എക്ല ചലോ രെ
രവീന്ദ്രനാഥ ടഗോർ 1905 -ൽ രചിച്ച ഒരു ബംഗാളി ദേശഭക്തിഗാനമാണ് എക്ല ചലോ രെ (Ekla Chalo Re).
മറ്റാരും തന്നെ പിന്തുണച്ചില്ലെങ്കിലും, ഏവാരാലും ഉപേക്ഷിക്കപ്പെട്ടാലും തന്റെ യാത്ര തുടർന്നു കൊണ്ടേയിരിക്കാൻ ശ്രോതാവിനോട് ആഹ്വാനം ചെയ്യുന്ന ഈ ഗീതം മഹാത്മഗാന്ധിയുടെ ഇഷ്ടഗീതങ്ങളിൽ ഒന്നായിരുന്നത്രേ.
വരികളും അർത്ഥവും
തിരുത്തുകബംഗാളി വരികൾ | മലയാളം അർത്ഥം |
ജൊദീ തോര് ദക്ഷുനേ ക്യൂനാആഷേ തോബി എക്ല ചൊലോ രേ | ആരും നിങ്ങളുടെ വിളിക്ക് പ്രതികരിക്കുന്നില്ലെങ്കിൽ ഒറ്റയ്ക്കു മുന്നോട്ടു പോകൂ |
എക്ല ചൊലോ എക്ല ചൊലോ എക്ല ചൊലോ എക്ല ചൊലോ രേ | ഒറ്റയ്ക്ക് പോകൂ, ഒറ്റയ്ക്കു പൊയ്ക്കോളൂ, ഒറ്റയ്ക്കു മുന്നോട്ടു പോകൂ |
ജൊദീ ക്യൂ കൊതനാകോയ് ഒരെ ഓരേ ഓ ഭാഗാ ക്യൂ കൊതാനാകോയ് | ഓ നിർഭാഗ്യവാനായ സുഹൃത്തേ എല്ലാരും വായമൂടി-മിണ്ടാതിരിക്കുകയാണേൽ |
ജോദീ ഷോബായ് താക്കെ മുഖ് ഫിരായേ ഷോബായ് കോരേ ഭോയ് | എല്ലാരും പേടിച്ച് നോട്ടം തിരിച്ചിരിക്കുകയാണേൽ |
തൊബീ പോരാന് ഖൂലേ | അപ്പോൾ തുറന്ന ഹൃദയത്തോടെ |
ഓ തുയ് മുഖ് ഫൂടെ തോർ മൊനേർ കോതാ എക്ല ബോലോ രേ | ആവുന്നത്ര ഉച്ചത്തിൽ നിങ്ങളുടെ മനസ്സിലുള്ളത് സ്വതന്ത്രമായി വിളിച്ചുപറയൂ |
ജോദീ ഷോബായ് ഫിരേ ജായ് ഒരെ ഓരേ ഓ ഭാഗാ ഷോബായ് ഫിരേ ജായ് | ഓ നിർഭാഗ്യവാനായ സുഹൃത്തേ, എല്ലാരും മുഖം തിരിച്ചുനടന്നാൽ, എല്ലാവരും ഓടിയൊളിച്ചാൽ |
ജോദീ ഗൊഹോൻ പൊതേ ജാബാർ കാലെ ക്യൂ ഫിരേ ന ചായ് | വിഷമകരമായ പാത താണ്ടുമ്പോൾ ആരും കൂടെ നടക്കാൻ വന്നില്ലെങ്കിൽ |
തൊബീ പൊഥര് കാട്ടാ | പാതയിൽ മുള്ളുകൾ ആണെങ്കിലും |
തോബീ പൊഥര് കാട്ടാ, ഓ തുയ് രൊക്ടൊമഖാ ചൊരോന്തോലേ എൽക ദോലോ രേ | മുള്ളുകളാൽ ചോരവാർന്ന കാലുകൾ കൊണ്ട് അവ ചവിട്ടിമെതിച്ചു നീ കടന്നുപോകൂ |
ജോദീ ആലോ നാ ധൊരേ, ഒരെ ഓരേ ഓ ഭാഗാ ആലൊ നാ ധോരേ | ഓ നിർഭാഗ്യവാനായ സുഹൃത്തേ നിനക്ക് വഴികാട്ടാൻ ആരും ദീപം ഉയർത്തിപ്പിടിക്കുന്നില്ലേൽ |
ജോദീ ഝോർ-ബദോലേ ആധാർ രാതെ ദുവാർ ദെയ് ഘോരെ | ഇടിമുഴങ്ങുന്ന ഇരുണ്ടരാത്രിയിൽ എല്ലാരും നിങ്ങൾക്കെതിരേ വാതിലുകൾ കൊട്ടിയടച്ചാൽ |
തൊബീ ബൊജ്രനോലേ | അപ്പോൾ മിന്നലിന്റെ വെളിച്ചത്തിൽ |
ആപോൻ ബൂകര് പാജോര് ജാലേ നീ എക്ല ജോലോ രേ | നിങ്ങളുടെ വാരിയെല്ലിന് തീകൊടുത്ത് ആ പ്രകാശത്താൽ ഒറ്റയ്ക്കു നടക്കുക |
ജൊദീ തോര് ദക്ഷുനേ ക്യൂനാആഷേ തോബി എക്ല ചൊലോ രേ | ആരും നിങ്ങളുടെ വിളിക്ക് പ്രതികരിക്കുന്നില്ലെങ്കിൽ ഒറ്റയ്ക്കു മുന്നോട്ടു പോകൂ |
എക്ല ചൊലോ എക്ല ചൊലോ എക്ല ചൊലോ എക്ല ചൊലോ രേ | ഒറ്റയ്ക്ക് പോകൂ, ഒറ്റയ്ക്കു പൊയ്ക്കോളൂ, ഒറ്റയ്ക്കു മുന്നോട്ടു പോകൂ |
നാൾവഴി
തിരുത്തുകഇന്നത്തെ ഝാർഖൺഡ് സംസ്ഥാനത്തിലെ ഗിരിദിൽ വച്ചാണ് ഈ ഗീതം രചിക്കപ്പെട്ടത്. സ്വദേശി പ്രസ്ഥാന കാലഘട്ടത്തിൽ രചിക്കപ്പെട്ട ഈ ഗീതം ആ കാലഘട്ടത്തിലെ 22 ദേശഭക്തി / വിദേശാധിപത്യ-പ്രതിഷേധ ഗാഥകളിൽ ഒന്നായി കരുതപ്പെടുന്നു. ബംഗാൾ വിഭജനത്തിനെതിരായ പ്രതിഷേധം കൊടുമ്പിരികൊണ്ടിരുന്ന വേളയിൽ ഈ ഗാനം ഏറെ പ്രചാരം നേടുകയുണ്ടായി.
ഏക (ഒറ്റയ്ക്ക്) എന്ന പേരിലാണ് ബന്താർ മാസികയിൽ ഈ ഗാനം ആദ്യമായി പ്രസിദ്ധീകൃതമാവുന്നത്. 1905ൽ തന്നെ ബാഉൽ(BAUL) എന്ന തന്റെ കാവ്യ സമാഹാരത്തിൽ ടഗോർ ഈ ഗീതവും ഉൾപ്പെടുത്തുകയുണ്ടായി.
ടഗോറിന്റെ ഗാനകൃതികളുടെ സമ്പൂർണ്ണ സമാഹാരമായ ഗീതബിതനിലെ (GITABITAN)സ്വദേശി വിഭാഗത്തിൽ 1941ൽ ഈ ഗാനം ഇടംപിടിച്ചു. ടഗോറിന്റെ സഹോദരപുത്രിമാരിൽ ഒരാളായ ഇന്ദിരാ ദേവിയാണ് ആദ്യമായി ഈ ഗാനത്തിനു സംഗീതാവിഷ്ക്കാരം നൽകി ചിട്ടപ്പെടുത്തിയത്. 1906ൽ “സംഗീത വിജ്ഞാൻ പ്രകാശിക“ മാസികയിൽ പ്രസിദ്ധീകൃതമായ ഈ സംഗീത ആവിഷ്കാരം പിന്നീട് ടഗോറിന്റെ സമ്പൂർണ്ണ സംഗീതാവിഷ്കാര സമാഹാരമായ “സ്വരബിതാൻ“ലും ഉൾപ്പെടുത്തപ്പെട്ടു.
ആലാപന ചരിത്രം
തിരുത്തുകഎക്ലയുടെ റിക്കോർഡ് ചെയ്യപ്പെട്ട ആദ്യ ആലാപനം ടഗോറിന്റെ തന്നെയായിരുന്നു. 1905-1908 കാലഘട്ടത്തിലെപ്പോഴൊ റിക്കോർഡ് ചെയ്യപ്പെട്ട ഈ ആലാപനം പക്ഷേ ഇന്ന് ശേഷിക്കുന്നില്ല. പിന്നീട് ഹിന്ദുസ്ഥാൻ റെക്കോർഡ്സും , ഗ്രമഫോൺ കമ്പനി ഒഫ് ഇന്ത്യയും വെവ്വേറെ ഈ ഗാനം സംഗീതരൂപത്തിൽ ഇറക്കിയിരുന്നു.
രവീന്ദ്ര ഗീതങ്ങളുടെ പ്രസിദ്ധ ആലാപന കർത്താവായ സുചിത്ര മിത്ര 1948, 1984, 1988 വർഷങ്ങളിൽ ഏകല ആലപിച്ച് റിക്കോർഡ് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഉസ്താദ് അംജദ് അലി ഖാൻ പിന്നണി സംഗീതം ചിട്ടപ്പെടുത്തിയ ടഗോർ അനുസ്മരണ ഉപഹാരത്തിലും സുചിത്ര മിത്രയുടെ ആലാപനം ഉൾപ്പെടുത്തിയിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- যদি তোর ডাক শুনে কেউ না আসে Audio from calcuttaweb.com