പതിനേഴാം നൂറ്റാണ്ടിൽ (ഫെബ്രുവരി 24, 1604 – ഫെബ്രുവരി 28, 1652) ഇറ്റലിയിലെ വെനീസിൽ ജീവിച്ചിരുന്ന കന്യാസ്ത്രിയും എഴുത്തുകാരിയുമായിരുന്നു ആർക്കെഞ്ചലാ തരബോട്ടി (Arcangela Tarabotti). തരബോട്ടിയുടെ കൃതികളും കത്തുകളും, ശക്തമായ സ്ത്രീപക്ഷനിലപാട് പ്രകടിപ്പിച്ചു.[1]സമകാലീനസമൂഹത്തിൽ വ്യാപകമായിരുന്ന സ്ത്രീവിദ്വേഷത്തെയും പുരുഷമേധാവിത്വത്തെയും എതിർത്ത തരബോട്ടി, പെൺകുട്ടികളെ അവരുടെ സമ്മതം വാങ്ങാതെ കന്യാസ്ത്രികളാക്കുന്നതുൾപ്പെടെയുള്ള അനീതികൾക്കെതിരെ പ്രതികരിച്ചു. പതിനൊന്നു വയസ്സുമാത്രമുള്ളപ്പോൾ സ്വയം 'മഠംതള്ളലിന്' (forced monachisation) ഇരയാക്കപ്പെട്ട തരബോട്ടി, ആയുഷ്കാലമത്രയും ഈ അനാചാരത്തെ വിമർശിക്കുകയും അതിനുപിന്നിലെ പെൺവിരുദ്ധരാഷ്ട്രീയം തന്റെ കൃതികളിൽ തുറന്നുകാട്ടുകയും ചെയ്തു. തരബോട്ടിയുടെ പിതൃഭീകരത (Paternal Tyranny), ആശ്രമനരകം (Inferno Monacle) എന്നീ കൃതികൾ ഈ അനാചാരത്തിന്റെ നിശിതവിമർശനമാണ്. ജീവിതകാലത്ത് അഞ്ചു കൃതികൾ മാത്രം പ്രസിദ്ധീകരിക്കപ്പെട്ടുള്ളെങ്കിലും, ഏഴു പുസ്തകങ്ങളെങ്കിലും അവർ എഴുതിയിരിട്ടുണ്ട്. തരബോട്ടിയുടെ കൃതികളിലെ രാഷ്ട്രീയനിലപാടുകൾ മൂലം അവർ, ഒരു ആദിമസ്ത്രീപക്ഷവാദിയും രാഷ്ട്രമീമാംസകയുമായി കണക്കാക്കപ്പെടുന്നു.[2]

ജീവിതാരംഭം

തിരുത്തുക

എലീനാ കസാന്ദ്രാ തരബോട്ടി എന്ന പേരിൽ, വെനീസിലെ കാസ്റ്റെല്ലോയിലാണ് തരബോട്ടി ജനിച്ചത്. സ്റ്റെഫാനോ തരബോട്ടിയും മരിയാ കദേനയുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നു മക്കളുണ്ടായിരുന്ന ആ ദമ്പതികളുടെ ആറു പെണ്മക്കളിൽ മൂത്തവളായിരുന്നു തരബോട്ടി. അച്ഛനെപ്പോലെ അവർക്കും 'മുടന്ത്' ഉണ്ടായിരുന്നതാണ്, അവരെ വിവാഹം കഴിച്ചയക്കുക സാദ്ധ്യമല്ലെന്നും കാന്യാസ്ത്രിയാക്കാമെന്നും മാതാപിതാക്കൾ തീരുമാനിക്കാൻ കാരണമെന്നു കരുതപ്പെടുന്നു. 1617-ൽ, പതിനൊന്നു വയസ്സുള്ള തരബോട്ടി വിശുദ്ധ അന്നായുടെ നാമത്തിലുള്ള ബെനഡിക്ടൻ കാന്യാസ്തിമഠത്തിൽ ചേർന്ന് 'ആർക്കെഞ്ചലാ' എന്ന സന്യസ്ഥനാമം സ്വീകരിച്ചു. വിവാഹസാദ്ധ്യതയില്ലാത്ത പെൺകുട്ടികളെ കന്യാസ്ത്രികളാക്കുന്ന പതിവ്, പൂർവാധുനികയൂറോപ്പിൽ (Early modern Europe) സാധാരണമായിരുന്നു. ആർക്കെഞ്ചലായുടെ രചനകളിലെ പ്രധാന പ്രമേയം, ഇത്തരം 'നിർബ്ബന്ധിതമഠംതള്ളലിന്റെ' (forced monachisation) വിമർശനമാണ്.

സന്യാസം

തിരുത്തുക
 
ആർക്കെഞ്ചലാ തരബോട്ടി പതിനൊന്നു വയസ്സുമുതൽ ജീവിച്ച വെനീസിലെ വിശുദ്ധ അന്നയുടെ കന്യാമഠം

1620-ൽ പ്രഥമവൃതവാഗ്ദാനം നടത്തി സന്യാസത്തിലേക്കു പ്രവേശിച്ച തരബോട്ടി, 1623-ൽ 'നിത്യപറഞ്ഞൊപ്പിലൂടെ' സന്യാസ്ഥാവസ്ഥ സ്ഥിരപ്പെടുത്തി. മഠത്തിലെ ജീവിതത്തിന്റെ ആദ്യഘട്ടത്തിലെങ്കിലും അവർ കലാപകാരിയും, തുറന്നടിച്ചു സംസാരിക്കുന്നവളുമായിരുന്നു. വെനീസിലെ കത്തോലിക്കാപാത്രിയർക്കീസും കർദ്ദിനാളുമായിരുന്ന ബാൾദിസ്സേരാ ബർത്തലോമിയോ കൊർണാരോ നേരിട്ട് ഉത്തരവിടുന്നതു വരെ അവർ, സന്യാസവേഷം ധരിക്കാനും മുടിമുറിക്കാനും വിസമ്മതിച്ചു. സമ്മതത്തിനു ശേഷവും അവരുടെ ബോദ്ധ്യങ്ങൾ മാറാതെ നിന്നു. “എന്റെ നിർബ്ബങ്ങൾ അദ്ദേഹം മാറ്റി, ഞാൻ മുടി മുറിച്ചു, പക്ഷേ എന്റെ വികാരങ്ങൾ പിഴുതെറിയപ്പെടാതെ നിന്നു. എന്റെ ജീവിതം മാറിയെങ്കിലും, ചിന്തകൾ അവയുടെ വഴിക്കു തുടരുകയും മുറിച്ച മുടിപോലെ പൂർവാധികം വളരുകയും ചെയ്തു" എന്നാണ് അവർ എഴുതിയിരിക്കുന്നത്. തുടർന്നുള്ള കാലത്ത് അവരുടെ കാലാപപ്രവണത കുറഞ്ഞതായി കാണപ്പെട്ടെങ്കിലും, സന്യസ്ഥാവസ്ഥയിൽ തുടരുകവഴി താൻ "നുണയിൽ ജീവിക്കുകയാണെന്ന്" അവർ എഴുതിയിട്ടുണ്ട്.

അതേസമയം, സന്യസ്ഥാവസ്ഥയേയും കന്യാമഠങ്ങളേയും അടച്ചുവിമർശിക്കുകയായിരുന്നില്ല അവർ. യഥാർത്ഥമായ 'ദൈവവിളി'-യോടെ സന്യാസം സ്വീകരിക്കുന്നവർക്ക് അതു സ്വർഗ്ഗസമമായിരിക്കുമ്പോൾ, അധികാരികളുടേയും മാതാപിതാക്കന്മാരുടേയും തീരുമാനമനുസരിച്ചു നടക്കുന്ന 'മഠംതള്ളൽ', സ്ത്രീകളുടെ ജീവിതം നരകസമമാക്കുന്നുവെന്നാണ് അവർ വാദിച്ചത്. ഇഷ്ടത്തിനു വിരുദ്ധമായി സന്യാസജീവിതം നയിക്കുന്ന താൻ ഒരു പാപിയാണെന്ന് ഏറ്റുപറയുമ്പോഴും, താൻ ഒരിക്കലും മാനംവെടിഞ്ഞിട്ടില്ലെന്നും, തന്റെ ആസക്തികൾ ഉടയാടയുടെ അതിരുകടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.[3]

പഠനം, എഴുത്ത്

തിരുത്തുക

പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് കഴിയാൻ നിർബ്ബന്ധിതരായ അക്കാലത്തെ കന്യാസ്ത്രികൾക്ക് ബാഹ്യലോകവുമായുള്ള എല്ലാ സമ്പർക്കങ്ങളും കാനൻ നിയമപ്രകാരം വിലക്കപ്പെട്ടിരുന്നു. സന്യാസഭവനങ്ങളിലെ അച്ചടക്കമില്ലായ്മ അടിച്ചൊതുക്കാൻ ശ്രമിച്ച ത്രെന്തോസ് സൂനഹദോസ് നടപ്പാക്കിയ പരിഷ്കാരങ്ങളെ തുടർന്ന് ഈ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാവുകയും ചെയ്തിരുന്നു. ഈ അവസ്ഥയിലും തരബോട്ടി കഴിയുന്നത്ര അറിവുനേടാനും വായിക്കാനും ശ്രമിക്കുക മാത്രമല്ല, ഒട്ടേറെ രചനകൾ നടത്തുകയും തന്റെ സൃഷ്ടികൾ കത്തിടപാടുകളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അധികാരികളുടെ വിലക്കുകൾ അവഗണിച്ച് അവർ സന്ദർശകരെ കാണുകയും ചെയ്തു.

മാഠത്തിൽ ജീവിച്ച കാലത്ത് തരബോട്ടി വായനയിലൂടെ സ്വയംശിക്ഷിതയായതിനു പുറമേ, എഴുത്തുകാരും ശാസ്ത്രജ്ഞരും രാഷ്ട്രീയനേതാക്കന്മാരും ഉൾപ്പെടെയുള്ളവരുടെ വലിയൊരു സുഹൃദ്‌വലയം കത്തിടപാടുകളിലൂടെ രൂപപ്പെടുത്തുകയും ചെയ്തു. ജീവിതകാലത്ത് അഞ്ചു പുസ്തകങ്ങൾ സംശോധനചെയ്തു പ്രസിദ്ധീകരിക്കാൻ ഇത് അവരെ സഹായിച്ചു. മരണശേഷം അവരുടെ ഏറ്റവും പ്രസിദ്ധരചനയായ 'പിതൃഭീകരത'-യുടെ (Paternal Tyranny) പ്രസിദ്ധീകരണത്തിനു വഴിയൊരുക്കിയതും ഈ സുഹൃദ്ശൃംഖലയാണ്. കാന്യാസ്ത്രികൾ പുസ്തകങ്ങളിലൂടെയും മറ്റും അറിവുനേടുന്നത് അക്കാലത്ത് സാധാരണമായിരുന്നെങ്കിലും തരബോട്ടിയുടെ അറിവിന്റെ നിലവാരം, പതിവുകൾക്കുമേലെ ആയിരുന്നെന്നാണ്, അവരുടെ കൈയ്യക്ഷരവും രചനാമികവും പരിശോധിച്ച ചരിത്രകാരന്മാർ കരുതുന്നത്. എന്നാൽ ഏറ്റവും അസാധാരണമായിരുന്നത്, അവരുടെ കലാപകരമായ രാഷ്ട്രീയവും, സാഹിത്യ-രാഷ്ടീയസമൂഹങ്ങളുമായി അവർക്കുണ്ടായിരുന്ന കെട്ടുപാടുകളുമായിരുന്നു.

കത്തുകൾ, സൗഹൃദങ്ങൾ

തിരുത്തുക

തരബോട്ടിയുടെ ലഭ്യമായ കത്തുകൾ ഉത്തരഇറ്റലിയിലേയും ഫ്രാൻസിലേയും മേലേക്കിട രാഷ്ട്രീയ-സാംസ്കാരികനായകന്മാർ ഉൾപ്പെടെയുള്ളവരുമായി അവർക്കുണ്ടായിരുന്ന സൗഹൃദത്തിലേക്കു വിരൽ ചൂണ്ടുന്നു. അവരുടെ തൂലികാസൗഹൃദത്തിൽ 'വിധ്വംസകരായ' ശാസ്ത്രജ്ഞന്മാർ മുതൽ എണ്ണപ്പെട്ട എഴുത്തുകാർവരെ ഉൾപ്പെട്ടിരുന്നു. ഉല്പതിഷ്ണുക്കളായ വെനേഷ്യൻ എഴുത്തുകാരുടെ സാഹിത്യഅക്കാദമിയായിരുന്ന 'ഇൻകൊഗ്നിറ്റി' എന്ന രഹസ്യസംഘത്തിന്റെ സ്ഥാപകൻ ജിയോവാനി ഫ്രാൻസെസ്കാ ലോഡന്റെ സൗഹൃദവും പിന്തുണയും നേടിയതായി തെളിവുള്ള ഏക സ്ത്രീഎഴുത്തുകാരി അവരാണ്. തരബോട്ടിയുടെ സഹോദരിമാരിൽ ഒരാളുടെ ഭർത്താവ് 'ഇങ്കോഗ്നിറ്റി' അംഗമായിരുന്നതാകാം ഈ സൗഹൃദത്തിനു വഴിയൊരുക്കിയത്. ആശ്രമത്തിൽ സന്ദർശകരെ സ്വീകരിക്കാനും അവർ വഴി, അന്യഥാ വിലക്കപ്പെടുമായിരുന്ന പുസ്തകങ്ങൾ ലഭിക്കുവാനും തരബോട്ടിയെ സഹായിച്ചതും ഈ ബന്ധമാകാം.[4]

വെനേഷ്യൻ സമൂഹത്തിലെ ഉന്നതരിൽ മറ്റുപലരും തന്റെ സുഹൃത്തുക്കളായിരുന്നെന്നും അവർ പറഞ്ഞിട്ടുണ്ട്. രതിപ്രധാനമായ ഒട്ടേറെ നോവലുകളുടേയും പുരോഹിതവിരുദ്ധരചനകളുടേയും കർത്താവായ 'വിധ്വംസക'-ലേഖകൻ ഫ്രാൻസെസ്കോ പോനായുമായും അവർ കത്തിടപാടുകൾ നടത്തുകയും രചനകൾ പങ്കുവക്കുകയും ചെയ്തു. ഓസ്ട്രിയയിലെ മേലേക്കിട പണ്ഡിതൻ അഞ്ചെലിക്കോ അപ്രോസിയോയും അവരുടെ സുഹൃത്തായിരുന്നു. നിർബ്ബന്ധിതമഠംതള്ളലിനും സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിനുമെതിരെ പ്രതികരിച്ചതിനെതുടർന്നു പിടികിട്ടാപ്പുള്ളിയായി നടക്കേണ്ടിവന്ന ഒരു കാർത്തൂസിയൻ പുരോഹിതനും അവരുടെ തൂലികാസുഹൃത്തായിരുന്നു. പ്രമുഖ ഇറ്റാലിയൻ നിയമജ്ഞനും, കവിയും, ഉല്പതിഷ്ണുവുമായിരുന്ന ജിയോവാനി ഫ്രാൻസെസ്കോ ബുസെനെല്ലോയുമായുള്ള അവരുടെ സൗഹൃദത്തിനും, തൂലികാസാക്ഷ്യമുണ്ട്. പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനും ഗണിതവിദഗ്ദ്ധനുമായ ഇസ്മായേൽ ബുല്ലിയാദൂസും അവരുടെ സുഹൃത്തായിരുന്നു.

കത്തുകളിൽ തെളിയുന്ന ചിത്രത്തിൽ തരബോട്ടി കാണപ്പെടുന്നത്, എഴുത്തുകാരും, ശാസ്ത്രജ്ഞരും, രാഷ്ടീയ-സാമൂഹ്യമേഖലകളിലെ പ്രമുഖരും ഉൾപ്പെടുന്ന ഒരു പ്രബുദ്ധലോകത്തിന്റെ നടുവിലാണ്. സ്ത്രീയെന്ന നിലയിൽ ആ സമൂഹത്തിലെ അവരുടെ സ്ഥാനം അസാധരണവും, ശ്രമിച്ചുനേടിയതും ആയിരുന്നു. തന്റെ കൃതികൾ പ്രസിദ്ധീകരിക്കുന്നതിലും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും അവർ കാട്ടിയ നിശ്ചയദാർഢ്യത്തിനും കത്തുകൾ തെളിവാണ്. സംരക്ഷണവും, കൃതികളുടെ പ്രസിദ്ധീകരണത്തിനു വേണ്ട സഹായവും കണ്ടെത്താനുള്ള അക്ഷീണയത്നത്തിന്റെ കഥയും അവരുടെ കത്തുകളിൽ വായിക്കാം.

രചനയും രാഷ്ട്രീയവും

തിരുത്തുക

നിർബന്ധിതമഠംതള്ളലിനോടും സ്ത്രീവിദ്വേഷവും ഉൾപ്പെടെയുള്ള പുരുഷകേന്ദ്രീകൃതവ്യവസ്ഥയിലെ ഇതര അനീതികളോടുമുള്ള പ്രതിക്ഷേധം തരബോട്ടിയെ അതുല്യയായ ഒരു രാഷ്ടീയലേഖിക ആക്കി. ആത്മകഥനവും കല്പനകളും സാഹിത്യനിരൂപണവും രാഷ്ടീയപ്രഖ്യാപനങ്ങളും സംവാദപരതയും വ്യാഖ്യാനോന്മുഖതയും എല്ലാം ചേർന്ന അവരുടെ ശൈലിയും, രചനകളുടെ ഉള്ളടക്കം പോലെതന്നെ അസാധാരണമായിരുന്നു.

മുഖ്യരചനായി കരുതപ്പെടുന്ന 'പിതൃഭീകരത', രാഷ്ട്രീയത്തിലെ അവരുടെ തീവ്രനിലപാടുകളുടെ പ്രകടനപത്രികയാണ്. തരബോട്ടിയുടെ ജീവിതത്തേയും കൃതികളേയും സമഗ്രമായി പഠിച്ച ചരിത്രകാരി ലിൻ ലാരാ വെസ്റ്റ്‌വാട്ടർ, "നിശിതവും അങ്ങേയറ്റം വിധ്വംസകവുമായ രചന" എന്ന് അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ആ കൃതിയുടെ വിധ്വംസകസ്വഭാവം, പ്രസിദ്ധീകരിച്ച കാലത്തു തന്നെ തിരിച്ചറിയപ്പെട്ടിരുന്നു. പ്രസിദ്ധീകരണത്തെ തുടർന്ന്, "വിലക്കപ്പെട്ട രചനകളുടെ തിരുസംഘം" (Congregation of the Index) അതിനു വിലക്കേർപ്പെടുത്താൻ ശ്രമിച്ചു. 1661-ൽ ആ കൃതി നിരോധിതരചനകളുടെ ഇൻഡെക്സിൽ ഉൾപ്പെടുത്തപ്പെട്ടു.

'പിതൃഭീകരത' മൂന്നു ഭാഗങ്ങൾ (പുസ്തകങ്ങൾ) ചേർന്ന കൃതിയാണ്. സമൂഹത്തിലേയും മതത്തിലേയും അധികാരഘടനയുടെ വിശകലനമാണ് മൂന്നുഭാഗങ്ങളേയും കൂട്ടിയിണക്കുന്നത്. രാഷ്ട്രത്തിലേയും ഭരണകൂടത്തിലേയും സഭയിലേയും അധികാരശ്രേണികൾ സ്ത്രീകളെ, ഇഷ്ടത്തിനെതിരായി കന്യാമഠത്തിൽ ചേർത്തും വിദ്യാഭ്യാസം നിഷേധിച്ചും, അടിച്ചമർത്തുന്നതിൽ സഹകരിക്കുന്നുവെന്ന് അവർ വാദിച്ചു.[5][6] യൂറോപ്പിലെ ജനപ്രിയസാഹിത്യത്തിലെ സ്ത്രീവിരുദ്ധാഖ്യാനങ്ങളുടെ വിമർശനംകൂടിയാണ് ഈ കൃതി. തന്റെ സ്ത്രീപക്ഷനിലപാടുകളുടെ സാധൂകരണത്തിന് അവർ ബൈബിളിലും, ദാന്തേയുടെ ഡിവൈൻ കോമഡിയിലും, വെനേഷ്യൻ ലേഖിക മാരിനെല്ലായുടെ കൃതികളിലും നിന്നുള്ള ഉദ്ധരണികളെ ആശ്രയിക്കുന്നു. പേരിൽ സൂചിതമാകുന്നതുപോലെ, 'പുരുഷഭീകരത'-യെ നേരിടുന്ന കൃതിയാണത്.

പ്രസിദ്ധീകരണത്തിന്റെ കാലക്രമമനുസരിച്ച്, തരബോട്ടിയുടെ കൃതികൾ താഴെ പറയുന്നവയാണ്:-

  • പാരഡീസിയോ മോണാക്കിൾ (Paradiso monacale) അഥവാ ആശ്രമപറുദീസ (പ്രസിദ്ധീകരണം 1643).
  • ആന്റിസരിതാ (Antisarita) (പ്രസിദ്ധീകരണം 1644), ഫ്രാൻസെസ്കോ ബൂനിസെഞ്ഞി, പെൺജാതിയുടെ പൊങ്ങച്ചത്തെ പരിഹസിച്ച് 1638-ൽ പ്രസിദ്ധീകരിച്ച കൃതിയോടുള്ള പ്രതികരണമായിരുന്നു ഈ രചന.
  • സ്വകാര്യകത്തുകളും ഔപചാരികകത്തുകളും (Letters familar and Formal) (പ്രസിദ്ധീകരണം 1650).
  • ലെ ലാഗ്രിമെ ആർക്കെഞ്ചലാ തരബോട്ടി അഥവാ ആർക്കെഞ്ചലാ തരബോട്ടിയുടെ കണ്ണുനീരുകൾ(പ്രസിദ്ധീകരണം 1650).
  • പെൺജാതിയും മനുഷ്യവർഗ്ഗമാണ് - പെൺപക്ഷവാദം (പ്രസിദ്ധീകരണം 1651): സ്ത്രീകൾ മനുഷ്യജാതിയിൽ പെടുന്നില്ലെന്നും അവർക്ക് ആത്മാവില്ലെന്നും വാദിച്ച് 1647-ൽ അജ്ഞാതനായ ഒരാൾ പ്രസിദ്ധീകരിച്ച രചനയുടെ പ്രത്യാഖ്യാനം.
  • പിതൃഭീകരത (തരബോട്ടിയുടെ മരണശേഷം 1654-ൽ, വഞ്ചിക്കപ്പെടുന്ന നിഷ്കളങ്കത എന്ന പേരിൽ പ്രസിദ്ധീകരിച്ചത്).
  • ഇൻഫെർണോ മൊണാക്കിൾ അഥവാ ആശ്രമനരകം - മരണശേഷം 1690ൽ പ്രസിദ്ധീകരിച്ചത്)
  1. Westwater, Lynn Lara. “A Cloistered Nun Abroad: Arcangela Tarabotti’s International Literary Career.” Women writing back/writing women back: transnational perspectives from the late Middle Ages to the dawn of the modern era. Eds. Anke Gilleir, Alicia Montova, and Suzanna van Dijk. Boston, Mass.
  2. Ray, Meredith Kennedy. “Biography: Tarabotti, Arcangela.” University of Chicago Library: 2007
  3. Arcangela Tarabotti, Elena Cassandra: A Feminist Venetian Republic Nun, Women's History Network
  4. ഇസ്രായേലി പത്രമായ Haaretz-ൽ മൈക്കൽ ലെവെർടോവ് 2011 സെപ്തംബർ 9-ന് എഴുതിയ ലേഖനം Get thee to a Nunnery]
  5. Tarabotti, Arcangela (1604-1652), Venetian Nun and Writer Italian Women Writers
  6. Centre for Reformation and Renaissance Studies Letters Familiar and Formal ARCANGELA TARABOTTI, Edited and translated by MEREDITH K. RAY AND LYNN LARA WESTWATER Archived 2015-09-06 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ആർക്കെഞ്ചലാ_തരബോട്ടി&oldid=3624620" എന്ന താളിൽനിന്ന് ശേഖരിച്ചത്