വലിയനോമ്പ്

(അൻപത് നോമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൗരസ്ത്യ ക്രൈസ്തവസഭകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ആചരിക്കപ്പെടുന്ന നോമ്പാണ് വലിയ നോമ്പ് (ഇംഗ്ലീഷ്: The Great Lent). ഈസ്റ്ററിനു മുന്നോടിയായാണ് ഈ നോമ്പ് അനുഷ്ഠിക്കപ്പെടുന്നത്. നോമ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നതിനാലാണ് ഈ നോമ്പിനെ വലിയ നോമ്പ് എന്നറിയപ്പെടുന്നത്. വിവിധ പൗരസ്ത്യ ക്രൈസ്തവപാരമ്പര്യങ്ങളിലെ വലിയനോമ്പ് അനുഷ്ഠാനങ്ങൾ തമ്മിൽ സാമ്യങ്ങളും വ്യത്യസ്തതകളുമുണ്ട്. ഈ ആചരണത്തിൽ പൊതുവേ നോമ്പെടുക്കുന്ന ദിവസങ്ങൾ, നോമ്പനുഷ്ഠാനരീതികൾ, ആരാധനക്രമപരമായും വ്യക്തിപരമായുമുള്ള ആചാരങ്ങൾ എന്നിവയിലാണ് വൈവിധ്യം നിലനിൽക്കുന്നത്. ലത്തീൻ പാരമ്പര്യത്തിലെ തപസ്സ് കാലം ഇതിന്റെ സമാന സ്വഭാവമുള്ള ആചരണമാണ്. വലിയ നോമ്പിലെ അവസാനത്തെ ആഴ്ചയെ വിശുദ്ധ വാരം വിളിക്കുന്നു. വിവിധ സഭാപാരമ്പര്യങ്ങൾ അനുസരിച്ച് ഈ ആഴ്ചയെ വലിയ ആഴ്ച, ഹാശാ ആഴ്ച, കഷ്ടാനുഭവ ആഴ്ച, പീഡാനുഭവ വാരം എന്നൊക്കെ അറിയപ്പെടാറുണ്ട്.

ചെക്ക് റിപ്പബ്ലിക്കിലെ ഓർത്തഡോക്സ് പള്ളി നോമ്പുകാലത്തിനനുസൃതമായ നിറങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.
ആരാധനക്രമ വർഷം
റോമൻ ആചാരക്രമം
കൽദായ ആചാരക്രമം

വലിയനോമ്പ് ആചരണം വിവിധ സഭാപാരമ്പര്യങ്ങളിൽ

തിരുത്തുക

കൽദായ ആചാരക്രമത്തിൽ

തിരുത്തുക

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ പെട്ട സിറോ മലബാർ കത്തോലിക്കാ സഭയിൽ നോമ്പിന്റെ ഒന്നാം ഞായറാഴ്ച (പേത്തർത്താ ഞായർ) അർദ്ധരാത്രിയിൽ നോമ്പ് കാലം ആരംഭിക്കുന്നു. പൗരസ്ത്യ സുറിയാനിയിൽ ഈ കാലത്തെ സവ്മാ റമ്പാ എന്നറിയപ്പെടുന്നു. ഇരുപത്തിയഞ്ച് ദിനങ്ങൾ കഴിയുമ്പോൾ പാതിനോമ്പ് എന്ന ഒരാചരണമുണ്ട്. നാല്പതു ദിവസം പൂർത്തിയാകുമ്പോൾ 40-ാം വെള്ളിയാഴ്ചയായി ആചരിക്കുന്നു. ഉപവാസത്തിന്റേതായ നാല്പതു ദിനങ്ങൾ കഴിയുമ്പോൾ എത്തുന്ന പെസഹാ വ്യാഴം വലിയ നോമ്പിനെയും പെസഹാ ത്രിദിനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. പെസഹാ ത്രിദിനത്തിൽ ഈശോയുടെ മരണം, കബറടക്കം, ഉത്ഥാനം എന്നിവയാണ് അനുസ്മരിക്കുന്നത്. വലിയ നോമ്പിലെ അവസാനത്തെ ആഴ്ചയെ വലിയ ആഴ്ച എന്നാണ് വിളിക്കുക.[1]

അന്ത്യോഖ്യൻ സുറിയാനി ആചാരക്രമത്തിൽ

തിരുത്തുക

പാശ്ചാത്യ സുറിയാനി ആരാധനാക്രമം പിന്തുടരുന്ന യാക്കോബായ സുറിയാനി സഭ, മലങ്കര ഓർത്തഡോക്സ് സഭ തുടങ്ങിയ ഓർത്തഡോക്സ് സഭകളും സിറോ-മലങ്കര കത്തോലിക്കാ സഭയും നോമ്പ് കാലത്തെ ഒന്നാം ഞായറായ കൊത്‌നേ ഞായറിനെ തുടർന്നുള്ള തിങ്കളാഴ്ച തന്നെ നോമ്പാരംഭിക്കുന്നു. ഇരുപത്തിയഞ്ച് ദിനങ്ങൾ കഴിയുമ്പോൾ ഉള്ള പാതിനോമ്പ് ദിനത്തിൽ 'ഗോഗുൽത്തോ' എന്ന ഒരു പീഠം ദേവാലയ മധ്യത്തിൽ സ്ഥാപിക്കപ്പെടുന്നു. ഇതിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കുരിശാണ് ദുഃഖവെള്ളിയാഴ്ചയിലെയും ഈസ്റ്ററിലെയും ശുശ്രൂഷകളിൽ ഉപയോഗിക്കുന്നത്. നാൽപതാം വെള്ളിയും അടുത്ത ദിവസമായ ലാസറിനെ ഉയർപ്പിച്ച ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്ന 'ലാസറിന്റെ ശനിയും' നോമ്പിലെ പ്രധാന ദിനങ്ങളാണ്. ഇതു കൂടാതെ നോമ്പുകാലത്തെ ഒരോ ഞായറാഴ്ചകൾ യേശുവിന്റെ അത്ഭുത പ്രവർത്തികളെ അനുസ്മരിക്കുന്നു. അവ ഇപ്രകാരമാണ് :

  • ഒന്നാം ഞായർ: കാനായിലെ അത്ഭുതം (കൊത്‌നേ ഞായർ) - (വലിയ നോമ്പാരംഭം)
  • രണ്ടാം ഞായർ: കുഷ്ഠരോഗിയുടെ സൗഖ്യം
  • മൂന്നാം ഞായർ: തളർവാതരോഗിയുടെ സൗഖ്യം
  • നാലാം ഞായർ: ക്‌നായക്കാരിയുടെ മകളുടെ സൗഖ്യം
  • അഞ്ചാം ഞായർ: കൂനിയായ സ്ത്രീയുടെ സൗഖ്യം
  • ആറാം ഞായർ: കുരുടന്റെ സൗഖ്യം

ഏഴാമത്തെ ഞായറാഴ്ചയായ ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള നോമ്പിലെ അവസാന ആഴ്ചയെ ഈ സഭകൾ ഹാശാ ആഴ്ച[1] അഥവാ കഷ്ടാനുഭവ ആഴ്ച അല്ലെങ്കിൽ പീഡാനുഭവ വാരം എന്ന് വിളിക്കുന്നു.

പാശ്ചാത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്ന ഓർത്തഡോക്സ് സഭകളിൽ വലിയനോമ്പ് കാലത്ത് ശനി, ഞായർ ദിവസങ്ങൾക്ക് പുറമേ പാതിനോമ്പ്, നാല്പതാം വെള്ളി, പെസഹാ വ്യാഴം, മാറാനായ പെരുന്നാളുകൾ എന്നീ ദിനങ്ങളിൽ മാത്രമേ കുർബ്ബാന അർപ്പണം ഉണ്ടാകുകയുള്ളൂ.

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വലിയനോമ്പ്&oldid=3903060" എന്ന താളിൽനിന്ന് ശേഖരിച്ചത്