റോബർട്ട് എ. ഹൈൻലൈൻ രചിച്ച ഒരു ശാസ്ത്ര ഫിക്ഷൻ കൃതിയാണ് "ഈഫ് ദിസ് ഗോസ് ഓൺ-". 1940-ൽ അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ എന്ന മാസികയിൽ തുടർച്ചയായാണ് ആദ്യം ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. 1953-ൽ പ്രസിദ്ധീകരിക്കപ്പെട്ട റിവോൾട്ട് ഇൻ 2100 എന്ന ചെറുകഥാസമാഹാരത്തിലും ഇത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. പൊതു വാർത്താവിനിമയം, അപ്ലൈഡ് സൈക്കോള‌ജി, ഹിസ്റ്റീരിയ ബാധിച്ച ജനങ്ങൾ എന്നിവ ചേർന്നാൽ അമേരിക്കയിലെ മത വിശ്വാസത്തിന് എന്ത് സംഭവിക്കാം എന്ന് ഈ കൃതി ചർച്ച ചെയ്യുന്നു. ഹൈൻലൈന്റെ ഫ്യൂച്ചർ ഹിസ്റ്ററി സീരീസിന്റെ ഭാഗമാണ് ഈ കൃതി.

"ഈഫ് ദിസ് ഗോസ് ഓൺ-"
കഥാകൃത്ത്റോബർട്ട് എ. ഹൈൻലൈൻ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
സാഹിത്യരൂപംശാസ്ത്ര ഫിക്ഷൻ ചെറുകഥ
പ്രസിദ്ധീകരിച്ചത്അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ
മാധ്യമ-തരംഅച്ചടി
പ്രസിദ്ധീകരിച്ച തിയ്യതി1940

കഥാസംഗ്രഹം തിരുത്തുക

ഭാവിയിൽ അമേരിക്കയിൽ ഒരു മതാധിഷ്ടിത ഭരണകൂടം നിലവിൽ വരുന്നതും യാഥാസ്ഥിതികരായ ക്രൈസ്തവ “പ്രവാചകന്മാർ” ഭരണത്തിലെത്തുന്നതുമാണ് കൃതിയിൽ പരാമർശിക്കപ്പെടുന്നത്. ആദ്യ 'പ്രവാചകനായ' നെഹേമിയ സ്കഡർ 2012-ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് അമേരിക്കൻ ഐക്യനാടുകളുടെ ഏകാധിപതിയാകുകയും ചെയ്യുന്നു. 2016-നു ശേഷം അമേരിക്കയിൽ തിരഞ്ഞെടുപ്പുകൾ നടന്നിട്ടില്ല.

പ്രവാചകന്റെ സൈന്യത്തിലെ ഒരു താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ് ജോൺ ലൈൽ. പ്രവാചകന്റെ തലസ്ഥാനമായ ന്യൂ ജെറുസലേമിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പ്രവാചകന്റെ കന്യകമാരിലൊരാളായ സിസ്റ്റർ ജൂഡിത്തുമായി പ്രണയത്തിലാകുന്നതോടെ ജോൺ ലൈൽ തന്റെ വിശ്വാസം ചോദ്യം ചെയ്യാൻ ആരംഭിക്കുന്നു. സുഹൃത്തായ സെബ് ജോൺസ് ജോണിനെ സഹായിക്കുന്നു. പ്രവാചകനെതിരായി പ്രവർത്തിക്കുന്ന രഹസ്യ സംഘടനയായ "കാബലിന്റെ" സഹായം ഇവർ തേടുന്നു. ജൂഡിത്തും ജോണും പിടിയിലാകുന്നുവെങ്കിലും കാബൽ ഇവരെ രക്ഷപെടുത്തുന്നു.

ജൂഡിത്തിനെ മെക്സിക്കോയിലേയ്ക്ക് രക്ഷപെടുത്തുന്നു. ജോണിന് മറ്റൊരു പേരിൽ കാബൽ ആസ്ഥാനത്തിലേയ്ക്ക് രക്ഷപെടാനുള്ള സാഹചര്യമൊരുങ്ങുന്നു. ജോണും സെബും ജൂഡിത്തിന്റെ സുഹൃത്തായ സിസ്റ്റർ മഗ്ദലീനും പ്രവാചകനെതിരായ യുദ്ധത്തിൽ പങ്കാളികളാകുന്നു.

ന്യൂ ജറുസലേമൊഴികെയുള്ള രാജ്യത്തിന്റെ ഭാഗങ്ങൾ മോചിപ്പിക്കാൻ കാബലിന് തുടക്കത്തിൽ തന്നെ സാധിക്കുന്നു. ഒരു സായുധ പോരാട്ടത്തിലൂടെ ന്യൂ ജറുസലേമും അവസാനം മോചിപ്പിക്കപ്പെടുന്നു. ന്യൂ ജറുസലേം മോചിപ്പിക്കപ്പെടുന്നതിനു മുൻപേ തന്നെ പ്രവാചകനെ കന്യകമാർ വധിച്ചിരുന്നു.

ഫ്രീമേസൺസ് തിരുത്തുക

ഫ്രീമേസണറിയുമായി ബന്ധമുള്ള പദപ്രയോഗങ്ങളാണ് കാബൽ അംഗങ്ങൾ നടത്തുന്നത്. ഭരണകൂടത്തിനെതിരായി പ്രവർത്തിക്കുന്ന വിഭാഗങ്ങളിലൊന്നാണ് ഫ്രീമേസണ്മാർ എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. (ഹൈൻലൈൻ ഒരു മേസൺ അല്ലായിരുന്നു,[1] പക്ഷേ തന്റെ ചെറുപ്പത്തിൽ ഈ വിഭാഗത്തിൽ ചേരുന്നത് കാര്യമായി പരിഗണിച്ചിരുന്നു.[2])

വിമർശനം തിരുത്തുക

ഡാമൺ നൈറ്റ് ഈ കൃതിയെപ്പറ്റി ഇപ്രകാരം എഴുതുകയുണ്ടായി:[3]

ശാസ്ത്രഫിക്ഷനിൽ വിപ്ലവം എപ്പൊഴും ഒരു പ്രധാന പ്രമേയമാണ്. ഇത് കാ‌ല്പനികകവും വിശ്വസനീയവും --പൊതുവിൽ-- ചൊവ്വയിലെ രാജകുമാരിമാരെപ്പോലെ തട്ടിപ്പുനിറഞ്ഞതുമായ ഒരു സങ്കൽപ്പമാണ്.

ഹൈൻലൈനല്ലാതെ മറ്റാരും ആധുനിക വിപ്ലവം ഒരു വലിയ ബിസിനസാണെന്ന് ചൂണ്ടിക്കാട്ടിയിട്ടില്ല. സാഹോദര്യത്തിൽ ഊന്നിനിൽക്കുന്ന സംഘടനകൾക്ക് അടിച്ചമർത്തലിനെതിരായി പ്രവർത്തിക്കുന്ന ഒരു രഹസ്യ കൂട്ടായ്മയാകാൻ സാധിക്കുമെന്ന് ഹൈൻലൈനല്ലാതെ മറ്റാർക്ക് കാണാൻ സാധിക്കുമായിരുന്നു? കഴിഞ്ഞ മുപ്പത് വർഷമായി ഇവയ്ക്കെതിരായ തമാശകളാണ് അമേരിക്കയിൽ കൂടുതലായി കേൾക്കാൻ സാധിക്കുന്നത്.

ഹൈൻലൈന്റെ മറ്റ് കൃതികളുമായുള്ള ബന്ധം തിരുത്തുക

ഹൈൻലൈന്റെ ഫ്യൂച്ചർ ഹിസ്റ്ററിയുറ്റെ ഭാഗമാണെങ്കിലും മറ്റ് കൃതികളുമായി കാര്യമായ ബന്ധമില്ലാത്ത ഈ കഥയ്ക്ക് ഒറ്റയ്ക്കുനിൽക്കാനുള്ള ശേഷിയുണ്ട്. മെതുസലാസ് ചിൽഡ്രൺ എന്ന കൃതിയിൽ പ്രവാചകഭരണകാലത്ത് ഹൊവാർഡ് കുടുംബങ്ങളുടെ രഹസ്യം കാര്യക്ഷമമായി സൂക്ഷിക്കപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കപ്പെട്ടിരുന്നുണ്ട്.

കോവനന്റ് എന്ന കരാറിലെത്തിപ്പെടാനുള്ള മുന്നോടിയായ ചർച്ചകളും ഈ കൃതിയിൽ പരാമർശവിഷയമാകുന്നുണ്ട്. "കോവന്ററി", "മിസ്ഫിറ്റ്", മെതുസലാസ് ചിൽഡ്രൺ എന്നീ കൃതികളിൽ കോവനന്റിനെ അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്.

സ്കഡർ എന്ന കഥാപാത്രം "ലോജിക് ഓഫ് ദ എമ്പയർ" എന്ന ചെറുകഥയിലും ഹൈൻലൈന്റെ ആദ്യ നോവലായ റ്റു സെയിൽ ബിയോൺഡ് സൺസെറ്റ് എന്ന കൃതിയിലും പ്രസ്താവിക്കപ്പെടുന്നുണ്ട്. സ്കഡറുടെ വളർച്ച പ്രതിപാദിക്കുന്ന "ദ സൗണ്ട് ഓഫ് ഹിസ് വിങ്സ്" എന്ന കൃതി ഹൈൻലൈന്റെ ഫ്യൂച്ചർ ഹിസ്റ്ററി സമയക്രമത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ഒരിക്കലും രചിക്കപ്പെട്ടില്ല.

2003-ൽ ഫോർ അസ്, ദ ലിവിംഗ് കണ്ടെത്തും വരെ[4] 1940-ൽ രചിച്ച ഈഫ് ദിസ് ഗോസ് ഓൺ— ഹൈൻലൈന്റെ ആദ്യ (ചെറു)( നോവലായി പരിഗണിക്കപ്പെട്ടിരുന്നു.[5] ഫോർ അസ്, ദ ലിവിംഗ് എന്ന നോവലിൽ സ്കഡർ അധികാരം പിടിച്ചെടുക്കുന്നതിനടുത്തെത്തുന്നുവെങ്കിലും സ്വാതന്ത്ര്യവാദികൾ അത് തടയുകയാണ് ചെയ്യുന്നത്.

വാർഡ് കാർസൺ ഇപ്രകാരം എഴുതുകയുണ്ടായി: "ഫോർ അസ്, ദ ലിവിംഗ് എന്ന കൃതിയിൽ ശൂന്യാകാശത്തിലെ മനുഷ്യരുടെ കോളനിവൽക്കരണം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് (സ്കഡറുടെ പരാജയശേഷം) നടക്കുന്നത്. ഫ്യൂച്ചർ ഹിസ്റ്ററിയിൽ സ്കഡർ അമേരിക്കൻ ഭരണം ഏറ്റെടുക്കുമെങ്കിലും കോളനിവൽക്കരണം ഒരു നൂറ്റാണ്ടു മുന്നേതന്നെ നടക്കുന്നു. ഹൈൻലൈൻ ഇതേപ്പറ്റി വ്യക്തമായ വിശദീകരണമൊന്നും നടത്തിയിട്ടില്ല. ഒരു ബന്ധം ഊഹിക്കാവുന്നതാണ്: ഫ്യൂച്ചർ ഹിസ്റ്ററിയിൽ ധൈര്യശാലികളായ അമേരിക്കക്കാർ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെതന്നെ ശൂന്യാകാശത്തേയ്ക്ക് യാത്ര തിരിച്ചിരുന്നു. ഒരു യാഥാസ്ഥിതികന്റെ പിടിയിൽ അമേരിക്കൻ ഭരണം അകപ്പെടുന്നത് തടയാൻ ഇവർക്ക് ഇതിനാൽ സാധിച്ചില്ല എന്ന് കരുതാം.".[6]

അവലംബം തിരുത്തുക

  1. "FAQ: Heinlein the Person". Archived from the original on 2012-08-12. Retrieved 2014-05-04.
  2. usenet posting by Bill Patterson, rec.arts.sf.written, Sun, Aug 13 2006
  3. Knight, Damon (1967). In Search of Wonder. Chicago: Advent.
  4. Rule, Deb Houdek (2003-08-31). "The finding and publishing of "For Us, the Living"". The Heinlein Society. Archived from the original on 2012-11-22. Retrieved March 6, 2012.
  5. # Bill Patterson (2000). "A Study of 'If This Goes On—'". The Heinlein Journal (7). Archived from the original on 2013-04-05. Retrieved 2014-05-04.
  6. Ward G. Carson, "The Formative Years of Science Fiction" in Ed Woods (ed.) Round Table on Speculative Literature, London, 2008
"https://ml.wikipedia.org/w/index.php?title=ഈഫ്_ദിസ്_ഗോസ്_ഓൺ-&oldid=3658768" എന്ന താളിൽനിന്ന് ശേഖരിച്ചത്