ഇന്ത്യയിലെ ഭക്ഷ്യക്ഷാമം 1876-78

1876 ൽ തുടങ്ങി ഏതാണ്ട് രണ്ടുകൊല്ലക്കാലം നീണ്ടു നിന്ന, ഇന്ത്യയിലെ കുറേയെറെ ഭാഗങ്ങളെ ബാധിച്ച ഒരു ഭക്ഷ്യക്ഷാമമായിരുന്നു ഇത്. ദക്ഷിണേന്ത്യൻ ക്ഷാമം എന്നും മദിരാശി ക്ഷാമം എന്നും അറിയപ്പെടുന്നു. ആദ്യ വർഷം, മദ്രാസ്, ബോംബെ, മൈസൂർ, ഹൈദ്രാബാദ് എന്നിവിടങ്ങളെ ബാധിച്ച ഈ ക്ഷാമം രണ്ടാമത്തെ കൊല്ലമായപ്പോഴേക്കും ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലേക്കും പടർന്നു. കൂടാതെ പഞ്ചാബിനേയും നേരിയതോതിൽ ബാധിക്കുകയുണ്ടായി. 6,70,000 ചതുരശ്രകിലോമീറ്ററിലെ പ്രദേശങ്ങളിലായിരുന്നു ഈ ഭക്ഷ്യക്ഷാമം കൊണ്ടുള്ള കെടുതികൾ അനുഭവപ്പെട്ടത്. ഏതാണ്ട് ആറുകോടി ജനങ്ങളെ ഈ ക്ഷാമം നേരിട്ടു ബാധിക്കുകയുണ്ടായി.[1] ഭക്ഷ്യക്ഷാമത്തിന്റെ ഫലമായുള്ള അധികമരണനിരക്ക് 82 ലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു.[2][3]

ഇന്ത്യയിലെ ഭക്ഷ്യക്ഷാമം 1876-78
19-ആം നൂറ്റാണ്ടിൽ ഭക്ഷ്യക്ഷാമം അനുഭവിച്ച ബ്രീട്ടീഷ് ഇന്ത്യൻ പ്രദേശങ്ങൾ
Countryബ്രിട്ടീഷ് ഇന്ത്യ
Locationമദ്രാസ് പ്രവിശ്യ, ബോംബെ പ്രവിശ്യ, മൈസൂർ രാജ്യം, ഹൈദരാബാദ് രാജ്യം
Period1876–1878
Total deaths56 - 96 ലക്ഷം
Observationsവരൾച്ച, എൽനിനോ സതേൺ ഓസിലേഷൻ,
Theoryധാന്യങ്ങളെ വിൽപനച്ചരക്കാക്കൽ, നാണ്യവിള
Preceded byബീഹാറിലെ ഭക്ഷ്യക്ഷാമം 1873-1874
Succeeded byഇന്ത്യയിലെ ഭക്ഷ്യക്ഷാമം 1896-1897

കാരണങ്ങൾ

തിരുത്തുക
 
മദ്രാസ് പ്രവിശ്യയിലെ ബെല്ലാരി ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട രണ്ടുകുട്ടികൾ,1877 ഒക്ടോബറിലെ ഗ്രാഫിക് പത്രത്തിൽനിന്ന്

ഡക്കാൺ സമതലത്തിൽ സംഭവിച്ച വിളനാശമാണ് ഈ ഭക്ഷ്യക്ഷാമത്തിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.[4] ഇന്ത്യ, ചൈന, തെക്കേ അമേരിക്ക, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാമുണ്ടായ വലിയൊരു വരൾച്ചയുടെയും വിളനാശത്തിന്റെയും ഭാഗമായിരുന്നു ഇത്. ശക്തമായ എൽ നിനോയും സജീവമായിരുന്ന ഇന്ത്യൻ മഹാസമുദ്രഡൈപോളും തമ്മിലുള്ള ഇടപെടൽ മൂലമാണ് ഈ വരൾച്ച ഉണ്ടായത്. ഈ വരൾച്ചയും വിളനാശവും ലോകമാകെ 1.9 കോടി മുതൽ 5 കോടി വരെ മരണങ്ങൾക്ക് കാരണമായെന്നു കരുതപ്പെടുന്നു. [5]

കോളണി ഭരണത്തോടുകൂടി ധാന്യങ്ങളെ, ഭക്ഷണത്തിനു വേണ്ടിയുള്ളത് എന്നതിലുപരി ഒരു വിൽപ്പനച്ചരക്കാക്കി മാറ്റിയിരുന്നു, കൂടാതെ ധാന്യോൽപ്പാദനത്തിൽ നിന്നും മറ്റു നാണ്യവിളകളിലേക്കുള്ള ഉൽപ്പാദനമാറ്റവും ഈ ഭക്ഷ്യക്ഷാമത്തിനു കാരണമായിരുന്നു. ഇക്കാലത്ത് വൈസ്രോയ് ആയിരുന്ന ലിറ്റൺ പ്രഭു, ഇംഗ്ലണ്ടിലേക്ക് കയറ്റുമതി ചെയ്യുന്ന ഗോതമ്പിന്റെ അളവ് മുൻവർഷത്തെ അപേക്ഷിച്ചു വർദ്ധിപ്പിക്കുകയും ഉണ്ടായി. [6][7]

ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വർഷാ വർഷം വകയിരുത്തുന്ന തുക ബ്രിട്ടീഷ് സർക്കാർ വെട്ടിക്കുറച്ച് സമയത്തു തന്നെയാണ് ഈ ഭക്ഷ്യക്ഷാമവും തുടങ്ങിയത്. 1873–74 ൽ ബീഹാറിൽ ഉണ്ടായ ഭക്ഷ്യക്ഷാമത്തെ നേരിടാൻ ബർമ്മയിൽ നിന്നും അരി ഇറക്കുമതി ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ചെലവ് വർദ്ധിച്ചതുകാരണം അന്നത്തെ ബംഗാൾ സർക്കാരും, അതിന്റെ ലെഫ്ടനന്റ് ഗവർണറുമായിരുന്ന സർ.റിച്ചാർ‍ഡ് ടെംപിളും അതിന്റെ പേരിൽ ധാരാളം പഴി കേട്ടിരുന്നു.[8][9]1876-ലെ ക്ഷാമസമയത്ത്, അപ്പോഴേക്കും ഇന്ത്യാ ഗവൺമെന്റിന്റെ ഫാമൈൻ കമ്മീഷണറായിരുന്ന ടെംപിൾ [10]ഉയർന്ന ചിലവു മൂലം തനിക്കെതിരെ വരാവുന്ന പുതിയ ആരോപണങ്ങളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ട് ധ്യാനവ്യാപാരവുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് പൂർണ്ണമായ സ്വാതന്ത്രം അനുവദിച്ചു. [11]മാത്രമല്ല ദുരിതാശ്വാസത്തിനുള്ള യോഗ്യതയുടെ മാനദണ്ഡങ്ങൾക്കും തുച്ഛമായ ദുരിതാശ്വാസ റേഷനുകൾക്കുമുള്ള മാനദണ്ഡങ്ങൾ കർശനമാക്കി. [10]അദ്ദേഹത്തിന്റെ ഭരണസംവിധാനം രണ്ട് തരത്തിലുള്ള സഹായങ്ങൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തു: കഴിവുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലിചെയ്യുന്ന കുട്ടികൾക്കുമായി "ദുരിതാശ്വാസ പ്രവർത്തനങ്ങളും", ചെറിയ കുട്ടികൾക്കും പ്രായമായവർക്കും ദരിദ്രർക്കുമായി ജീവകാരുണ്യ പ്രവർത്തനങ്ങളും.[12]

ദുരിതാശ്വാസപ്രവർത്തനങ്ങൾ

തിരുത്തുക

ദുരിതാശ്വാസത്തിനുള്ള യോഗ്യതയ്ക്കായി കൂടുതൽ കർശനമായ പരിശോധനകൾ നടത്താനുള്ള നിർബന്ധം ബോംബെ പ്രസിഡൻസിയിലെ "ദുരിതാശ്വാസ പ്രവർത്തകരുടെ" പണിമുടക്കിന് കാരണമായി. [10]1877 ജനുവരിയിൽ മദ്രാസിലെയും ബോംബെയിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ ദിവസത്തെ കഠിനാധ്വാനത്തിനുള്ള വേതനം റിച്ചാർഡ് ടെംപിൾ കുറച്ചു. [13]ഈ വേതനം ഒരാൾക്കു 450 ഗ്രാം (1 പൗണ്ട്) ധാന്യവും ഒരു അണയും,സ്ത്രീകൾക്കും ജോലിചെയ്യുന്ന കുട്ടികൾക്കും അതിലും കുറഞ്ഞ തുകയുമായിരുന്നു. [14][15]വേതനം കുറക്കാനുള്ള യുക്തി ക്ഷാമം ബാധിച്ച ജനതയിൽ ദുരിതാശ്വാസവേതനം മൂലം 'ആശ്രിതത്വം' ഉടലെടുക്കാനവസരം കൊടുക്കാതിരിക്കാനായിരുന്നു.[13]

ടെംപിളിന്റെ ശുപാർശകളെ വില്യം ഡിഗ്ബി, മദ്രാസ് പ്രസിഡൻസിയിലെ സാനിറ്ററി കമ്മീഷണർ ഡബ്ല്യു.ആർ. കോർണിഷ് എന്നിവരുൾപ്പെടെ ചില ഉദ്യോഗസ്ഥർ എതിർത്തു. [16]കോർണിഷ് കുറഞ്ഞത് 680 ഗ്രാം (1.5 പൗണ്ട്) ധാന്യവും, പച്ചക്കറികളും പ്രോട്ടീനും വേതനം കൊടുക്കണമെന്നഭിപ്രായപ്പെട്ടു, പ്രത്യേകിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഠിനപ്രയത്നം ചെയ്യുന്ന വ്യക്തികൾക്ക്. [16]എങ്കിലും, ലിറ്റൺ ടെംപിളിനെ പിന്തുണച്ചു. ഏതു വേതനവും ഏറ്റവും ചെറിയ തുക വിതരണം ചെയ്യണമെന്ന ആശയത്തിനടിസ്ഥാനമായിരിക്കണമെന്ന് ലിറ്റൺ വാദിച്ചു.[17]

1877 മാർച്ചിൽ മദ്രാസ് പ്രവിശ്യാ സർക്കാർ കോർണിഷിന്റെ ശുപാർശകൾക്കനുസൃതമായി റേഷൻ വർദ്ധിപ്പിച്ചു. 570 ഗ്രാം ധാന്യവും 43 ഗ്രാം പ്രോട്ടീനും (പയർവർഗ്ഗങ്ങൾ) ആയിരുന്നു വർദ്ധിപ്പിച്ച റേഷൻ.[16] എന്നാൽ നിരവധി പേർ ക്ഷാമത്തിന് ഇരയായി. [18]ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പ്രത്യേകിച്ചും യുണൈറ്റഡ് പ്രൊവിൻസിൽ ദുരിതാശ്വാസം തുച്ഛമായിരുന്നു. അതിന്റെ ഫലമായി അവിടെ മരണനിരക്ക് കൂടുതലായിരുന്നു.[18] 1878 ന്റെ രണ്ടാം പകുതിയിൽ, മലമ്പനി പോഷകാഹാരക്കുറവ് മൂലം ഇതിനകം ദുർബലരായ നിരവധി പേരുടെ മരണത്തിനിടയാക്കി.[18]

1877-ന്റെ തുടക്കത്തോടെ "ക്ഷാമം നിയന്ത്രണവിധേയമാക്കി" എന്ന് ടെംപിൾ പ്രഖ്യാപിച്ചു. എന്നാൽ "നാലിലൊന്നു ആളുകളെയെങ്കിലും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ക്ഷാമം വേണ്ടത്ര നിയന്ത്രിക്കപ്പെട്ടുവെന്ന് പറയാനാവില്ല" എന്ന് ഡിഗ്ബി അഭിപ്രായപ്പെട്ടു.[17]

മൈസൂർ രാജ്യം

തിരുത്തുക
 
ബാംഗ്ലൂരിൽ ജനങ്ങൾ ദുരിതാശ്വാസത്തിനായി കാത്തു നിൽക്കുന്നു. "ഇല്ലസ്ട്രറ്റഡ് ലണ്ടൻ ന്യൂസിൽ"നിന്ന് (1877 ഒക്ടോബർ 20).

1876 ​​ലെ ക്ഷാമത്തിന് രണ്ട് വർഷം മുമ്പ്, കനത്ത മഴ കോലാറിലും ബാംഗ്ലൂരിലും റാഗി വിള നശിപ്പിച്ചു. തൊട്ടടുത്ത വർഷത്തിൽ മഴയിലുണ്ടായ കുറവ് തടാകങ്ങൾ വരണ്ടുപോകാൻ കാരണമായി. ഇത് ഭക്ഷ്യ സംഭരണത്തെ ബാധിച്ചു. ക്ഷാമത്തിന്റെ ഫലമായി, മൈസൂർ രാജ്യത്തെ ജനസംഖ്യയിൽ 1871 സെൻസസുമായി താരതമ്യപ്പെടുത്തുമ്പോൾ 874,000-ത്തിന്റെ കുറവുണ്ടായി.

മൈസൂർ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ പ്രത്യേക ക്ഷാമ കമ്മീഷണറായി റിച്ചാർഡ് ടെംപിളിനെ അയച്ചു. ക്ഷാമം നേരിടാൻ മൈസൂർ സർക്കാർ ദുരിതാശ്വാസ അടുക്കളകൾ ആരംഭിച്ചു. ദുരിതാശ്വാസം ലഭ്യമായതുകൊണ്ട് ധാരാളം ആളുകൾ ബാംഗ്ലൂരിലേക്കെത്തി. ഈ ആളുകൾക്ക് ഭക്ഷണത്തിനും ധാന്യങ്ങൾക്കും പകരമായി ബാംഗ്ലൂർ -മൈസൂർ റെയിൽവേലൈനിൽ ജോലി ചെയ്യേണ്ടിവന്നു. മൈസൂർ സർക്കാർ ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് പ്രസിഡൻസിയിൽ നിന്ന് വലിയ അളവിൽ ധാന്യം ഇറക്കുമതി ചെയ്തു. കാടുകളിൽ കാലികളെ മേയാൻ താൽക്കാലികമായി അനുവദിക്കുകയും പുതിയ ടാങ്കുകൾ നിർമ്മിക്കുകയും പഴയ ടാങ്കുകൾ നന്നാക്കുകയും ചെയ്തു. മൈസൂർ സംസ്ഥാനത്തിന്റെ ദിവാൻ, സി വി രംഗാചാർലു തന്റെ ദസറ പ്രസംഗത്തിൽ ക്ഷാമം മൂലമുള്ള സംസ്ഥാനത്തിന്റെ ചെലവ് 160 ലക്ഷമാണെന്നും അത് സംസ്ഥാനത്തിന് 80 ലക്ഷം കടം വരുത്തിയെന്നും പ്രസ്താവിച്ചു.[19]

അനന്തരഫലങ്ങൾ

തിരുത്തുക

ക്ഷാമം മൂലമുണ്ടായ അധികമരണനിരക്ക് ഏകദേശം 55 ലക്ഷത്തിനും 96 ലക്ഷത്തിനുമിടയിലാണെന്ന് കണക്കാക്കപ്പെടുന്നു. ആധുനിക കണക്കെടുപ്പ് അനുസരിച്ച് 82 ലക്ഷം മരണങ്ങളാണ് ക്ഷാമം മൂലമുള്ള അധികമരണനിരക്ക്.[20]അമിതമായ മരണനിരക്കും അതിന്റെ പശ്ചാത്തലത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും 1880-ലെ ക്ഷാമ കമ്മീഷൻ രൂപീകരിക്കുന്നതിലേക്കും ഇന്ത്യൻ ക്ഷാമനിയമങ്ങൾ രൂപീകരിക്കുന്നതിലേക്കും നയിച്ചു.[18] ക്ഷാമത്തിനുശേഷം, ദക്ഷിണേന്ത്യയിലെ ധാരാളം കർഷകത്തൊഴിലാളികളും നെയ്ത്തുകാരും തോട്ടം തൊഴിലാളികളായി ജോലി ചെയ്യുന്നതിനായി ബ്രിട്ടീഷ് കോളനികളിലേക്ക് കുടിയേറി. [21]ക്ഷാമം മൂലമുള്ള അമിതമായ മരണനിരക്ക് 1871-ലും 1881-ലുമായി നടന്ന ബ്രിട്ടീഷ് ഇന്ത്യയുടെ ഒന്നാമത്തെയും രണ്ടാമത്തെയും സെൻസസുകൾക്കിടയിലുള്ള ദശകത്തിൽ ബോംബെ, മദ്രാസ് പ്രസിഡൻസികളിലെ സ്വാഭാവിക ജനസംഖ്യാ വളർച്ചയെ നിർവീര്യമാക്കി.[22] തമിഴിലും മറ്റ് സാഹിത്യ പാരമ്പര്യങ്ങളിലും ഈ ക്ഷാമത്തെക്കുറിച്ചുള്ള ഓർമ്മകൾ നിലനിൽക്കുന്നു. [23]ഈ ക്ഷാമം വിവരിക്കുന്ന ധാരാളം കുമ്മി നാടൻ പാട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ക്ഷാമം ഇന്ത്യൻ ചരിത്രത്തിൽ ശാശ്വതമായ രാഷ്ട്രീയ സ്വാധീനം ചെലുത്തി. ക്ഷാമത്തോടുള്ള ഔദ്യോഗിക പ്രതികരണങ്ങളിൽ അസ്വസ്ഥരായ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികൾ വില്യം വെഡർബേണും എ.ഒ. ഹ്യൂമും ആയിരുന്നു. [24]ഒരു ദശാബ്ദത്തിനുള്ളിൽ, അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകരിച്ചു. ഇവരാൽ സ്വാധീനിക്കപ്പെട്ട ദാദാഭായ് നവറോജിയും റോമേഷ് ചന്ദർ ദത്തും ഉൾപ്പെട്ട ദേശീയവാദികൾക്ക് ഈ ക്ഷാമം ബ്രിട്ടീഷ് രാജിനെതിരായുള്ള സാമ്പത്തിക വിമർശനത്തിന്റെ മൂലക്കല്ലായി മാറി.[24]

  1. വില്ല്യം, ഡാൻഡോ. ഫുഡ് ആന്റ് ഫാമിൻ ഇൻ ട്വന്റിഫസ്റ്റ് സെഞ്ച്വറി. എ.ബി.സി.ക്ലിയോ. p. 49. ISBN 978-1598847314.
  2. Dyson, Tim (2018). A Population History of India: From the First Modern People to the Present Day. Oxford University Press. pp. 137–. ISBN 978-0-19-882905-8.
  3. Fieldhouse, David (1996), "For Richer, for Poorer?", in Marshall, P. J. (ed.), The Cambridge Illustrated History of the British Empire, Cambridge: Cambridge University Press. Pp. 400, pp. 108–146, ISBN 0-521-00254-0
  4. വില്ല്യം, ഡാൻഡോ. ഫുഡ് ആന്റ് ഫാമിൻ ഇൻ ട്വന്റിഫസ്റ്റ് സെഞ്ച്വറി. എ.ബി.സി.ക്ലിയോ. p. 49. ISBN 978-1598847314. പ്രധാനകാരണങ്ങൾ
  5. Marshall, Michael. "A freak 1870s climate event caused drought across three continents". New Scientist.
  6. S. Guha, Environment and Ethnicity in India, 1200-1991 2006. p.116
  7. Mike Davis, 2001. Late Victorian Holocausts: El Nino Famines and the Making of the Third World. Verso, London.
  8. Imperial Gazetteer of India vol. III 1907, പുറം. 488
  9. Hall-Matthews 1996, പുറങ്ങൾ. 217–219
  10. 10.0 10.1 10.2 Imperial Gazetteer of India vol. III 1907, പുറം. 488
  11. Hall-Matthews 1996, പുറം. 217
  12. Imperial Gazetteer of India vol. III 1907, പുറങ്ങൾ. 477–483
  13. 13.0 13.1 Hall-Matthews 2008, പുറം. 5
  14. Washbrook 1994, പുറം. 145, Imperial Gazetteer of India vol. III 1907, പുറം. 489
  15. Hall-Matthews 1996, പുറം. 219
  16. 16.0 16.1 16.2 Arnold 1994, പുറങ്ങൾ. 7–8
  17. 17.0 17.1 Mike Davis, Late Victorian Holocausts, El Niño Famines and the Making of the Third World, Verso, 2001; calories for Buchenwald diet: 1750; Temple wage: 1627. Both involved hard labour (p.39); Temple's remark on financial considerations p.40
  18. 18.0 18.1 18.2 18.3 Imperial Gazetteer of India vol. III 1907, പുറം. 489
  19. Prasad, S Narendra (5 August 2014). "A devastating famine". No. Bangalore. Deccan Herald. Retrieved 19 January 2015.
  20. Fieldhouse 1996, പുറം. 132
  21. Roy 2006, പുറം. 362
  22. Roy 2006, പുറം. 363
  23. Kamil Zvelebil (1974). Tamil Literature. Otto Harrassowitz Verlag. pp. 218–. ISBN 978-3-447-01582-0. Retrieved 1 January 2013.
  24. 24.0 24.1 Hall-Matthews 2008, പുറം. 24

പുസ്തകസൂചിക

തിരുത്തുക
  • Arnold, David (1994), "The 'discovery' of malnutrition and diet in colonial India", Indian Economic and Social History Review, 31 (1): 1–26, doi:10.1177/001946469403100101, S2CID 145445984
  • Hall-Matthews, David (2008), "Inaccurate Conceptions: Disputed Measures of Nutritional Needs and Famine Deaths in Colonial India", Modern Asian Studies, 42 (1): 1–24, doi:10.1017/S0026749X07002892
  • Imperial Gazetteer of India vol. III (1907), The Indian Empire, Economic (Chapter X: Famine, pp. 475–502, Published under the authority of His Majesty's Secretary of State for India in Council, Oxford at the Clarendon Press. Pp. xxx, 1 map, 552.
  • Washbrook, David (1994), "The Commercialization of Agriculture in Colonial India: Production, Subsistence and Reproduction in the 'Dry South', c. 1870–1930", Modern Asian Studies, 28 (1): 129–164, doi:10.1017/s0026749x00011720, JSTOR 312924
  • Hall-Matthews, David (1996), "Historical Roots of Famine Relief Paradigms: Ideas on Dependency and Free Trade in India in the 1870s", Disasters, 20 (3): 216–230, doi:10.1111/j.1467-7717.1996.tb01035.x, PMID 8854458
  • Roy, Tirthankar (2006), The Economic History of India, 1857–1947, 2nd edition, New Delhi: Oxford University Press. Pp. xvi, 385, ISBN 0-19-568430-3