവിതാംകൂറിൽ ലയിപ്പിച്ചു.