കേരളത്തിലെ മാധ്യമപ്രവർത്തകരിലൊരാളാണ് എം.പി ബഷീർ. നിലവിൽ റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ ചുമതലയിൽ പ്രവർത്തിക്കുന്നു.[1] 25 വർഷമായി മാധ്യമപ്രവർത്തനരംഗത്ത് സജീവമാണ് ബഷീർ. ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തിലധികം മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പത്രപ്രവർത്തകൻ എം.പി. ബഷീർ

പത്രപ്രവർത്തന ജീവിതം

തിരുത്തുക

കൈരളി ടിവി, ഡെക്കാൻ ഹെറാൾഡ്, യുഎൻഐ, മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ സമ്പൂർണ വാർത്താചാനലായ ഇന്ത്യാവിഷൻ 2003ൽ തുടങ്ങിയപ്പോൾ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്നു. 2010 മുതൽ 2014 വരെ ഇന്ത്യാവിഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. കേരളത്തിലെ ഡിജിറ്റൽ മാധ്യമരംഗത്തെ ആദ്യകാല സ്വതന്ത്രസംരഭങ്ങളിലൊന്നായ സൗത്ത് ലൈവിന്റെ സഹസ്ഥാപകനും എഡിറ്ററുമായിരുന്നു അദ്ദേഹം.[2]

മൂന്നാറിലെ ഭൂമി കയ്യേറ്റം, ഐസ്‌ക്രീം പാർലർ കേസ്, സി പി ഐ എമ്മിലെ വിഭാഗീയത, എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ, ടൈറ്റാനിയം അഴിമതിക്കേസ്, കേരളത്തിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടന്ന മരുന്ന് പരീക്ഷണങ്ങൾ തുടങ്ങിയ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാഷ്ട്രീയ കേരളത്തിൽ ശ്രദ്ധേയമായ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ പങ്കുവഹിച്ചു.[3] ഐസ്‌ക്രീം പാർലർ കേസ്സുമായി ബന്ധപ്പെട്ട എം.പി ബഷീറിന്റെ റിപ്പോർട്ടുകളെത്തുടർന്ന് കേരളത്തിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾ സംഭവിച്ചിരുന്നു. ഒടുവിൽ കേസ്സിൽ കുറ്റാരോപിതനായ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നു.

1998ൽ മികച്ച ഇംഗ്ലീഷ് റിപ്പോർട്ടിങ്ങിനുള്ള തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വി കൃഷ്ണമൂർത്തി അവാർഡ് നേടി. 1999ൽ കർണാടകയിലെ കരിങ്കൽ ക്വാറികളിൽ ദളിത് തൊഴിലാളികളെ ചങ്ങലയ്ക്കിട്ട് അടിമപ്പണി ചെയ്യിക്കുന്നത് പുറംലോകത്തെ അറിയിച്ചു. ക്വാറി മുതലാളികളുടെ മനുഷ്യാവകാശ ചൂഷണം പുറത്തുകൊണ്ടുവന്ന ഈ റിപ്പോർട്ടിന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ 'റൈറ്റ്സ് റിപ്പോർട്ടർ അവാർഡ്' ലഭിച്ചു. ഡെക്കാൻ ഹെറാൾഡിൽ പ്രസിദ്ധീകരിച്ച 'യങ് ഗ്രാൻഡ് മദേഴ്സ് ഓഫ് മലപ്പുറം' എന്ന വാർത്താ പരമ്പര നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ (എൻഎഫ്ഐ) മാധ്യമ ഫെല്ലോഷിപ്പിന് അർഹമായി. കേരളത്തിലെ ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്കത്തെകുറിച്ചുള്ള പഠനത്തിന് 'എഡിറ്റർ പ്രേം ഭാട്ടിയ' സ്മാരക ഫെല്ലോഷിപ്പ്' കരസ്ഥമാക്കി. കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള പഠനത്തിന് 'പാനോസ് സൗത്ത് ഏഷ്യ ഫെല്ലോഷിപ്പ്' ലഭിച്ചിട്ടുണ്ട്.[4]

കുറിയേടത്ത് താത്രിയുടെ സ്മാർത്ത വിചാരത്തിന്റെ നൂറാം വർഷത്തിൽ കേരളത്തിലെ 'ലൈംഗീക വിചാരണ'കളേക്കുറിച്ച് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'മൂന്ന് കുറ്റവിചാരണകൾ' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.[5] കേരള പ്രസ് അക്കാദമി പൂർവ്വ വിദ്യാർത്ഥിയാണ്. [6]

  1. "റിപ്പോർട്ടർ ചാനലിന്റെ എഡിറ്ററായി എം.പി ബഷീർ ചുമതലയേറ്റു". Retrieved 2020-10-02.
  2. http://newsmoments.in/media/social/mp-basheer-steps-down-from-southlive/75157.html. {{cite web}}: Missing or empty |title= (help)
  3. "'2006ലും 2011ലും ഇടതുപക്ഷത്തെ തീരുമാനമെടുത്ത് പിന്തുണച്ചു' മലയാളചാനൽ രാഷ്ട്രീയം എം.പി ബഷീർ പറയുന്നു". Retrieved 2020-10-02.
  4. "എംപി ബഷീർ റിപ്പോർട്ടർ ടിവി എഡിറ്ററായി ചുമതലയേറ്റു | Reporter Live" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-09-21. Retrieved 2020-10-04.[പ്രവർത്തിക്കാത്ത കണ്ണി]
  5. "M P Basheer- Speaker in Kerala literature Festival KLF –2020| Keralaliteraturefestival.com". Archived from the original on 2020-09-20. Retrieved 2020-10-02.
  6. https://www.downtoearth.org.in/author/m-p-basheer-709[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എം.പി._ബഷീർ&oldid=4104106" എന്ന താളിൽനിന്ന് ശേഖരിച്ചത്