ഇരുനിലംകോട് ശിവക്ഷേത്രം
തൃശൂർ ജില്ലയിലെ മുള്ളൂർക്കര പഞ്ചായത്തിലാണ് ഇരുനിലംകോട് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എട്ട് - ഒൻപത് നൂറ്റാണ്ടുകളിലായാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മിതി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗുഹയുടെ മുകളിലുള്ള പാറയിൽ കരിങ്കലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഏഴുമുനിയറകളിൽ ഒരെണ്ണം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളു. അക്ഷമാല, ഡമരു, ദണ്ഡ്, പരശ് എന്നിവ ധരിച്ച ദക്ഷിണാമൂർത്തിയാണ് ഇരുനിലംകോട്ടെ പ്രതിഷ്ഠ. വലതുകാൽ ഇടത്തുകാലിന്മേൽ കേറ്റിവച്ചിരിക്കുന്ന വിധത്തിലാണ് ശില്പം. നീണ്ടുരുണ്ട ജടാമകുടവും വിരിഞ്ഞ മാറും പേരിനുമാത്രം അലംകൃതമായ കൈകാലുകളും ശില്പത്തിന്റെ പ്രത്യേകതയാണ്.പ്രധാനവിഗ്രഹത്തിനു പിന്നിലായി ശിവഭൂതഗണത്തിന്റെ ഒരു നിരതന്നെ ശില്പങ്ങളുടെ രൂപത്തിൽ ഉണ്ട്. കൂടാതെ, സ്വയംഭൂവായ ഒരു ശിവലിംഗവും സാളഗ്രാമവും ഇവിടെ പ്രതിഷ്ഠകളായുണ്ട്. സുബ്രഹ്മണ്യൻ, ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നീ ഉപദേവതകളുമുണ്ട്.[1]
ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി ഈ പ്രദേശത്തുണ്ടാകുന്ന എന്തും ഇരുനിലംകോട് ക്ഷേത്രത്തിൽ നേദിക്കണമെന്ന വിശ്വാസവുമുണ്ട്. പഴയകാലത്ത് ഇവിടെ പൂജാരിയുണ്ടായിരുന്നില്ല. ആളുകൾ നേരിട്ട് നേദിക്കുകയായിരുന്നു പതിവ്. വയറുവേദനയുണ്ടായാൽ മരം കൊണ്ടോ മണ്ണുകൊണ്ടോ ഉള്ള ആമ, മത്സ്യം, തേൾ, പഴുതാര എന്നിവ നിർമ്മിച്ച് ഇവിടെ സമർപ്പിച്ചാൽ രോഗം മാറുമെന്നാണ് വിശ്വാസം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിക്കാണ് ഉത്സവം.
സംരക്ഷിത സ്മാരകം
തിരുത്തുക1966 മുതൽ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് പരിപാലിച്ചു വരുന്ന സ്ഥാപനമാണിത്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Irunilamcode Rock cut temple". ആർക്കിയോളജി വകുപ്പ് വെബ് സൈറ്റ്.