ഊത്ത

(ഊത്തയിളക്കം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാലവർഷത്തിന്റെ ആരംഭദിശയിൽ പ്രജനനം നടത്താൻ മത്സ്യങ്ങൾ കൂട്ടത്തോടെ നടത്തുന്ന ദേശാന്തരഗമനമാണ് ഊത്ത (ഫ്ലഡ്പ്ലെയിൻ ബ്രീഡിങ്ങ് റൺ). ഊത്തൽ, ഊത്തയിളക്കം, ഊത്തകയറ്റം എന്നിങ്ങനെയും അറിയപ്പെടുന്നു.

തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ആദ്യത്തോടെ കേരളത്തിലെത്തും. കേരളം അടക്കം പല പ്രദേശങ്ങളിലെയും നല്ലൊരു ശതമാനം മത്സ്യങ്ങൾക്കും പ്രജനനകാലം ഈ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവാണ്. ശുദ്ധജലാശയ മത്സ്യങ്ങൾ കാലവർഷം കൊണ്ട് വെള്ളം കെട്ടുന്ന വയലുകൾ, ചെറുതടാകങ്ങൾ, കൈത്തോടുകൾ, കൃത്രിമ കനാലുകൾ, ചതുപ്പുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് കൂട്ടത്തോടെ നദികളിൽ നിന്നും മറ്റും സഞ്ചരിച്ചു ചെന്ന് പ്രജനനം നടത്തി തിരിച്ചുപോകുന്നു. മൺസൂണിന്റെ ആദ്യ ആഴ്ചയിലാണിത് സംഭവിക്കുക.[1]

ഊത്തപിടിത്തം

തിരുത്തുക

മൺസൂണിന്റെ ആദ്യ ആഴ്ചകളിൽ പ്രജനനത്തിനായി മത്സ്യങ്ങൾ നടത്തുന്ന ഈ ഗമനത്തിൽ ഇവയെ മനുഷ്യൻ ഭക്ഷണത്തിനായി പിടിച്ചെടുക്കുന്നു. ഇത് ഊത്തപിടുത്തും എന്നറിയപ്പെടുന്നു. വേനലിന് ശേഷം ആദ്യമെത്തുന്ന പുതുമഴയിലാണ് തോടുകളിലും പാടശേഖരങ്ങളിലും മീനുകൾ കയറുന്നത്. പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പുല്ലൻ , മഞ്ഞക്കൂരി, കോലാൻ, പള്ളത്തി, മനഞ്ഞിൽ, കരിപ്പിടി തുടങ്ങിയ മീനുകളാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്.[2] ഊത്തകയറ്റത്തിന്റെ സമയത്ത് മീൻ പിടിക്കാൻ എളുപ്പവുമാണ്. പുതുവെള്ളത്തിലേക്കുള്ള മീനിന്റെ പാതകളിലെ തന്ത്രപരമായ ഇടങ്ങളിൽ ഇവയെ കൂട്ടത്തോടെ കിട്ടും എന്നതു തന്നെ കാരണം. പ്രജനകാലത്ത് നടത്തുന്നതായതുകൊണ്ട് ഊത്തപിടുത്തം മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്.[3]

നിരോധനം

തിരുത്തുക

ശുദ്ധജലമത്സ്യങ്ങളെ പിടികൂടുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്. എങ്കിലും കേരളത്തിൽ ഊത്ത പിടിത്തം സജീവമാണ്. ഇത് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു.[4]

വിവിധ ഊത്തപിടുത്ത രീതികൾ

തിരുത്തുക

ഊത്തയിളകുമ്പോൾ പുതുവെള്ളത്തിൽ, പ്രധാനമായും വയലിലെ ചാലുകളിലും കൈത്തോടുകളിലും രാത്രി വെട്ടുകത്തിയും ടോർച്ചുമായി ഇറങ്ങി ആളുകൾ വരാൽ, മുഷി തുടങ്ങിയ മീനിനെ വെട്ടിപ്പിടിക്കും.

മുളയോ ഈറയോ കൊണ്ട് നിർമ്മിച്ച രണ്ടറ്റവും തുറന്ന കോൺ ആകൃതിയുള്ള ഉപകരണം ഉപയോഗിച്ച് ആഴം കുറഞ്ഞ സ്ഥലങ്ങളിൽ മീൻപിടിക്കാറുണ്ട്. ഇതും രാത്രി വെളിച്ചം ഉപയോഗിച്ചാണ് മിക്കപ്പോഴും ചെയ്യാറ്. തീരെ ആഴം കുറഞ്ഞ ഇടങ്ങളിൽ നിന്നും മിതമായ അളവിൽ മീൻ കിട്ടും.

രണ്ട് ദണ്ഡുകൾക്കുള്ളിൽ കൂടുപോലെയുള്ള ചെറിയ വലയുമായി ഒഴുക്കുള്ള ഇടങ്ങളിൽ താഴ്തി നിൽക്കുകയും വലയിൽ മീൻ കയറിയാൽ പൊക്കി അതിനെ പിടിക്കുകയും ചെയ്യുന്ന രീതിയാണിത്.

മീനുകൾ സഞ്ചരിക്കുമ്പോൾ അവയുടെ സഞ്ചാരപഥം അടച്ച് കെണിയിലാക്കുന്ന രീതിയാണിത് (fishing weirs). പ്രജനനകാലം ശുദ്ധജലമത്സ്യങ്ങൾ പുതുവെള്ളത്തിലേക്ക് കയറുന്ന വഴികൾ കണ്ടെത്തി അവയിൽ പത്താഴം കെട്ടും. മീനുകൾക്ക് കുടുങ്ങാനുള്ള കെണിയൊരുക്കി ബാക്കി ഇടങ്ങൾ അടച്ചുകെട്ടുകയാണ് ചെയ്യാറ്. ഇങ്ങനെ ചെയ്താൽ ആ വഴിസഞ്ചരിക്കുന്ന എല്ലാ മീനുകളും അതിൽ പെട്ടുപോകും.

പരിസരത്തെ മീനുകളെ ഒട്ടാകെ പ്രജനനം നടത്താനനുവദിക്കാതെ പിടിക്കാൻ പത്താഴത്തിനു കഴിയുന്നതുകൊണ്ട് ഇവ വ്യാപിച്ചാൽ മത്സ്യങ്ങളുടെ അംഗബലം തകർന്നു പോകും. പത്താഴങ്ങൾ ലോകത്ത് എല്ലായിടത്തും ഉണ്ടായിരുന്നു എന്നാൽ ഇവയ്ക്ക് വലിയ വിനാശശേഷിയുണ്ടെന്നും വളരെ നേരത്തേ തന്നെ ലോകം തിരിച്ചറിഞ്ഞിരുന്നു. 800 വർഷം മുന്നേയാണ് ഇംഗ്ലണ്ടിൽ പത്താഴം നിരോധിച്ചത്. കേരളത്തിലും ഇപ്പോൾ പത്താഴം നിയമവിരുദ്ധമാണ്.

പുതുവെള്ളക്കെട്ടുകളിൽ വിഷം കലക്കി മീൻ പിടിക്കുന്ന പതിവും ചിലർക്കുണ്ട്. ഇതിനെ നഞ്ചു കലക്കൽ എന്നു പറയും. ആ പ്രദേശത്തെ ജലജീവികളെ ആകെ കൊല്ലുകയാണ് നഞ്ചുകലക്കുമ്പോൾ ചെയ്യുന്നത്. മീൻ‌പിടിത്തക്കാരൻ അയാൾ കണ്ട വലിപ്പമുള്ള മീനുകൾ മാത്രം എടുത്തു പോകുന്നു. ഊത്തയിളങ്കുമ്പോഴോ മറ്റേതു സമയത്തോ ജലാശയങ്ങളിൽ നഞ്ചു കലക്കുന്നത് വിനാശകരമായ ക്രൂരതയാണെന്നു മാത്രമല്ല നിയമവിരുദ്ധവുമാണ്.

സ്ഫോടകവസ്തുക്കൾ നാടൻ കൈബോംബുകളോ പാറമടയിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ഉപയോഗിച്ചോ നഞ്ചിന്റെ അതേ ഫലം ഉണ്ടാക്കുന്ന രീതിയാണ് തോട്ട പൊട്ടിക്കൽ. ഫലവും നഞ്ചുകലക്കൽ പോലെതന്നെ ഇതും നിരോധിച്ച പ്രവൃത്തിയാണ്.

പവർ ലൈനുകളും ഇൻ‌വേർട്ടറുകളും കൊണ്ട് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് മീൻ പിടിക്കുന്ന രീതിയാണിത്, ഇതിനും ആവാസവ്യവസ്ഥയെ നല്ലൊരളവിൽ തകർക്കാൻ കഴിയും എന്നു മാത്രമല്ല, മനുഷ്യർക്കും അപകടകരമായേക്കാം എന്നതിനാൽ നിയമവിരുദ്ധം തന്നെ.

ഇടവപ്പാതിയിലെ രാത്രികാല ഊത്തപിടുത്തം കേരളത്തിലെ ഗ്രാമീണമായ ഒരു വിനോദമാണ്.

  1. https://www.manoramaonline.com/karshakasree/features/2021/06/04/fishing-in-the-rain.html
  2. https://www.manoramanews.com/news/spotlight/2023/07/06/moovattupuzha-fish.html
  3. https://www.thejasnews.com/latestnews/ootha-pidutham-is-not-just-fishing-it-is-massacre-171063
  4. https://www.mathrubhumi.com/fact-check/general/catching-fish-in-stream-and-field-is-jail-term-fact-check-1.8717829
"https://ml.wikipedia.org/w/index.php?title=ഊത്ത&oldid=3946794" എന്ന താളിൽനിന്ന് ശേഖരിച്ചത്