വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ആരിയപ്പൂങ്കന്നി. ആര്യപൂങ്കന്നി എന്നും ഈ തെയ്യത്തിനു പേരുണ്ട്. കൂരാങ്കുന്ന് ഭഗവതി ക്ഷേത്രമാണ് ആര്യപൂങ്കന്നിയുടെ ആരൂഢക്ഷേത്രം. വണ്ണാൻ സമുദായമാണ് ഈ തെയ്യം കെട്ടുന്നത്. തീയരുടെ പ്രധാന ആരാധന മൂർത്തി ആണ് ഈ ദേവത.

ആരിയപ്പൂങ്കന്നി തെയ്യത്തിന്റെ മുഖത്തെഴുത്ത്

ഐതിഹ്യം

തിരുത്തുക

ആരിയക്കര നറുംകയത്തിൽ ആരിയപ്പട്ടരുടേയും ആരിയ പട്ടത്തിയുടേയും മകളായി ജനിച്ച ദൈവകന്യയാണ് ആര്യപൂങ്കന്നി എന്നു വിശ്വസിക്കുന്നു. കല്യാണ പ്രായമെത്തിയപ്പോൾ തലയിലണിയാൻ സഹോദരന്മാർ മുത്തിനുപോകാൻ തയ്യാറായി. പഴഞ്ചനായ ഒരു കപ്പലിൽ തുണിപിന്നി പായയുണ്ടാക്കിക്കെട്ടി കടൽവഴി യാത്ര തുടങ്ങി. കൂടെ ആര്യപൂങ്കന്നിയും യാത്ര ചെയ്തു. മടക്കയാത്രയിൽ കൊടും കാറ്റിൽ പെട്ട് പാമരം മുറിഞ്ഞ് കപ്പൽ തകർന്നു. പലക പിടിച്ച് സഹോദരർക്കൊപ്പം പൂങ്കന്നിയും ഏഴു ദിവസം കടലിലലഞ്ഞു. എട്ടാം ദിവസം കരക്കണഞ്ഞെങ്കിലും പരസ്പരം കണ്ആൻ സാധിച്ചില്ല. സഹോദരരെ കാണാതെ തീരത്തുകൂടി നടക്കുന്ന പൂങ്കന്നി ഒരു മരക്കലം പോകുന്നതു കണ്ടു. തന്നെക്കൂടി ആ മരക്കലത്തിൽ കയറ്റാൻ പൂങ്കന്നി ആവശ്യപ്പെട്ടു. അതിന്റെ കപ്പിത്താനായ ബപ്പിരിയൻ എന്ന മാപ്പിള പൂങ്കന്നിയെ അതിൽ കയറ്റാൻ കൂട്ടാക്കിയില്ല. പൂങ്കന്നി ഗംഗയുപദേശമന്ത്രം ജപിച്ച് ചൂരക്കോലുകൊണ്ട് വെള്ളത്തിൽ അടിച്ചപ്പോൾ തിര നീങ്ങി മരക്കലം വരെ വഴിയുണ്ടായി. മരക്കലം പമ്പരം പോലെ തിരിയാനും തുടങ്ങിയപ്പോൾ പൂങ്കന്നി ഒരു അമാനുഷിക ശക്തിയുള്ള പെണ്ണാണെന്ന് ബപ്പിരിയൻ എന്ന കപ്പിത്താനു മനസ്സിലായി. അയാൾ പൂങ്കന്നിയെ വണങ്ങി. അവളുടെ ഇഷ്ടാനുസരണം സഹോദരന്മാരെ അന്വേഷിച്ച് തുടർന്നവർ കപ്പലോടിച്ചു. ഒടുവിൽ വെണ്മണലാറ്റിങ്കരയിൽ അവരെ കണ്ടു. ആറു സഹോദരന്മാരെ അവിടെ കുടിയിരുത്തി. പൂങ്കന്നി യാത്ര വീണ്ടും തുടർന്നു. വഴിയിൽ ശ്രീ ശങ്കരനാരായണനെ കണ്ട് വണങ്ങി, പിന്നെ കൈതിക്കീലമ്പലത്തിൽ എത്തി മരക്കലം അവിടെ അടുപ്പിച്ചു. കൈതിക്കെലമ്മ എന്ന പേരും അങ്ങനെ ലഭിച്ചു. ആരിയ പൂങ്കന്നിക്കൊപ്പം മാപ്പിള തെയ്യം ആയി ബപ്പിരിയൻ തെയ്യം കൂടി എല്ലായിടവും കെട്ടിയാടിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ആരിയപ്പൂങ്കന്നി&oldid=3897041" എന്ന താളിൽനിന്ന് ശേഖരിച്ചത്