എരുമപ്പാവൽ
ഭക്ഷ്യ യോഗ്യമായ ഒരു പച്ചക്കറിയാണ് എരുമപ്പാവൽ (ഇംഗ്ലീഷ്:Spiny gourd). നെയ്പ്പാവൽ, വെൺപാവൽ, കാട്ടുകൈപ്പയ്ക്ക, മുള്ളൻപാവൽ, വാതുക്ക എന്നീ പേരുകളിൽ ഇത് വ്യത്യസ്ത പ്രദേശങ്ങളിൽ അറിയപ്പെടുന്നു [1]. അസമിയ ഭാഷയിൽ ഭട് കരേല, ബംഗാളിയിൽ ഭട് കൊരോല, ഘീ കരോല, കങ്ക്‌രോൽ, തെലുങ്കിൽ ബോഡ കക്ക്‌രാ, ആ-കക്ക്‌രാ-കായ എന്നിങ്ങനെയാണു് നെയ്പ്പാവലിന്റെ പേര്.
എരുമപ്പാവൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. dioica
|
Binomial name | |
Momordica dioica |
ശരാശരി 10 സെന്റിമീറ്റർ വരെ വലിപ്പവും മദ്ധ്യഭാഗത്ത് നാലു സെന്റിമീറ്റർ വരെ വ്യാസവുമുള്ള എരുമപ്പാവലിന്റെ കായ്കൾക്കു് ഏകദേശം 30 മുതൽ 100 ഗ്രാം വരെ തൂക്കം കാണും. തൊലിക്കുപുറത്തു് മൃദുവും കനം കുറഞ്ഞതുമായ മുള്ളുകൾ കാണാം. നന്നായി മൂത്തതും എന്നാൽ പഴുത്തിട്ടില്ലാത്തതുമായ കായ്കൾക്കു് പച്ചനിറമാണു്.
പാവൽ വർഗ്ഗത്തിൽ (Momordica) ഉൾപ്പെടുന്ന, പ്രാദേശികമായ ഭക്ഷ്യപ്രാധാന്യമുള്ള ഈ പച്ചക്കറി പശ്ചിമഘട്ടത്തിനു പുറമേ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായി കൃഷി ചെയ്തു വരുന്നു. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇവ സാമാന്യമായ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഫലം മത്സ്യമാംസാദികളോട് ചേർത്ത് കറിയായോ മെഴുക്കുപുരട്ടിയായോ ഉണക്കി വറുത്തോ ഭക്ഷിക്കാം.
ഔഷധഗുണങ്ങൾ
തിരുത്തുകപാവൽ വർഗ്ഗത്തെക്കുറിച്ച് 2004-ൽ നടത്തിയ വിശദമായ പഠനത്തിലെ വിവരങ്ങൾ അനുസരിച്ച് കേരളത്തിലേയും കർണ്ണാടകത്തിലേയും ആദിദ്രാവിഡവിഭാഗങ്ങൾ മരുന്നിനും ഭക്ഷണത്തിനും ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണു് എരുമപ്പാവൽ. നേരിയമംഗലത്തെ മലയന്മാരും ചേർത്തലയ്ക്കു സമീപമുള്ള ഉള്ളാടൻ വൈദ്യന്മാരും ലേഹ്യമായും അൾസർ, മൂലക്കുരു, പാമ്പുവിഷം എന്നിവയ്ക്കുള്ള കഷായമായും ഈ സസ്യത്തിന്റെ കിഴങ്ങുകൾ ഉപയോഗിക്കാറുണ്ടത്രേ. മലമ്പണ്ടാരങ്ങൾ ഈ കിഴങ്ങുകൾ ഉപയോഗിച്ച് ഔഷധഗുണമുള്ള എണ്ണ തയ്യാർ ചെയ്യുന്നു. തല, അസ്ഥികൾ, നാഡികൾ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകൾക്കു് പ്രതിവിധിയായി അവർ ഈ എണ്ണ ഉപയോഗിക്കാറുണ്ടു്. നഗർഹോളിലെ ജൈനു കുറുംബൻ വർഗ്ഗക്കാർ ഈ കിഴങ്ങ് അരച്ചു കുഴമ്പാക്കി വൃഷണവീക്കം, മന്ത് തുടങ്ങിയ അസുഖങ്ങൾക്കു് മരുന്നായി ഉപയോഗിക്കാറുണ്ടു്. മദ്ധ്യപ്രദേശിലെ സഹരിയാർ വർഗ്ഗക്കാർ ഗർഭച്ചിദ്രത്തിനു് ഈ സസ്യത്തിന്റെ വേരു് കുഴമ്പാക്കി ഉപയോഗിക്കാറുണ്ടു്. ഇവയിലടങ്ങിയിരിക്കുന്ന മൊമോർക്കാറിൻ (momorcharin), ട്രൈക്കോസാന്തിൻ (trichosanthin) തുടങ്ങിയ എൻസൈമുകളുടെ റൈബോസോം നിർഗുണീകരണസ്വഭാവമായിരിക്കണം ഗർഭച്ഛിദ്രത്തിനുള്ള ശേഷിയുണ്ടാക്കുന്നതു് എന്നു് അനുമാനിക്കപ്പെടുന്നു. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ സമുദായങ്ങൾ ഈദൃശമായ ഔഷധങ്ങൾക്കായി എരുമപ്പാവൽ ഉപയോഗിക്കുന്നുണ്ടു്.
മറ്റുപയോഗങ്ങൾ
തിരുത്തുകഭക്ഷ്യവസ്തുക്കൾക്കു് നിറം ചേർക്കാൻ പ്രകൃതിജന്യമായ അസംസ്കൃതവസ്തു എന്ന നിലയിൽ എരുമപ്പാവലിന്റെ കായ്കൾക്കുള്ളിലെ മാംസളമായ ദശ ഉപയോഗയോഗ്യമാണെന്നു് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടു്. ഇതു കൂടാതെ നൈസർഗ്ഗിക സൌന്ദര്യവർദ്ധക ക്രീം ആയും ലിപ് സ്റ്റിൿ ആയും ഈ ദശ സംസ്കരിച്ചെടുക്കാവുന്നതാണു്. അതിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ (lycopene)ആണു് ഇതിനുപോൽബലകമായ രാസവസ്തു. ജലത്തിൽ ചേരുമ്പോൾ കടുംചുവപ്പു നിറമുണ്ടാക്കുന്ന പദാർത്ഥമാണു് ലൈക്കോപീൻ.
പല ഗോത്രസമൂഹങ്ങളുടേയും പൂജാവിധികളിൽ ഈ സസ്യത്തിനും കായ്കൾക്കും വിശേഷസ്ഥാനമുണ്ടു്.
സമാന വർഗ്ഗത്തിലുള്ള മറ്റു പാവലുകൾ
തിരുത്തുകഎരുമപ്പാവൽ കൂടാതെ മറ്റു പാവൽ വർഗ്ഗങ്ങളിൽ പെട്ട ചില പച്ചക്കറികളെക്കുറിച്ചുള്ള വിവരങ്ങൾ താഴെകൊടുത്തിരിക്കുന്നു:
അവലംബം
തിരുത്തുക- ↑ Ethnobotanical investigations in the genus Momordica L. in the Southern Western Ghats of India" : John K. Joseph & VT Antony 2 November 2007 Genet Resour Crop Evol (2008) 55:713–721 DOI 10.1007/s10722-007-9279-5 (Springer Science + Business Media B.V. 2007
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- എരുമപ്പാവൽ ഹോർത്തൂസ് മലബാറിക്കൂസിലെ വിവരണം.