ഈ.മ.യൗ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും പി. എഫ്. മാത്യൂസിന്റെ രചനയും നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഈ.മ.യൌ. ഈശോ മറിയം യൗസേപ്പേ എന്നതിന്റെ ചുരുക്ക രൂപമാണ് ഈ.മ.യൌ. വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. 2017 നവംബർ 30 ന് പ്രിവ്യു പ്രദർശിപ്പിച്ചെങ്കിലും 2018 മേയ് 4 നാണ് തീയറ്ററിൽ പ്രദർശനത്തിനെത്തിയത്. [5]വെറും 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് തീർത്തത്. 25 ദിവസത്തെ ഷെഡ്യൂൾ പ്ലാൻ ചെയ്ത സിനിമ പൂർത്തിയായപ്പോൾ ചിത്രീകരണത്തിന് എടുത്തത് 18 ദിവസം മാത്രമാണ്.[1]
ഈ.മ.യൌ | |
---|---|
സംവിധാനം | ലിജോ ജോസ് പെല്ലിശ്ശേരി |
നിർമ്മാണം | ആഷിക് അബു രാജേഷ് ജോർജ് കുളങ്ങര |
രചന | പി.എഫ്. മാത്യൂസ് |
അഭിനേതാക്കൾ | വിനായകൻ ചെമ്പൻ വിനോദ് ജോസ് ദിലീഷ് പോത്തൻ |
സംഗീതം | പ്രശാന്ത് പിള്ളi |
ഛായാഗ്രഹണം | ഷൈജു ഖാലിദ് |
ചിത്രസംയോജനം | ദീപു ജോസഫ് |
സ്റ്റുഡിയോ | ഒ.പി.എം. സിനിമാസ് ആർ.ജി.കെ.സിനിമാസ് |
വിതരണം | ഒ.പി.എം. സിനിമാസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഇതിവൃത്തം
തിരുത്തുകഎറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശ ഗ്രാമത്തിൽ നടക്കുന്ന ഒരു വൃദ്ധന്റെ മരണവും അതിനെത്തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ആർഭാടപൂർണമായ ഒരു ശവഘോഷയാത്രയിൽ നിന്നാണ് സിനിമയുടെ ആരംഭം. തുടർന്ന്, കൈയിൽ ഒരു സഞ്ചിയിൽ താറാവും മറ്റുമായി ബസ്സിൽ ഇരിക്കുന്ന വൃദ്ധനായ വാവച്ചൻ മേസ്തിരി(കൈനകരി തങ്കരാജ്)യെ കാണാം. ഈ സമയത്ത് വള്ളപ്പുരയിൽ വച്ചു ചീട്ടുകളിക്കുന്നതിനായി രണ്ടുപേർ സംസാരിച്ചു നീങ്ങുന്നതും ദൃശ്യമാണ്.
ചെല്ലാനത്ത് ബസ്സിറങ്ങിയ മേസ്തിരിയോട് ചൗരോ എന്ന നാട്ടുകാരൻ മേസ്തിരിയുടെ മകൾ നിസ (കൃഷ്ണ പദ്മകുമാർ) വഴിപിഴച്ചു പോകുന്ന കാര്യം അന്വേഷിക്കണം എന്നു പറഞ്ഞു പ്രകോപിപ്പിക്കുന്നു. ചൗരോയെ തല്ലി മുറിവേൽപ്പിച്ചിട്ടാണ് വാവച്ചൻ മേസ്തിരി അവിടെ നിന്ന് വീട്ടിലേക്കു പോകുന്നത്.
നീണ്ട യാത്രയ്ക്കു ശേഷം വീട്ടിലെത്തിയ മേസ്തിരിയെ ഭാര്യ പെണ്ണമ്മ (പൗളി വിൽസൺ) പരിഭവം പറഞ്ഞു സ്വീകരിക്കുന്നു. സൊസൈറ്റിയിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങി വരുന്ന മകൻ ഈശി (ചെമ്പൻ വിനോദ് ജോസ്) അപ്പൻ വരുന്ന വഴി ഉണ്ടാക്കിയ വഴക്ക് വീടെത്തും മുൻപേ തന്നെ അറിയുന്നുണ്ട്.
വഴക്കിനെ കുറിച്ച് ഒരു വാചകത്തിൽ അന്വേഷണം ഒതുക്കി അപ്പനും മകനും കൂടി മദ്യപിക്കുന്നു. ആ സമയം മേസ്തിരി അയാളുടെ അപ്പന്റെ ശവസംസ്കാരം ആർഭാടമായി നടന്ന കാര്യവും തന്റേത് എങ്ങനെ ആകുമെന്നും ചോദിക്കുന്നു. ഈശി അപ്പന്റെ സംസ്കാരം ആർഭാടമായിത്തന്നെ നടത്തുമെന്ന് വാക്കുകൊടുക്കുന്നു. തുടർന്നുള്ള സംഭാഷണങ്ങളിൽ ആ വീടിന്റെ സമാധാനവും കളിചിരി തമാശകളും വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നു.
തുടർന്ന്, ചവിട്ടുനാടകം കളിച്ചു കൊണ്ട് നിന്നിരുന്ന മേസ്തിരി പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുന്നു. അയാളുടെ തല പൊട്ടി ചോര വരുന്നുണ്ടായിരുന്നു. വീട്ടുകാർ പെട്ടെന്ന് തന്നെ മരണം തിരിച്ചറിഞ്ഞു നാട്ടുകാരെ വിളിച്ചുവരുത്തി.
ഈശിയുടെ സുഹൃത്തും പഞ്ചായത്ത് മെമ്പറുമായ അയ്യപ്പൻ (വിനായകൻ) സ്ഥലത്തെത്തി മേൽനോട്ടം ഏറ്റെടുത്തു വേണ്ട നടപടികൾ സ്വീകരിക്കുന്നു. ഈശി ഭാര്യയുടെ മാല വിറ്റ് വലിയ ശവപ്പെട്ടിയും മറ്റു സാധനങ്ങളും ബാന്റും സംഘടിപ്പിക്കുന്നു. ഇതേ സമയത്തു തന്നെ നാട്ടുകാരായ ലാസറും പാഞ്ചിയും കൂടി മരണം ഉറപ്പിക്കാൻ ഗർവാസിസ് ഡോക്ടറുടെ വീട്ടിൽ കൂട്ടിക്കൊണ്ട് പോകാൻ എത്തുന്നു. എന്നാൽ, ഡോക്ടർ ഉറങ്ങിയിരുന്നു. പകരം, അവർ ഹെഡ് നേഴ്‌സ് ആയ സാറാമ്മയെ കൂട്ടുന്നു. സാറാമ്മ മരണത്തിൽ അസ്വഭാവികത ഉള്ളതുകൊണ്ട് എഴുതിത്തരില്ല എന്ന് തീർത്തു പറയുകയും ഇക്കാര്യം വികാരിയായ ഫാ സക്കറിയ പാറപ്പുറത്തിനെ (ദിലീഷ് പോത്തൻ) അറിയിക്കുകയും ചെയ്യുന്നു. മരണം അറിയിക്കാൻ പോയ ലാസർ അതു മരണമല്ല കൊലപാതകമാണെന്ന് അച്ചന്റെ അടുക്കൽ പറഞ്ഞിരുന്നു. നേഴ്സിന്റെ സംസാരം കൂടി ആയപ്പോൾ വികാരി കൊലപാതകം ഉറപ്പിച്ചു. അയാൾ ഇക്കാര്യം പോലീസിലും അറിയിച്ചു. വള്ളപ്പുരയിൽ രാത്രി വൈകിയും ആദ്യം കണ്ട രണ്ടുപേർ ചീട്ടുകളിക്കുന്നുണ്ടായിരുന്നു. അവരിലൊരാൾ മറ്റേ ആളോട് ജയത്തെക്കുറിച്ച് പറയുന്നുമുണ്ട്.
പിറ്റേന്നത്തെ കാഴ്ച തുടങ്ങുന്നത് കുഴിവെട്ടുകാരൻ സൈമൺ ഒരു നായയുടെ ഒപ്പം തീരത്തു ഉറക്കമുണരുന്നതാണ്. കപ്യാരും കൊച്ചച്ചനും കൂടി കുരിശും മറ്റുമായി തീരത്തു കൂടി നടന്നു വരുമ്പോൾ ആകാശത്തേക്ക് നോക്കി മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന അയാളെ ആണ് കാണുന്നത്.
അന്നുതന്നെയാണ് വാവച്ചൻ മേസ്തിരിയുടെ രണ്ടാം ഭാര്യയും മകനും കൂടി അങ്ങോട്ടു വരികയും മൃതദേഹത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നത്. മേസ്തിരിയെ ഈശി കൊന്നതാണെന്ന് അവർ വാദിക്കുന്നു. ഈ സമയം അതിശക്തമായ മഴയും കാറ്റുമായി രംഗം വല്ലാതെ കൊഴുക്കുന്നുണ്ട്.
മേസ്തിരിക്കുവേണ്ടി കുഴിവെട്ടുന്ന സൈമണെ പിന്നെ കാണുന്നത് അതേ കുഴിയിൽ മരിച്ചു കിടക്കുന്നതാണ്. മദ്യപനായ അയാളെ മകൻ വീട്ടിൽ നിന്ന് പുറത്താക്കിയതായിരുന്നു. പള്ളി വികാരി കുഴിവെട്ടുകാരനെ അയാൾ വെട്ടിയ കുഴിയിൽ തന്നെ അടക്കാൻ നിർദേശം നൽകുന്നു.
മേസ്തിരിയുടെ വീട്ടിലെത്തിയ വികാരി ഈശ്ശിയോട് കരുണയില്ലാതെ പെരുമാറുകയും ശവം പള്ളിപ്പറമ്പിൽ അടക്കാൻ സമ്മതിക്കില്ല എന്ന് പറയുകയും ചെയ്യുന്നു. ഇതുകേട്ടു സങ്കടം വന്ന ഈശി അച്ചനെ അടിക്കുന്നു.
എന്നാൽ, അവിടെ എത്തിയ പോലീസ് ഡോക്ടർ പറഞ്ഞതനുസരിച്ചു മരണം സ്വാഭാവികമെന്ന് വിധിയെഴുതുകയും സമുദായ കാര്യത്തിൽ ഇടപെടില്ല എന്ന് അറിയിക്കുകയും ചെയ്യുന്നു.
സങ്കടം മൂലം മാനസികമായി തകരുന്ന ഈശി അപ്പനോട് മാപ്പിരന്നുകൊണ്ട് വീടിനു സമീപം തന്നെ കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യുന്നു.
പിന്നീട്, കുഴിവെട്ടുകാരന്റെ കൂടെ ഉണ്ടായിരുന്ന നായ ചത്തു കിടക്കുന്നതാണ് കാണുന്നത്. അടുത്ത ദൃശ്യത്തിൽ കളി നിർത്തി ദൂരേക്ക് നോക്കിനിൽക്കുന്ന ചീട്ടുകളിക്കാരെയും കാണാം. രണ്ടു വള്ളങ്ങളിലായി റാന്തലുകളും പിടിച്ചു പ്രത്യേക വസ്ത്രം ധരിച്ച കുറച്ചുപേർ തീരത്തേക്ക് വരുന്നു. അവരെ കാത്ത് ഒരു കറുത്ത വസ്ത്രം ധരിച്ച ആളും താറാവിനെ കയ്യിൽ പിടിച്ചു വാവച്ചൻ മേസ്തിരിയും നായയെ കയ്യിലെടുത്ത് കുഴിവെട്ടുകാരനും വെള്ള വസ്ത്രം ധരിച്ച ഒരാളും നിൽക്കുന്നുണ്ട്. ആദ്യം കണ്ട ചീട്ടുകളിക്കാരാണ് മേസ്തിരിയുടെയും കുഴിവെട്ടുകാരന്റെയും കൂടെയുള്ളവർ. മേസ്തിരിയെയും കുഴിവെട്ടുകാരനെയും നരകത്തിലേക്കും സ്വർഗത്തിലേക്കുമായി കൊണ്ടുപോകാൻ വന്ന മാലാഖമാരായിരുന്നു അവർ.
അഭിനേതാക്കൾ
തിരുത്തുക- ചെമ്പൻ വിനോദ് ജോസ് -ഈശി
- വിനായകൻ -അയ്യപ്പൻ
- പൗളി വത്സൻ -പെണ്ണമ്മ
- ദിലീഷ് പോത്തൻ -വികാരി ഫാദർ സക്കറിയാ പാറപ്പുറത്ത്
- ബിറ്റോ ഡേവിസ് - പാഞ്ചി
- കൈനക്കരി തങ്കരാജ്-വാവച്ചൻ
- കൃഷ്ണ പത്മകുമാർ -നിസാ
- ആര്യ സലീം - സബേത്ത്
നിർമ്മാണം
തിരുത്തുകഈശോ മറിയം യൌസേഫ് എന്ന ചുരുക്കപ്പേരാണ് ചിത്രത്തിന്റെ തലക്കെട്ട്. ചില ക്രൈസ്തവ സമൂഹങ്ങളിൽ, പ്രധാനമായും കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ മരണാസന്നനായ ആളുടെ ചെവിയിൽ ചൊല്ലിക്കൊടുക്കുന്ന പ്രാർത്ഥനയാണ് "ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന് കൂട്ടായിരിക്കേണമേ" എന്നത്. കൊച്ചിയിലെ ചെല്ലാനം തീരത്തുള്ള ഗ്രാമത്തിൽ ജീവിച്ച വാവച്ചൻ മെസ്റ്റ്രിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് കഥ. ആഗസ്റ്റ് 2017 ൽ ചിത്രീകരണം ആരംഭിച്ചു. തുടക്കത്തിൽ 35 ദിവസം കൊണ്ട് ഷൂട്ടിങ് നടക്കുമെന്ന്തീരുമാനിച്ചെങ്കിലും 18 ദിവസംകൊണ്ട് പൂർത്തിയാക്കി. പ്രധാന നടി കൂടാതെ, ചെല്ലാനം പ്രദേശത്തുനിന്നും പുതുമുഖങ്ങൾ ചേർന്നായിരുന്നു വേഷമിട്ടത്[2].രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിച്ച ഈ ചിത്രം പിന്നീട് സംവിധായകനായ ആഷിക് അബു ചിത്രത്തിന്റെ പൂർണ്ണാവകാശം സ്വന്തമാക്കി.[3]
പ്രദർശനം
തിരുത്തുകഅവാർഡ്
തിരുത്തുക- മികച്ച സംവിധായകൻ - ലിജോ ജോസ് പെല്ലിശ്ശേരി
- മികച്ച കഥാപാത്ര നടി - പോളി വൽസൻ
- മികച്ച ശബ്ദ ഡിസൈൻ - രംഗനാഥ് രവീ
പി.എഫ്.മാത്യൂസിന്റെ 'ചാവു നിലo ' എന്ന നോവലിനെ ആസ്പദമാക്കിയ തിരക്കഥയാണ് ഈ.മ.യൗ എന്ന സിനിമ.
തിരുത്തുക- ↑ https://www.manoramaonline.com/movies/movie-news/2018/04/16/ee-ma-yau-lijo-jose-pellissery-movie-aashiq-abu.html
- ↑ http://www.thehindu.com/entertainment/movies/lijo-jose-pellissery-about-his-new-movie-eemayau/article21210194.ece
- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/lijo-jose-pallisserys-award-winning-movie-ee-ma-yau-ready-to-release/articleshow/63800218.cms