ആയുഷ് വകുപ്പ് (കേരളം)
ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെ എകോപിപ്പിച്ചുകാണ്ട് കേരള സർക്കാർ 2015 ഓഗസ്റ്റ് 5-നു രൂപീകരിച്ച പുതിയ വകുപ്പാണ് ആയുഷ് വകുപ്പ് (AYUSH Department) [1].കേരളത്തിൻറെ ഈ തനതു ചികിത്സാ സമ്പ്രദായങ്ങളെ വികസിപ്പിക്കുന്നതിനും ഇവയുടെ പ്രാധാന്യം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിനും വേണ്ടിയാണ് വകുപ്പ് രൂപീകരിച്ചത്.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് വകുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.[2].ഈ വകുപ്പിന്റെ രൂപീകരണത്തോടെ ഏറ്റവും ഗുണകരമായതും പ്രകൃതിക്കനുയോജ്യമായതുമായ ചികിത്സാരീതികൾ ഒരു വകുപ്പിനു കീഴിലാകുന്നു.ഇതോടെ കേരളത്തിലെ 23 മെഡിക്കൽ കോളേജുകളും 160 സർക്കാർ ആശുപത്രികളും 2180 ഡിസ്പെൻസറികളും 35 സബ്സെന്ററുകളും ആയുഷ് വകുപ്പിനു കീഴിൽ പ്രവർത്തിക്കും.[1] വകുപ്പിന്റെ ആസ്ഥാന മന്ദിരമായ ആയുഷ് ഭവൻ തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിക്കു സമീപം നിർമ്മിക്കും.[2] ആയുഷ് ഭവന്റെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. [2] ഇന്ത്യയിൽ ആയുഷ് വകുപ്പ് രൂപീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. [2] ഹിമാചൽ പ്രദേശും രാജസ്ഥാനുമാണ് ഇതിനുമുമ്പ് ആയുഷ് വകുപ്പ് രൂപീകരിച്ച മറ്റു സംസ്ഥാനങ്ങൾ.[2]. ആരോഗ്യം,കുടുംബക്ഷേമം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വി. എസ്. ശിവകുമാറാണ് നിലവിൽ ആയുഷ് വകുപ്പും കൈകാര്യം ചെയ്യുന്നത്.(2015 ഓഗസ്റ്റ് പ്രകാരം).[3].
പേരിനു പിന്നിൽ
തിരുത്തുകആയുഷ് (AYUSH) എന്നത് ആയുർവേദം, യോഗ,പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. [1].
A - | Ayurveda (ആയുർവേദം) |
Y - | Yoga and Naturopathy (യോഗയും പ്രകൃതിചികിത്സയും) |
U - | Unani (യുനാനി) |
S - | Siddha (സിദ്ധ) |
H - | Homoeopathy (ഹോമിയോപ്പതി) |
ലക്ഷ്യങ്ങൾ
തിരുത്തുക- കേരളത്തിൻറെ തനതു ചികിത്സാ സമ്പ്രദായങ്ങളെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക.
- ആയുഷ് ചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജുകളും ഡിസ്പെൻസറികളും സ്ഥാപിക്കുക.
- ഔഷധങ്ങളുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പുവരുത്തുക.
- ഔഷധ സസ്യങ്ങളിൽ നിന്നും പുതിയ മരുന്നുകൾ നിർമ്മിക്കുക.
- ഔഷധ മരുന്നുകൾ ലോക വിപണിയിലെത്തിക്കുക വഴി കേരളത്തിൻറെ സമ്പദ്‌വികസനം.
- പാർശ്വഫലങ്ങളില്ലാത്ത ചികിത്സയും ജീവിതശൈലീരോഗങ്ങളുടെ നിയന്ത്രണവും.
- രോഗപ്രതിരോധ ചികിത്സാ മേഖലയെ ശക്തിപ്പെടുത്തുക.
- ആയുഷ് ചികിത്സാരീതികളെ സംബന്ധിച്ച വിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്തുക.