ആഗ്നസ് മൂർ‌ഹെഡ്

അമേരിക്കന്‍ ചലചിത്ര നടന്‍

ആഗ്നസ് റോബർ‌ട്ട്സൺ മൂർ‌ഹെഡ് (ജീവിതകാലം: ഡിസംബർ 6, 1900 - ഏപ്രിൽ 30, 1974) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. 41 വർഷം നീണ്ടുനിന്ന തന്റെ തൊഴിൽ ജീവിതത്തിനിടയിൽ റേഡിയോ, നാടക, സിനിമ, ടെലിവിഷൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ ജോലി ചെയ്തിരുന്നു.[1] ബെവിച്ഡ് എന്ന ടെലിവിഷൻ പരമ്പരയിലെ എൻഡോറ എന്ന കഥാപാത്രത്തിലൂടെ കൂടുതലായി അറിയപ്പെടുന്ന അവർ, സിറ്റിസൺ കെയ്ൻ, ദി മാഗ്നിഫിസന്റ് ആംബേഴ്സൺസ്, ഡാർക്ക് പാസേജ്, ഓൾ ദാറ്റ് ഹെവൻ അലവ്സ്, ഷോ ബോട്ട്, ഹഷ് ... ഹഷ്, സ്വീറ്റ് ഷാർലറ്റ് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ആഗ്നസ് മൂർ‌ഹെഡ്
Promotional photo of Moorehead (1960s)
ജനനം
ആഗ്നസ് റോബർട്ട്സൺ മൂർഹെഡ്

(1900-12-06)ഡിസംബർ 6, 1900
മരണംഏപ്രിൽ 30, 1974(1974-04-30) (പ്രായം 73)
അന്ത്യ വിശ്രമംഡെയ്റ്റൺ മെമ്മോറിയൽ പാർക്ക്, ഡെയ്റ്റൺ, ഒഹിയോ, യു.എസ്.
തൊഴിൽനടി
സജീവ കാലം1933–1974
ജീവിതപങ്കാളി(കൾ)
John Griffith Lee
(m. 1930; div. 1952)

(m. 1954; div. 1958)

മൂർഹെഡ് അപൂർവമായി മാത്രമേ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നുള്ളുവെങ്കിൽപ്പോലും കഥാപാത്ര വികസനത്തിലും ഭാവാഭിനയത്തിന്റെ പരമോന്നതിയിലേയ്ക്കെത്താനുമുള്ള അവരുടെ മികവ് നാല് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ, ആറ് എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ എന്നിവ കൂടാതെ ഒരു പ്രൈംടൈം എമ്മി അവാർഡ്, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവയും നേടുന്നതിനു സഹായകമായി. ഓസ്കാർ ചടങ്ങിന് ആതിഥേയത്വം വഹിച്ച ആദ്യ വനിതയായിരുന്നു അവർ. ടെലിവിഷനിലേക്കുള്ള അവരുടെ ചുവടുമാറ്റത്തോടെ നാടകീയതക്കും ഹാസ്യത്തിനും പ്രശംസ നേടുന്നതിനു സാധിച്ചു. അത്യന്ത്യം വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതിരിപ്പിക്കാനാവുമായിരുന്നെങ്കിലും പലപ്പോഴും ധിക്കാരവും ധാർഷ്‌ട്യവുമുള്ള കഥാപാത്രങ്ങളെയാണ് അവർ അവതരിപ്പിച്ചിരുന്നത്.

ആദ്യകാലം

തിരുത്തുക

ആഗ്നസ് റോബർ‌ട്ട്സൺ മൂർ‌ഹെഡ് 1900 ഡിസംബർ 6 ന് മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിൽ മുൻ ഗായിക മേരിയുടെയും (മുമ്പ്, മക്കൗലി; 1883–1990) പ്രസ്ബിറ്റീരിയൻ പുരോഹിതൻ ജോൺ ഹെൻഡേഴ്സൺ മൂർഹെഡിന്റേയും (1869-1938) പുത്രിയായി ജനിച്ചു. ആഗ്നസ് മൂർ‌ഹെഡ് ജനിക്കുമ്പോൾ മാതാവിന് 17 വയസ്സായിരുന്ന പ്രായം. ഇംഗ്ലീഷ്, ഐറിഷ്, സ്കോട്ടിഷ്, വെൽഷ് വംശ പാരമ്പര്യത്തിലാണ് അവർ ജനിച്ചത്. അഭിനയ രംഗത്ത് ചെറുപ്പമായി പ്രത്യക്ഷപ്പെടാനായി 1906 ലാണ് ജനിച്ചതെന്ന് മൂർഹെഡ് പിന്നീട് അവകാശപ്പെട്ടിരുന്നു. തന്റെ മൂന്നാമത്തെ വയസ്സിൽ പിതാവിന്റെ പള്ളിയിൽ കർത്താവിന്റെ പ്രാർത്ഥന ചൊല്ലിയതാണ് താൻ ആദ്യമായി നടത്തിയ പരസ്യ പ്രകടനമെന്ന് അവർ ഓർമ്മിച്ചു. കുടുംബം മിസോറിയിലെ സെന്റ് ലൂയിസിലേക്ക് മാറുകയും ഒരു നടിയാകാനുള്ള അവരുടെ ഉള്ളിലെ ആഗ്രഹം വളരെ ശക്തമായി വളരുകയു ചെയ്തു.

ഒരു യുവതിയെന്ന നിലയിൽ‌ മൂർഹെഡ് "ദി മുനി" എന്നറിയപ്പെട്ടിരുന്ന സെന്റ് ലൂയിസ് മുനിസിപ്പൽ ഓപ്പറ കമ്പനിയുടെ ഗായക സംഘത്തിൽ ചേർന്നു. അഭിനയത്തോടുള്ള താൽപ്പര്യത്തിനുപുറമെ, മതവിശ്വാസത്തോടും ഒരു ആജീവനാന്ത താത്പര്യം അവൾ വളർത്തിയെടുത്തിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ, ഡിക്ക് സാർജന്റിനെപ്പോലുള്ള അഭിനേതാക്കൾ മൂർഹെഡിന്റെ സെറ്റിലേയ്ക്കുള്ള ആഗമനം ഒരു കൈയിൽ ബൈബിളും മറു കയ്യിൽ സ്ക്രിപ്റ്റുമായിട്ടായിരുന്നു എന്ന് പിൽക്കാലത്ത് അനുസ്മരിക്കുന്നു.[2]

1918 ൽ സെന്റ് ലൂയിസിലെ സെൻട്രൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയെന്ന് മൂർഹെഡ് എല്ലായ്പ്പോഴും അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും, സെൻട്രൽ ഹൈസ്കൂൾ വാർഷികപ്പുസ്തകത്തിൽ അവരുെ നാമം കാണപ്പെടുന്നില്ല, അതേസമയം സോൾഡാൻ ഹൈസ്കൂളിന്റെ ഇയർബുക്കിൽ കാണപ്പെടുകയും ചെയ്യുന്നു. യൂണിയൻ ബൊളിവാർഡിലെ സോൾഡാൻ ഹൈസ്‌കൂളിന് സമീപം താമസിച്ചിരുന്ന അവർ ഗ്രാൻഡ് അവന്യൂവിലും ബെല്ലിലുമുള്ള സെൻട്രൽ ഹൈസ്കൂളിന് സമീപം താമസിച്ചിരുന്നില്ല. അവരുടെ അഭിനയ മോഹങ്ങളെ പിതാവ് നിരുത്സാഹപ്പെടുത്തിയില്ലെങ്കിലും, ഒരു ഔപചാരിക വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം അവരെ നിർബന്ധിച്ചിരുന്നു. 1923 ൽ ഒഹായോയിലെ ന്യൂ കോൺകോർഡിലെ മസ്കിങ്കം കോളേജിൽനിന്ന് ജീവശാസ്ത്രം ഐശ്ചികമായി മൂർഹെഡ് ബിരുദം നേടി. അവിടെയുള്ളപ്പോൾ കലാലയവേദിയിൽ നാടകങ്ങളിലും മറ്റും അഭിനയിച്ചു. 1947 ൽ മസ്കിങ്കം കോളജിൽനിന്ന് സാഹിത്യത്തിൽ ഓണററി ഡോക്ടറേറ്റ്[3] കരസ്ഥമാക്കിയ അവർ ഒരു വർഷം അതിന്റെ ട്രസ്റ്റി ബോർഡിലും സേവനമനുഷ്ഠിച്ചിരുന്നു.[4] കുടുംബം വിസ്കോൺസിനിലെ റീഡ്സ്ബർഗിലേക്ക്[5] താമസം മാറിയപ്പോൾ, വിസ്കോൺസിനിലെ സോൾജിയേഴ്സ് ഗ്രോവിൽ അഞ്ച് വർഷം പബ്ലിക് സ്കൂൾ പഠനം നടത്തുകയും ആ സമയത്തുതന്നെ വിസ്കോൺസിൻ സർവകലാശാലയിൽനിന്ന് (ഇപ്പോൾ വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാല) ഇംഗ്ലീഷിലും പബ്ലിക് സ്പീക്കിംഗിലും ബിരുദാനന്തര ബിരുദം സമ്പാദിക്കുകയും ചെയ്തു. അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ ബിരുദാനന്തര ബിരുദ പഠനം നടത്തിയ അവർ 1929 ൽ ഓണേർസ് ബിരുദം നേടി. ഇല്ലിനോയിയിലെ പിയോറിയയിലുള്ള ബ്രാഡ്‌ലി സർവകലാശാലയിൽ നിന്ന് മൂർഹെഡ് ഓണററി ഡോക്ടറേറ്റ് ബിരുദവും നേടിയിരുന്നു.[6]

ഔദ്യോഗികജീവിതം

തിരുത്തുക

മൂർഹെഡിന്റെ ആദ്യകാല കരിയർ തികച്ചും അസ്ഥിരമായിരുന്നു, നാടകവേദികൾ കണ്ടെത്താൻ കഴിഞ്ഞെങ്കിലും അവർ പലപ്പോഴും തൊഴിലില്ലാത്ത അവസ്ഥയിലായിരുന്നു. ഭക്ഷണമില്ലാതെ നാല് ദിവസം പിന്നിട്ടത് അവർ പിന്നീട് ഓർമ്മിക്കുകയും അത് "ഒരു ഡോളറിന്റെ മൂല്യം" പോലും തന്നെ ബോധ്യപ്പെടുത്തിയെന്നു പറയുകയും ചെയ്തു. റേഡിയോയിൽ ജോലി കണ്ടെത്തിയ അവർക്ക് താമസിയാതെ മൂല്യം വർദ്ധിക്കുകയും പലപ്പോഴും ഒരേ ദിവസം നിരവധി പ്രോഗ്രാമുകളിൽ പ്രവർത്തിക്കേണ്ടിവരുകയും ചെയ്തു. ഇത് തനിക്ക് മികച്ച പരിശീലനം വാഗ്ദാനം ചെയ്തുവെന്നും വൈവിധ്യമാർന്ന സ്വഭാവസവിശേഷതകൾ സൃഷ്ടിക്കുന്നതിനായി തന്റെ ശബ്‌ദം വികസിപ്പിക്കാൻ അനുവദിച്ചുവെന്നും അവൾ വിശ്വസിച്ചു. മൂർഹെഡ് നടി ഹെലൻ ഹെയ്സിനെ കണ്ടുമുട്ടുകയും അവർ സിനിമകളിൽ പ്രവേശിക്കുന്നതിന് മൂർഹെഡിനെ പ്രോത്സാഹിപ്പിച്ചെങ്കിലും ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടു. സിനിമകളിൽനിന്ന് നിരസിക്കപ്പെട്ടപ്പോൾ മൂർഹെഡ് റേഡിയോ രംഗത്തേയ്ക്കു മടങ്ങിപ്പോയി.

മെർക്കുറി തിയേറ്റർ

തിരുത്തുക

1937 ആയപ്പോഴേക്കും മൂർഹെഡ്, ഓർസൺ വെല്ലസിന്റെ മെർക്കുറി തീയേറ്ററിൽ അദ്ദേഹത്തിന്റെ മുഖ്യ അഭിനേതാക്കളിലൊരാളായി ജോസഫ് കോട്ടനോടൊപ്പം ചേർന്നു. 1973 ഫെബ്രുവരി 19 ന് ദി ഡിക്ക് കാവെറ്റ് ഷോയിൽ പ്രത്യക്ഷപ്പെടവേ, 1922 ൽ ആകസ്മികമായി ഓർസൺ വെല്ലസിനെ (അവരേക്കാൾ പതിനഞ്ച് വർഷം ഇളയ) ന്യൂയോർക്ക് നഗരത്തിലെ വാൾഡോർഫ്-അസ്റ്റോറിയ ഹോട്ടലിൽ അദ്ദേഹത്തിന് വെറും ഏഴു വയസ്സുള്ളപ്പോൾ കണ്ടുമുട്ടിയതായി അവർ വെളിപ്പെടുത്തിയിരുന്നു.[7] ദ മെർക്കുറി തീയേറ്റർ ഓൺ ദ എയർ എന്ന അദ്ദേഹത്തിന്റെ റേഡിയോ ഭാഷ്യങ്ങളിൽ പങ്കെടുത്തതോടൊപ്പം അദ്ദേഹത്തോടൊപ്പം ദ ഷാഡോ എന്ന പരമ്പരയിൽ മാർഗോ ലെയ്ൻ എന്ന കഥാപാത്രത്തെ സ്ഥിരമായി അവതരിപ്പിക്കുകയും ചെയ്തു. 1939 ൽ വെല്ലസ് മെർക്കുറി തിയേറ്ററിനെ ഹോളിവുഡിലേക്ക് മാറ്റുകയും അവിടെ ആർ‌കെ‌ഒ പിക്ചേഴ്സിനായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരവധി റേഡിയോ അവതാരകർ അദ്ദേഹത്തോടൊപ്പം ചേരുകയും മൂർഹെഡ് അദ്ദേഹത്തിന്റെ കഥാപാത്രമായ ചാൾസ് ഫോസ്റ്റർ കെയ്നിന്റെ അമ്മയായി സിറ്റിസൺ കെയ്ൻ (1941) എന്ന സിനിമയിലൂടെ ഹോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. മിക്ക ചലച്ചിത്ര നിരൂപകരും ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഇതിനെ വാഴ്ത്തുന്നു. വെല്ലസിന്റെ രണ്ടാമത്തെ ചിത്രമായ ദി മാഗ്നിഫിഷ്യന്റ് ആംബേഴ്സണിൽ (1942) പ്രത്യക്ഷപ്പെട്ട മൂർഹെഡ്, ഈ ചിത്രത്തിലെ പ്രകടനത്തിന്റെ പേരിൽ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചതുകൂടാതെ ഒരു അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. മെർക്കുറി ചലച്ചിത്ര നിർമ്മാണക്കമ്പനിയുടെ ജേർണി ഇൻടു ഫിയർ (1943) എന്ന ചിത്രത്തിലും അവർ പ്രത്യക്ഷപ്പെട്ടു. മിസിസ് പാർക്കിംഗ്ടൺ എന്ന ചിത്രത്തിലെ അഭിനയത്തിന് നല്ല അവലോകനങ്ങൾ ലഭിച്ച അവർക്ക് ഇതിലെ വേഷത്തിന്റെ പേരിൽ മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനോടൊപ്പം ഒരു അക്കാദമി അവാർഡ് നാമനിർദ്ദേശവും ലഭിച്ചു. ഹെൻ‌റി ഫോണ്ട, ലൂസില്ലെ ബോൾ എന്നിവരോടൊപ്പം ദി ബിഗ് സ്ട്രീറ്റിൽ (1942) മൂർഹെഡ് മറ്റൊരു ശക്തമായ വേഷം അവതരിപ്പിക്കുകയും തുടർന്ന് ഒലിവിയ ഡി ഹാവിലാൻഡിനൊപ്പം ഗവൺമെന്റ് ഗേൾ (1943), കൌമാരക്കാരിയായ വിർജീനിയ വീഡ്‌ലറോടൊപ്പം ദ യംഗസ്റ്റ് പ്രൊഫഷൻ (1944) എന്നീ പ്രേക്ഷകരെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട രണ്ട് ചിത്രങ്ങളിൽക്കൂടി പ്രത്യക്ഷപ്പെടുകയും ചെയ്തു.

മെട്രോ-ഗോൾഡ്‌വിൻ-മേയർ

തിരുത്തുക

1940 കളുടെ പകുതിയോടെ, മൂർഹെഡ് അക്കാലത്ത് തികച്ചും അസാധാരണമായ ഒരു നിബന്ധയായ റേഡിയോയിൽ പരിപാടികൾ അവതരിപ്പിക്കാൻ അനുവദിച്ചുകൊണ്ടുള്ളതും ആഴ്ചയിൽ 6,000 ഡോളർ നേടുന്നതുമായ ഒരു കരാറിൽ ചർച്ച നടത്തിക്കൊണ്ട് മെട്രോ-ഗോൾഡ് വിൻ-മേയർ കരാർ നടിയായിത്തീർന്നു. "അഭിനേതാക്കൾക്ക് ശരിയായ രീതിയിൽ ഒരു ഷോയിൽ പ്രത്യക്ഷപ്പെടാനുള്ള അറിവോ അഭിരുചിയോ യുക്തിയോ ഇല്ല" എന്നതിനാൽ തങ്ങളുടെ അഭിനേതാക്കളെ റേഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് അനുവദിക്കാൻ എം‌ജി‌എം സാധാരണയായി വിമുഖത കാണച്ചിരുന്നതായി മൂർഹെഡ് വിശദീകരിച്ചു.[8]

1974 ഏപ്രിൽ 30 ന് 73 വയസുള്ളപ്പോൾ മിനസോട്ടയിലെ റോച്ചെസ്റ്ററിൽവച്ച് ഗർഭാശയ അർബുദത്തെത്തുടർന്ന് മൂർഹെഡ് അന്തരിച്ചു. അവരുടെ മരണശേഷം 1990 ൽ 106 വയസ്സുള്ളപ്പോൾ അവരുടെ മാതാവ് മേരിയും മരണമടഞ്ഞു. യൂട്ടയിലെ സെന്റ് ജോർജിൽവച്ച് ജോൺ വെയ്ൻ നായകനായി അഭിനയിച്ച ദ കോൺക്വറർ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ നിരവധി ചലച്ചിത്ര നിർമ്മാണ യൂണിറ്റ് അംഗങ്ങൾ, ജോൺ വെയ്ൻ, സൂസൻ ഹേവാർഡ്, പെഡ്രോ അർമെൻഡറിസ് (ആത്മഹത്യ ചെയ്തു), പിന്നീട് ക്യാൻസർ അല്ലെങ്കിൽ ക്യാൻസർ സംബന്ധമായ അസുഖങ്ങൾക്ക് കീഴടങ്ങിയ ചിത്രത്തിന്റെ സംവിധായകൻ ഡിക്ക് പവൽ ഉൾപ്പെടെയുള്ളവർക്ക് അന്തരീക്ഷത്തിലെ ആറ്റോമിക് ബോംബ് പരീക്ഷണങ്ങളിൽനിന്നുള്ള[9] അണുപ്രസരണത്തിൽനിന്ന് കാൻസർ രോഗം പിടിപെട്ടിരുന്നു.[10] അഭിനേതാക്കളും അണിയറപ്രവർത്തകരുമായി ആകെ 220 പേരുണ്ടായിരുന്നു. 1980 അവസാനത്തോടെ, പീപ്പിൾ മാഗസിൻ കണ്ടെത്തിയതുപോലെ, അവരിൽ 91 പേർക്ക് ഏതെങ്കിലും തരത്തിലുള്ള അർബുദം വികസിപ്പിക്കുകയോ 46 പേർ ഈ രോഗം ബാധിച്ച് മരിക്കുകയോ ചെയ്തു.[11]

  1. Obituary Variety, May 8, 1974, page 286.
  2. Kear, Lynn. Agnes Moorehead: a Bio-Bibliography. Greenwood Press, 1992. ISBN 9780313281556.
  3. Rathbun, Joe, ed. (May 31, 1947). "Muskingum to Honor Actress". The Time Recorder. Vol. 63, no. 130. Zanesville, Ohio: W. O. Littick. p. 2 – via Newspapers.com.
  4. Harsh, Bud, ed. (October 9, 1972). "Four Elected As Muskingum Trustees". The Times Recorder. Vol. 109, no. 248. Zanesville, Ohio: Jack W. Powell. p. 7-A – via Newspapers.com.
  5. "Reedsburg's Notable Citizens". City of Reedsburg, Wisconsin. Retrieved May 23, 2014.
  6. Callais, Krystle. "Carbondale-Murphysboro airport one of the busiest in Illinois". WPSD Local 6 (in ഇംഗ്ലീഷ്). Retrieved 2020-04-26.
  7. Moorehead, Agnes. The Dick Cavett Show, youtube.com, ABC Television Network, February 19, 1973, https://www.youtube.com/watch?v=4jobppR1MPs.
  8. Kear, Lynn (1992). Agnes Moorehead: A Bio-Bibliography. Greenwood Press, Connecticut. p. 12. ISBN 0-313-28155-6.
  9. Wayne, Pilar. John Wayne: My Life with the Duke. McGraw-Hill, 1987, ISBN 0-07-068662-9, p. 103
  10. "Cancer deaths of film stars linked to fallout". The Free Lance-Star. August 7, 1979. p. 7. Retrieved January 13, 2013.
  11. "The Children of John Wayne, Susan Hayward and Dick Powell Fear That Fallout Killed Their Parents". people.com. Retrieved October 17, 2018.
"https://ml.wikipedia.org/w/index.php?title=ആഗ്നസ്_മൂർ‌ഹെഡ്&oldid=3779964" എന്ന താളിൽനിന്ന് ശേഖരിച്ചത്