ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിലെ മാലിന്യസംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് ടൈറ്റാനിയം അഴിമതി എന്ന് പറയുന്നത്. മലീനികരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നതിന് വിദേശത്തുനിന്ന് യന്ത്രങ്ങൾ ഇറക്കുമതി ചെയ്തതാണ് കേസിനാസ്പദമായ സംഭവം. മലീനികരണ നിയന്ത്രണ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തതിൽ 68 കോടി രൂപയുടെ അഴിമതി നടന്നതായാണ് കേസ്. മലീനകരണ നിയന്ത്രണ പ്ലാന്റ് നിർമ്മിക്കാൻ മെക്കോൺ എന്ന കമ്പനി വഴിയാണ് യന്ത്രങ്ങൾ ഇറക്കുമതി ചെയ്തത്. 256 കോടി രുപയുടെ കരാറിലാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെട്ടത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ടി കെ ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കുമ്പോഴാണ് കരാറുണ്ടാക്കുന്നത്. രമേശ് ചെന്നിത്തല ഈ ഘട്ടത്തിൽ കെ പി സി സി അധ്യക്ഷനായിരുന്നു. ബ്രിട്ടനിലെ വി എ ടെക് വെബാഗ്, എവിഐ യുറോപ്പ്, ഫിൻലാന്റിലെ കെമ ടോർ എക്കോ പ്ലാനിംങ് കമ്പനി എന്നിവ വഴിയാണ് യന്ത്രങ്ങൾ വാങ്ങിയത്. ഇതിന് ആവശ്യമായ അന്തരാഷ്ട്ര ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും 68 കോടി രൂപയുടെ അഴിമതി നടന്നുവെന്നും കാണിച്ച് ജീവനക്കാരിൽ ചിലർ നൽകിയ പരാതിയാണ് ആദ്യം ഉണ്ടായത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വി എസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കേസ് എടുത്തു.

"https://ml.wikipedia.org/w/index.php?title=ടൈറ്റാനിയം_അഴിമതി&oldid=3691922" എന്ന താളിൽനിന്ന് ശേഖരിച്ചത്