കേരളത്തിലെ ആദ്യ കാല പ്രസാധകരിലൊരാളാണ് മാളിയമ്മാവു കുഞ്ഞുവറിയത് (1853 - 1935). ഭാരത വിലാസം സഭ‌ എന്ന ഭാഷയിലെ ദ്വിതീയ സംഘടനയുടെ തുടക്കകാരനായിരുന്നു.

ചിത്രത്തിലുള്ളവർ യഥാക്രമം
ഇരിക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1.കൊട്ടാരത്തിൽ ശങ്കുണ്ണി, 2.ഉള്ളൂർ എസ്. പരമേശ്വരയ്യർ, 3.നടുവത്ത് അച്ഛൻ നമ്പൂതിരി, 4.രാമവർമ്മ അപ്പൻ തമ്പുരാൻ, 5. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 6. പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, 7.പന്തളത്ത് കേരള വർമ്മ തമ്പുരാൻ.
നിൽക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1. ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, 2. കുണ്ടൂർ നാരായണ മേനോൻ, 3. നടുവത്ത് മഹൻ നമ്പൂരി, 4. കാത്തുള്ളിൽ അച്യുതമേനോൻ, 5.പെട്ടരഴിയം വലിയ രാമനിളയത്, 6. വള്ളത്തോൾ നാരായണ മേനോൻ, 7. സി.വി.കൃഷ്ണനിളയത്
നിൽക്കുന്നവർ രണ്ടാം നിര, ഇടത്തുനിന്ന് വലത്തോട്ട് - 1. ചങ്ങരം കോതകൃഷ്ണൻ കർത്താവ്, 2. ഒടുവിൽ ശങ്കരൻ കുട്ടി മേനോൻ

ആദ്യ കാല പ്രവർത്തനങ്ങൾ

തിരുത്തുക

പൊന്നാനി താലൂക്കിലെ വൈലത്തൂരംശത്തിലാണ് കുഞ്ഞുവറിയതിന്റെ ജനനം. പതിന്നാലാം വയസ്സിൽ കുന്നംകുളം പാറമേൽ ഇട്ടൂപ്പ് കൊച്ചിയിൽ സ്ഥാപിച്ച സെന്റ് തോമസ് പ്രസ്സിൽ കംപോസിറ്ററായി അച്ചടി ജോലികൾ അഭ്യസിച്ചു. 1887 ൽ പന്ത്രണ്ടു ക്രൈസ്തവ പ്രമാണിമാർ ചേർന്ന് തൃശൂരിൽ ആരംഭിച്ച കേരളകൽപ്പദ്രുമം അച്ചടി ശാലയുടെ മാനേജരായിരുന്നു.[1]

ഭാരതവിലാസം പ്രസ്സ്

തിരുത്തുക

കേരളകൽപ്പദ്രുമത്തിൽ നിന്നു പിരിഞ്ഞ് 1904 സെപ്റ്റംബർ 12 ന് തൃശൂരിൽ ഭാരതവിലാസം പ്രസ്സ് സ്ഥാപിച്ചു[2]. പതിനഞ്ചോളം സാഹിത്യ മാസികകൾ ഭാരതവിലാസത്തിൽ മുദ്രണം ചെയ്തിരുന്നു. ടി.സി.പരമേശ്വരൻ മൂസതിന്റെ അമരം പാരമേശ്വരി, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരത വിവർത്തനം, ഏ.ആർ.രാജരാജവർമ്മയുടെ നളചരിതം കാന്താരതാരകം വ്യാഖ്യാനം തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു. അച്ചടി രംഗത്തും ഗ്രന്ഥ പ്രസാധന രംഗത്തും പല പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി. ഗ്രന്ഥ പരിശോധനയ്ക്കും പ്രൂഫ് പരിശോധനയ്ക്കും പ്രത്യേകം ചുമതലക്കാരെ ഏർപ്പെടുത്തി. ആറ്റൂർ കൃഷ്ണപിഷാരടി, ടി.ഡി. പരമേശ്വരൻ മൂസത്, കൈക്കുളങ്ങര രാമവാരിയർ എന്നിവർ ഗ്രന്ഥ പരിശോധകരായിരുന്നു. ഭാരതവിലാസം സഭ എന്നൊരു സാഹിത്യ സഭ 1904 ൽ സ്ഥാപിച്ചു.

ക്രിസ്തുദേവചരിതം, ഭക്തി മാഹാത്മ്യം തുടങ്ങി പതിന്നാലോളം പുസ്തകങ്ങൾ രചിച്ചു. 'മലയാളം അച്ചുകൂടങ്ങൾ' എന്ന പ്രബന്ധം മലയാളത്തിലെ ആദ്യ കാല മുദ്രണ ശാലകളെക്കുറിച്ച് വിവരം തരുന്നു.

  1. മാളിയമ്മാവു കുഞ്ഞുവറിയത്, ജി.പ്രിയദർശനൻ, ഭാഷാപോഷിണി, പസ്തകം 35, ലക്കം 3, ഓഗസ്റ്റ് 2011
  2. ഗൂഗിൾ ബുക്സ്